Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്)/ഒന്നാം സ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
വിഷയം : ഭൂമിയുടെ വിളികൾ


മടക്കം
'നെരിപ്പ്സിസ്സേ',
ജ്ജ്പൊളിച്ച് മുത്തേ,!
ആരോ മനസ്സിലിരുന്ന്
ആർപ്പു വിളിക്കുന്നു.
പുലിമുരുകൻ ശരണം!
അലഞ്ഞുതിരിഞ്ഞുമടുത്ത
ക്യൂവിൽ നിന്നും
അവൾ പിൻവാങ്ങി.
                      
                         ചിക്കിങ്ങിന്റെ എരിവ് ലയിച്ച
                         ഉമിനീരിലെവിടെയോ
                         അമ്മമ്മയുടെ ദോശരുചി!
                         'മമ്മി'ത്തരത്തിനാൽ
                         കിട്ടാതെ പോയ
                         വാത്സല്യചൂട്.
                         തന്റെ പൗരുഷത്തിന് 
                         ലഭിക്കാതെ പോയ
                         പ്രണയചൂട്.
                         ബുള്ളറ്റ് കിടന്നമറി.

'കൈക്കൂലി'ക്കാരുടെ മടക്കം!
ഞാനും ദൈവത്തെ തേടിയിട്ടുണ്ട്.
പള്ളികളിൽ അമ്പലങ്ങളിൽ
അൾത്താരകളിൽ
മിത്തുകൾക്കുമേൽ
നാണയകിലുക്കമെന്തിന്?
അലർച്ചകളിലുണരാത്തവർക്ക്
കാതുപൊട്ടിക്കുന്ന
ഉണർത്തുപാട്ടെന്തിന്?

                         'ബുള്ളറ്റിൽ ഉലകം ചുറ്റുന്ന പെണ്ണ്'
                         ലേഖകന്റെ കരവിരുത്.
                         എഫ്ബിയിൽ ലൈക്ക്,
                         കമന്റ്, ഡിസ്‌ലൈക്ക്.
                         ഇടുക്കിഗോൾഡും ബിയറും
                         ചേർത്തടിക്കുമ്പോൾ
                         നേരിയപുളി
                         ഒാർമ്മക്കെട്ടഴിച്ചു.

തറവാട്;
തഴപ്പായിലുണങ്ങുന്ന
പുളിങ്ങ.
ചീനഭരണി നിറക്കുന്ന
പുളിയിഞ്ചി.
നീറുകൾ കാക്കുന്ന
പുളിമാങ്ങ.
അല്ലെങ്കിലും പുളിക്ക്
വല്ലാത്ത നൊസ്റ്റാൾജിയയാണ്
മധുരത്തെക്കാളും.

                          കാറ്റെന്താണ് പറയുന്നത്
                          ശിബിയുടെ, സിൻഡ്രല്ലയുടെ
                          കട്ടുറുമ്പിന്റെ കഥ...?
                          അല്ല, അല്ലേയല്ല.
                          അഴിമതിയും പീഢനവും
                          കുറെ ഗാന്ധിതലകളും
                          വരച്ചിട്ട് അത് എങ്ങോ മറഞ്ഞു.

സ്ട്രീറ്റ് ലൈറ്റ് ചത്തിരിക്കുന്നു.
ഉള്ളിലൊരാളൽ
പിന്നിലിരിക്കുന്നത് സുഹൃത്താണ്!
കീറിപഠിക്കാനായി,
സ്വശരീരം പോലും വിറ്റ്
'കാളക്കൂറ്റ' നെതേടുന്ന യമപുത്രൻ.
രക്ഷതന്നെ ശിക്ഷയാകുന്ന കാലത്ത്
ഒരു പക്ഷേ അവനും...?
എന്റെ നഖങ്ങൾ നീട്ടിയിട്ടുണ്ട്.
ദംഷ്‌ട‌ൃകൾക്ക് മൂർച്ചയുണ്ട്.

                        സുഹൃത്തിനൊരുനനഞ്ഞ
                        വഴുവഴുപ്പ്.
                        കയ്യിലൂടെ അരക്കെട്ടിലൂടെ
                        ശരീരമാകെ
                        അവനിഴയാനാഞ്ഞു.
                        ഹാൻഡിൽ വിട്ട് ബെൽട്ടിൽ
                        ഒരു ടച്ച്
                       'ഠോ'
                        പുക, തീ,
                        പെട്രോളിന്റെ എരി
                        ചില്ലുകളുടെ ചിലമ്പൽ,
                        സീൽക്കാരങ്ങൾ...

അവനെ, 'അവനാ'ക്കുനിടത്ത്
ആഞ്ഞുചവിട്ടുമ്പോൾ
അവളുടെ കരിഞ്ഞ ചുണ്ടുകൾ
ഗൂഡമായി വളഞ്ഞു.
ചാവേറുകളുടെ ചരിത്രത്തിലേക്ക്
എരിഞ്ഞടങ്ങുന്ന അവളെ
ഭൂമിവിളിച്ചു.
"മകളേ..."

                        "മകളേ, നീ വരിക.
                         എന്റെ മടിത്തട്ടിലേക്ക് ചായുക.
                         ഞാൻ;
                         നിനക്കായ് വാത്സല്യം ചുരത്താം.
                         എന്നിൽ ലയിച്ച
                         യഥാർത്ഥ ദൈവങ്ങളേ
                         കാട്ടിത്തരാം.
                         എന്നിലെവിടെയോ ഉറങ്ങുന്ന
                         തറവാടും, പുളിയും
                         മാങ്ങയും തിരികെ തരാം.

നീ പിച്ചിചീന്തപ്പെടുന്ന,
ഊറ്റികുടിക്കപ്പെടുന്ന,
വെറും,
വെറും ചണ്ഡിയാവുന്ന
അവിടെ നിന്നും നീ വരിക;
തിരികെ വരിക.
എന്റെ മടിത്തട്ടിൽ
ചാഞ്ഞുറങ്ങുക"

                         ഭൂമി തന്റെ മാറുപിളർന്ന്
                         അവളെ കോരിയെടുത്തു.
                         തന്റെ പുത്രിയെ,
                         സീതയെ,
                         അഗാധതയിലേക്ക്,
                         അഗാധതയിലേക്ക്...


----------------------------------------------
അലഞ്ഞുതിരിഞ്ഞുമടുത്ത ക്യൂ - എ.ടി.എം
കാളക്കൂറ്റൻ -     ഷെയർമാർക്കറ്റ് 
യമപുത്രൻ-     യുധിഷ്ഠിരൻ     


ANJITHA A
10, [[|ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.ഇടയന്നൂർ (കണ്ണൂർ)]]
HS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്)
സംസ്ഥാന സ്കൂൾ കലോത്സവം-2017
[[Category:]]