ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2024-25 അധ്യയന വർഷം ജൂൺ 3 ന് പ്രവേശനോത്സവത്തോടെ തുടക്കമായി. എൽ കെ ജി മുതൽ പത്താം തരം വരെയുമുള്ള ക്ലാസിലേക്ക് ഈ വർഷം പുതുതായി ധാരാളം കുട്ടികൾ ചേരുകയുണ്ടായി.നവാഗതരെ ചെണ്ട മേളത്തിൻെറ അകമ്പടിയോടെ സ്വീകരിച്ചു. ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള,പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.കുട്ടികൾക്ക് മധുരവും,പഠനോപകരണങ്ങളും സമ്മാനിച്ചു.
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം എക്കോ ക്ലബ്ബിൻെറ നേതൃത്വത്തിൽ ആചരിച്ചു.ഫോറസ്റ്റ് ഡിപ്പാർട്ടമെൻറ് നൽകിയ മാവിൽ തെെ നട്ട്കൊണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, ഫോറസ്റ്റ് ഡിപ്പാർട്ടമെൻറിലെ സുഭാഷ്,അധ്യാപകർ,ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. കുട്ടികൾ തെെകൾ കെണ്ട്‍വരികയും സ്‍കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും,ഉപന്യാസ രചന, പോസ്റ്റർ രചന,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
ഹെൽപ്പ് ഡെസ്‍ക്
എസ് എസ് എൽ സി പൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്തം നൽകി.
അഭിരുചി പരീക്ഷ
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 15 ന് സ്കൂളിൽ സംഘടിപ്പിച്ചു.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരീക്ഷ നടത്തിയത്.28 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും 24 പേർക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്‍തു.
അനുമോദനം
2023 വർഷത്തെ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടിയ കുറുമ്പാല ഗവ.ഹെെസ്കൂളിലെ ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നിവരെ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ.ടി സിദ്ധിഖ് ആദരിച്ചു.കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ എം എൽ എ കെെമാറി.
വായന ദിനം
വായന ദിനാചരണ പരിപാടികളുമായി ബന്ധപ്പട്ട് വിദ്യാരംഗം കലാസാഹിത്യ വേദി,വിവിധ ഭാഷാ ക്ലബ്ബുൾ എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.ജൂൺ 19 ന് നടത്തിയ ദിനാചരണ ചടങ്ങ് ചെന്നലോട് ഗവ.യു പി സ്‍കൂളിലെ ധനുപ എം കെ ഉദ്ഘാടനം ചെയ്തു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങളിൽ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
എൿസ്‍ലെൻസ് അവാർഡ്
2024 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കുറുമ്പാല ഹെെസ്കൂളിന് എൿസ്‍ലെൻസ് അവാർഡ്.കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ തുടർച്ചായി രണ്ടാം വർഷവുംഅർഹത നേടുന്നത്. 29-06-2024 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി എന്നിവർ കേരള മുൻ ചീഫ് സെക്രട്ടറി ജയകുമാറിൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ചു.ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിക്കുകയുണ്ടായി.
മേരി ആവാസ് സുനോ
സ്കൂളിലെ ഉർദു ക്ലബ്ബിൻെറ നേതൃത്വത്തിൽ മേരി ആവാസ് സുനോ പ്രോഗ്രാം സംഘടിപ്പിച്ചു.കവിതാലാപനം,പ്രസംഗം,മിമിക്രി പദ്യം ചെല്ലൽ, ഗസൽ ആലാപനം തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ബഷീർ അനുസ്‍മരണം
ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനുസ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യുമെൻററി പ്രദർശനം,ചിത്ര രചന, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി.
