വീരവഞ്ചേരി എൽ.പി.സ്കൂൾ/ചരിത്രം

13:11, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ani4anilr (സംവാദം | സംഭാവനകൾ) (charitharm)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ലോകമെങ്ങും ദാരിദ്ര്യവും പട്ടിണിയും മൂലം ജനജീവിതം ഏറ്റവും പ്രയാസം നിറഞ്ഞതായിരുന്നു . ജാതി ചിന്തയിൽ അധിഷ്ഠിതമായ കേരളീയ സമൂഹത്തിലാകട്ടെ നിരക്ഷരത മറ്റൊരു തീരാ ശാപമായി . അറിവ് സമ്പാദിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ട ചിലരെങ്കിലും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് അക്കാലത്ത് അങ്ങിങ്ങായി വിദ്യാലയങ്ങൾ സ്ഥാപിതമായത് .

വീരവഞ്ചേരിയിൽ 1922 ൽ സ്ഥാപിതമായ വീരവഞ്ചേരി കൃഷ്ണ വിലാസം എൽ പി സ്കൂളാണ് ഇന്നത്തെ വീരവഞ്ചേരി എൽ പി സ്കൂൾ .

'പടിഞ്ഞാറ്റെടുത്തുന്നോല്' എന്ന സ്ഥാനപ്പേരലങ്കരിച്ചിരുന്ന പോണാരി കീളത്ത് ശ്രീ .രാമൻ നായർ എന്ന ബഹുമാന്യ വ്യക്തി അനുവദിച്ച ചങ്ങരോത്ത് പറമ്പിൽ അനന്തിരവൻ ശ്രീ പി കെ കുഞ്ഞിരാമൻ നായരാണ് സ്കൂൾ സ്ഥാപിച്ചത് . ചങ്ങരോത്ത് സ്കൂൾ എന്നും ഈ വിദ്യാലയം നാട്ടുകാർക്കിടയിൽ അറിയപ്പെട്ടു.

സമീപപ്രദേശങ്ങളിലെ മറ്റു പള്ളിക്കൂടങ്ങളിൽ നിന്നും വ്യത്യസ്തമായി ആദ്യകാലത്ത് ജാതി മത ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനം നൽകിയിരുന്നു എന്നത് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയായിരുന്നു . വിദ്യാരംഭ ദിനത്തിൽ മുസ്ലിം കുട്ടികൾ പോലും ഇവിടെ ഹരിശ്രീ കുറിച്ചിരുന്നു എന്ന് ചില പൂർവവിദ്യാർഥികൾ ഇപ്പോഴും ഓർക്കുന്നു .

ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പ്രവർത്തിച്ച ഈ വിദ്യാലയത്തിൽ പ്രഥമ പ്രധാന അധ്യാപകൻ പുറക്കാട് ചെറിയ മഠത്തിൽ ചെറിയക്കൻ നായർ ആയിരുന്നു.

പി കെ കുഞ്ഞിരാമൻ നായർ പിന്നീട് മാനേജ്മെൻറ് ശ്രീ പി കെ നാരായണൻ നായർക്ക് കൈമാറി. അദ്ദേഹമാണ് 1938 ൽ സ്കൂളിനുവേണ്ടി 5 ക്ലാസ് മുറികൾ ഉള്ള സ്ഥിരമായ കെട്ടിടം ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിർമ്മിച്ചത്. ഇദ്ദേഹത്തിൽ നിന്ന് 1939ൽ മാനേജ്മെൻറ് ശ്രീ പി കെ ഗോപാലക്കുറുപ്പിലും അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഭാര്യ ശ്രീമതി മാധവിഅമ്മയിലും നിക്ഷിപ്തമായി . 1995 ൽ ഇവർ ശ്രീ എം ചന്ദ്രൻ നായർക്കും 2003 ൽ അദ്ദേഹം അനുജൻ ശ്രീ എം മോഹനും മാനേജ്മെൻറ് കൈമാറി . ഇപ്പോഴത്തെ മാനേജർ ശ്രീ എം മോഹൻ സ്റ്റേജ് അടക്കം 12 ക്ലാസ് മുറികളും ,സ്റ്റാഫ് റൂം, ഓഫീസ് റൂം കമ്പ്യൂട്ടർ റൂം സ്റ്റോർ റൂം നഴ്സറി ക്ലാസ് റൂം എന്നിവയും അടങ്ങുന്ന കെട്ടിടങ്ങൾ പണികഴിപ്പിച്ചു. ഇതിൽ പ്രധാന കെട്ടിടത്തിൽ ഓഫീസ് മുറിയുടേയും 5 ക്ലാസ് മുറികളുടെയും ഉദ്ഘാടനം 2004 ഫെബ്രുവരി 29 ന് ബഹു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം കെ മുഹമ്മദാണ് നിർവ്വഹിച്ചത്. ഇതേ തുടർന്ന് പഴയ പ്രധാന കെട്ടിടം പൊളിച്ചു മാറ്റി.

