സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*ലോക പരിസ്ഥിതി ദിനം

2021 - 22 കാലഘട്ടത്തിലെ പരിസ്ഥിതിദിനം സെന്റ് മേരിസ് സി ജി എച്ച് എസ് എസിലെ കുട്ടികളും അധ്യാപകരും ചേർന്ന് ജൂൺ അഞ്ചാം തീയതി ആഘോഷിക്കുകയുണ്ടായി. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ കവിത, പോസ്റ്റർ, പ്ലക്കാർഡ്, കുട്ടികൾ വൃക്ഷത്തൈകൾ നടുന്ന ചിത്രങ്ങൾ എന്നിവയുടെ മത്സരം നടത്തുകയുണ്ടായി. ഏറ്റവും നല്ല മത്സരാർത്ഥികളെ കണ്ടെത്തി അവരെ വിജയികളായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേരാൻ കുട്ടികളെ ഇത് സഹായിച്ചു. പോസ്റ്റർ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അൻവിയ ഷിനോദ് ഒന്നാം സ്ഥാനവും ഗ്രേസ് ഫർണാണ്ടസ്, ഓഫ്‌ലിൻ സാജൻ എന്നിവർ രണ്ടാം സ്ഥാനവും ജൈത്ര കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പോസ്റ്റർ മത്സരത്തിൽ യുപി വിഭാഗത്തിൽ ആർദ്ര എ വി ഒന്നാം സ്ഥാനവും ആംഗ്സ്റ്റൺ,, ഐശ്വര്യ .പി എസ് എന്നിവർ രണ്ടാം സ്ഥാനവും ആൻ ലിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി..കവിത രചനയും ആലാപനവും എന്ന മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും എയ്ഞ്ചൽ മേരി സിബി ഒന്നാം സ്ഥാനവും ഐറിൻ  ട്രീസ വർഗ്ഗീസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .യു.പി  വിഭാഗത്തിൽ നിന്നും രഞ്ജന രതീഷ് ഒന്നാം സ്ഥാനവും അക്സ മരിയം രണ്ടാം സ്ഥാനവും കരസ്തമാക്കി. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

*പി ടി എ മീറ്റിംഗ്

2021 - 2022 അധ്യയനവർഷത്തിലെ ആദ്യത്തെ പിടിഎ മീറ്റിംഗ് ജൂൺ ഒൻപതാം തീയതി നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ബഹുമാനപ്പെട്ട മനു സാറിന്റെ സാന്നിധ്യത്തിൽ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയ സാറിന്റെ അധ്യക്ഷതയിൽ യോഗം നടത്തുകയുണ്ടായി. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ഇതിനുവേണ്ടി നടത്തിയ ചർച്ചയിൽ പല അഭിപ്രായങ്ങളും തീരുമാനങ്ങളും എടുക്കുകയുണ്ടായി.


*ലോക വായനാ ദിനം


ലോക വായനാ ദിനത്തോടനുബന്ധിച്ച് ജൂൺ പത്തൊമ്പതാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വാർത്ത വായന മത്സരം സംഘടിപ്പിക്കുകയുണ്ടായി. ദൃശ്യ മാധ്യമത്തിലൂടെ, വാർത്ത അവതരണത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പ്രവേശനോത്സവത്തിന്റെയും പരിസ്ഥിതി ദിനാഘോഷത്തിന്റെയും വാർത്തയാണ് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചത്. വായന വാരത്തോടനുബന്ധിച്ച് കുട്ടികളിൽ വായന ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും കൊറോണ കാലഘട്ടത്തിലെ വിരസത മാറ്റുന്നതിനും ആയി പത്രവാർത്തകൾ ഉൾക്കൊള്ളിച്ച് കൊളാഷ് തയാറാക്കൽ, പുസ്തകപരിചയം, പോസ്റ്റർ നിർമ്മാണം, പ്രസംഗം ,വായനാകുറിപ്പ്, കവിതാപാരായണം, കഥാപാത്ര ആവിഷ്കാരം, എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും അതിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ നിർമ്മിക്കുകയും ചെയ്തു. കൂടാതെ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ കുട്ടികൾ പുസ്തകപരിചയം നടത്തുന്ന ഒരു മനോഹരമായ റീഡിങ് വീക്ക് 2021 എന്ന പേരിൽ വീഡിയോ നിർമ്മിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. വായനാശീലം വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി മനോഹരമായ സന്ദേശം നൽകുകയുണ്ടായി. പുസ്തകവായന ജീവിതത്തിൽ നിന്നും മരിച്ചു പോകരുതെന്നും അടുത്ത വായനാദിനം വരുമ്പോഴേക്കും പത്ത് പുസ്തകമെങ്കിലും വായിച്ചിരിക്കണം എന്നുമുള്ള മനോഹരമായ ഒരു സന്ദേശം മാതൃഭൂമി ചീഫ് എഡിറ്റർ ശ്രീ ജിജോ സിറിയക് കുട്ടികൾക്ക് നൽകുകയും ചെയ്തു.

