1950കളിൽ മധ്യ തിരുവിതാംകൂറിന്റെ തെക്ക് -കിഴക്ക് ഭാഗത്തു സഹ്യാദ്രിയുടെ മടിത്തട്ടിൽ ഇടതൂർന്ന വനമേഖലയോട് ചേർന്ന് കിടന്ന ചിതറക്കടുത്തു കണ്ണൻകോട് പ്രദേശത്തു കുടിയേറി പാർത്ത ഭൂരിപക്ഷം വരുന്ന ഹരിജനങ്ങൾ ഉൾപ്പടെയുള്ള പാവപ്പെട്ട കർഷക തൊഴിലാളികൾക്കും കർഷകർക്കും അവരുടെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയിൽ നിന്നും ഒരു ഉയർത്തെഴുന്നേല്പിന് സാധ്യത ഇല്ലായിരുന്നു.ഇവരുടെ സാമ്പത്തികമായ പിന്നോക്കാവസ്ഥ കാരണം കുട്ടികളെ അകലെയുള്ള വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല,ഈ സാഹചര്യത്തിൽ കണ്ണൻകോട് പ്രദേശത്തെ കുടിയേറ്റ കർഷകനായിരുന്ന കൃഷ്ണവിലാസത്തിൽ കൃഷ്‌ണൻ മുതലാളി 1957ഇൽ സ്ഥാപിച്ചതാണ് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്‌കൂൾ .[കെ .വി .എൽ .പി.എസ് .ചിതറ ]

കേരളത്തിന്റെ ഗ്രാമീണ വിളിച്ചോതുന്ന അനേകം സ്ഥലങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ട് . അത്തരത്തിലുള്ള പ്രകൃതിഭംഗികളോട് കിടപിടിക്കത്തക്ക രീതിയിലുള്ള ഒരു പ്രദേശത്താണ് കെ .വി .എൽ .പി .എസ് .സ്ഥിതി ചെയ്യുന്നത് .മഞ്ഞുമൂടികിടക്കുന്ന സഹ്യപർവ്വതനിരകളെ ഈ സ്‌കൂൾ അങ്കണത്തിൽനിന്നും ദർശിക്കുവാനുള്ള ഭാഗ്യമുണ്ട് . ചിതറ ജംഗ്‌ഷനിലെ തിരക്കിൽ നിന്ന് അല്പം ഒഴിഞ്ഞു , എന്നാൽ വളരെ അകലെ അല്ലാതെ വാഹന വ്യവസായ തിരക്കുകൾ അതുമൂലമുള്ള മലിനീകരണങ്ങൾ ഇവ അല്പം പോലും അലോസരപ്പെടുത്താത്ത തികച്ചും ശാന്തമായ ഒരു പഠനാന്തരീക്ഷമാണ് ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുന്നത് .അതുകൊണ്ടുതന്നെ വലിയ കൊട്ടിഘോഷങ്ങളും ആർഭാടങ്ങളും ഇല്ലെങ്കിൽപോലും കുഞ്ഞുമനസുകളിൽ ഉണ്ടായിട്ടുള്ള അറിവിന്റെ കണികകളെ പരമാവധി വളർത്തിയെടുക്കുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്‌ .അതിന് തെളിവായി നിരവധി ഉദാഹരണങ്ങൾ എടുത്ത് കാട്ടാനുണ്ട് .പൂർവ്വ വിദ്യാർത്ഥികളെ കുറിച്ച് അന്വേഷിക്കുകയാണെങ്കിൽ എഞ്ചിനീയർ , ഡോക്ടർ , ഡെപ്യൂട്ടി കളക്ടർ തുടങ്ങി സമൂഹത്തിന്റെ ഉന്നത മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള നിരവധി വ്യക്തികൾ അവരുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഈ സ്ഥാപനത്തിൽ നിന്നാണ് .

1957-58 സ്‌കൂൾ വർഷാരംഭത്തിൽ 232 വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടിയതായി രേഖകൾ വ്യക്തമാക്കുന്നു . ഇതുവരെ 6000 കുട്ടികൾക്ക് ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട് . സ്‌കൂൾ ആരംഭത്തിൽ ശ്രീ . കെ .ഗോപിനാഥൻ ആയിരുന്നു പ്രഥമാധ്യാപകൻ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം