എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
08:23, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk21009 (സംവാദം | സംഭാവനകൾ) ('ഓർമ്മ കുറിപ്പ് എൻ. ഇ. ഹൈസ്കൂൾ; ഗതകാല ചരിത്രത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓർമ്മ കുറിപ്പ് എൻ. ഇ. ഹൈസ്കൂൾ; ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം. വി.പി.അച്യുതൻകുട്ടി മേനോൻ

       ഈ നൂറ്റാണ്ടിനു ആറു വയസ്സിന്റെ പ്രായമെ ആവൂ. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു പാലക്കാട് ജില്ലയിലെ തെന്മല ഭാഗത്തുള്ളവർക്ക് വളരെ വിഷമം നേരിടുന്ന കാലം. കാവശ്ശേരി കോണിക്കലിടം വകയായി നടത്തിയിരുന്ന പാലക്കാട് രാജാസ് ഹൈസ്കൂളിന്റെ പ്രവർത്തനംപാടെ നിലച്ച മട്ടായിരുന്നു. അതിനാൽ നാഴികകൾ താണ്ടി പാലക്കാട്ടും കൊല്ലങ്കോട്ടും ചെന്നുവേണം തെന്മലക്കാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അക്കാലത്ത് ആർജ്ജിക്കുവാൻ. അത് സമ്പന്നർക്കും, ദരിദ്രർക്കും ഒരുപോലെ പ്രയാസം തരുന്ന കാര്യം തന്നെയായിരുന്നു. പലരും പഠിപ്പു തുടരാതെ 'ഉള്ളതു മതി' യിൽ തൃപ്തിയടഞ്ഞു. ചിലർ ഇരുട്ടിനെ പഴിക്കുന്നതിൽ മാത്രം ആശ്വാസം കണ്ടെത്തി. ഈ സാംസ്കാരിക പ്രതിസന്ധിയിലായിരുന്നു ഉദാരഹൃദയനായ വണ്ടാഴി നെല്ലിക്കലിടം കാരണവർ V.N. കോമ്പി അച്ചൻ ആലത്തൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നത്. വർഷം 1906. പ്രശ്നം ഇവിടം കൊണ്ടു തീർന്നില്ല. സമാന്തരമായി മറ്റൊരു ഹൈസ്കൂളും അക്കാലത്തെ മറ്റൊരു പ്രമുഖ ഇടമായ പാടൂർ നടുവിലെടം കാരണവർ P.N ഭീമനച്ചനും ആരംഭിച്ചു. ആലത്തൂരിൽ രണ്ടു ഹൈസ്കൂളോ തീരെ പോരാ. മദിരാശി സർക്കാർ ഒരു ഹൈസ്കൂളിനു മാത്രമേ അംഗീകാരം നൽകൂ എന്ന് വ്യക്തമായി. അതിനെ തുടർന്ന് പാലക്കാട് രാജവംശത്തിലെ പ്രമുഖ രണ്ടിടങ്ങളിലെ കാരണവന്മാർ യോജിപ്പിന്റേതായ ഒരു ഫോർമുല കണ്ടെത്തി. രണ്ടു മനസ്സുകളുടെ ധന്യമായ ഈ സമ്മേളനമാണ് എൻ. ഇ. ഹൈസ്കൂളിന് ജന്മമേകിയത്. പി. എന്. ഭീമച്ചൻ രംഗത്തുനിന്നു പിൻ വാങ്ങി. സ്കൂളിനുവേണ്ടി താൻ നിർമ്മിച്ച കെട്ടിടവും ഉപകരണങ്ങളും വി. എൻ. കോമ്പിയച്ചനെ ഏല്പിച്ചു തൃപ്തിനേടി. ഇതിലേക്കു വെളിച്ചം വീശുന്ന രേഖ അന്യത്ര കൊടുത്തിട്ടുണ്ട്.