ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ അഴിയാത്ത ചങ്ങല

അഴിയാത്ത ചങ്ങല

അടർന്നുവീണതായ ശിലായുഗത്തിന്റെ താളുകൾ തേടിയുള്ള ഈ യാത്ര എങ്ങോട്ടാണെന്നറിയില്ല. നിറനിലാവും നീലത്താമരയും നീഹാരം ചൂടിയ ഹേമന്തവും പോയ് മറഞ്ഞതെങ്ങോട്ടാണെന്നുമറിയില്ല. ഈ വൈകിയ വേളയിൽ ഇടറുന്ന ചങ്ങലകളുടെ നേർത്ത മർമ്മരം ചെകിടടപ്പിക്കുന്നു .എന്താ ഉറങ്ങാത്തതെന്ന രാത്രിയുടെ ചോദ്യത്തിന് ഉത്തരം ഒന്ന് മാത്രം. ഉറക്കത്തിന്റെ താക്കോൽ ഒരു ചെറുപുഞ്ചിരിയിൽ കളഞ്ഞു പോയെന്നു മാത്രം. ഇരുട്ട് പരക്കുന്നു. സൂര്യൻ തന്റെ ആയുധമുപേക്ഷിച്ച് എങ്ങോ പോയ് മറഞ്ഞു. 'എല്ലാവരും ഉറക്കമായി. നിങ്ങൾക്ക് ഇനിയും മടങ്ങിപ്പോകാറായില്ലെ കുഞ്ഞീച്ചകളെ ,വീട്ടിൽ അമ്മ തിരക്കും '. നീട്ടിവെച്ച കാലുകളിലെ വ്രണത്തിൽ വന്നു പറ്റുന്ന കുഞ്ഞീച്ചകളോടായി പറയണമെന്നോർത്തു. പിന്നെ..... നിലാവ് വീണ് രാത്രി തിളങ്ങുന്നു.പുറത്ത് സൗഗന്ധികം വിരിയുന്ന വശ്യമായ ഗന്ധം മൂക്ക് തുളയ്ക്കുന്നു. ഇവറ്റകൾക്ക് അങ്ങോട്ട് പൊയ്ക്കൂടെ. വിരിയുന്ന പൂവിനെക്കാൾ ഗന്ധം എന്റെ വ്രണങ്ങൾക്കുണ്ടാകുമെന്നോർത്തിട്ടാണോ? ചവിട്ടിയരച്ച വാർദ്ധക്യത്തിൽ എനിയെന്താണ് ബാക്കിയുള്ളത് .... ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കാത്ത ഓർമ്മകളിലാണ് ഓരോ ജന്മവും. എങ്കിലും ഓർമ്മകളുടെ വേരാഴ്ന്നു പോയതിനാൽ എന്തോ ഒന്നും ഓർമ്മിക്കാതിരിക്കാനാകുന്നില്ല. പേടിയാണ് ...... എല്ലാത്തിനോടും.... ഇവിടുത്തെ ഡോക്ടറ് പണക്കൊതിയനാണേ , എന്റെ കുട്ടികൾടെ പണം വാങ്ങീട്ട് ഇനിയും ആ ഇരുട്ട് മുറീല് ..... ചെകിടിന്റെ മൂലകളിലെന്തോ വച്ച് ,പിന്നെ വായില് ആ തടിക്കഷ്ണവും...... നുരയും പതയുമൊഴുക്കി ,ഒന്നു നിലവിളിക്കാൻ കൂടിയാകാതെ ഈശ്വരാ......... ഹൃദയം നുറുങ്ങുന്നു.വയ്യാ..... ഓർക്കാൻ വയ്യാ. ഇതിപ്പൊത്ര തവണയായി.... നിക്ക് ഒരു തീർച്ചല്യാ......

      സൂക്കേട് ഒന്നൂല്യാത്തന്നെ ഭ്രാന്തിയായി മുദ്രകുത്തി തൊടിയിലെ മൂലയിലെറിഞ്ഞില്ലേ, ന്റെ ചോര ചുരന്ന മക്കള് ന്നാലും... ഒരിക്കൽ എന്നെ അവർക്ക് തിരയേണ്ടി വരും. അന്ന് അവസാന എഴുത്തിന്റെ അവസാന വരിയിൽ തിരിച്ചറിയാനാകാത്ത വിധം ഞാൻ പ്രത്യക്ഷമാകും.അവസാന വാക്ക് വായിച്ചു തീരുന്നതിനു തൊട്ടു മുൻപ് ഞാൻ വിട തരും. തീർച്ച.
