സെന്റ്. പോൾസ് എൽ. പി എസ്. മുത്തോലപുരം/ചരിത്രം

11:45, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28310HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് പോൾസ് എൽ.പി. സ്കൂൾ മുത്തോലപുരം

വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള സെന്റ് പോൾസ് എൽ പി സ്കൂൾ എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിൽപ്പെട്ട മുത്തോലപുരം ഗ്രാമത്തിൽ വൈക്കം തൊടുപുഴ റൂട്ടിൽ സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരി പിതാവ് സ്ഥാപിച്ച ദിവ്യകാരുണ ആരാധന സഭയുടെ ആദ്യഭവനം പാലാരൂപതയിൽ മുത്തോലപുരത്ത് 1919 ജൂലൈ 16 ന് ആരംഭിച്ചു. വിദ്യാഭ്യാസം പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസം മനുഷ്യ വ്യക്തിത്വത്തിന്റെ സമ്പൂർണ്ണതയ്ക്ക് അനിവാര്യമാണെന്നുള്ള പിതാവിന്റെ പ്രബോധനം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ മഠം വക കെട്ടിടത്തിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. 1095 ഇടവം 4-ാം തീയതി അതായത് 1920 മെയ് 17 ന് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ കുടിപ്പള്ളിക്കൂടത്തിൽ നിന്നും 35 കുട്ടികളെ ചേർത്തുകൊണ്ട് സ്കൂളിന് ആരംഭം കുറിച്ചു മെയ് 19 ന് സ്ഥലം എച്ച് ജി. വി. സ്കൂൾ ഹെഡ്മാസ്റ്ററും സഹാദ്ധ്യാപകരും കൂടി അവരുടെ സ്കൂളിൽ പഠിച്ചുവന്നിരുന്ന 61 പെൺകുട്ടികളെ ഈ സ്കൂളിൽ കൊണ്ടുവന്നാക്കുകയുണ്ടായി. സ്കൂൾ സ്ഥാപകനായ ബഹുമാനപ്പെട്ട പളളിക്കാപറമ്പിൽ പൗലോസച്ചന്റെയും ബഹുമാനപ്പെട്ട പടത്തിൽ യൗസേപ്പച്ചന്റേയും നേതൃത്വത്തിൽ അന്നേദിവസം ഒരു മീറ്റിംഗ് കൂടുകയും കാപ്പിസൽക്കാരം നടത്തുകയും ചെയ്തു. ആറ് അദ്ധ്യാപകരോടുകൂടി ആരംഭം കുറിച്ച ഈ സ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക സിസ്റ്റർ റോസ് S.A.B.S. (പി.ജെ ഏലി) ആയിരുന്നു. ഒന്നാം അസിസ്റ്റന്റ് എ റ്റി. ചെറിയാൻ, രണ്ടാം അസിസ്റ്റന്റ് റോസ് തോമസ്, മൂന്നാം അസിസ്റ്റന്റ് സി.എ. മത്തായി, ഭാഗവതർ ജി. കൃഷ്ണൻ, തയ്യൽ മിസ്ട്രസ് സി പൗളീന SABS ഇവരായിരുന്നു പ്രഥമ അദ്ധ്യാപകർ.

അറിവിന്റെ അനന്തസാഗരത്തിനു മുമ്പിൽ പകച്ചു നിൽക്കുന്ന കുഞ്ഞുങ്ങളെ സ്നേഹത്തിന്റെ, സന്മാർഗ്ഗത്തിന്റെ പാതയിലൂടെ മെല്ലെ നയിച്ച്, ബാലപാഠങ്ങൾ പഠിപ്പിച്ച്, വിശുദ്ധിയിൽ, വിജ്ഞാനത്തിൽ വളർത്താൻ ഇവിടുത്തെ അദ്ധ്യാപകർ എന്നും പരിശ്രമിച്ചുവരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കടന്നുപോയ വർഷങ്ങൾ സ്ക്കൂൾ നാൾ വഴിയിൽ പലപ്പോഴായി കണ്ടെത്താ വുന്നതാണ്. ഇനിയും ആ മുന്നേറ്റം തുടരുവാൻ മുത്തോലപുരം ഗ്രാമസമൂഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമായി പ്രതീകമായി നില കൊള്ളാൻ സെന്റ് പോൾസ് എൽ.പി. സ്ക്കൂളിനെ സർവ്വശക്തനായ ജഗദ്ഗുരു കനിഞ്ഞനുഗ്രഹിക്കട്ടെ, ശക്തമാ ക്കട്ടെ. വരും തലമുറകൾ അക്ഷര ജ്ഞാനം അഭ്യസിക്കുന്ന വിശുദ്ധ വേദിയായി സെന്റ് പോൾസ് എൽ.പി. സ്ക്കൂൾ എന്നും പരിലസിക്കട്ടെ.