ഗവ. യു.പി.എസ്. ആട്ടുകാൽ/എന്റെ ഗ്രാമം

09:38, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42545 (സംവാദം | സംഭാവനകൾ) (''''ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ''' '''ഭൂപ്രകൃതി''...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

ഭൂപ്രകൃതി

ഉയർന്ന കുന്നിൻ പ്രദേശങ്ങളും അവയുടെ നെറുകയിലെ നിരന്ന പ്രദേശങ്ങളും കുത്തനെ ചരിഞ്ഞ പ്രദേശങ്ങളും താഴ്‌വരകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഈ ഭൂപ്രദേശത്തിനുള്ളത്. ചരൽ കലർന്ന കറുത്ത മണ്ണ്, ,ചരൽ കലർന്ന ചെമ്മണ്ണ്,മണൽ കലർന്ന കറുത്ത മണ്ണ്, വെട്ടുകൽ മണ്ണ് എന്നിങ്ങനെയുള്ള മൺതരങ്ങളും പാറക്കൂട്ടങ്ങളുമുള്ള പ്രദേശങ്ങളുമാണ് പൊതുവെ ഇവിടെ കാണപ്പെടുന്നത് കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഗ്രാമപഞ്ചായത്തിന്റെ പൊതുവായ കിടപ്പ്‌ കിഴക്കു നിന്നും പടിഞ്ഞാറോട്ടാണ് .ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിന് ഉയർന്ന കുന്നിൻ പ്രദേശം,താഴ്വരകൾ,സമതലങ്ങൾ എന്നിങ്ങനെ മൂന്നായി തിരിക്കാം .

ഉയർന്ന കുന്നിൻ പ്രദേശം

പഞ്ചായത്തിൽ ധാരാളം ഉയർന്ന കുന്നുകളുണ്ട് .മൂന്നാനക്കുഴി, ഏരുമല, എസ് എൻ പുരം,ആറ്റിൻപുറം ,അജയപുരം ,ചേപ്പിലോട് ,പുത്തൻകുന്ന്,കടുവപോക്ക്, നെല്ലിക്കുന്ന് അംബേദ്‌കർ ഗ്രാമം ,കൊന്നമൂട് ,തുടങ്ങി നിരവധി ചെറുതും വലുതുമായ കുന്നുകളുടെ നാടാണ് ഈ ഗ്രാമ പഞ്ചായത്ത് .ചരൽ നിറഞ്ഞ കറുത്ത മണ്ണും , ചെമ്മണ്ണും ഈ പ്രദേശങ്ങളിൽ കാണപ്പെടുന്നു .മണ്ണൊലിപ്പാണ്‌ ഈ പ്രദശങ്ങളിലെ ഒരു പ്രധാന പരിസ്ഥിതി പ്രശ്‍നം .റബ്ബർ കൃഷിയുടെ വ്യാപനം നീരുറവകൾ മിക്കതും വറ്റിച്ചു .

താഴ്‌വരകൾ

കുന്നുകൾ ഇടതിങ്ങിയ പഞ്ചായത്തിൽ താഴ്‌വരകളുടെ വിസ്തൃതി കുറവാണ്. അടുത്തകാലം വരെ നെല്ല് ആയിരുന്നു താഴ്വരകളിലെ പ്രധാന കൃഷി.

സമതലങ്ങൾ

സമതല പ്രദേശങ്ങൾ പഞ്ചായത്തിൽ വിരളമാണ് . കുന്നിൻമുകളിലെ നിരന്ന പ്രദേശങ്ങളാണ് കൂടുതലും .ആട്ടുകാൽ--കൊച്ചുമുക്കു മുതൽ കരിക്കുഴി വരെയുള്ള പ്രദേശമാണ് താരതമ്യേന വിസ്തൃതമായ സമതലം.

സ്ഥലനാമ ചരിത്രം

ഈ പ്രദേശത്തെ ഓരോ സ്ഥലനനാമത്തിന്‌ പിന്നിലും ഓരോ ചരിത്രവും ഉണ്ട് . സ്ഥലമാനസംബന്ധമായി പഴമക്കാരുടെ ഇടയിലുള്ള ചില വായ്മൊഴികൾ ഇപ്രകാരമാണ് .

