ജി എം എൽ പി എസ് പൂനൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ . ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ 40 വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ ആരംഭിച്ച വിദ്യാലയം 1924 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973 ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി. പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്.
പ്രാരംഭ ഘട്ടത്തിൽ വാടക കെട്ടിടത്തിലായിരുന്ന വിദ്യാലയം പരേതനായ കെ പി അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണാർത്ഥം മകൻ കെ പി റിജു സംഭാവനയായി നൽകിയ സ്ഥലത്ത് എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച മൂന്നു നില കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വിദ്യാലയത്തിൽ ഇപ്പോൾ 415 വിദ്യാർത്ഥികളും 14 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയുമുണ്ട് . എട്ട് ക്ളാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, നൂതന പാചകശാല, ആവശ്യത്തിന് ടോയ് ലെറ്റ് സംവിധാനങ്ങൾ , എല്ലാം സ്ഥാപനത്തിലുണ്ട്. ബാലുശ്ശേരി ബി ആർ സി യുടെ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള ചലനം തെറാപ്പി കേന്ദ്രവും സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
ഒരു കാലത്തു വളരെ പ്രതിസന്ധികളിലൂടെ കടന്നു വന്ന സ്ഥാപനം നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ത്യാഗ പൂർണമായ സഹകരണം കൊണ്ട് ഇന്ന് ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള ലോവർ പ്രൈമറി വിദ്യാലയമാണ്.നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ത്യാഗ പൂർണമായ സഹകരണം കൊണ്ട് ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ളതും മികച്ചതുമായ ഒരു സ്ഥാപനമായി മാറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു.
പാഠ്യ പാഠ്യഅനുബന്ധ പ്രവർത്തനങ്ങളിലുള്ള മുന്നേറ്റം കാരണം ഈ വിദ്യാലയത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും കൂടിക്കൂടി വരുന്നു.2016-17 വർഷം 292 ഉം 2017-18 ൽ 298 ഉം 2018-19 ൽ 335 ഉം 2019-20ൽ 372ഉം 2020-21ൽ 384ഉം വിദ്യാർഥികൾ ഇവിടെ പഠിച്ചു.2020 ഫെബ്രുവരിയിൽ നടന്ന എൽ എസ് എസ് പരീക്ഷയിൽ 17 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ നിന്ന് സ്‌കോളർഷിപ്പിന് അർഹത നേടിയെന്നത് നാടിനും സ്‌കൂളിനും ഏറെ അഭിമാനം നൽകുന്നു. തൊട്ടു മുൻപത്തെ വർഷം 4 കുട്ടികളും അതിനു മുമ്പ് ഒന്നും രണ്ടും കുട്ടികൾ വീതവുമാണ് ഈ നേട്ടങ്ങൾക്ക് അർഹരായിരുന്നത്.വെറും 13 സെൻ്റ് സ്ഥലത്ത് പണിത മൂന്നുനില കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. 15 ഡിവിഷനുകൾക്കുള്ള കുട്ടികൾ ഇവിടെയുണ്ടെങ്കിലും 11 ക്ലാസ് മുറികൾ മാത്രമേ ഇവിടെ ലഭ്യമുള്ളൂ . അതിനാൽ കുട്ടികളുടെ ബാഹുല്യം കാരണം വിദ്യാലയം വീർപ്പുമുട്ടുന്നു. ചുരുങ്ങിയത് 5 സെൻറ് സ്ഥലം കൂടിയെങ്കിലും സ്കൂളിന് അടിയന്തിരമായി ലഭ്യമാക്കി കെട്ടിട നിർമ്മാണം നടത്തണമെന്ന് സ്‌കൂൾ PTA കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു .