ജി.എൽ.പി.എസ്.ചെറുകോട്/എന്റെ ഗ്രാമം
വാസ്തുവിദ്യയുടെ സൗന്ദര്യം പ്രകൃതിയോടിഴചേർന്നുകിടക്കുന്ന തറവാടാണ് ചെറുകോട് തറക്കൽ വാരിയം. സാമൂതിരി രാജാക്കൻമാരുടെ പടനായകസ്ഥാനം വഹിച്ചിരുന്നത് തറക്കൽ വാരിയത്തുള്ളവരായിരുന്നുവെന്നാണ് ചരിത്രം. എ.ഡി. 1561 മുതലാണ് വല്ലപ്പുഴ ചെറുകോട്ടെ തറക്കൽ വാരിയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. തറക്കൽ വാരിയത്തെ തലമുതിർന്ന കാരണവരെ ‘മേനോൻ’ എന്നും, മറ്റ് പുരുഷൻമാരെ ‘ഉണ്ണി’ എന്നും, സ്ത്രീകളെ ‘കാവ്’ എന്നുമാണ് വിളിക്കുന്നത്.
1763വരെ തറക്കൽ കുടുംബാംഗങ്ങൾ സാമൂതിരി ഭരണത്തിൽ നിർണായകസ്വാധീനം ചെലുത്തിയതായാണ് ചരിത്രം. ഏകദേശം പന്ത്രണ്ടരയേക്കർ വളപ്പിലാണ് മൂന്നോളം പത്തായപ്പുരകളും ക്ഷേത്രവും, കുളവുമടങ്ങുന്ന തറക്കൽ വാരിയം നാലുകെട്ട് സ്ഥിതിചെയ്യുന്നത്. ഒരുവശത്ത് പാടവും, മറുവശത്ത് ഫലവൃക്ഷങ്ങളുള്ള പ്രകൃതിയും സമന്വയിക്കുന്ന അന്തരീക്ഷത്തിലാണ് തറവാടിന്റെ നിൽപ്പ്. രണ്ടുഭാഗങ്ങളിലായി മനോഹരമായ പടിപ്പുരകളോടുകൂടിയാണ് നിർമിതി. ഇന്ന് കാണുന്ന തറവാടിന് ഏകദേശം 250 വർഷത്തിൽപ്പരം പഴക്കമാണ് കണക്കാക്കുന്നത്. കാലാവസ്ഥയുടെ പ്രത്യേകതകൾക്കനുസരിച്ച് വാസ്തുവിദ്യയിൽ അത്ഭുതപ്പെടുത്തുന്ന നിർമിതിയുമായാണ് പടിഞ്ഞാറോട്ട് മുഖമായി തറവാട് പണിതിട്ടുള്ളത്.
നിർമിതിയുടെ ആകർഷണീയതയിൽ നിരവധി സിനിമകളും വാരിയത്ത് ചിത്രീകരിച്ചിട്ടുണ്ട്. ‘എന്ന് നിന്റെ മൊയ്തീനാണ്’ ഒടുവിൽ ചിത്രീകരിച്ചത്. പരിണയം, സല്ലാപം തുടങ്ങിയ സിനിമകളും ഇവിടെയായിരുന്നു ചിത്രീകരിച്ചത്. തറവാട്ടിലെ കാരണവൻമാർ സ്ത്രീവിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു. തറക്കൽ സ്കൂൾ എന്ന പേരിൽ ചെറുകോട് ഒരു സ്കൂൾ സ്ഥാപിച്ചു. പിന്നീട് ഈ സ്കൂൾ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയായിരുന്നു......