പനയമുട്ടം - ദശാബ്ദങ്ങൾക്കു മുൻപ് കണ്ടെഴുത്തിനു വന്ന ഒരു സർവേയർ മേനോൻ എഴുതാൻ കൊണ്ടുവന്ന പനയോല തീർന്നപ്പോൾ പനയോല ആവശ്യപ്പെട്ടെങ്കിലും പ്രസ്തുത സ്ഥലത്തു പനയോലയ്ക്കു വലിയ മുട്ടാണെന്നു അറിഞ്ഞ മേനോൻ പനയ്ക്ക് മുട്ടുള്ള നാടിനെ പനമുട്ടമെന്നു വിളിച്ചു .ക്രമേണ അത് പനയമുട്ടമായി മാറി .

മുക്കോല എന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്തെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു എസ് നാരായണൻ നായർ . സർപ്പ ദംശനമേറ്റു മരണമടഞ്ഞ അദ്ദേഹത്തിന്റെ ഓർമക്കായി മുക്കോലയ്ക്കു എസ് എൻ പുരം എന്ന് ഉപയോഗിച്ച് തുടങ്ങി .

കടുവ പോകുന്ന സ്ഥലം കടുവപോക്കു ആയി. കടുവപോക്കിൽ നിന്ന് കുറുപ്പ് എന്ന ആൾ കടുവയെ പിടിച്ച് ശ്രീ മൂലം തിരുനാൾ മഹാ രാജാവിന് കാഴ്ചവച്ചു പട്ടും വളയും നേടി .കടുവക്കുറുപ്പ് എന്ന സ്ഥാനപ്പേരും കിട്ടി . മൊട്ടറത്തല എന്നറിയപ്പെട്ടിരുന്ന സ്ഥലത്തിന് ജനങ്ങൾ കൂടിയാലോചിച്ചു മാറ്റിയ പേരാണ് അജയപുരം .

ആട്ടുകാൽ

കടുവകളും അതേപോലുള്ള വന്യമൃഗങ്ങളും വീടുകളിൽ നിന്ന് വളർത്തു മൃഗങ്ങളെ ആഹാരമാക്കിയിരുന്നു. ഈ ആടുകളെ ഭക്ഷിച്ച ശേഷം അവയുടെ കാലുകൾ ഈ പ്രദേശത്തു ഉപേക്ഷിച്ചിരുന്നു. ഇങ്ങനെ ആടുകളുടെ കാൽ ധാരാളമായി കാണപ്പെട്ട ഈ പ്രദേശം പിൽക്കാലത്തു ആട്ടുകാൽ എന്നറിയപ്പെട്ടു.

കഴക്കുന്ന്

പണ്ടുകാലത്തെ കെട്ടിടനിർമ്മാണത്തിനും മറ്റാവശ്യങ്ങൾക്കുമായി ധാരാളം കാറ്റാടിക്കഴകൾ ഉപയോഗിച്ചിരുന്നു. ഇതിനാവശ്യമായ കാറ്റാടിമരങ്ങൾ ഇവിടെ ധാരാളം ലഭ്യമായിരുന്നു. ഇങ്ങനെ കാറ്റാടിക്കഴകൾ ധാരാളം ലഭ്യമായിരുന്ന സ്ഥലം കഴക്കുന്ന് എന്ന് അറിയപ്പെടുന്നു.

തൂമ്പൻകാവ്

‘തൂമ്പൻ’ എന്ന് പേരുള്ള അതികായനും സമർത്ഥനുമായ ഒരു കർഷകൻ ഈ പ്രദേശത്തു താമസിച്ചിരുന്നു .ഈ പ്രദേശത്തെ നല്ലൊരു കൃഷി ഭൂമിയാക്കി മാറ്റുന്നതിന് അദ്ദേഹത്തിന് സാധിച്ചു.അദ്ദേഹം നിർമിച്ച കൽപ്പാലങ്ങൾ ഇന്നും നിലനിൽക്കുന്നു .അദ്ദേഹത്തിµú സ്മരണാർത്ഥം ഈ സ്ഥലം തൂമ്പൻകാവ് എന്നറിയപ്പെടുന്നു .