*ലോക സംഗീത ദിനം

നിത്യജീവിതത്തിൽ സംഗീതത്തിനുള്ള പ്രാധാന്യം കൂടുതൽ കുട്ടികളിലേക്ക് എത്തിച്ചു കൊണ്ട് ജൂൺ 21 ലോക സംഗീത ദിനമായി ആചരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ പോലും സംഗീതത്തിന്റെ പ്രാധാന്യം ഇന്ന് ഒഴിച്ചുകൂടാനാവാത്തതാണ് .ലോക സംഗീത ദിനത്തിന്റെ ഭാഗമായി സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ ലളിത ഗാനം, ശാസ്ത്രീയ സംഗീതം എന്നീ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. അതിൽനിന്നും വിജയികളെ കണ്ടെത്തുകയും ചെയ്തു. ശാസ്ത്രീയ സംഗീത വിഭാഗത്തിൽ ഒമ്പതാം ക്ലാസിൽ നിന്നുള്ള അഭിനന്ദന ടി.എ., ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലളിതഗാനം യുപി വിഭാഗത്തിൽ കാസ്ട്രല്ല അനിൽ ,സാധിക സാബു, റാം ശങ്കർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഫർഹാന എം എ, നേഹ ബിൻഡോ ആൻ ടിനിയ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുട്ടികൾക്കായി ലോക സംഗീത ദിനത്തിന്റെ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശ്രീ ജാസിഗിഫ്റ്റ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയുണ്ടായി .കുട്ടികളുടെ കലാ പരിപാടികൾ ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.


*മരിയൻസ് സ്കൂൾ റേഡിയോ

കുട്ടികളുടെ കലാ വാസനകളെ വികസിപ്പിക്കുന്നതിനായി ഏതാനും അധ്യാപകരുടെ നേതൃത്വത്തിൽ സിനർജി റേഡിയോ എന്ന സംരംഭം ആരംഭിക്കുകയുണ്ടായി. എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ മരിയൻസ് റേഡിയോ എന്നപേരിൽ സ്കൂളിനായി ഒരു റേഡിയോ ആരംഭിക്കുകയുണ്ടായി. റേഡിയോയുടെ ആദ്യ എപ്പിസോഡ് തന്നെ ഇന്ത്യയുടെ അഭിമാനമായ പത്മശ്രീ കെ എസ് ചിത്ര, എറണാകുളം ജില്ലയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ഹണി എന്നിവരുടെ മഹനീയ സാന്നിധ്യം കുട്ടികൾക്കും അധ്യാപകർക്കും ഒരു വ്യത്യസ്തമായ അനുഭവമായി മാറി .നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെ സമകാലിക വിഷയങ്ങളും പുതുപുത്തൻ കലാപരിപാടികളും കുട്ടികൾക്ക് അവതരിപ്പിക്കാൻ സാധിച്ചു .ഇതിലൂടെ പുതിയ അവതാരകരെയും കഴിവുറ്റ കുട്ടികളെയും കണ്ടെത്താൻ സാധിച്ചു .

മരിയൻസ്‌ റേഡിയോയുടെ രണ്ടാമത്തെ എപ്പിസോഡിൽ കോവിഡിന്റെ കാഠിന്യം അതിരൂക്ഷമായ സാഹചര്യത്തിൽ, കുട്ടികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികൾ ക്രിയേറ്റീവായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും  പ്രധാന അധ്യാപിക സിസ്റ്റർ ലൗലിയും, ബഹുമാനപ്പെട്ട എ. ഇ. ഒ ശ്രീ അൻസലാം സാറും കുട്ടികളോട് സംസാരിക്കുകയുണ്ടായി.


*ലോക ലഹരി വിരുദ്ധ ദിനം

ലഹരിപദാർഥങ്ങളുടെ ഉപയോഗം സമൂഹത്തെയും വ്യക്തിയെയും ഒരുപോലെയാണ് നശിപ്പിക്കുന്നത്. ലോക ലഹരി വിരുദ്ധ ദിനം ആയ ജൂൺ 26 നോടനുബന്ധിച്ച് സ്കൂൾ തലത്തിൽ കുട്ടികൾക്കായി മയക്കുമരുന്നിനെതിരെ ഉള്ള ബോധവൽക്കരണം എന്ന വിഷയവുമായി ബന്ധപ്പെട്ട സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു പ്രസംഗമത്സരം സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ലനാ ഖദീജ ,ഫിദ ഫാത്തിമ എന്നിവർ ഒന്നും രണ്ടും സ്ഥാനവും യുപി വിഭാഗത്തിൽ നിന്നും ഏഥൻ ഫെഡിൻ, നൂസ നിസ്വിൻ എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി. ലഹരി വിരുദ്ധ ദിനത്തിലെ സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു കൊണ്ട് ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.


