കരുതലേകാം, കാവലാകാം
ആധുനികലോകം വളർച്ചയുടെ ഉച്ചസ്ഥായിയിൽ എത്തിച്ചേർന്നിരിക്കുന്നു. കല്ല് ഉരച്ച് തീ ഉണ്ടാക്കി ആരംഭിച്ച മനുഷ്യന്റെ ഗവേഷണ പര്യവേഷണങ്ങൾ ഇന്ന് സൂര്യനും അപ്പുറത്തേക്ക് എത്തിനിൽക്കുന്നു. ശാസ്ത്ര സാങ്കേതിക ലോകത്തെ ഈ കുതിച്ചുചാട്ടത്തിൽ അഭിമാനത്തിന്റെ മൂർധന്യാവസ്ഥയിൽ ആണ് മനുഷ്യൻ. പക്ഷേ, ഈ ശരവേഗ വളർച്ചകൾ മനുഷ്യനു തന്നെ വിനയായിരിക്കുന്നു. ഇക്കാലഘട്ടത്തിൽ നാം വിചിന്തനം ചെയ്യേണ്ട വിഷയങ്ങളാണ് പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവ. നദികളുടെ കളകളാരവങ്ങൾ, ഇലകളുടെ മർമ്മരം, കുരുവിയുടെ കുരവകൾ, നീലാകാശത്തിന്റെ നിർവൃതി. പ്രപഞ്ചം എന്ന വിസ്മയം. ഇങ്ങനെ മനുഷ്യന്റെ അഴകായിരുന്നു പരിസ്ഥിതി. പക്ഷേ, സുന്ദരമായ പരിസ്ഥിതി ഇന്ന് കണ്ണീരായി മാറിയിരിക്കുന്നു. മനുഷ്യൻ സ്വാർത്ഥതക്കായി പ്രകൃതിയെ കാർന്ന് തിന്നുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം അനിവാര്യമായിരിക്കുന്നു. ചൂടേറ്റുവാടുന്ന മുക്കുറ്റിപൂവിനുമുകളിൽ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം കൈപ്പടം കമഴ്ത്തി കരുതലിന്റെ ഒരു തണൽക്കുട ചമയ്ക്കാം. ആ തണലിൽ സുരക്ഷ തേടട്ടെ, ആ പൂവും ഈ പ്രപഞ്ചവും. പ്രകൃതി സംരക്ഷണത്തിന് ഏറ്റവും അനിവാര്യമായ ഒരു ഘടകമാണ് ശുചിത്വം. ഒരു വ്യക്തി,വീട്,പരിസരം,നാട്, എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വളരെ വലുതാണ്. "ദൈവത്തിന്റെ സ്വന്തം നാട്" എന്നാണ് കേരളം അറിയപ്പെടുന്നത്. പക്ഷേ ചെകുത്താന്റെ വീട് പോലെയാണ് നമ്മുടെ പൊതു സ്ഥലങ്ങളും വഴികളുമെല്ലാം.365 ദിവസം നാം നടത്തേണ്ട ഒരു തുടർ പ്രക്രിയയും ജീവിതശൈലിയും ആണ് ശുചിത്വം എന്നത്. സ്വന്തം മുറി,ചുറ്റുപാട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കാൻ നാം എപ്പോഴും ശ്രദ്ധിക്കണം.അങ്ങനെ ശുചിത്വം എന്ന ഗുണം നമുക്ക് വളർത്തിയെടുക്കാം. ശുചിത്വം എന്നത് ഓരോ പൗരന്റെയും കടമയാണ്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്.അതിനാൽ അവയെ ഇല്ലാതാക്കുക. വീട്ടിലും,ചുറ്റുപാടും നാം ഇത് പാലിക്കണം. പെരുമാറ്റത്തിലും മനോഭാവത്തിലും കൂടി നാം ശുചിത്വം പാലിക്കണം.അങ്ങനെ പാലിക്കുന്നവർക്കെ വൃത്തിയുള്ള പ്രവർത്തികൾ ചെയ്യാനാകൂ. അങ്ങനെ വൃത്തിയുള്ള പ്രവർത്തികളിലൂടെ നമുക്ക് അഭിവൃദ്ധി പ്രാപിക്കാം. പ്രകൃതി സംരക്ഷണത്തിനും ശുചിത്വത്തിനും ഒപ്പം നാം ചെയ്യേണ്ട ഒരു പ്രവർത്തിയാണ് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നത്."രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്" എന്ന ചൊല്ല് നാം കേട്ടിട്ടുണ്ടല്ലോ. എന്താണ് ആരോഗ്യം?രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം."ആരോഗ്യമാണ്,സ്വർണമോ വെള്ളിയോ അല്ല യഥാർത്ഥ സമ്പത്ത്" എന്ന് മഹാത്മാഗാന്ധിയും "ആദ്യത്തെ സമ്പത്താണ് ആരോഗ്യം"എന്ന് റാൽഫ് വാൽഡോ എമേഴ്‌സണും പറയുന്നു. പലവിധ രോഗങ്ങൾ ഇന്ന് ആധുനികയുഗത്തിൽ മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്നു. നിയന്ത്രണമില്ലാത്ത ഭക്ഷണക്രമവും, വ്യായാമമില്ലാത്ത ജീവിതവും, അച്ചടക്കമില്ലായ്മയും പല രോഗങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. "prevention is better than cure" എന്നാണല്ലോ. രോഗം വരുന്ന കാലഘട്ടത്തിൽ ഉടലു കൊണ്ട് അകന്ന് ഉയിരു കൊണ്ട് നമുക്ക് കൂടുതൽ അടുക്കാൻ സാധിക്കണം. ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയായി കഴുകുന്നതും, വ്യായാമം ചെയ്യുന്നതും, ഭക്ഷണക്രമത്തിൽ നിയന്ത്രണം വരുത്തുന്നതുമെല്ലാം രോഗപ്രതിരോധശേഷി വർധിപ്പിക്കും. മാരകമായ രോഗങ്ങൾ നമ്മിൽ വാസം ഉറപ്പിക്കാൻ നാം അവസരം ഉണ്ടാക്കി കൊടുക്കരുത്. രോഗംവരാതെയും പടരാതെയും സൂക്ഷിക്കാൻ നാം മുൻകൈയെടുക്കണം. വളരെ ശ്രദ്ധയോടെ ഡോക്ടർമാരുടെ നിർദ്ദേശം നമ്മൾ പാലിക്കണം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയും കർത്തവ്യവുമാണ്. ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ഓരോരോ പുതിയ രോഗങ്ങളും വളർന്നുവന്നു. ഐസക് ബിക്കർ പറയുന്നതുപോലെ "രോഗിയായ രാജാവിനേക്കാൾ ഭേദം ആരോഗ്യമുള്ള ചെരുപ്പ് കുത്തി ആണ്". നമുക്ക് ശരീരം രോഗ വിമുക്തം ആക്കാം. ആരോഗ്യ ദൃഢഗാത്രരായി സമൂഹത്തിന്റെ സമ്പത്ത് ആകാം. വേഗത്തിന്റെ കാലഘട്ടമാണിത്. വിവരസാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം പ്രകൃതിയെ സ്നേഹിക്കാൻ നാം മറന്നുപോകരുത്, ശുചിത്വം പാലിക്കാൻ നാം മറന്നുപോകരുത്, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും നാം മറന്നുപോകരുത്. പ്രകൃതിയെ സ്നേഹിച്ചു കൊണ്ട് ശുചിത്വം പാലിച്ച് രോഗപ്രതിരോധശേഷി വർധിപ്പിച്ച് നല്ല ഒരു ഭാവി നമുക്ക് വാർത്തെടുക്കാം. നന്മനിറഞ്ഞ പ്രവർത്തികളിലൂടെ നാളെയുടെ വാഗ്ദാനം ആയി നമുക്ക് മാറാം. നമുക്ക് കൈകൾ കോർക്കാം. നല്ലൊരു നാളെക്കായി, നല്ലൊരു ഭാവിക്കായി നമുക്ക് ഉണർന്നു പ്രവർത്തിക്കാം. പ്രതിരോധിച്ച്, അതിജീവിച്ച് നമുക്ക് നാളെയുടെ കാവൽക്കാർ ആകാം, ഭാവിയുടെ കാവൽക്കാർ ആകാം. നഷ്ടപ്പെട്ടുപോയ നന്മകൾ നമുക്ക് തിരികെ കൊണ്ടുവരാം. പ്രതിരോധിക്കാം, അതിജീവിക്കാം, മുന്നേറാം. ഒരു നവയുഗ സൃഷ്ടിക്കായി നമുക്ക് അണിചേരാം. കരുതലേകാം, കാവലാകാം.
|