കാലാവസ്ഥ

ജൂൺ മുതൽ സെപ്‌റ്റംബർ വരെയും ഒക്ടോബർ മുതൽ നവംബർ വരെയും തെക്കു പടിഞ്ഞാറൻ കാലവർഷവും വടക്കു കിഴക്കൻ കാലവർഷവും (മലയാളിയുടെ ഭാഷയിൽ ഇടവപ്പാതിയും തുലാവർഷവും) എന്നിങ്ങനെ മഴസമൃദ്ധമായ രണ്ടു ഘട്ടങ്ങളും ഫെബ്രുവരി മുതൽ മെയ് അവസാനം വരെ സൂര്യൻ കനിഞ്ഞനുഗ്രഹിക്കുന്ന വേനൽ കാലവുമാണ് ഈ പ്രദേശത്തിµú

പ്രധാന കാലാവസ്ഥ. ഡിസംബർ മുതൽ ജനുവരി അവസാനം വരെ അന്തരീക്ഷോഷ്മാവ് അല്പം താഴ്ന്നു ശീതകാലവും ഉണ്ട് .

ചരിത്രശേഷിപ്പുകൾ

ചുമടുതാങ്ങി

വാഹനഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടുപോകുന്നവർക്കു ഇടയ്ക്കു ചുമട് ഇറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടിനിർത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ് ചുമടുതാങ്ങി (അത്താണി) എന്ന് പറയുന്നത് .ഏകദേശം 5 - 6 അടി ഉയരത്തിൽ ലംബമായി നാട്ടിയിട്ടുള്ള രണ്ടു കല്ലുകൾക്ക് മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ല് വച്ചാണ് ഇത് നിർമിക്കുന്നത്. കാർഷികോല്പന്നങ്ങൾ പണ്ടുകാലത്ത് തലച്ചുമട് ആയി ആണ് ഇവിടെയുള്ള കൃഷിക്കാർ നെടുമങ്ങാട്, നന്ദിയോട്, വെഞ്ഞാറമൂട് തുടങ്ങിയ ചന്തകളിൽ കൊണ്ടുപോയി വിറ്റിരുന്നത് . അക്കാലത്തു കൃഷിക്കാർക്ക് ചുമട് ഇറക്കി വച്ച് വിശ്രമിക്കാനായി സ്ഥാപിച്ചിരുന്ന ചുമട് താങ്ങിയുടെ അവശിഷ്ടങ്ങൾ ആട്ടുകാലിലും മൂന്നാനക്കുഴിയിലും ഇപ്പോഴും കാണാം .

ഇരപ്പിൽ കല്ലുപാലം

‘തൂമ്പൻ’ എന്ന കർഷക ശ്രമഫലമായി മൂക്കാംതോടിനു കുറുകെ ഒറ്റക്കല്ലിൽ നിർമിച്ച കല്ലുപാലം ഇന്നും സഞ്ചാര യോഗ്യമായി തുടരുന്നു.

മുക്കാംതോട് കുളം

കിള്ളിയാറി പോഷക നദിയായ മുക്കാംതോടിനു സമീപമായി കാണുന്ന മുക്കാംതോടുകുളം നൂറ്റാണ്ടുകൾക്കു മുൻപേയുള്ള ഒരു ചരിത്ര ശേഷിപ്പാണ് .പണ്ടുകാലത്തെ നെൽകൃഷിയ്ക്കാവശ്യമായ ജലം ശേഖരിച്ചു വയ്ക്കുന്നതിനാണ് മുക്കാംതോടു കുളം നിർമ്മിച്ചത്.