*അന്താരാഷ്ട്ര യോഗാദിനം

ഭാരതീയ പൗരാണിക പാരമ്പര്യത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ. സെന്റ് മേരീസ് സി ജി എച്ച് എസ് എസ് അന്താരാഷ്ട്ര യോഗദിനം വളരെയധികം സന്തോഷപൂർവ്വം കൊണ്ടാടുകയുണ്ടായി. കായിക അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിച്ച വീഡിയോയിലൂടെ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി, സിനിമാ സംവിധായകൻ ശ്രീ ജിസ് ജോയ്, നോവലിസ്റ്റ് ശ്രീ എ.കെ.പുതുശ്ശേരി, മെഡിറ്റേഷൻ ട്രെയിനറായ ശ്രീ സാജൻ എന്നിവർ കുട്ടികൾക്കായി യോഗ ദിനത്തിൻറെ ആശംസകളും അറിവുകളും പങ്കുവെച്ചു. ഇത് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

മലയാറ്റൂർ സെൻറ് തോമസ് സ്കൂളും ഇരിങ്ങാലക്കുട എൽ സി യുപി സ്കൂൾ ,സെൻറ് മേരീസ്  സിജിഎച്ച്എസ്എസ് ഉം ചേർന്ന് ഒരാഴ്ചത്തെ ഫിറ്റ്നസ് ത്രു യോഗ എന്ന ഓൺലൈൻ ട്രെയിനിങ് പരിപാടി ജൂൺ 14ന് വൈകീട്ട് റിട്ട.കായിക അദ്ധ്യാപകൻ കെ.കെ.ദേവദാസ് സാറിന്റെ ഉദ്ഘാടന ത്തോടെ  ആരംഭിച്ചു. യോഗ ദിനത്തിൽ തന്നെ കുട്ടികൾ യോഗ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു വീഡിയോ തയ്യാറാക്കി എല്ലാ ഗ്രൂപ്പുകളിലും പ്രദർശിപ്പിക്കുകയുണ്ടായി. കൂടാതെ ഓരോ ദിവസവും കുട്ടികൾക്കായി വിവിധ യോഗാചാര്യൻ മാരുടെ ക്ലാസുകൾ കായിക അധ്യാപകരുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ നടത്തുകയുണ്ടായി.


* ബഷീർ അനുസ്മരണ ദിനം

പ്രകൃതിയെ സ്വന്തം ജീവിതത്തോട് ചേർത്തു നിർത്തിയ ഒരു കഥാകൃത്ത് ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ .ജൂലൈ 5 അദ്ദേഹത്തിൻറെ അനുസ്മരണ ദിനം വളരെ ഭംഗിയായി സെന്റ് മേരീസ് സി ജി എച്ച് എസ് എസ് കൊണ്ടാടുകയും ചെയ്തു . ഈ ദിനത്തിൽ സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ കുട്ടികൾ അദ്ദേഹത്തിന്റെ പാത്തുമ്മയുടെ ആട് എന്ന കഥാവിഷ്ക്കാരം വളരെ ഭംഗിയായി മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുകയുണ്ടായി . ഇതിന്റെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട നടത്തിയ വെബിനാറിൽ ലളിതവും സരസവുമായ അവതരണം കൊണ്ട് അതിഥിയായെത്തിയ സെൻ ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമനിലെ മലയാള വിഭാഗം പ്രൊഫസർ ഡോ.ബിന്ദു ജോസഫ് കുട്ടികൾക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. വെബിനാറിനെ അടിസ്ഥാനമാക്കി ഗൂഗിൾ ഫോമിൽ ക്വിസ് നടത്തുകയുണ്ടായി. അതിൽനിന്നും ഭവ്യ ,ലെന, കാർത്തിക എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.


*ഗൈഡ്സ്

സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ ഗൈഡ്സ് എന്ന സംഘടന പൂർവാധികം ശക്തിയോടുകൂടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധാലുവായ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി യുടെ നേതൃത്വത്തിൽ, ഗൈഡ്സിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരെയും ഗൈഡ്സിൻ്റെ ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണറായ ശ്രീമതി ഉഷ ആർ ഷേണായി എന്ന അധ്യാപികയെയും ചേർത്ത് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. തുടർന്നുള്ള ഗൈഡ്സിന്റെ പ്രവർത്തനങ്ങൾക്ക്  വ്യക്തവും സ്പഷ്ടവുമായ ഒരു ഗൈഡിങ്ങ് ഉഷടീച്ചർ അധ്യാപകരുമായി  പങ്കുവെക്കുകയുണ്ടായി. കൂടുതൽ നന്നായി പ്രവർത്തിക്കാൻ അധ്യാപകർക്ക് ഇത് പ്രചോദനമായി.


* ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു കൈത്താങ്ങ്

സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ ഏറ്റവും നിർധനരായ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരുടെയും സ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും സഹായത്തോടെ ഒരു ധനസഹായം സംഘടിപ്പിക്കുകയും അതിലൂടെ കുട്ടികൾക്ക് ആവശ്യമായ മൊബൈൽഫോൺ നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി.ജെ വിനോദ്, വാർഡ് കൗൺസിലർ ശ്രീ മനു ,ഹൈക്കോർട്ട് എംപ്ലോയീസ് സൊസൈറ്റി പൂർവ വിദ്യാർത്ഥിയും അഭിനേത്രിയുമായ ശ്രീമതി മുത്തുമണി എന്നീ സുമനസ്സുകൾ എല്ലാം തന്നെ ഡിജിറ്റൽ ഉപകരണങ്ങൾ നൽകി യജ്ഞത്തിൽ പങ്കാളികളായി. കൂടാതെ പ്രധാനാധ്യാപിക സിസ്റ്റർ ലൗലിയുടെ നേതൃത്വത്തിൽ നടത്തിയ യജ്ഞത്തിൽ സഹ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരു വലിയ പങ്ക് ഉണ്ടായിരുന്നു. 26 ഡിജിറ്റൽ ഉപകരണങ്ങളും ,സംഭാവന ചെയ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ തന്നെ രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി വിദ്യാർഥികൾക്ക് ഇത് വളരെയധികം ആശ്വാസജനകം ആയിരുന്നു.


* എസ്എസ്എൽസി പരീക്ഷാ ഫലം

എറണാകുളം നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിൽ അറിയപ്പെടുന്ന സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഈ വർഷവും 100% വിജയം നേടി ചരിത്രത്താളുകളിൽ ഇടം നേടിയിരിക്കുന്നു. കൊറോണാ മഹാമാരിയുടെ ഭീതിയിലും എസ്എസ്എൽസി പരീക്ഷ എഴുതി 80 'ഫുൾ എ പ്ലസ് 'ഉം 39 'ഒൻപത് എ പ്ലസ്സും' കൈവരിക്കാനായത് ഏറെ അഭിമാനകരമാണ് . ഇതിനുപിന്നിൽ അധ്വാനിച്ച എല്ലാവരും, ഏറെ പ്രത്യേകമായി ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലിയും എല്ലാ അധ്യാപകരും അഭിനന്ദനമർഹിക്കുന്നു. കൂട്ടായ ഒരു പരിശ്രമത്തിന്റെ ഉജ്ജ്വല വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം .വളരെ കുറച്ച് നാളുകൾ കൊണ്ട് വിദ്യാർഥികൾക്ക് നൽകിയ തീവ്രപരിശീലനത്തിന്റെയും പരീക്ഷാ ഭയത്തെ അതി ജീവിക്കുന്നതിനു വേണ്ടി നൽകിയ മോട്ടിവേഷണൽ ക്ലാസ്സുകളുടെയും ഫലമാണ് ഈ പരീക്ഷാവിജയം .


*വിദ്യാധനം എക്സലൻസ് അവാർഡ്


ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് അഭിമാനനേട്ടം കൈവരിച്ച സെന്റ് മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ബിഷപ്പ് ജോസഫ് കരീത്തറ വിദ്യാധനം എക്സലൻസ് അവാർഡ് പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശനിൽ നിന്നും ലഭിക്കുകയുണ്ടായി . വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവന അർപ്പിച്ചിട്ടുള്ള ബിഷപ്പ് ഡോക്ടർ ജോസഫ് കരീത്തറ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൊച്ചി രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ ബിഷപ്പായിരുന്നു. ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങിൽ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി മാനേജർ ഫാദർ ജോബി കൂട്ടുങ്കൽ ,മുൻ കൊച്ചി മേയർ ശ്രീ കെ ജെ സോഹൻ, ഫാത്തിമ സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ് എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു.

* സംഗീത വീഡിയോ

കർണാടക സംഗീതത്തിന്റെ അതിമഹത്തായ സവിശേഷതകൾ കുട്ടികളിലേക്ക് എത്തിക്കുവാനായി ഒരു സംഗീത വീഡിയോ ജൂലൈ മാസത്തിൽ തയ്യാറാക്കുകയുണ്ടായി. മേളകർത്താരാഗം ആയ  മേച കല്ല്യാണിയക്കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത്. കല്യാണി രാഗത്തിന്റെ എല്ലാ സവിശേഷതകളും വിവരിച്ചുകൊടുക്കുകയും സിനിമാ സംഗീതത്തിൽ കല്യാണി രാഗത്തിന്റെ പ്രാധാന്യം  പറഞ്ഞു കൊടുക്കുകയും ചെയ്തു. കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള നിരവധി ഗാനങ്ങൾ കുട്ടികളെക്കൊണ്ട് പാടിക്കുകയും ഇത് ആസ്പദമാക്കി ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.