അവാർഡിൻെറ നിറവിൽ ജി എച്ച് എസ് കുറുമ്പാല
വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായ ജി.എച്ച് എസ് കുറുമ്പാല 2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുള്ള മൂന്നാം സ്ഥാനത്തിനുള്ള അവാർഡിന് അർഹത നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിനുള്ള 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.പ്രവർത്തന കലണ്ടർ പ്രകാരം അടുക്കും ചിട്ടയോടും കൂടി നടത്തിയ പരിശീലന പ്രവർത്തനങ്ങൾ, അമ്മമാർക്ക് നടത്തിയ സൈബർ സുരക്ഷാ പരിശീലനം, രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കും, മറ്റ് ലിറ്റിൽ കൈറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും നൽകി പരിശീലനങ്ങൾ, വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഡോകുമെന്ററികൾ, ഫീൽഡ് ട്രിപ്പുകൾ, ഡിജിറ്റൽ മഗസിൻ , ജില്ലാ - സംസ്ഥാന ഐ.ടി.മേളകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ എന്നിവയിലെ മികവ്, പ്ലസ് വൺ - ഏകജാലക ഹെൽപ് ടെസ്ക് , സ്കൂൾ വിക്കി അപ്ഡേഷൻ, വിവിധ ക്യാമ്പുകൾ, ലിറ്റിൽ കൈറ്റ്സ് കോർണർ, ഫ്രീഡം ഫെസ്റ്റ്, സത്യമേവ ജയതേ , YIP പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ മികവാണ് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള മൂന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിച്ചത്.
തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെ ആറ് ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് 2024 ജൂലെെ 6 ന് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.
അലിഫ് ടാലൻറ് ടെസ്റ്റ് 2024
അറബിക് ക്ലബ്ബിൻെറ നേതൃത്വത്തിൽ അലിഫ് ടാലൻറ് ടെസ്റ്റ് സംഘടിപ്പിച്ചു.നമീറ നസ്‍റിൻ ഒന്നാം സ്ഥാനവും, മിസ്‍ന ഫാത്തിമ രണ്ടാം സ്ഥാനവും,മുഹമ്മദ് യാസർ മൂന്നാം സ്ഥാനവും നേടി.
ചാന്ദ്ര ദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് 2024 ജൂലെെ 26 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ റോക്കറ്റ് മോഡൽ നിർമ്മാണം,കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി.
യാത്രയയപ്പ് നൽകി
വിദ്യാലയത്തിലെ ഓഫീസ് ജീവനക്കാരനായ സോനുവിന് യാത്രയയപ്പ് നൽകി.അഞ്ച് വർഷത്തോളം സ്കൂളിൽ ക്ലർക്ക് തസ്‍തികയിൽ സേവനം ചെയ്ത സോനുവിന് തരിയോട് ഹയർ സെക്കണ്ടറി സ്കൂളിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.2023 ജൂലെെ 27 ന് ചേർന്ന യാത്രയയപ്പ് ചടങ്ങിൽ അധ്യാപരും ജീവനക്കാരും പങ്കെടുത്തു.
സ്‍പോർട്‍സ് കിറ്റ്
പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്കൂളിന് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിനായി മുവ്വായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാറിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.
യുദ്ധവിരുദ്ധദിനം
സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ആഗസ്റ്റ് 6 ന് യുദ്ധവിരുദ്ധദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സമാധാനത്തിൻെറ ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ച പ്രവർത്തനം ശ്രദ്ധേയമായി.
സ്ററാർ ഗ്രൂപ്പിനെ അഭിനന്ദിച്ചു
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യുടെ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്രൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിച്ചു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പുരസ്‍കാരം നൽകുന്നത്.
