കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/നാടോടി വിജ്ഞാനകോശം

ഇന്ത്യയിൽ പ്രധാനമായും കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. 2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത് ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാള ഭാഷ കൈരളി, മലനാട്ട് ഭാഷ എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലും കന്യാകുമാരി ജില്ല, നീലഗിരി ജില്ല കർണാടകയുടെ ദക്ഷിണ കന്നഡ ജില്ല, കൊടഗ് ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് (കൊടുംതമിഴ്) ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു. എ. ഇ.-യിലെ നാല് ഔദ്യോഗിക ഭാഷകളിൽ ഒന്നു മലയാളമാണ്.[അവലംബം ആവശ്യമാണ്]

മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ മലയാളികൾ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.

ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിന് ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ഉദാത്തഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്.

ഭാഷാപരിണാമം (ചരിത്രം)

പ്രധാന ലേഖനം: മലയാള ഭാഷാചരിത്രം

മലയാള ഭാഷ സംസ്കൃതത്തിൽ നിന്ന് ഉദ്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലർന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഗവേഷണങ്ങൾ ഇതിനെയെല്ലാം നിരാകരിക്കുകയും "മലയാളം മലനാട്ടു തമിഴിൽ നിന്നു് ഉദ്ഭവിച്ചു" എന്നും "മലയാളം മൂല ദ്രാവിഡ ഭാഷയിൽ നിന്ന് തമിഴിനൊപ്പം ഉണ്ടായി" എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു.

'ഴ'കാരം ദ്രാവിഡഭാഷകളിൽ തമിഴിലും മലയാളത്തിലും മാത്രം ഉപയോഗിച്ചു കാണുന്ന വ്യഞ്ജനമാണ്

നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥത്തിന്റെ പുറം

മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് സ്കോട്ട്ലന്ഡുകാരനായ ഭാഷ ചരിത്രകാരൻ റോബർട്ട് കാൾഡ്വെൽ ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം മലയാളം, തമിഴിൽ നിന്ന് അകന്നു നിൽക്കുന്നു എന്നാണ് അദ്ദേഹം കരുതിയത്.

കാൽഡ്‌വെല്ലിനെ തുടർന്ന് എ. ആർ. രാജരാജവർമ്മയും മഹാകവി ഉള്ളൂരും മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. രാജരാജവർമ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികൾ തമിഴർ ആയിരുന്നു എന്നും അവർ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളിൽ ഒന്നാണ് മലയാളമായിത്തീർന്നതെന്നും അഭിപ്രായപ്പെട്ടപ്പോൾ മലയാളത്തിൽ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തിനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂർ വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേർ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എൻ. വി. രാമസ്വാമി അയ്യർ, ടി. ബറുവ, എം. ബി. എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡമെന്ന മൂലഭാഷയിൽ നിന്നുണ്ടായതാണ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാൽ പി.കെ. പരമേശ്വരൻ നായരുടെ അഭിപ്രായത്തിൽ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാൽ ശക്തമായ സ്വാധീനം മലയാളത്തിൽ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയർന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാൻ കാരണം അതാണ്. എന്നാൽ ഈ സ്വാധീനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലനാടു ഭാഷ തന്നെയായിരുന്നു.

പ്രൊഫ. ഏ. ആർ. രാജരാജവർമ്മ കേരള ഭാഷയെ മൂന്നു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.

  • ആദ്യഘട്ടം – ബാല്യാവസ്ഥ: കരിന്തമിഴുകാലം (കൊല്ലവർഷം 1 – 500വരെ; എ. ഡി. 825–1325വരെ)
  • മദ്ധ്യഘട്ടം – കൗമരാവസ്ഥ: മലയാണ്മക്കാലം (കൊല്ലവർഷം 500 – 800വരെ; എ. ഡി. 1325–1625വരെ)
  • അധുനികഘട്ടം – യൗവനാവസ്ഥ: മലയാള കാലം (കൊല്ലവർഷം 800 മുതൽ; എ. ഡി. 1625 മുതൽ)

ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തിൽ മലയാണ്മ എന്നു വിളിച്ചുപോന്നിരുന്ന മലയാളം, തമിഴ്‌, കോട്ട, കൊടഗ്‌, കന്നഡ എന്നീ ഭാഷകൾ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളിൽ ഒന്നാണ്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിയെ പ്രതിപാദിക്കുമ്പോൾ ഭാഷ എന്നു മാത്രം ഉപയോഗിച്ച് കാണാറുണ്ട്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്.

