ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/എന്റെ ഗ്രാമം

22:37, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nimmy P T (സംവാദം | സംഭാവനകൾ) ('=== എന്റെ ഗ്രാമം - പൊള്ളേത്തൈ === ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ എല്ലാ സവിശേഷതകളും ഒത്തിണങ്ങിയതാകയാൽ ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിനെ പ്രതിനിധീകരിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ഗ്രാമം - പൊള്ളേത്തൈ

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ എല്ലാ സവിശേഷതകളും ഒത്തിണങ്ങിയതാകയാൽ ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിനെ പ്രതിനിധീകരിക്കുന്ന ജില്ലയാണല്ലോ കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ. ആ ആലപ്പുഴയുടെ ഒരു ചെറുപതിപ്പ് എന്ന് പറയാവുന്ന, ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ മനോഹരമായൊരു കടലോരഗ്രാമമാണ് എൻറെ ഗ്രാമമായ പൊള്ളേത്തൈ. ആലപ്പുഴ ജില്ലയിലെ, അമ്പലപ്പുഴ താലൂക്കിന്റെ വടക്കേ അതിർത്തിയായ കലവൂർ വില്ലേജിൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

പൊള്ളേത്തൈ. ആ പേര് പോലെ നിർവചിക്കാൻ സാധിക്കാത്തതാണ് എന്റെ ഗ്രാമത്തിൻറെ മൂന്ന് അതിരുകളെങ്കിലും ഗ്രാമത്തിൻറെ പടിഞ്ഞാറ് ഭാഗത്തായി വിശ്രമിക്കുന്ന അറബിക്കടലാണ് ഒരു അതിര് എന്നകാര്യത്തിൽ ആർക്കും സംശയമില്ല. തീരദേശമായതിനാൽ തന്നെ ഏറെക്കുറെ നിരപ്പായ, ചൊരിമണൽ നിറഞ്ഞ ഭൂപ്രകൃതിയാണ് ഈ ഗ്രാമത്തിൽ. പണ്ടെപ്പോഴോ കടൽ പിൻവാങ്ങിയ ഭൂമിയിൽ മനുഷ്യർ വാസം ആരംഭിച്ചതോടെയാണ് മറ്റേതൊരു തീരദേശഗ്രാമത്തിലേയുമെന്നത് പോലെ പൊള്ളെത്തൈയുടെയും ചരിത്രം ആരംഭിക്കുന്നത്. കിഴക്ക് വേമ്പനാട് കായലിൽ നിന്നും ഒഴുകിവരുന്ന ചെറിയ തോടുകൾ ഗ്രാമത്തെ കുറുകെമുറിച്ചുകൊണ്ട് അറബിക്കടലിലേക്ക് മത്സരിച്ചൊഴുകുന്നു.


തെങ്ങും നെല്ലും പച്ചക്കറികളുമാണ് പ്രധാന കൃഷികൾ. ഗ്രാമത്തിലെ പ്രധാന ഉപജീവനമാർഗം അറബിക്കടലിലെ മത്സ്യസമ്പത്തും തെങ്ങിൽ നിന്നും ലഭിക്കുന്ന തേങ്ങയും കയർ ഉൽപ്പന്നങ്ങളുമായിരുന്നു.  എന്നാൽ പുതുതലമുറയിലേക്കെത്തുമ്പോൾ പോലീസ്, പട്ടാളം, ഫയർ ഫോഴ്‌സ്, എയർ ഫോഴ്‌സ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സർക്കാർ സേവനരംഗങ്ങളിലെല്ലാം പൊള്ളെത്തൈയുടെ പുത്രന്മാരെ കാണാം. പ്രവാസികളായി മാറിയ പൊള്ളേത്തൈ നിവാസികളുടെ എണ്ണവും കുറവല്ല. പഴയ പ്രതാപം കൈമോശം വന്നെങ്കിലും കാലാനുസൃതമായ മാറ്റങ്ങളോടെ അന്താരാഷ്ട്ര വിപണിയിൽ മൂല്യമുള്ള കയർ ഉൽപ്പന്നങ്ങൾ ഇപ്പോഴും നിർമ്മിച്ചുകൊണ്ടിരിക്കുന്ന ചെറുകിട കയർ ഫാക്ടറികളും ഈ അവസരത്തിൽ പരാമർശിക്കപ്പെടേണ്ടതാണ്. ഗ്രാമത്തിന്റെയൊട്ടാകെ സാമ്പത്തികനില പുതുതലമുറയുടെ കയ്യിൽ ഏറെക്കുറെ ഭദ്രമാണെന്ന് പറയാം.