കാട്ടിലെ ഒരുമ

പണ്ട് പണ്ട് കിങ്ങിണി കാട്ടിൽ ഒരു കൊമ്പനാന കൂട്ടം ഉണ്ടായിരുന്നു.കാട്ടിൽ സിംഹങ്ങൾ ഇല്ലാത്തതിനാൽ കൊമ്പനാന കൂട്ടമാണ് രാജാക്കന്മാർ. അങ്ങനെയിരിക്കെ കുറച്ചു പക്ഷികൾ കിങ്ങിണി കാട്ടിലേക്ക് പുതുതായി വന്നു.വിവരം അറിഞ്ഞ കൊമ്പനാനക്കൂട്ടം കാട്ടിൽ ഒരു കൂട്ട ചർച്ച നടത്തി.ആ കാട്ടിലെ എല്ലാവരെയും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെടുത്തി കൊടുത്തു.പിന്നെ ആ സമയത്ത് കൊമ്പനാന കൂട്ടത്തിലെ ഏറ്റവും വലിയ കൊമ്പനാന പറഞ്ഞു. നാളെ ഒരു പരിപാടിയുണ്ട് അതിൽ നിങ്ങളുടെ കഴിവുകൾ നിങ്ങൾക്ക് അവിടെ അവതരിപ്പിക്കാം. പിറ്റേദിവസം ആയപ്പോൾ എല്ലാവരും പറഞ്ഞ സ്ഥലത്ത് എത്തി പക്ഷേ കൊമ്പനാന കൂട്ടത്തിലെ ഏറ്റവും വലിയ കൊമ്പനാന മാത്രം വന്നില്ല. ആ ആനയെ എല്ലാവരും കുറച്ചുനേരം കാത്തുനിന്നു. കുറെ സമയം കഴിഞ്ഞിട്ടും ആനയെ കാണുന്നില്ല അങ്ങനെ എല്ലാവരും കൂടി ആനയെ തിരിയാൻ പോയി. കുറേ ദൂരം നടന്നപ്പോൾ ഒരു വലിയ ആൾക്കൂട്ടം.ആൾക്കൂട്ടത്തിന്റെ നടുക്ക് അവർ തിരയുന്ന ആനയെ കണ്ടു.അവർ ആളുകളുടെ സംസാരം ശ്രദ്ധിച്ചു "ഏതായാലും ആന മയങ്ങി കിടക്കുകയല്ലേ ഇനി നമുക്ക് ഇവന്റെ കൊമ്പ് മുറിക്കാം" അത് കേട്ടതും ആനകൾ വലിയ ആനയെ രക്ഷിക്കാനുള്ള വഴി നോക്കി.ഒരു ആന അടുത്തുള്ള കുളത്തിൽ നിന്നും വെള്ളം എടുത്തു.രണ്ടാമത്തെ ആന മറ്റ് ആനകളെ കൂട്ടി അവർ നിൽക്കുന്ന സ്ഥലത്തിന് ചുറ്റും നിരന്നുനിന്നു. പക്ഷികൾ വേട്ടക്കാരുടെ ശ്രദ്ധ തിരിക്കാൻ നോക്കി. പക്ഷികൾ വേട്ടക്കാരുടെ ശ്രദ്ധ തിരിക്കുന്നതിനിടയിൽ ഒന്നാമത്തെ ആന വലിയ ആനയുടെ ശരീരത്തിലേക്ക് വെള്ളം ചീറ്റി.ആ ശബ്ദം കേട്ട് വേട്ടക്കാർ ഓടി രക്ഷപ്പെടാൻ നോക്കി. പക്ഷേ ചുറ്റും നിൽക്കുന്ന ആനകൾ കാരണം ആ വേട്ടക്കാർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.വലിയ ആനയ്ക്ക് ബോധം വന്നതോടെ ആന കൂട്ടം വേട്ടക്കാരെ തുരത്തിയോടിച്ചു.

                                     ആരാധ്യ ഷിബു - 
                                      STD. IV