ഭരണ-അദ്ധ്യയന ഭാഷയായി ഒരു കാലത്തു കേരളദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്റെ സ്വാധീനം മലയാളത്തിൽ കാണുന്നതു തികച്ചും സ്വാഭാവികവുമാണ്. ഉത്തരഭാരതത്തിൽ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങൾ വഴി ഭാഷയിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഇന്തോ-ആര്യൻ‍ ഭാഷകൾക്കും, അറബ്, യൂറോപ്പ്യൻ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങൾ വഴി അതത് ദേശത്തെ ഭാഷകളും മലയാളഭാഷയിൽ പ്രകടമായ ചില പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്.

മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാദ്ധ്യതയുണ്ട്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാൻ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളുടെ പൊതുപൂർവ്വികഭാഷയായ ആദിദ്രാവിഡഭാഷയിൽ നിന്നാണു മലയാളത്തിന്റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശഭേദങ്ങളുണ്ടായിരുന്നു. ഇതിൽ ഒരു വകഭേദമായ കൊടുംതമിഴാണു പിന്നീട് മലനാട്ടിലെ ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു പി. പരമേശ്വരനെ പോലുള്ള ചില ഭാഷാശാസ്ത്രജ്ഞർ കരുതുന്നു[അവലംബം ആവശ്യമാണ്]. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണ്:

  • മലനാട് മറ്റു തമിഴ്‌നാടുകളിൽ നിന്നു സഹ്യപർവ്വതം എന്ന കിഴക്കേ അതിരിനാൽ വേർതിരിഞ്ഞു കിടക്കുന്നത്;
  • പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും;
  • നമ്പൂതിരിമാരും ആര്യസംസ്കാരവും.

മലയാളം ഭാഷാചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ സാമൂഹ്യസംഭവങ്ങളിൽ പ്രധാനവും പ്രകടവുമായ ഒരു ഘടകം നമ്പൂരിമാർക്ക് സമൂഹത്തിൽ ലഭിച്ച മേൽക്കൈയ്യും അതുമൂലം സംസ്കൃതഭാഷാപ്രയോഗത്തിനു് പ്രാദേശികമായി ഉണ്ടായ പ്രചാരവുമാണ്. പാണ്ഡ്യചോളചേര രാജാക്കന്മാർക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്മൊഴി നാടുകളുമായി ജനങ്ങൾക്കുണ്ടായിരുന്ന ഇടപാടുകളിൽ കാര്യമായ കുറവു വരുത്തിയിരുന്നു. കിഴക്കൻ അതിർത്തിയിലെ സഹ്യമലനിരകൾ കടന്നുള്ള ദുഷ്കരമായുള്ള യാത്രകളും കാലാവസ്ഥയിലെ വ്യതിയാനങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും സാംസ്കാരികമായും ഭാഷാപരമായും പരസ്പരം അകറ്റുന്നതിൽ ഭാഗമായി. മലയാളദേശത്തെ ജനസമൂഹങ്ങളിൽ മറ്റു ദ്രാവിഡദേശക്കാർക്കില്ലാതിരുന്ന, മരുമക്കത്തായം, മുൻ‌കുടുമ, മുണ്ടുടുപ്പ് എന്നീ ആചാരങ്ങൾ ഉടലെടുത്തതും ഇത്തരം അകൽച്ചയുമായി ബന്ധപ്പെട്ടതാണു്.

എന്നാൽ മറ്റുചില തെളിവുകൾ പ്രകാരം മലയാളഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട്.

