എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/അക്ഷരവൃക്ഷം/ഭൂമിയുടെ മരണം

14:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sghsk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ മരണം | color=5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ മരണം


അമ്മയാം പ്രകൃതി ഭൂമിദേവി
ആലംബമായ് സർവ്വ ജീവജാലങ്ങൾക്കുമെന്നും
ആശ്രയമായ് തീർന്നിരുന്നു ജന്മാന്തരങ്ങൾക്കപ്പുറം
പരിസ്ഥിതി ദിനങ്ങൾ ആഘോഷിച്ചു നമ്മൾ.
പലകുറി വൃക്ഷത്തൈകൾ നട്ടു
പത്രങ്ങളിൽ വാർത്തകൾ നിറച്ചു
പിന്നീട് ഒരു കൊച്ചു ചെടി പോലും
പറിച്ചു നടുവാൻ ഉദ്യമിക്കുന്നില്ല നമ്മൾ

കാടിന്റെ മായിക സൗന്ദര്യമില്ലാതാകുന്നു
കാടുകൾ തീച്ചൂടിൽ വെന്തുരുകുന്നു.
കൂറ്റൻ മരങ്ങൾ മഴുവിന്നിരയാകുന്നു
കാളകൂടത്തെക്കാൾ കടുപ്പമേറും വിഷങ്ങളാൽ
കലങ്ങിപ്പതഞ്ഞൊഴുകുന്നു നദികൾ .
കണ്ടില്ലെന്നു നടിക്കുന്നു ക്രൂരത കാട്ടുന്നു നമ്മൾ
കാലങ്ങളായ് പുറന്തള്ളുന്ന മാലിന്യക്കൂനകളാൽ
കണ്ടാലറിയാത്ത നിത്യരോഗിയായ് തീർന്നു പ്രകൃതി


മനുഷ്യനും മൃഗങ്ങളും പക്ഷി ലതാദികളും
വൃക്ഷങ്ങളുമടങ്ങുമീ പരിസ്ഥിതി തൻ
ചങ്ങലക്കണ്ണികൾ മുറിച്ചു മാറ്റുന്നു നമ്മൾ
അന്തിക്കു പെയ്തിറങ്ങുന്ന
ആറ്റുമീനുകൾ തുള്ളിത്തെറിക്കും മഴയുമില്ല
ആകാശവിതാനത്തിൽ നിന്നൊരു തീരാപ്രവാഹമായ്
ആശങ്കയുണർത്തി പെയ്തിറങ്ങുന്നു
പ്രളയമായ് മഴ …………...


ചുറ്റുമതിലുകളാൽ‍‍ കോട്ടകൾ കെട്ടുന്നു
ചുറ്റിനും ടൈലുകൾ നിരത്തുന്നു
അമ്മയാം പ്രകൃതി തൻ‍ മാറു പിളർത്തി
അംബരചുംബിയാം ഫ്ലാറ്റുകൾ പൊക്കുന്നു
ഒഴുകുവാനിടമില്ല ഭൂമിതൻ മാറിലേക്കു ചേരുവാനിടമില്ല
മഴയെന്തു ചെയ്യും വിഴുങ്ങുന്നു സർവ്വതിനേയും
പരിസ്ഥിതിയുടെ താളം തെറ്റുന്നു
തകർന്നിതെങ്ങോ കണ്ണികൾ മുറിയുന്നു
ആസന്നമരണയായി മാറുന്നു ഭൂമി
അറിയുന്നില്ലെന്നു നടിക്കരുതേ
ഉണരുക നമ്മൾ കളയുവാനൊട്ടുമില്ല നേരം
രോഗ വിമുക്തയാക്കിടേണം പ്രകൃതിയെ
ലാഭമോഹങ്ങൾ തൻ സ്വാർത്ഥത വെടിഞ്ഞ്
ഭൂമിയും മനുഷ്യരും ജീവജാലങ്ങളും കൈകോർത്തൊരാ
നല്ല നാളുകൾ സ്വായത്തമാക്കുവാൻ
നമ്മളൊരുമിച്ചിടേണം നല്ല
നാളുകൾ ഇനിയുമുണ്ടാകുവാനായ്.