* ഹിരോഷിമ നാഗസാക്കി ദിനം

ആണവായുധം എന്ന വിപത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രങ്ങളെ ബാക്കിയാക്കിയ ഹിരോഷിമ നാഗസാക്കി ദുരന്തം മാനവരാശിക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. ലോകത്ത് ആദ്യമായുള്ള അണുബോംബ് പ്രയോഗം നടന്നിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ആറ്റംബോംബ് വർഷിച്ച തീവ്രത കുറയുന്നില്ല. 1945 ആഗസ്റ്റ് 6 നാണ് ജപ്പാനിലെ ഹിരോഷിമ നഗരം, അമേരിക്ക വർഷിച്ച അണുബോംബിൽ തകർന്നടിഞ്ഞത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അമേരിക്ക നാഗസാക്കിയും തകർത്തെറിഞ്ഞു. ഓരോ യുദ്ധങ്ങളിലും ഇല്ലാതാകുന്നത് മനുഷ്യ സംസ്കാരങ്ങൾ ആണ്. സാമ്രാജ്യത്തിൽ ശക്തികൾ ,അധികാര മേൽക്കോയ്മ നേടാനും നിലനിർത്താനും നടത്തുന്ന യുദ്ധങ്ങളിൽ ഇല്ലാതായത് നിഷ്കളങ്കമായ ജീവിതങ്ങൾ ആയിരുന്നു. ആഗോള ആണവ നിരായുധീകരണം ഇന്നിന്റെ ആവശ്യകതയാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊണ്ട് തന്നെ സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ ഈ ദിനത്തിൻറെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. ഈ ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി കൊണ്ട് സ്കൂൾ വിദ്യാർഥിനി മേരി സ്റ്റിജ സ്റ്റീഫൻ ആലപിച്ച ഒരു ഹിരോഷിമ ഗാനം ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കുകയുണ്ടായി.


*സ്വാതന്ത്ര്യ ദിനാഘോഷം


ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഭാരതം എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കൊറോണ എന്ന മഹാമാരിക്ക് ഇടയിലും എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ട് തന്നെ എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ സ്വാതന്ത്രദിനം കൊണ്ടാടുകയുണ്ടായി.രാവിലെ ബഹുമാനപ്പെട്ട മാനേജർ സിസ്റ്റർ ലിയ, പ്ലസ് ടു പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ,യു.പി. ഹെഡ്മിസ്ട്രസ്‌ സി.അനുപമ എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. ദേശീയ ഗാനം ആലപിച്ചു. വിമൽ ടീച്ചർ സ്വാഗതമാശംസിച്ചു. ശ്രീമതി റിൻസി ടീച്ചർ സ്വാതന്ത്ര്യദിനത്തിലെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു .മാനേജർ സിസ്റ്റർ ലിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെക്കുകയുണ്ടായി. ശ്രീമതി റിൻസി, ശ്രീമതി വിമൽ, ശ്രീമതി മേഘ എന്നിവർ ചേർന്ന് ദേശഭക്തിഗാനം ആലപിച്ചു .നന്ദി പ്രസംഗത്തോടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് വിരാമമായി.സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. പ്രസംഗ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ബിസ്ന റിബേര, ഐറിൻ ട്രീസ വർഗ്ഗീസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .യുപി വിഭാഗത്തിൽ നിന്നും അർച്ചന ,ശ്രീഹരി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. പോസ്റ്റർ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിയമോൾ, ജൈത്ര. കെ, എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.യുപി വിഭാഗത്തിൽ നിന്നും ആർദ്ര, കാർത്തിക് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ദേശഭക്തിഗാന മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും ലെന ഖദീജ ഒന്നാം സ്ഥാനവും യുപി വിഭാ ഗ ത്തിൽ നിന്നും എമൈമ ബിജു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച ചരിത്ര രചനാ മത്സരത്തിൽ സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ കാർത്തിക എബി മൂന്നാംസ്ഥാനം കരസ്ഥമാക്കി.


* ഓണാഘോഷം.

കോവിഡ് മഹാമാരിയുടെ ഭീതിയ്ക്കിടയിലും ഈ വർഷത്തെ ഓണം നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.സ്കൂളിലെ പ്രധാന അധ്യാപികയും സഹ അധ്യാപകരും ചേർന്ന് പൂക്കളം ഒരുക്കുകയും ഓണത്തോടനുബന്ധിച്ചു ള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു .പ്രധാനാധ്യാപിക സിസ്റ്റർ ലൗലി സന്ദേശം പങ്കുവെക്കുകയുണ്ടായി. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി എല്ലാവരും ചേർന്ന് തിരുവാതിര കളിക്കുകയും ഓണസദ്യയിൽ പങ്കുകൊള്ളുകയും ചെയ്തു. ദു:ഖിതർക്കും പീഡിതർക്കും ഒരു കൈത്താങ്ങ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നല്ല പാഠം പദ്ധതിയുടെ കോർഡിനേറ്റർമാരായ റിൻസി ടീച്ചർ ,സി.ഷാലറ്റ് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് എല്ലാ അധ്യാപകരും ചേർന്ന് സാധിക്കുന്ന കുട്ടികളിൽ നിന്നും ഓണ സമ്മാനങ്ങൾശേഖരിച്ച് സ്കൂളിലെ തന്നെ കുട്ടികൾക്ക് സാധനസാമഗ്രികൾ സമാഹരിച്ച് നൽകുകയുണ്ടായി. അധ്യാപകരിൽ നിന്നും ധനസഹായം ശേഖരിച്ച് വഴിയോരങ്ങളിലെ നിർധനർക്ക് ഓണസമ്മാനങ്ങൾ സിസ്റ്റർ ലൗലിയുടെ നേതൃത്വത്തിൽ നൽകി. ഇത്തരം കാരുണ്യ പ്രവർത്തികൾ ഇനിയും വറ്റിയിട്ടില്ലാത്ത സമൂഹ നന്മയുടെ പാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമാകുന്നു.

ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ കലാമത്സരങ്ങളിൽ നിരവധി വിദ്യാർഥികൾ സമ്മാനാർഹരായി. പൂക്കളമത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും ഇഷിക, ഐശ്വര്യ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ഹൈസ്കൂളിൽ നിന്നും അനുപമ ,ഗൗരി എം കുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി. ഡിജിറ്റൽ പൂക്കള മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും ആർദ്ര ,ആൻ മരിയ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സൽന സെബാസ്റ്റ്യൻ, ദിയ മേനോൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മലയാളി മങ്ക മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും അർച്ചന, ആൻഡ്രിയ ഷൈജു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആൻഡ്രിയ ഗ്രേസ് ഫ്രാൻസിസ് ,ഹെസ് ലിൻ ബൈജു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി. കേരള ശ്രീമാൻ മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും റാം ശങ്കർ ,ജോസഫ് ജിനോ, ശ്രീരാജ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഓണപ്പാട്ട് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഹെലീന മേരി ,അനുപമ എന്നിവർ ഒന്നും രണ്ടും സ്ഥാനവും യുപി വിഭാഗത്തിൽ നിന്നും അർച്ചന, എമൈമ ബിജു എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി .സ്കൂളിലെ എല്ലാ ഓണാഘോഷ പരിപാടികളും ഉൾപ്പെടുത്തി ഒരു വീഡിയോ യൂട്യൂബിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.


* ഇൻറർ സ്കൂൾ സ്പോർട്സ് ക്വിസ് ചാമ്പ്യൻഷിപ്പ്

നാഷണൽ സ്പോർട്സ് ഡേ യുടെ ഭാഗമായി സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഉം സെൻറ് തോമസ് എച്ച്എസ്എസ് മലയാറ്റൂർ  ഉം ചേർന്ന് കായിക അധ്യാപകരായ റിൻസി ടീച്ചറുടെയുംജോളി ടീച്ചറുടെയും നേതൃത്വത്തിൽ ഒരു ഇൻറർ സ്കൂൾ സ്പോർട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യൻ സ്പോർട്സ് കമേേൻ്ററ്ററും സ്പോർട്സ് ജേർണലിസ്റ്റും ആയ ശ്രീ ഷൈജു ദാമോദരൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു ,റവ സിസ്റ്റർ ലൗലി സ്വാഗതം ആശംസിച്ചു. സെൻതോമസ് എച്ച്എസ്എസ് സ്കൂൾ മാനേജർ റവ. ഫാ.വർഗ്ഗീസ് മണവാളൻ അനുഗ്രഹ പ്രഭാഷണം നടത്തി .പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീ ജോർജ്ജ് സക്കറിയ ആശംസാ പ്രസംഗം നടത്തി . സെന്റ് തോമസ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഉർമീസ് ആശംസകൾ അറിയിച്ചു. സെൻറ് തോമസ് എച്ച്എസ്എസ് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ ടൈറ്റസ് ജി ഉരക്കാട്ടിലിൻ്റ നന്ദി പ്രസംഗത്തോടെ കൂടി യോഗം അവസാനിച്ചു. കുട്ടികൾക്കുവേണ്ടി നടത്തിയ ക്വിസ് പരിപാടിയിലൂടെ സ്പോർട്സിനെ കൂടുതൽ അടുത്തറിയാൻ ഇതിൽ പങ്കെടുത്ത എല്ലാവർക്കും തന്നെ സാധിച്ചു.


*നല്ല പാഠം പദ്ധതി

നല്ല പാഠം പദ്ധതിയുടെ ഭാഗമായി എറണാകുളം സെന്റ് മേരീസ് സിജി എച്ച് എസ് എസിൽ 27 കുടുംബങ്ങൾക്ക് ഓണക്കോടി കിറ്റും സഹായ ധനവും വിതരണം ചെയ്തു. അതോടൊപ്പം വഴിയോരങ്ങളിലും, വൃദ്ധ സദനങ്ങളിലും ഓണക്കോടി നൽകി. പദ്ധതിയുടെ ഭാഗമായി മാസത്തിൽ രണ്ടു തവണ വഴിയോരങ്ങളിൽ പൊതിച്ചോർ കൊടുക്കുന്ന പ്രവർത്തനത്തിനും , കോവിസ് കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം ഒഴിവാക്കന്നതിന് വിദ്യാർത്ഥികൾക്കായി സർഗവേള എന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. ഹെഡ് മി സ്ട്രസ് സിസ്റ്റർ ലൗലി, പിടി എ പ്രസിഡന്റ് ജോർജ് സക്കറിയ , നല്ല പാഠം കോർഡിനേറ്റർമാരായ റിൻസി ,സിസ്റ്റർ ഷാർലറ്റ്, കുമാരി റൈസ അഞ്‌ജും , കുമാരി ഇഷ പിയു എന്നിവർ നേതൃത്വം വഹിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 36 കുട്ടികൾക്ക് പിടി എ യുടെയും പൂർവ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും സഹായത്തോടെ ഓൺലൈൻ പഠനത്തിനാവശ്യമായ  മൊബൈൽ ഫോണുകൾ നൽകി.