    അവസാനായിട്ട് ഇളയവനാ കാണാൻ വന്നത്.ഇരുമ്പഴികൾക്ക്  പിന്നിൽ ഒന്നരയടി നീങ്ങിയേ അവൻ നിൽക്കാറുള്ളൂ. കുട്ടിക്കാലത്ത് തന്റെ ചൂട് പറ്റിക്കിടക്കാൻ തല്ല് കൂടിയ കുട്ടികളാ ഇന്ന്.....! അവന്റെ കയ്യിലെ കടലാസ് നിവർത്തി എന്തോ കാട്ടി ഒപ്പിടാൻ പറഞ്ഞു .ഒന്നേ കണ്ടുള്ളൂ. അവൻ ആകെ ക്ഷീണിച്ച് തളർന്നിരിക്കുന്നു. പണ്ടത്തെ ആ പ്രസരിപ്പൊക്കെ കെട്ടു. പാവം ന്റെ കുട്ടി. അവൻ അമ്മേന്ന് കൂടി വിളിക്കയുണ്ടായില്യ.നിക്ക് സങ്കട ല്യാ. ഞാൻ അവന്റെ അമ്മയാണെന്ന് നിക്ക് അറിയാല്ലോ. പിന്നെന്താ ...... ഒട്ടും ശങ്കിച്ചില്ല, അതപ്പൊ തന്നെ വിരൽ പതിപ്പിച്ച് കൊടുത്തു. വിസമ്മതിച്ചാല് കഴിഞ്ഞ തവണത്തെപ്പോലെ, ഇരുട്ട് മുറിയും ഇരുമ്പ് കട്ടിലും ....... നിക്ക് ശേഷി ല്യാ.....,
  എല്ലാ ആഴ്ചയും നേഴ്സ് കൊച്ച് വന്നിട്ട് ഒരു ഇഞ്ചക്ഷനാ. അത് കഴിഞ്ഞാപ്പിന്നെ കണ്ണില് ഒരിരുട്ട് കേറലും തലചുറ്റി പിന്നൊരു മയക്കാ. പേടി മക്കളെ ഓർത്തേയുള്ളു.  മരിക്കാൻ ഭയമില്ല ,ഞാൻ എന്നോ മരിച്ചിരുന്നു .കാണാൻ സ്വപ്നങ്ങളില്ല എന്നോ കരിഞ്ഞുപോയിരുന്നു . വിശ്വസിക്കാൻ പ്രതീക്ഷയുമില്ല പിന്നെയുള്ളത് ഭയമാണ്. ജീവിക്കാനുള്ള ഭയം
 ഇവിടിരുന്നാല് നേരോം കാലോം ഒന്നും അറീല്യാ..... ആകപ്പാടെ വെള്ളപ്പൂവിരിയണ ചെടി മാത്രം. ചങ്ങലകൾ ആടിയുലഞ്ഞ് കാലിനു ചുറ്റും വ്രണമായിരിക്കുന്നു. ഈയിടയായി ചങ്ങലയ്ക്ക് ഭാരം കൂടുന്നുണ്ടോയെന്നൊരു ശങ്ക. ചിന്താഭാരമായിരിക്കും! അതും അതിന്റെ മക്കളെ പിരിഞ്ഞിട്ടുണ്ടാകും. തിരുവാതിരക്കാലമായീന്ന് തോന്ന്ണു .ആതിര നക്ഷത്രം തീക്കട്ട പ്പോലെ; അദ്ദേഹമൊത്ത് എത്ര ആതിര കഴിച്ചതാ. അദ്ദേഹം പോയതോടെ എല്ലാം ...