പി ടി എ ജനറൽബോഡി യോഗം
ഈ അധ്യയന വർഷത്തെ പി ടി എ ജനറൽബോഡി യോഗം ആഗസ്റ്റ 8 ന് വ്യാഴ്യാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സ്വാഗത പ്രസംഗം നടത്തി.പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.പി ടി എ വെെ.പ്രസിഡൻറ് ഫെെസി,എം പി ടി എ പ്രസിഡൻറ് എന്നിവർ പ്രസംഗിച്ചു.ഹാരിസ് കെ വാർഷിക പ്രവർത്തന റിപ്പോർട്ടും ഗോപീദാസ് എം എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.2024-25 അധ്യയന വർഷത്തെക്കുള്ള പി ടി എ,എം പി ടി എ,എസ് എം സി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ലിറ്റിൽ ന്യൂസ് പ്രകാശനം ചെയ്തു.
കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽനടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പുകൾ, സെെബർ സുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും പത്രം പുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യുന്നത്. സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്രൂപ്പകൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി, തുടങ്ങിയവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
എൽ ഇ പി പരിശീലനം
കുറുമ്പാല ഗവ. ഹെെസ്കൂളിൽ 2024-25 അധ്യയന വർഷം പത്താം തരത്തിൽ പഠിക്കുന്ന കുട്ടികളിൽ A+ നേടാൻ കൂടുതൽ സാധ്യതയുള്ളവരെ കണ്ടെത്തി എല്ലാ വിഷയങ്ങളിലും കൂടുതൽ പിന്തുണയും കെെെത്താങ്ങും നൽകി A+ നേട്ടം ഉറപ്പ് വരുത്തുക എന്നതാണ് എൽ ഇ പി പരിശീലനത്തിൻെറ പ്രധാന ലക്ഷ്യം.ക്ലാസിൽ നിന്നുള്ള ഫീഡ് ബാക്ക്, ഉത്തര പേപ്പറുകൾ,പോർട്ട് ഫോളിയോ എന്നിവയുടെ മൂല്യനിർണ്ണയം, വ്യക്തിഗത വിവര ശേഖരണത്തിലൂടെയും മറ്റും കുട്ടികൾക്ക് പ്രയാസം നേരിടുന്ന ഭാഗങ്ങിൽ കണ്ടെത്തി അത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനായി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.പരിശീലനത്തിൻെറ ഉദ്ഘാടനം 12-08-2024 ന് ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.
പി ടി എ, എം പി ടി എ യോഗം
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പി ടി എ, എം പി ടി എ കമ്മിറ്റിയുടെ ഒരു യോഗം 12-08-2024 ന് സ്കൂളിൽ ചേർന്നു.ഇത് വരെയുള്ള പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ അവലോകനം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷം, വിജയോത്സവം എന്നിവ മികച്ചരീതിയിൽ നടത്താൻ തീരമാനിച്ചു.വിജയോത്സവ ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള വിശിഷ്ഠ വ്യക്തിത്വങ്ങളെ ക്ഷണിക്കാൻ തീരുമാനിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ മൊമെൻേറാ നൽകി ആദരിക്കാനും തീരുമാനിച്ചു.ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിൻെറ തുടർപ്രവർത്തനത്തിനായി ഒരു ഉപസമിതിയെ നിശ്ചയിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരി മുക്ത കാമ്പയിൻെറ ഭാഗമായി 12-08-2024 ന് കുട്ടികൾ ലഹരി മുക്ത പ്രതിജ്ഞയെടുത്തു.
സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്
2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധേയമായി.കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചത്.തിരഞ്ഞെടുപ്പിൻെറ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കൊണ്ടാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. സോഷ്യൽ സയൻസ് ക്ലബ്ബും ലിറ്റിൽ കെെറ്റ്സ് യൂണിറ്റും സംയുക്തമായിട്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും പ്രഥമ പാർലമെൻററി യോഗവും ചേർന്നു. പത്താം ക്ലാസിലെ റനാ ഷെറിനെ സ്‍കൂൾ ലീഡറായും, ആറാം ക്ലാസിലെ സന ഫാത്തിമയെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍ഞ വരെയുള്ള തിരഞ്ഞെടുപ്പ് പ്രകൃയകൾ പ്രായോഗിക അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പഠിക്കാൻ സഹായകമായി.