* ടീച്ചേഴ്സ് ഡേ.

അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ, അധ്യാപക ദിനവുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. അധ്യാപക ദിനവുമായി ബന്ധപെട്ടു നടത്തിയ വെബിനാറിൽ ബഹുമാനപ്പെട്ട എം പി ശ്രീ ഹൈബി ഈഡൻ, എറണാകുളം എസ് ഐ ശ്രീമതി ആനി ശിവ ,റിട്ടയർ ടീച്ചർ സിസ്റ്റർ സാവുള, പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറുമായ മിസ്സ് അനിജ ജലൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വിശിഷ്ടാതിഥികൾ അധ്യാപക ദിന സന്ദേശങ്ങൾ പങ്കുവയ്ക്കുകയും കുട്ടികൾക്ക് അധ്യാപക ദിനത്തിൽ പ്രാധാന്യത്തെ കുറിച്ച് അറിവ് നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ തയ്യാറാക്കി കുട്ടികൾക്കായി  പങ്കുവെക്കുകയും അത് സ്കൂളിൻ്റെ  യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.


* സ്കൂൾ പാർലമെൻറ് ഇലക്ഷൻ.

കുട്ടികളിൽ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എറണാകുളം സെൻറ് മേരീസ് സി ജിഎച്ച്എസ്എസ് ൽ ഓൺലൈനായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാർഥികളും രക്ഷിതാക്കളും ആവേശത്തോടെ ഏറ്റെടുത്ത  ഓൺലൈൻ ഇലക്ഷനിൽ സ്കൂൾ ലീഡറായി ഐറിൻ ട്രീസ വർഗ്ഗീസും അസിസ്റ്റൻ്റ് ലീഡരായി ഇഷ പി യു വും  തെരഞ്ഞെടുക്കപ്പെട്ടു.


* ഗ്രാൻഡ് പാരൻസ് ഡേ.

ജീവിതത്തിനും മരണത്തിനും ഇടയിൽ ലഭിക്കുന്ന അവസാന കാലഘട്ടമാണ് വാർദ്ധക്യം. കാലചക്രം വേഗത കൂടിയപ്പോൾ തലമുറകൾ തമ്മിലുള്ള അന്തരം വർദ്ധിക്കാൻ തുടങ്ങി. ഇന്നേ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ ബോധവൽക്കരിക്കാനായി, എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് എസ്  ൽ ഗ്രാൻഡ് പാരൻസ് ഡേ സംഘടിപ്പിക്കുകയുണ്ടായി. ഈ സുദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ ഗ്രാൻഡ് പാരൻസിന് പൂക്കളും മധുരപലഹാരങ്ങളും നൽകി ആശംസകൾ അർപ്പിക്കുകയും, സ്നേഹ ചുംബനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കുക ആദരിക്കുകയും ചെയ്തു. ഇതെല്ലാം  ഉൾക്കൊള്ളിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. എറണാകുളം സർക്കിൾ ഇൻസ്പെക്ടർ വിജയ് ശങ്കർ സാർ അതിഥിയായി വീഡിയോയിൽ കുട്ടികൾക്കുള്ള സന്ദേശങ്ങൾ പങ്കുവെച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ലൗലി ഇന്നേ ദിനത്തിൻറെ പ്രാധാന്യം കുട്ടികൾക്കായി പകർന്നു നൽകി. കുട്ടികളുടെയും ഗ്രാൻഡ് പാരൻസ് ൻ്റെയും, കലാവിരുന്ന് വീഡിയോയ്ക്ക് മിഴിവേകി. ഏവർക്കും മറക്കാനാവാത്ത ഒരു ദിനമായി ഇന്നേ ദിനം മാറി.


* സിംഗ് വിത്ത് സെന്റ് മേരിസ്

വിവിധതരം സംഗീതശൈലികളാൽ സമ്പുഷ്ടമാണ് കേരളീയ സംഗീതശൈലി. കുട്ടികളിലേക്ക് സംഗീതത്തിൻറെ കൂടുതൽ അറിവുകൾ പകർന്നു നൽകാനായി എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് യൂട്യൂബ് ചാനലിൽ രണ്ടാമത്തെ എപ്പിസോഡും അപ്‌ലോഡ് ചെയ്തു .വിവിധ തരം സംഗീത ശൈലികൾ കുട്ടികളെക്കൊണ്ട് പരിശീലിപ്പിക്കുകയും അവരെക്കൊണ്ട് പാടിപ്പിച്ചും വീഡിയോ തയ്യാറാക്കി. ഓൺലൈൻ പഠനത്തിന്റെ അലസതയ്ക്കിടയിൽ കുട്ടികളിൽ ഒരു പുത്തനുണർവ്വ് സമ്മാനിച്ചു.