നാണയ ശേഖരം

പൂർവ അദ്ധ്യാപകനും സമീപ വാസിയുമായ ശ്രീ അബുബക്കർ സാറിµú കൈവശം പുരാതനകാല നാണയങ്ങളുടെ അമൂല്യശേഖരം തന്നെയുണ്ട്.

റേഡിയോപാർക്ക്

എല്ലാ വീടുകളിലും റേഡിയോ ഇല്ലാതിരുന്ന കാലത്തു പൊതുജനങ്ങൾക്ക് റേഡിയോ പരിപാടികൾ കേൾക്കുന്നതിനായി റേഡിയോ പാർക്കുകൾ സ്ഥാപിച്ചിരുന്നു. ഇത്തരത്തിലുള്ള റേഡിയോ പാർക്ക് കടുവപോക്കു എന്ന സ്ഥലത്തു ഇപ്പോഴും നില കൊള്ളുന്നു .

കാവുകൾ

വിശുദ്ധ വനങ്ങൾ എന്നറിയപ്പെടുന്ന കാവുകൾ പലപ്പോഴും വിശ്വാസ പരമായ കാരണങ്ങളാൽ നിലനിർത്തി പോരുന്നവയാണ് .

ഒരു പ്രദേശത്തെ കാലാവസ്ഥ, ജലസംഭരണ സന്തുലിതാവസ്ഥ പാലിച്ചുപോരുന്നതിൽ കാവിനും അതിനോടനുബന്ധിച്ചു കാണപ്പെടുന്ന കുളങ്ങൾക്കും അഭേദ്യമായ പങ്കാണ് വഹിക്കാനുള്ളത്. അങ്ങനെ പ്രകൃതിയുടെ ജല സംഭരണികൾ ആയി കാവുകൾ വർത്തിക്കുന്നു . അന്തരീക്ഷത്തിലെ ഓക്സിജൻ, കാർബൺഡൈഓക്‌സൈഡ് അനുപാതം നിലനിർത്തുന്നതിനും കാവുകൾ സഹായിക്കുന്നു. ഒരു പ്രദേശത്തിµú കാലാവസ്ഥ നിർണയിക്കുന്നതിനും കാവിµú പങ്കു വലുതാണ്. നിത്യ ഹരിത വനങ്ങളുടെ അവശിഷ്ടങ്ങളാണ് കാവുകൾ .

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പനവൂർ ഗ്രാമപഞ്ചായത്തിൽ പൊതുവായതും സ്വകാര്യമായതും ഉൾപ്പെട്ട മൂന്നു വാർഡുകളിലായി അഞ്ച്‌ കാവുകൾ കാണപ്പെടുന്നു .

പതിനാലാം വാർഡ് ആയ എസ് .എൻ .പുരത്ത് രണ്ടു കാവുകളോട് ചേർന്ന് രണ്ടു കുളങ്ങളും, ഒന്നാം വാർഡ് ആയ വിശ്വപുരത്തിലെ ഒരു കവിനോട് ചേർന്ന് കുളം ഉള്ളതായിട്ടും രേഖപ്പെടുത്തിയിരിക്കുന്നു .

ചരിത്ര നായകന്മാർ,ചരിത്ര സംഭവങ്ങൾ സാമൂഹിക സംഭാവനകൾ

തിരുവനന്തപുരം - -ചെങ്കോട്ട രാജപാതയിലേക്ക് പ്രവേശിക്കുന്നതിനായി പനയമുട്ടത്തു നിന്ന് ചുള്ളിമാനൂർ എന്ന സ്ഥലത്തേയ്ക്ക് ഒരു മൺപാത നിർമിക്കുന്നതിന് പാലക്കുഴിയിൽ ശ്രീ സുബ്രമണ്യപിള്ള പഞ്ചായത്ത് മെമ്പറായിരുന്ന 1955 കാലഘട്ടത്തിൽ ഏറെ പ്രശ്നങ്ങൾനേരിട്ടാണ് ഈ മൺപാത വെട്ടിത്തെളിച്ചതെന്നു പഴമക്കാർ പറയുന്നു .ശേഷം പതിറ്റാണ്ടു കഴിഞ്ഞാണ് ഈ പാത വഴി വാഹന ഗതാഗതം ആരംഭിക്കുന്നത് .അതുവരെ കാൽനടയായി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് നെടുമങ്ങാട്, നന്ദിയോട്, കല്ലറ എന്നിവിടങ്ങളിലേക്ക് കച്ചവടത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി ഇവിടത്തുകാർ പോയിരുന്നത് .

