Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


കളറായി പ്രവേശനോത്സവം

അവധിക്കാലത്തിന് വിട നൽകി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി . പുതിയ സ്കൂളിലെത്തിയതിൻ്റെ ആഹ്ലാദവും കൗതുകവും പരിഭ്രമവും നവാഗതരുടെ കണ്ണുകളിൽ കാണാമായിരുന്നു.

 

പ്രവേശനോത്സവ ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ. ജോസ് ഞാവള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കും കാട്ടിൽ ഉദ്ഘടനം ചെയ്തു.

 

ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ശ്രീമതി. സിനി ടോം , എം പി ടി എ പ്രസിഡൻ്റ് ശ്രീമതി. ജീജ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി. ബീന ജേക്കബ് ചടങ്ങിന് നന്ദി പറഞ്ഞു.

കുഞ്ഞു മനസ്സിലെ സ്വപ്നങ്ങൾക്ക് നിറക്കൂട്ടേകാൻ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് ക്രയോൺസ് നൽകി. എല്ലാ കുട്ടികൾക്കും മധുരം നൽകി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.

ജൂൺ 5 - പരിസ്ഥിതിദിനം

 

നമ്മുടെ ഭൂമി, നമ്മുടെ ഭാവി എന്ന സന്ദേശത്തോടെ പ്രകൃതിയുടെ പുന:സ്ഥാപനം ലക്ഷ്യമിട്ട പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ കൂടരഞ്ഞി സ്കൂളിലും

നടത്തി.

 

സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ കുട്ടികൾക്ക് സ്വാഗതമാശംസിച്ചു. ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി. മിനിമോൾ ഇ.വി , ഭൂമിയെ മാലിന്യമുക്തമാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. ഒരു ദിനാചരണത്തിൽ ഒതുങ്ങിപ്പോകേണ്ടതല്ല പരിസ്ഥിതി സംരക്ഷണം എന്ന് ഓർമപ്പെടുത്തി.

ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി.


ചിട്ടയോടെ ചുവട് വച്ച് എസ്.പി.സി: വർണ്ണാഭമായി പാസിംഗ് ഔട്ട് പരേഡ്

കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ആദർശ് ജോസഫ് അഭിവാദ്യം സ്വീകരിച്ചു.

 

പൗരബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ലക്ഷ്യമാക്കിയ 42 കേഡറ്റുകളാണ് പരേഡിൽ ചിട്ടയോടെ പങ്കെടുത്തത്. ഫസ്റ്റ് കമാൻഡർ ആയ അർച്ചന രാജ് നേതൃത്വത്തിൽ സെക്കൻഡ് ഇൻ കമാൻഡർ- ശ്രീഹരി പ്ലട്ടൂൺ ലീഡർമാരായ ലിസ് മരിയ മനോജ്, ഷോൺ സാബു എന്നിവർ പരേഡ് നയിച്ചു.

 

തിരുവമ്പാടി SHO - ശ്രീ അനിൽകുമാർ , സ്കൂൾ മാനേജർ റവ.ഫാ റോയ് തേക്കുംകാട്ടിൽ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി. എസ് രവി, പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മാവറ , സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ബോബി ജോർജ്, PTA പ്രസിഡൻറ് ശ്രീ ജോസ് ഞാവള്ളിൽ, SPC പി.ടി.എ പ്രസിഡൻറ് ശ്രീ അനീഷ് പുത്തൻപുര എന്നിവർ ചടങ്ങിൽ സജീവ സാന്നിധ്യമായി.

 

രണ്ടുവർഷക്കാലത്തെ ചിട്ടയായ പരിശീലനത്തിന് നേതൃത്വം നൽകിയത് തിരുവമ്പാടി സ്റ്റേഷൻ ഓഫീസ്ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ അനൂപ് , ശ്രീമതി ഷീന , ശ്രീ കോരു , സ്കൂൾ സി.പി.ഒ. ചുമത യിലുള്ള ശ്രീ വിനോദ് ജോസ്, ശ്രീമതി സൗമ്യ റോസ് മാർട്ടിൻ എന്നിവരാണ്.



