ഗവ. യൂ.പി.എസ്.നേമം/എന്റെ ഗ്രാമം
വെള്ളായണി കാർഷിക കോളേജ്
നേമം ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്ന കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനമാണ് വെള്ളായണി കാർഷിക കോളേജ്. കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള കാർഷിക പഠന ഗവേഷണ സ്ഥാപനമായ വെള്ളായണി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാർഷിക കോളേജ്, വെള്ളായണി. പഴയ തിരുവിതാംകൂർ രാജകുംടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൊട്ടാരത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. കാർഷിക-വനപരിപാലന വിഷയങ്ങളുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പഠന പദ്ധതികൾ ഇവിടെ നടത്തപ്പെടുന്നു. കോളേജ് വെബ്സൈറ്റ് സന്ദർശിക്കുവാൻ
കിരീടം പാലം
സിബി മലയിൽ സംവിധാനം ചെയ്ത 'കിരീട'ത്തിൽ പല രംഗങ്ങളിലും പശ്ചാത്തലമായി വരുന്ന കിരീടം പാലം നേമം ഗവ.യു.പി സ്കൂളിൽ നിന്ന് വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. "മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം നിയോജകമണ്ഡലത്തിൽ ആണ്. പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി പ്രദേശമാക്കി മാറ്റാനുളള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.