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിµú ഭാഗമാകാനും ഇവിടത്തുകാർക്കു കഴിഞ്ഞിട്ടുണ്ട്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായിരുന്ന പനയമുട്ടം ശ്രീ കെ.കെ. പിള്ളയും ,ചർക്കപുരയിൽ ശ്രീ ഭാസ്കരൻ നായരും ,മുളമൂട് വടക്കതിൽ ശ്രീ.കൃഷ്ണൻ പണിക്കരും ഈ നാടിµú യശ്ശസുയർത്തിയവരാണ്. മഹാത്മാഗാന്ധിയുടെ സ്വദേശി പ്രസ്ഥാന ആഹ്വാനത്തെ തുടർന്ന് ചർക്കയിൽ നൂൽനൂറ്റി ഖദർ വസ്ത്രങ്ങൾ നെയ്തിരുന്ന ഒരു തറവാടാണ് ചർക്കപ്പുരയിൽ വീട്. ഈ തറവാട്ടിൽ ചർക്ക ഇപ്പോഴും സംരക്ഷിച്ചു വരുന്നു .ആനാട് ശ്രീനാരായണ വിലാസം സ്കൂൾ സ്വാതന്ത്ര്യസമര സേനാനി ശ്രീ കൃഷ്ണൻ പണിക്കരുടെ നേതൃത്വത്തിലാണ് ആരംഭിച്ചതെന്ന് രേഖകൾ പറയുന്നു . ഇവരോടൊപ്പം ഈ പ്രദേശത്തെ ഒട്ടേറെപ്പേർ കല്ലറ സമരത്തിനും നെടുമങ്ങാട് വില്ലുവണ്ടി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. മുളമൂട്‌ ഇടവിളാകത്തു പരമു വൈദ്യനും പനയമുട്ടം ശ്രീധരൻ പിള്ളയും ഇന്നാട്ടിലെ പ്രധാന വിഷഹാരി അഥവാ വിഷ ചികിത്സകരായിരുന്നു. കൂടാതെ മുളമൂട്‌ ഭാഗത്തു മനു പണിക്കർ മൃഗ വൈദ്യത്തിൽ പേരുകേട്ട ആളായിരുന്നു .

ചെക്കോണം ചെമ്പൻകാണി, പനയമുട്ടം കിട്ടൻകാണി, കിഴക്കുപുറം നാരായണ പിള്ള, കുരിയോട് കേശവപിള്ള , സംസ്‌കൃത പണ്ഡിതനായ സമാധിമൺപുരം നാരായണപിള്ള ,ആയുർവേദ ചികിത്സകനായിരുന്ന വൈദ്യ കലാനിധി ഭാസ്കരപിള്ള, ചെമ്പൻകോട്ട്‌ സുബ്ബയ്യപിള്ള മരവട്ടിയിൽ നാരായണ പിള്ള, പാലക്കുഴിയിൽ ചെല്ലപ്പൻപിള്ള, ഇടവിളാകത്തു രാഘവൻ പണിക്കർ തുടങ്ങിയവർ ഈ നാടിന്റെ ഉന്നമനത്തിനു നേതൃത്വം നൽകിയവരിൽ ചിലരാണ്. പറയത്തക്ക സർക്കാരാഫീസുകളോ മറ്റനുബന്ധ സ്ഥാപനങ്ങളോ ഈ പ്രദേശത്തു ഇല്ല എന്ന് തന്നെ പറയാം. ആതുര ശുശ്രുഷ മിഡ് വൈഫ് സെúർ എന്ന പേരിൽ ഒരു സ്ഥാപനം തെറ്റിമൂട് എന്ന സ്ഥലത്തു ആരംഭിക്കുന്നതിനു 1965 ലാണ് . അക്കാലത്തു ഇതിനുവേണ്ടി 40 സെന്റോളം പുരയിടം സൗജന്യമായി വിട്ടുനല്കിയതു പൊരിയം കുടുംബത്തിലെ കാരണവരായ പൊന്നുപിള്ളയാണ്. ഈ ആരോഗ്യകേന്ദ്രത്തിലെ ആദ്യ ഗ്രാമ പബ്ലിക് നഴ്‌സാണ് ശ്രീമതി സി. ദേവകിഅമ്മ .

