വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ -
വന്മരച്ചില്ലകൾ തോറും
പൂത്തു നിന്നൊരു ഗതകാല സൗരഭ്യ -
പൂരിതവർണ്ണപുഷ്പങ്ങൾ
ഇന്നിനി ദുർല്ലഭം --മാമരച്ചില്ലക_
ളൊന്നൊകെ നാം വെട്ടിവീഴ്ത്തി !
എത്ര കുളങ്ങളെ മണ്ണിട്ടു മൂടി നാ-
മിത്തിരി ഭൂമിക്കു
വേണ്ടി
എത്രയായാലും മതിവരാറില്ലാത്തൊ-
രത്യാഗ്രഹികളെപ്പോലെ!
വിസ്തൃത നീല ജലാശയങ്ങൾ ജൈവ -
വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം മാലിന്യ -
ക്കണ്ണുനീർ പ്പൊയ്കകളെന്യേ !
പച്ചപ്പരിഷ്ക്കാരത്തേൻ കുഴമ്പുണ്ടു നാം
പുച്ഛിച്ചു മാതൃദ്യഗ്ദത്തെ !