വർക്കല

തിരുവനന്തപുരം ജില്ലയിലെ ഒരു നഗരസഭയും താലൂക്ക് ആസ്ഥാനവുമാണ് വർക്കല. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്ററും തുറമുഖ നഗരമായ കൊല്ലത്ത് നിന്നും 26 കിലോമീറ്ററും മാറി തിരുവനന്തപുരം - കൊല്ലം തീരദേശ ഹൈവേയിലാണ് വർക്കല സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരസഭയും പ്രധാന വാണിജ്യ കേന്ദ്രവും കൂടിയാണ് വർക്കല.

ഇന്ത്യയിലെ ഒരു പ്രധാന വൈഷ്ണവ ആരാധനാലയമായ 2500 വർഷം പഴക്കമുള്ള ജനാർദ്ദന സ്വാമി ക്ഷേത്രത്തിനും വർക്കല പ്രശസ്തമാണ്. ദക്ഷിണ കാശി (തെക്ക് ബെനാറസ്) എന്നും ഇത് അറിയപ്പെടുന്നു. കേരളത്തിലെ ഏക സർക്കാർ പ്രകൃതി ചികിത്സ ആശുപത്രി വർക്കല നഗരത്തിൽ സ്ഥിതിചെയ്യുന്നു.

സാമൂഹ്യ പരിഷ്കർത്താവ് ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠമാണ് വർക്കലയിലെ മറ്റൊരു പ്രധാന നാഴികക്കല്ല്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നാണ് ശ്രീ നാരായണ ഗുരുവിന്റെ കുന്നിൻ മുകളിലുള്ള സമാധി സ്‌ഥാനം .