രുചിക്കൂട്ടുകളുടെ വൈവിധ്യവുമായി ബാസ്റ്റ്യൻസ് ഫുഡ് കോർട്ട്

കുട്ടികൾക്കായി കൊതിയൂറും വിഭവങ്ങളൊരുക്കി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കാൻ്റീൻ പ്രവർത്തനമാരംഭിച്ചു. എൽ പി , യു പി , ഹൈസ്കൂൾ , ഹയർ സെക്കൻ്ററി വിഭാഗങ്ങളെല്ലാം ഒറ്റ കോമ്പൗണ്ടിലുള്ള ഈ സ്കൂളിൽ കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് കാൻ്റീൻ തുടങ്ങിയത്

ഈശ്വരപ്രാർഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് അൽഫോൻസ കോളേജ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. മനോജ് കൊല്ലം പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. സോഫിയ തോമസ് , പി ടി എ പ്രസിഡൻ്റ് ശ്രീ. ജോസ് ഞാവള്ളിൽ , ശ്രീ. സണ്ണി പെരുകിലം തറപ്പേൽ , അലൂമിനി അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. ബിൻസൺ ജോസഫ് , എം പി ടി എ പ്രസിഡൻ്റ് ശ്രീമതി. ജീജ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ. സജി മാത്യു ചടങ്ങിന് നന്ദി പറഞ്ഞു.

ലഹരിക്കെതിരെ ശബ്ദമുയർത്തി സെന്റ് സെബാസ്റ്റ്യൻസിലെ ചുണക്കുട്ടികൾ

സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തി സമൂഹത്തെ മാരക വിപത്തിൽ നിന്ന് രക്ഷിക്കുവാൻ തങ്ങളാലാവുന്നത് ചെയ്യുക എന്ന ബോധ്യത്തോടെയായിരുന്നു ദിനാചരണം.

ലഹരിവിരുദ്ധദിന റാലി, പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രത്യേക അസംബ്ലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ, തിരുവമ്പാടി സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. അനൂപ് എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി.

വായിച്ച് വളരാൻ

സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനദിനവും വായന വാരാചരണവും വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. വായനദിനത്തിൽ പി എൻ പണിക്കർ അനുസ്മരണം , വായന ദിന സന്ദേശം , പുസ്തകപരിചയം എന്നിവ നടത്തി. തുടർന്ന് വായന വാരാചരണത്തോടനുബന്ധിച്ച് മലയാളം , ഇംഗ്ലീഷ് , ഹിന്ദി - എന്നീ വിഷയങ്ങളിൽ കാവ്യാലാപനം , പുസ്തകപരിചയം , പ്രഭാഷണം എന്നിവ സംഘടിച്ചു. ക്ലാസ്സ് ലൈബ്രറികൾ നവീകരിച്ചു. കുട്ടികൾക്ക് സാഹിത്യക്വിസ്സും അമ്മമാർക്ക് വായനമത്സരവും നടത്തി.

വിജയികളെ അനുമോദിച്ചു

SSLC പരീക്ഷയിൽ Full A+ നേടി സ്കൂളിൻ്റെ അഭിമാനതാരങ്ങളായി മാറിയ കുട്ടികളെ ആദരിച്ചു. 45 കുട്ടികളാണ് 2024 SSLC പരീക്ഷയിൽ Full A+ -ന് അർഹരായത്

ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ ചടങ്ങിന് സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കൂടരഞ്ഞി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസ് മോൻ മാവറ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീ. സജി മാത്യു , പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ. ജോസ് കുഴുമ്പിൽ , എം പി ടി എ പ്രസിഡൻ്റ് ശ്രീമതി. ജീജ ചിറയിൻപറമ്പിൽ , വിദ്യാർഥി പ്രതിനിധി ഡാനിഷ് കെ സലാം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തപന്യ ബി കൃഷ്ണയുടെ ഗാനം വേദിയെ മധുരതരമാക്കി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സിസി മാനുവൽ നന്ദി പറഞ്ഞു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അധ്യാപികയും, റേഡിയോ ആർട്ടിസ്റ്റും, എഴുത്തുകാരിയുമായ ശ്രീമതി സിബില മാത്യൂസ് നിർവഹിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അതിൽ വിവിധ ക്ലബ്ബുകൾക്കുള്ള പങ്കിനെക്കുറിച്ചും സിബില ടീച്ചർ സംസാരിച്ചു. സ്വന്തം മിനിക്കഥകളിലൂടെയും കവിതാശകലങ്ങളിലൂടെയും നാടൻപാട്ടിലൂടെയും കുട്ടികൾക്ക് എഴുത്തിന്റെയും സംഗീതത്തിന്റെയും ശക്തിയും സൗന്ദര്യവും മാധുര്യവും മനസ്സിലാക്കി കൊടുക്കാൻ ടീച്ചർക്ക് കഴിഞ്ഞു. 'അമ്മ വായന ' മത്സരത്തിൽ വിജയികളായിട്ടുള്ള അമ്മമാർക്ക് ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

S S Radio 2.4 സ്കൂൾ റേഡിയോ പ്രോഗ്രാമിന് തുടക്കമായി

കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും വിശ്രമവേളകൾ അറിവിന്റെയും ആനന്ദത്തിന്റെയും അനുഭവങ്ങളാക്കി മാറ്റുന്നതിനുമായി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ 'SS Radio 2.4' എന്ന റേഡിയോ പ്രോഗ്രാമിന് തുടക്കമായി. സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ ആശംസകൾ അർപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു വരുന്നു.

യോഗദിനാചരണം

United Nations Organisation 2014 മുതൽ എല്ലാ വർഷവും June 21 ന് യോഗ ദിനമായി ആചരിച്ചു വരുന്നു. അതിൻ്റെ ഭാഗമായി സ്കൂളിൽ യോഗാദിനം ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തപ്പെടുകയുണ്ടായി. ബഹു. സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കുംകാട്ടിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും, ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ യോഗാദിന സന്ദേശം നൽകുകയും, കായികാധ്യാപകനായ ശ്രീ. ടെന്നിസൺ സാർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു. അതിൻ്റെ ഭാഗമായി വിവിധ വിവിധയോഗ രീതികൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി നടത്തിയ യോഗ ദിനാചരണം കോർപ്പറേറ്റ് തലത്തിൽ നടത്തിയ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

സർക്കാർ നിർദ്ദേശമനുസരിച്ച് ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16-ാം തീയതി നടന്നു. തികച്ചും ജനാധിപത്യ പ്രക്രിയകളിലൂടെ നടന്ന തെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതു മുതൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സഹായകമായി. സ്കൂൾ ഹാളിൽ പ്രത്യേകമായി ക്രമീകരിച്ച പോളിംഗ് ബൂത്തിലെത്തി വിദ്യാലയത്തിലെ 5 മുതൽ 10 വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും അവരുടെ വോട്ടവകാശം ഫലപ്രദമായി വിനിയോഗിച്ചു. പോളിംഗ് ഉദ്യോഗസ്ഥരായും, തിരഞ്ഞെടുപ്പ് നിരീക്ഷകരായും, പോളിംഗ് ഏജൻ്റുമാരായും, സുരക്ഷാ ഉദ്യോഗസ്ഥരായുമുള്ള വിദ്യാർത്ഥികളുടെ മികച്ച പ്രകടനം തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിച്ചു. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഉച്ചയ്ക്കുശേഷം 3.30 ന് ഹെഡ്മാസ്റ്റർ നടത്തി. സ്കൂൾ ലീഡറായി 10 C യിലെ അർച്ചന രാജ് തിരഞ്ഞെടുക്കപ്പെട്ടു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം

