ശിവപുരം എച്ച്.എസ്./ചരിത്രം

21:24, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- REMYA C M (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ശിവപുരം വില്ലേജിന്റെ വടക്കു പടിഞ്ഞാറെ ഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് ചേർന്നാണ് ശിവപുരം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരളിമലയുടെ പടിഞ്ഞാറൻ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാരാത്താൻ കോരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയം ഗ്രാന്റ് സ്കൂളായി മാറി. ശിവപുരത്തയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അക്കാലത്തെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ശിവപുരം കേന്ദ്രീകരിച്ച് സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്ന ശ്രീ.കെ.ടി. ഗോപാലകൃഷ്ണൻ നമ്പ്യാർ ശിവപുരത്ത് ഒരു ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങുകയും ഇപ്പോൾ ശിവപുരം ഹൈസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് നിന്നും അല്പം തെക്കു മാറിയുള്ള ഒരു താല്ക്കാലിക കെട്ടിടത്തിൽ 1953 ജൂൺ 17 ന് ശിവപുരം ഹയർ എലിമെന്ററി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻ കെ.ടി. ഗോപാലകൃഷ്ണൻ നമ്പ്യാർ തന്നെയായിരുന്നു സ്കൂൾ മാനേജർ. സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റർ ശ്രീമാൻ ഇ.കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. എന്നാൽ അതേ വർഷം തന്നെ പരിചയ സമ്പന്നനായ  ശ്രീമാൻ പി. മാധവൻ നമ്പ്യാർ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. 1956 ൽ സ്കൂളിന്  നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത് ശ്രീമാൻ വി.ആർ. കൃഷ്ണയ്യർ ആയിരുന്നു. ശ്രീമാൻ മാധവൻ നമ്പ്യാരുടെ മരണത്തെ തുടർന്ന് ശ്രീമാൻ ഇ. കുഞ്ഞിരാമൻ നമ്പ്യാർ സ്കൂളിന്റെ സാരഥ്യമേറ്റെടുത്തു. 1964 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുന്നതുവരെ അദ്ദേഹം ആ പദവിയിൽ തുടർന്നു.

ശിവപുരം ഹയർ എലിമെന്ററി സ്കൂളിന്റെ മാനേജർ ശ്രീമാൻ കെ.ടി. ഗോപാലകൃഷ്ണൻ നമ്പ്യാർ തികച്ചും ഒരു ജനകീയ മാനേജരായിട്ടാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ശ്രീമതി തങ്കം നായനാരെ നിയമാനുസൃത സ്കൂൾ മാനേജരായി അംഗീകരിച്ചു. 1956 മുതൽ 1964 വരെ ഹയർ എലിമെന്ററി സ്കൂൾ പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ച് മുന്നോട്ടു കുതിക്കുന്ന ഘട്ടത്തിലാണ് ശ്രീമാൻ കെ.ടി. കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. പ്രസ്തുത ഉദ്യമത്തിന് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീമാൻ ഇ.കുഞ്ഞിരാമൻ നമ്പ്യാരുടെയും സഹപ്രവർത്തകരുടെയും  ആത്മാർത്ഥമായ പരിശ്രമവും സഹകരണവും ഉണ്ടായിരുന്നു. ആദ്യ വർഷം തന്നെ 5 ഡിവിഷനാവശ്യമായ കുട്ടികളോടു കൂടിയാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. ശ്രീമാൻ കെ.ടി. ചന്ദ്രൻ മാസ്റ്റർ തുടക്കത്തിൽ തന്നെ അസിസ്റ്റന്റ് ഇൻ ചാർജ് എന്ന നിലയിൽ സ്കൂളിന്റെ നേതൃത്വം ഏറ്റെടുത്തു. അടുത്ത വർഷം വിദ്യാഭ്യാസ ചിന്തകനും റിട്ടയേർഡ് ഡി.ഇ. ഒ യുമായ ശ്രീമാൻ എം. കണാരൻ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു. 1967 ൽ ആദ്യത്തെ എസ്.എസ്.എൽസി ബാച്ച് 72 ശതമാനം വിജയം കൈവരിച്ച് സ്കൂളിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു. 1970 ൽ ശ്രീമാൻ കണാരൻ മാസ്റ്റർ വിരമിച്ചപ്പോൾ ശ്രീമാൻ കെ.ടി. ചന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി. 1992 ൽ സർവ്വീസിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.