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 19-08-2024 ന് സ്കൂളിൽ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്മുറികളിലെ പിന്തുണാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ കു ട്ടികൾക്കും മൂന്ന് മുതൽ 4.45 മണി വരെ രക്ഷിതാക്കൾക്കുമായിരുന്നു പരിശീലനം. ബാച്ചിലെ 24 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ് പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണീഫോം, ഐ ഡി കാർഡ്
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം, ഐ ഡി കാർഡ് എന്നിവയുടെ വിതരണോദ്ഘാടനം 19-08-2024 ന് ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.2024-27 ബാച്ചിലെ അംഗങ്ങളുടെ യൂണിഫോം,ഐ ഡി കാർഡ് എന്നിവ വയനാട് ജില്ലയിൽ ആദ്യം പൂർത്തിയാക്കിയത് കുറുമ്പാല ഹെെസ്കൂളിലെ യൂണിറ്റാണ് എന്നതിൽ അഭിമാനിക്കാം. യൂണീഫോമിൻെറ സാമ്പത്തിക ചെലവ് രക്ഷിതാക്കളാണ് വഹിച്ചത്.ചടങ്ങിൽ കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ചു.
ഭക്ഷ്യ മേള
അഞ്ചാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ ഭക്ഷണവും മനുഷ്യനും എന്ന പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ചു.ഭക്ഷണം അമൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെടുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 19-08-2024 ന് സംഘടിപ്പിച്ച മേള ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.5A ക്ലാസിലെ നഫ്‍ല ഭക്ഷ്യമേള സന്ദേശം നൽകി.
സ്‍കൂൾ ഒളിമ്പിൿസ്
2024-25 സ്‍കൂൾ കായികമേള 2024 ആഗസ്റ്റ് 21,22 തിയ്യതികളിലായി സംഘടിപ്പിച്ചു. ബ്ലൂ,ഗ്രീൻ,റെഡ് എന്നീ ഹൗസുകളിലായി കുട്ടികൾ മാർച്ച് പാസ് നടത്തി. കഴിഞ്ഞ വർഷത്തെ ജില്ലാ, സബ് ജില്ലാ താരങ്ങൾ ദീപശിഖ തെളിയിച്ച് സ്‍കൂൾ ഒളിമ്പിക്സിന് തുടക്കം കുറിച്ചു.ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് ശറഫുദ്ദീൻ ഇ കെ അധ്യക്ഷനായിരുന്നു.എൽ പി കിഡീസ്, യു പി കിഡീസ്,സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.മുഴുവൻ കുട്ടികൾക്കും ചിക്കൻ കറി ഉൾപ്പെടെയുള്ള വിഭവ സമൃദമായ ഉച്ച ഭക്ഷണം നൽകി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ ഹൗസുകാർക്ക് സമാപന ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ മുഖ്യാതിഥിയായിരുന്നു.
കളറിംഗ് മത്സരം
പ്രീപ്രെെമറി, എൽ പി, യു പി, ഹെെസ്കൂൾ തലത്തിൽ കളറിംഗ് മത്സരം നടത്തി. 23-08-2024 ന് സംഘടിപ്പിച്ച മത്സരത്തിൻെറ ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.
ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പ്
സംസ്ഥാനത്തെ സ്‍കൂളുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പ് എരണാകുളം കെെറ്റ് റീജയണൽ സെൻററിൽ സംഘടിപ്പിച്ചു.2024 ആഗസ്ത് 23,24 തിയ്യതികളിലായി സംഘടിപ്പിച്ച ക്യാമ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പുകളിൽ നിന്നും ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 130 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ, റോബോട്ടിക്സ് ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു. സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‍സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രഹ്‍ളാദ് വടക്കേപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ചു.വയനാട് ജില്ലയിൽ നിന്ന് പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുറുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗം മുഹമ്മദ് നാഫിൽ പങ്കെടുത്തു.