ഭാരതത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനം വളരെ സമുചിതമായ രീതിയിൽ ഈ വർഷവും സെൻ്റ് സബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. ബഹു.സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കുംകാട്ടിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ടീച്ചർ,ഹയർസെക്കൻ്ററി പ്രിൻസിപ്പൽ ഇൻ ചാർജ് സജി മാത്യു, പി.ടി.എ പ്രസിഡന്റ് ജോസ് കുഴമ്പിൽ, എൽ.പി സ്കൂൾ പിടിഎ പ്രസിഡണ്ട് ബോബി കണ്ണീറ്റുകണ്ടം എന്നിവരും കുട്ടികളുടെ പ്രതിനിധികളായി ഡെൽനാ ബിജു, അശ്വന്ത് ഇ പി എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് സ്കൂൾ കായികാധ്യാപകരുടെ നേതൃത്വത്തിൽ മനോഹരമായി മാസ്ഡ്രിൽ, ഫ്ലാഗ് ഡ്രിൽ, ഫ്രീ ഹാൻഡ് എക്സർസൈസ്, ഫ്ലാഷ് മോബ് എന്നിവയും നടത്തപ്പെട്ടു.

എല്ലാ കുട്ടികൾക്കും അധ്യാപകർ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

അൽഫോൻസാ ദിനാചരണം

ഭാരതത്തിലെ ആദ്യ വിശുദ്ധയായ, സഹനപുഷ്പമായ വിശുദ്ധ അൽഫോൻസാമ്മയെ കുറിച്ചുള്ള നല്ല ഓർമ്മകൾ എല്ലാം കുഞ്ഞു ഹൃദയങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ അൽഫോൻസാ ദിനാചരണം ഏറ്റവും മികച്ച രീതിയിൽ നടത്തി. എല്ലാ ദിവസവും അൽഫോൻസാമ്മയുടെ രൂപം അലങ്കരിച്ചു വയ്ക്കുകയും, ഓരോരോ ക്ലാസിന്റെയും മുൻപിൽ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ആഴ്ചയിൽ ഓരോ ദിവസവും യു പി , ഹൈസ്കൂൾ കുട്ടികൾക്ക് വ്യത്യസ്ത തരത്തിലുള്ള മത്സരങ്ങൾ നടത്തി. എല്ലാദിവസവും കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ നോട്ടീസ് ബോർഡിൽ പതിക്കുകയും, അൽഫോൻസക്വിസ്, അൽഫോൻസാ ഗീതം, ചിത്രരചന, പ്രസംഗം, സൂക്തരാചന എന്നീ മത്സരങ്ങളിൽ ജാതിമതഭേദമന്യേ ധാരാളം കുട്ടികൾ പങ്കെടുത്തു. സമാപന ദിനത്തിൽ 28-ാം തിയ്യതി അൽഫോൻസാമ്മയുടെ നയന മനോഹരമായ ഒരു സ്റ്റേജ് ഷോ ഒരുക്കി. ഹെഡ്മാസ്റ്ററുടെ അൽഫോൻസാന്ദേശത്തോടെ ആരംഭിച്ച പരിപാടി പായസ വിതരണത്തോടെ അവസാനിച്ചു.

ഐടി സർവീസ് ഡെസ്ക് ഉദ്ഘാടനം

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രിലിമിനറി ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഭാഗമായി ഐ ടിയുമായി ബന്ധപ്പെട്ട മേഖലകളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനായി ഐ ടി സർവീസ് ഡെസ്ക് കോഴിക്കോട് ജില്ല എ ടി മാസ്റ്റർ ടെയ്നർ ശ്രീ. ജവാദ് അലി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പ്രോഗ്രാമിംഗ്, ആനിമേഷൻ, റോബോട്ടിക്സ്, മൊബൈൽ അപ്ലിക്കേഷൻ എന്നിവ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി. ക്യാമ്പിൽ 41 വിദ്യാർത്ഥികളും മുപ്പതിലധികം രക്ഷിതാക്കളും സംബന്ധിച്ചു.