നെടുമങ്ങാട്ടെ കളരിപരമ്പരയിലെ ഏറ്റവും ഇളമുറക്കാരനായ സോമനാശാൻ ആട്ടുകാൽ പുളിമൂട് നിവാസിയായിരുന്നു. റൗഡി രാജമ്മ ,യൗവനം, വണ്ടിക്കാരി തുടങ്ങിയ നിരവധി സിനിമകളിലെ സ്റ്റണ്ട് രംഗങ്ങളിൽ സോമനാശാൻ തിളങ്ങി നിന്നു.

കെ.കെ.മുത്തു ആശാൻ എന്നറിയപ്പെടുന്ന ശ്രീ കെ. മുത്തു നാടാർ കെ.കെ.എം.കളരി സംഘത്തിന്റെ സ്ഥാപകനാണ് . കേരളകളരിപ്പയറ്റ് അസോസിയേഷൻ നിലവിൽ വന്നപ്പോൾ കേരളത്തിലെ ഒൻപതാം നമ്പർ കളരിയായി കെ.കെ.എം എന്ന സ്ഥാപനം മാറി.

ആട്ടുകാൽ കർഷക മിത്രം ഗ്രന്ഥ ശാലയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന യശ്ശശരീരനായ പി.നടരാജപിള്ള . ആട്ടുകാലിലെ ചരിത്ര നായകന്മാരെക്കുറിച്ചു പറയുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത മഹത് വ്യക്തിയാണ് നാടൻ കലാകാരനും ഫോക്‌ലോർ അവാർഡ് ജേതാവുമായ ശ്രീ ഭാനു ആശാൻ.

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതമൈത്രിയുടെ മകുടോദാഹരണങ്ങളായ പുളിമൂട് പള്ളി ,വാഴവിള പള്ളി , മുളമൂട് മസ്ജിദ് മല്ലൻ തമ്പുരാൻ ക്ഷേത്രം, കാട്ടുപാറക്ഷേത്രം എന്നിവ ചരിത്ര സ്മാരകങ്ങളായി ഇന്നും നില കൊള്ളുന്നു.

നവഭാവന ആർട്സ്- സ്പോർട്സ് ക്ലബ്, കർഷക മിത്രം ഗ്രന്ഥശാല, ആട്ടുകാൽ ക്ഷീര വ്യവസായ സഹകരണ സംഘം എന്നിവ ഈ പ്രദേശത്തു ദീർഘനാളായി സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളാണ് .

എ.ജി.തങ്കപ്പൻ നായർ, ആർ രാമചന്ദ്രൻ നായർ,വെമ്പായം മുതലാളി ,ലോഹിതേശ്വരൻ നായർ എന്നിവർ ഈ പ്രദേശത്തെ പ്രസിദ്ധരായ സാമൂഹിക സംഘടനാ പ്രവർത്തകരാണ് .

പനയമുട്ടം പ്രദേശത്തെ ക്ഷേത്രങ്ങളുടെ ഭാഗമായി നിലകൊള്ളുന്ന തമ്പുരാൻ പാറയും തമ്പുരാട്ടി പാറയും രേഖപ്പെടുത്താത്ത ചരിത്ര സ്മാരകങ്ങളാണ് .ഇതിൽ തമ്പുരാട്ടിപ്പാറയിലെ ഗുഹാമുഖം ഏറെ പ്രസിദ്ധമാണ് .