ജി. വി.എച്ച്. എസ്സ്.എസ്സ്. ബാലുശ്ശേരി/ചരിത്രം

15:33, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47107-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                 ആദികാവ്യമായ വാത്മീകി രാമായണത്തിലെ കഥാപാത്രമായ ബാലിയുമായി ബാലുശ്ശേരിയുടെ സ്ഥലനാമപുരാണം ചേർത്തു പറയുന്നത് പ്രദേശത്തിന്റെ പ്രാചീനതയെ വെളിപ്പെടുത്തുന്നതാണ്. സ്വാതന്ത്ര്യസമരം സമൂഹത്തിന്റെ നാനാതലങ്ങളിൽ പരിവർത്തനം വരുത്തിയതിന്റെ ഫലമായി അതിന്റെ അലയൊലികൾ ബാലുശ്ശേരിയിലും കടന്നുവന്നു.  കേളപ്പജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിൽ ബാലുശ്ശേരിയിലെ സാമൂഹികപ്രവർത്തകരും അണിനിരന്നു.   സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ജനത വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് 20 കി. മീ. അകലെയുള്ള കൊയിലാണ്ടിയിലെ വിദ്യാലയത്തെ ആയിരുന്നു.  അവിടെനിന്ന് വിദ്യാഭ്യാസം നേടുകയെന്നത് ശ്രമകരമായ ഒരു കാര്യമായി ബാലുശ്ശേരിക്കാർക്ക് അനുഭവപ്പെടാൻ തുടങ്ങി.  ഈ പ്രശ്നത്തിനു പരിഹാരം കാണുക എന്നത് സ്വാതന്ത്ര്യസമര നായകൻമാരുടെയും സാമൂഹ്യപ്രവർത്തകരുടെയും ചുമതലയായി.
                       1955-56 കാലത്ത് സാമൂഹിക പ്രവർത്തകരിൽ പ്രധാനികളായിരുന്ന ഡോക്ടർ ഒ. കെ. ഗോവിന്ദൻ, വെള്ളച്ചാലൻകണ്ടി കുമാരൻ വൈദ്യർ, കൊളപ്പുറത്ത് കോവിലകം കെ. കെ. കേരള വർമ്മരാജ, കിഴക്കെമഠം കെ. എം. ഗോപാലൻ നായർ, കരുമല ശങ്കരൻ നമ്പൂതിരിപ്പാട്, എന്നിവരുടെ നേതൃത്വത്തിൽ രൂപപ്പെട്ട കമ്മിറ്റിയുടെ പ്രവർത്തനഫലമായി സ്വരൂപിച്ച പണം ഉപയോഗിച്ച് പോത‍‍‍‌‌‍ഞ്ചേരി മഠത്തിലെ രാമസ്വാമി അയ്യരിൽ നിന്നും കുന്നുമ്മൽ ആലി സാഹിബിൽനിന്നും രണ്ടര ഏക്കറോളം വാങ്ങുകയും 1956-1957 ൽ ഡിസ്ട്രിക്ട് ബോർ‍ഡിന് കൈമാറുകയും ചെയ്തു.   1957 ൽ പി. വി. ഭാസ്കരൻ ഹെഡ് മാസ്റ്ററായി 15 അധ്യാപകരും 260 കുട്ടികളും അടങ്ങുന്ന ഹൈസ്ക്കൂൾ സ്ഥാപിതമായി.   താത്കാലിക ഷെഡിൽ ആരംഭിച്ച ഹൈസ്ക്കൂളിന്റെ നിർമ്മാണത്തിന് നാട്ടുകാരുടെ സഹായസഹകരണവും കമ്മിറ്റിയുടെ നിരന്തരശ്രമവും ഉണ്ടായിരുന്നു.  1960 ൽ ബാലുശ്ശേരി ഹൈസ്ക്കൂളിൽ നിന്ന് ഒന്നാമത്തെ എസ്. എസ്. എൽ. സി ബാച്ച് പുറത്തിറങ്ങി.  അനുദിനം കെട്ടിട നിർമാണവും വിദ്യാർത്ഥികളുടെ ബാഹുല്യവുമായി ബാലുശ്ശേരി ഗവണ്മെന്റ് ഹൈസ്ക്കൂൾ 1882 ലേക്ക് കടന്നു.   വിദ്യാർത്ഥികളുടെ ബാഹൂല്യം ഹൈസ്ക്കൂളിന്റെ ശരിയായ പ്രവർത്തനത്തിന് തടസ്സമായിരുന്ന അവസരമായിരുന്നു അത്. 1982 ജൂലായ് 15 ന് ബാലുശ്ശേരി ഗവ ബോയ്സ് ഹൈസ്ക്കൂൾ, ബാലുശ്ശേരി ഗവ ഗേൾസ് ഹൈസ്ക്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.  1990 ൽ  വൊക്കേഷണൽ കോഴ്സുകൾ ആരംഭിച്ചു.  50 കുട്ടികൾ അടങ്ങുന്ന തൊഴിലധിഷ്ഠിത കോഴ്സ് പിന്നീട് 60 കുട്ടികളെ ഉൾക്കൊള്ളാൻ പര്യാപ്തമായി.   അതോടൊപ്പം രക്ഷിതാക്കളുടെയും താല്പര്യമനുസരിച്ച് അഞ്ചാംക്ലാസും ആരംഭിച്ചു.  അഞ്ചുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലായി 800 ഓളം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