പ്രഥമ പ്രധാനാധ്യാപകൻ ശ്രീ ചെറിയക്കൻ നായർക്ക് ശേഷം അടുത്ത പ്രധാനാധ്യാപകനായ ശ്രീ.യു വി കേളു മാസ്റ്റർ വരേണ്യ ജാതിയിൽപ്പെട്ട ആളായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. തുടർന്ന് ശ്രീ സി ടി പത്മനാഭൻ നായർ , ശ്രീ ചാത്തുക്കുട്ടി നായർ ,കാട്ടിൽ രാമൻ നായർ ,ശ്രീ പുതിയോട്ടിൽ രാമൻ നായര് ,ശ്രീ പി കെ ഗോപാലൻ അടിയോടി ,പ്രസിദ്ധ കവിയും കഥാകൃത്തുമായ ശ്രീധരൻ പള്ളിക്കര, ശ്രീ ഒ.രാഘവൻ മാസ്റ്റർ ,ശ്രീ.എൻ.പിപ്രഭാകരൻ മാസ്റ്റർ, ശ്രീ കെ.പി പ്രഭാകരൻ മാസ്റ്റർ എന്നിവരും പ്രധാന അധ്യാപകർ ആയിട്ടുണ്ട്.ശ്രീമതി ഗീത കെ. കുതിരോടിയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് . ശ്രീ കെ പി പ്രഭാകരൻ മാസ്റ്റർ ഹെഡ് മാസ്റ്ററായിരുന്ന കാലഘട്ടത്തിലാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചത് 2010 -11 ൽ സ്കൂളിലും നഴ്സറിയിലുമായി മൊത്തം 457 കുട്ടികൾ ഉണ്ടായിരുന്നു. 2011 -12 മുതൽ 2014 -15 വരെയുള്ള കാലഘട്ടത്തിൽ ക്രമമായി ഓരോ ക്ലാസും ഒരു ഡിവിഷൻ വീതംവർദ്ധിച്ച് ആകെ 12 ക്ലാസ്സുകളായി സ്കൂൾ വികസിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനനുസരിച്ച് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും വർധിപ്പിച്ചു.വിദ്യാർഥികളുടെ യാത്രാ സൗകര്യാർത്ഥം ഒരു ബസ്സും ഒരു എയ്സും

മാനേജരുടെ ഉടമസ്ഥതയിൽ ഉണ്ട് .

സ്കൂളിലെ ആദ്യ വിദ്യാർത്ഥി ആരെന്ന് വ്യക്തമാക്കുന്ന രേഖകൾ ശേഷിപ്പില്ലെങ്കിലും ആദ്യ അഞ്ചാം ക്ലാസ് വിദ്യാർഥി ശ്രീ പി കെ മാധവൻ മാസ്റ്ററാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് . അദ്ദേഹം കോഴിപ്പുറം യുപി സ്കൂൾ (ഇപ്പോഴത്തെ സി.കെ -ജി മെമ്മോറിയൽ ഹൈസ്കൂൾ ) ഹെഡ്മാസ്റ്റർ മലബാർ ക്രിസ്ത്യൻ കോളേജ് അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇവിടെ പഠിച്ചു പോയവരിൽ ശാസ്ത്രജ്ഞന്മാർ, ബാങ്ക് ഓഫീസർമാർ , അഭിഭാഷകർ , അധ്യാപകർ, അറിയപ്പെടുന്ന രാഷ്ട്രീയപാർട്ടി നേതാക്കന്മാർ മികച്ച കർഷകർ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരുണ്ട്.

1977 മുതൽ സജീവമായി പി ടി എ പ്രവർത്തിച്ചു വരുന്നു. 1997 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. സർവ്വശ്രീ തിക്കോടിയൻ, കുഞ്ഞുണ്ണിമാഷ്, പി പി ഉമ്മർ കോയ, യു എ ഖാദർ തുടങ്ങി ഒട്ടേറെ സാഹിത്യ സാംസ്കാരിക നായകന്മാരും ,അന്നത്തെ കേരള കൃഷി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ കൃഷ്ണൻ കണിയാമ്പറമ്പിലും സ്കൂളിലെത്തി പ്ലാറ്റിനം ജൂബിലി ആഘോഷത്തേയും സ്കൂളിനേയും ധന്യമാക്കി. ആഘോഷത്തെ തുടർന്ന് മിച്ചം വന്ന തുക ഉപയോഗിച്ച് പ്ലാറ്റിനം ജൂബിലി എൻഡവ്മെന്റ് സ്കോളർഷിപ്പ് ഏർപ്പെടുത്തുകയും, ശുദ്ധ ജല വിതരണത്തിനായി വാട്ടർ ടാങ്ക് സ്ഥാപിക്കുകയും ചെയ്തു.

