സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉൾപ്പെട്ട 2248 യൂണിറ്റുകളിൽ 2.1 ലക്ഷം വിദ്യാർത്ഥികൾ ഓരോ വർഷവും അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റുകൾക്ക് പുരസ്കാരം നൽകണമെന്ന് സൂചനയിലെ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2025-26 അധ്യയനവർഷത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ബാച്ചുകളുടെയും (8, 9, 10 ക്ലാസുകൾ) പ്രവർത്തനത്തെ അടിസ്ഥാനമാക്കി 'ലിറ്റിൽ കൈറ്റ്സ് അവാർഡ്- 2025' നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2,50,000/-, 2,00,000/-, 1,50,000/- രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000/-, 30,000/-, 20,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. ഉപജില്ലാ തലത്തിൽ മികച്ച വിദ്യാലയങ്ങൾക്ക് ഈ വർഷം പ്രത്യേക അവാർഡ് നൽകുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:[1]

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2025

1. 2025-26 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് മൂന്ന് ബാച്ചുകളും (2023-26, 2024-27, 2025-28) പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് അവാർഡിന് അപേക്ഷിക്കാവുന്നതാണ്. 2. 2026 ജനുവരി 10 നകം അപേക്ഷ ഓൺലൈനായി നൽകേണ്ടതാണ്. 3. അപേക്ഷയിൽ പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങൾക്ക് ഉപോദ്‌ബലകമായ അനുബന്ധരേഖകളും ഫോട്ടോഗ്രാഫുകളും ഡിജിറ്റൽ (ഓൺലൈൻ/പെൻഡ്രൈവ്) അപേക്ഷയോടൊപ്പം ഇതിന്റെ വിശദാംശങ്ങൾ പിന്നീട് പുറപ്പെടുവിക്കും. നൽകേണ്ടതാണ്. 4. അപേക്ഷയുടെ അടിസ്ഥാനത്തിൽ ആവശ്യമെന്നു തോന്നുന്നപക്ഷം ജില്ലാ സംസ്ഥാന ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുന്നതാണ്. ജൂറി അംഗങ്ങൾക്ക് പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ അതത് സ്കൂ‌ൾ അധികൃതർ ഒരുക്കേണ്ടതാണ്. 5. ജൂറി അംഗങ്ങളുടെ തീരുമാനം അന്തിമമായിരിക്കും. 6. അവാർഡ് നിർണ്ണയം സംബന്ധിച്ച വിശദമായ മാർഗനിർദേശം പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്. അവാർഡിന് അപേക്ഷിക്കുന്ന സ്കൂകൂളുകൾ മേൽ നിർദ്ദേശങ്ങൾ പാലിച്ച് നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കേണ്ടതും പകർപ്പ് വിദ്യാലയങ്ങളിൽ സൂക്ഷിക്കേണ്ടതുമാണ്.

മൽസരഫലം

ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന അവാർഡ് 2025 - വിജയികൾ

പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള സംസ്ഥാനത്തെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിലെ ജി.എച്ച്.എസ് കുറുമ്പാല രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകൾ മുൻനിർത്തിയാണ് തുടർച്ചയായ രണ്ടാം വർഷവും എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള ഒന്നാം സ്ഥാനത്തിന് അർഹമായത്. ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയ പ്രത്യേക പരിശീലനങ്ങൾ ഉൾപ്പെടെയുള്ള മികവാണ് ജി.എച്ച്.എസ് കുറുമ്പാലയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 2248 ഹൈസ്‌കൂളുകളിലാണ് നിലവിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുള്ളത്.

സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ച വിദ്യാലയങ്ങൾക്ക് യഥാക്രമം 2.5 ലക്ഷം, 2 ലക്ഷം, 1.5 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകൾക്ക് ലഭിക്കും. ഉപജില്ലാതല മികവിനായി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.

യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും. വിജയികളുടെ പൂർണ്ണപട്ടിക ഇവിടെ ലഭ്യമാണ്.

പി.എൻ.എക്‌സ്. 1021/2026

date

06-03-2026

അവലംബം