ഉദാ.

മലയാളം – തോണി, കന്നഡ – ദോണി; തമിഴിൽ ഇതിനോടു സാമ്യമുള്ള ഒരു വാക്കില്ല.

മലയാളം – ഒന്ന്, കന്നഡ – ഒന്ദു

മലയാളം – വേലി, കന്നഡ – ബേലി

ആദ്യകാല മലയാളം

ക്രിസ്ത്വബ്ദം ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാൻ തുടങ്ങിയ ബ്രാഹ്മണർക്ക് സാമൂഹ്യവ്യവസ്ഥിതിയിൽ കാര്യമായ കൈകടത്തലുകൾക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു പെരുമാക്കന്മാരുടെ വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പർക്കത്തിൽ ഉപേക്ഷിക്കുവാനും ബ്രാഹ്മണർ തുനിഞ്ഞതോടെ അവർക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരൽ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരിൽ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകർന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവർത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായത്.

ബി. സി 300ലെ അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളപുത്ര എന്ന ദേശത്തെ പറ്റി പരാമർശിക്കുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ മഹോദയപുരത്തെ ചേരന്മാർ‌ അവരുടെ ശിലാലിഖിതങ്ങളിൽ മലയാളം അതിന്റെ ആദ്യകാലലിപിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഔദ്യോഗികരേഖകളിൽ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന്‌ ഇത് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്‌.

വ്യാകരണം

പ്രധാന ലേഖനം: മലയാളവ്യാകരണം

ചരിത്രപരമായി വന്നുപോയ ദേശ്യഭേദങ്ങൾ കൊണ്ടുമാത്രം ഒരു സ്വതന്ത്രഭാഷ രൂപം കൊള്ളുകയില്ല. എന്നിരുന്നാലും ഇപ്രകാരമുള്ള മാറ്റങ്ങൾ ഭാഷയുടെ ഘടനയിലും വ്യാകരണത്തിലും വരുത്തുന്ന മാറ്റങ്ങളാണ് മൂലഭാഷയിൽ നിന്നു അതിനെ വ്യത്യസ്തമാക്കുന്നതും സ്വതന്ത്രമായൊരു ഭാഷയായി രൂപപ്പെടുത്തുന്നതും. മലയാളം വൈയാകരണനും കേരളപാണിനി എന്നറിയപ്പെടുന്ന എ. ആർ. രാജരാജവർമ്മയുടെ അഭിപ്രായത്തിൽ തമിഴ് ഭാഷയിൽ നിന്നു മലയാണ്മ ഇപ്രകാരമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു:

  • അനുനാസികാതിപ്രസരം

അനുനാസികാവർണ്ണം തൊട്ടുശേഷമുള്ള ഖരത്തെക്കൂടി അനുനാസികമാക്കുന്നു

ഉദാഹരണങ്ങൾ
തമിഴ് മലയാളം
നിങ്‌കൾ നിങ്ങൾ
നെഞ്ച് നെഞ്ഞ്
  • തവർഗ്ഗോപമർദ്ദം അഥവാ താലവ്യാദേശം
  • സ്വരസംവരണം
  • പുരുഷഭേദനിരാസം
  • ഖിലോപസംഗ്രഹം
  • അംഗഭംഗം

അന്യഭാഷാ സ്വാധീനം

മലയാളഭാഷയെ ഏറ്റവും കൂടുതലായി സ്വാധീനിച്ചതു തമിഴും സംസ്കൃതവും ആണ്‌. ദ്രാവിഡ പൈതൃകവും ബ്രാഹ്മണ മേധാവിത്ത്വവും ആണ്‌ അതിനു കാരണം. എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകൾ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങൾ മലയാളത്തിൽ കാണാം. ആദികാലം തൊട്ടേ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതായി കാണാം. ഹിന്ദിയും, അറബിയും, ഉർദുവും, യൂറോപ്പിയൻ ഭാഷകളും, ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നൽകിയിട്ടുണ്ട് .