എൽ.എസ്.എസ് ജേതാക്കളെ ഏറ്റവും കൂടുതൽ സൃഷ്ടിക്കുന്ന മേലടി സബ് ജില്ലയിലെ ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം. പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും കായികമേളകളിൽ തുടർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ് ലഭിച്ചു വരുന്നത്. ഉപജില്ലാതല ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര മേളകളിൽ ഉന്നതനിലവാരം നിലനിർത്താനും പഞ്ചായത്ത് തല കലാമേളകളിൽ ഒന്നാം സ്ഥാനം നിലനിർത്താനും ഇതുവരെ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യശാസ്ത്രമേളയിൽ 3തവണ സബ് ജില്ലാ തലത്തിലും ഒരു തവണ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് .

കൂടാതെ ഈ അടുത്ത കാലയളവിൽ നിരവധി പുരസ്കാരങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട് മാതൃഭൂമി സീഡ് ക്ലബ്ബ് പുരസ്‌കാരം ,ഹരിത മുകുളം അവാർഡ് ,നല്ലപാഠം പുരസ്കാരം ,മികച്ച സീഡ് കോ-ഓർഡിനേറ്റർ അവാർഡുകൾ തുടങ്ങിയവ

അവയിൽ ചിലതാണ്.

ദിനാചരണങ്ങൾ പഠനപ്രവർത്തനങ്ങളാക്കുന്ന പഠനരീതി ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ്. പാഠഭാഗങ്ങൾ ദിനാചരണവുമായി ബന്ധപ്പെടുത്തിയാണ് വാർഷിക പദ്ധതി ചിട്ടപ്പെടുത്തി വരുന്നത്. പഠന പിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക ക്ലാസുകൾ അതുപോലെ പ്രതിഭാ പോഷണ ക്ലാസ്സുകൾ തുടങ്ങിയവ ഈ വിദ്യാലയത്തിൽ നടന്നുവരുന്നു.

പി.ടി. എ, എം.പി.ടി.എ. എന്നിവയുടെ ക്രിയാത്മകമായ ഇടപെടലും സഹായവും സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2003 ജൂൺ മുതൽ സ്കൂളിനോട് അനുബന്ധിച്ച് നഴ്സറി സ്കൂൾ സ്ഥാപിക്കുകയുണ്ടായി ഇതിൻറെ നടത്തിപ്പും മേൽനോട്ടവും ഇപ്പോൾ മാനേജരാണ് നിർവഹിക്കുന്നത്. നഴ്സറി തലം മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നുമുണ്ട് . ശ്രീ.എം. ബാലകൃഷ്ണനാണ് ഇപ്പോഴത്തെ പിടിഎ പ്രസിഡണ്ട് . ശ്രീമതി. ബുഷറ മാതൃസമിതി ചെയർ പേഴ്സണായി പ്രവർത്തിച്ചു വരുന്നു.

കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ സ്കൂളിൽ വാർത്തമാന പത്രങ്ങൾ വരുത്താറുണ്ട്. കുട്ടികളിലെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കാനായി ശാസ്ത്രക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ് ,ആരോഗ്യ ക്ലബ്, വിദ്യാരംഗം ക്ലബ്ബ്, നല്ലപാഠം ക്ലബ്,പരിസ്ഥിതി ക്ലബ് എന്നിവ പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിക്കാറുണ്ട് .പ്ലാറ്റിനം ജൂബിലി എൻഡോവ്മെൻറ് ഉൾപ്പെടെ പരിസരവാസികളായ ചില വ്യക്തികളുടെ ബന്ധുക്കളുടെ സ്മരണാർത്ഥം അവർ ഏർപ്പെടുത്തിയ ഇരുപതോളം എൻഡവ്മെന്റുകൾ സ്കൂൾ വിദ്യാർത്ഥികളുടെ പഠന പുരോഗതിയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തിവരുന്നു. ഒന്ന്, രണ്ട് , മൂന്ന് ,നാല് ക്ലാസ്സുകളിലെ പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകാനായാണ് ഈ തുക ഉപയോഗപ്പെടുത്തുന്നത്.

അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും കൂട്ടായ പ്രവർത്തനത്തിലൂടെ നേടിയെടുത്ത പുരോഗതി ഭാവിയിലെ വളർച്ചയ്ക്കുള്ള ആത്മവിശ്വാസമാക്കി പ്രവർത്തിക്കുവാൻ ആവശ്യമായ എല്ലാവിധ സാഹചര്യവും ഇന്ന് സ്കൂളിലുണ്ട്.