 തറവാട്ടീന്ന് ഇറങ്ങുമ്പോ ഇളയമോന്റെ മോള് മീനൂട്ടി സാരിത്തുമ്പീന്ന് വിടുന്നുണ്ടായിരുന്നില്ല്യ അച്ഛമ്മയെ വിടാൻ അവർക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല്യ. അച്ഛമ്മേടെ ചെല്ലക്കുട്ടി. അവൻ വന്നപ്പൊ അവൾടെ കാര്യം ചോദിക്കാനാഞ്ഞതാ, പക്ഷേ എന്തോ നാവ് പൊന്തീല. ഇവിടെത്തീട്ട് ത്ര നിലവിളീം ഒച്ചേണ്ടാക്കി   നിക്ക് ഭ്രാന്തില്ലാതെ ത്ര കാലം ഞാനിവിടെ. ആകെ ശ്വാസം മുട്ടുന്നുണ്ടായിരുന്ന് അന്ന്. അത് കൊണ്ടായിരുന്നല്ലോ അവര് എന്നെ....... ഇപ്പോഴും കണ്ടില്ല്യേ. ദേ എന്നെ ഇവിടിങ്ങനെ ഇട്ടിരിക്ക്ണു .ഒന്നും പ്രതീക്ഷിക്കാനില്ലാതെ ഞാൻ എരിഞ്ഞടങ്ങുന്നു. കുറേശ്ശെയായിഓർമ്മകൾ നശിച്ചുംവരുന്നു.ഓർമ്മകളിൽ മക്കൾ തറവാട് എഴുതി വാങ്ങിയതും തന്നെ ഭ്രാന്തിയാക്കി ഈജയിലിലടച്ചതും ഇടയ്ക്ക് വന്ന് വിരൽ പതിപ്പിച്ചുകൊണ്ടുപോയതും എല്ലാം.എല്ലാ ഓർമ്മകളും നശിക്കട്ടെ. എനിക്ക് അദ്ദേഹത്തിന്റെ കൂടെ ജീവിച്ച ഓർമ്മകൾ മാത്രം മതി.
 പണ്ടെവിടെയോ വായിച്ചതോർക്കുന്നു  ദൂരെ നിന്നു നോക്കുമ്പോൾ മാത്രമേ കാടുള്ളൂ. അരികിലെത്തിയാൽ ഓരോ മരങ്ങളും ഒറ്റയ്ക്കാണ്. വ്യഥ നിറഞ്ഞ ഈ ജീവിതം ഇനി എത്ര കാലം തള്ളി നീക്കണമെന്നറിയില്ല. ചിന്തകളിൽ മീനൂട്ടിയുടെ ചിരി മാത്രം.അവള് അച്ഛമ്മയെ മറന്നു കാണുമോ.. ചിറകു തളരുമ്പോൾ വിശ്രമിക്കാൻ ഇനിയൊരാകാശം കൂടിയില്ല. ഞെട്ടറ്റ ഞാനില്ലാതെ എന്റെ ചില്ലകൾ അനാഥമാകും. അവസാന ഇലയും കൊഴിഞ്ഞ് വേരുണങ്ങി ഒരു പക്ഷേ അവൾ ആത്മഹത്യ ചെയ്തേക്കാം. അത് കാണാനാകാതെ ഞാൻ മണ്ണോട് ചേരണം
 മയക്കം വന്ന് പടിക്കൽ നിൽക്കുന്നു. ചന്ദ്രൻ പൂർണ്ണരൂപം പ്രാപിച്ചിരിക്കുന്നു. ഓർമ്മകളിൽ ഏതോ അധ്യായമവസാനിച്ച് പുസ്തകത്താളുകൾ അന്ത്യത്തിലേയ്ക്ക് കടക്കുന്നു. അതു വരെ ഒരുകിയൊലിച്ച മെഴുകുതിരി ഉജ്ജ്വലമായി ഒന്ന് തെളിഞ്ഞ് കാറ്റിന്റെ കരങ്ങളിലമരുന്നു.അമ്മ ദീർഘമായൊന്ന് നിശ്വസിച്ച് കണ്ണുകൾ തുറന്നടയ്ക്കുന്നു .ആ നിലാവിൽ ചങ്ങലകൾ നിശബ്ദമായി........
 
അഹ് ലാം ബി ഫൈസൽ
11 ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