* ഹിന്ദി ദിനം

ഹിന്ദി ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സെപ്റ്റംബർ 14ന് എറണാകുളം സെൻറ് മേരീസ് സി ജി എച്ച് എസ് എസ് ഹിന്ദിദിനം ആചരിക്കുകയുണ്ടായി. 1949 സെപ്റ്റംബർ 14ന് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായതിൻറെ ആദര സൂചകമായാണ് അന്നേ ദിനം ആഘോഷിക്കുന്നത്. കുട്ടികളുടെ ഹിന്ദി ഭാഷയിൽ ഉള്ള പ്രാവീണ്യവും അവരുടെ കലാപരിപാടികളും ഉൾക്കൊള്ളിച്ച് ഒരു വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.

ഇതിൽ അതിഥികളായി തൃശൂർ ഡി ഇ ഒ ശ്രീ മനോജ് കുമാർ സാർ , കൈറ്റ് വിക്ടേഴ്സ് ഫാക്കൽറ്റി ശ്രീമതി അമ്പിളി എസ്, സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ട്രിവാൻഡ്രം അധ്യാപകനായ ശ്രീ റെജിമോൻ ഡേവിഡ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹിന്ദി ദിവസത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഇത് സഹായകമായി. ഹിന്ദി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി ഈ ദിനം ആചരിക്കാൻ സാധിച്ചു.


*യുവജനോത്സവം

എറണാകുളം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്‌തിഥി ചെയ്യുന്ന സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ 2021_2022 അധ്യയന വർഷത്തിലെ സ്കൂൾ തല യുവജനോത്സവം ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗാത്മകമായ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള ഒരു വേദിയായി ഓൺലൈൻ  മത്സരങ്ങൾ മാറി. മലയാളം പ്രസംഗമത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും ശ്രേയ മരിയ ആൻറണിയും ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗീസ്സും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ യു.പി യിൽ നിന്നും ഏയ്ഞ്ചലിൻ ഡി കോസ്തയും ഹൈസ്കൂളിൽ നിന്നും ലെന ഖദീജ യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളം പദ്യം ചൊല്ലലിൽ യു.പി വിഭാഗത്തിൽ നിന്നും അന്ന ക്ലെയറും ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗ്ഗീസ്സും ഒന്നാം സ്ഥാനം നേടുകയുണ്ടായി. ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ യു.പി.യിൽനിന്നും സൂസന്ന ആൻ സെനിസും ഹൈസ്കൂളിൽ നിന്നും റൈസ അൻജും ഉം ഒന്നാം സ്ഥാനത്തിന് അർഹരായി. ഹിന്ദി പദ്യം ചൊല്ലലിൽ യു.പി. യിൽ നിന്നും ശ്രേയ മരിയ ആന്റണിയും ഹൈസ്കൂളിൽ നിന്നും മാർജീന എം.എയും ഒന്നാം സ്ഥാനം നേടി. ലളിത ഗാനത്തിൽ യു.പി. യിൽ നിന്നും ദേവിക കെ.എസ് ഉം   ഹൈസ്കൂളിൽ നിന്നും അഭിനന്ദനയും ഒന്നാം സ്ഥാനത്തിന് അർഹരായി. മാപ്പിളപ്പാട്ട് യു.പി.വിഭാഗത്തിൽ നിന്നും നൂസ നിസ്വിനും ഹൈസ്കൂളിൽ നിന്നും ഫർഹാന എം.ആർ.ഉം  ഒന്നാം സ്ഥാനം നേടി . നാടൻ പാട്ട് മത്സരത്തിൽ യുപി .യിൽ നിന്നും നൂസ നിസ്സിനും ഹൈസ്കൂളിൽ നിന്നും മേരി സ്റ്റിജ സ്റ്റീഫനും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മോണോ ആക്ട് മത്സരത്തിൽ യു.പി.യിൽ നിന്നും ആൻ മരിയയും ഹൈസ്കൂളിൽ നിന്നും ആഗ്നസ് എവലിനും ഒന്നാം സ്ഥാനം നേടുകയുണ്ടായി. ശാസ്ത്രീയ സംഗീതത്തിൽ ഹൈസ്കൂളിൽ നിന്നും വിജയലക്ഷ്മി ഒന്നാം സ്ഥാനം നേടി . കഥാപ്രസംഗത്തിൽ യുപിയിൽ നിന്നും ആർദ്ര എവി ഒന്നാം സ്ഥാനം നേടി. നാടോടി നൃത്തത്തിൽ യു പി.യിൽ നിന്നും ശിവാനി ഗിരീഷും ഹൈസ്കൂളിൽ നിന്നും അനുശ്രീ കെ.യു. യും ഒന്നാം സ്ഥാനം കരസ്ഥ മാക്കി. ഭരത നാട്യത്തിൽ ഹൈസ്കൂളിൽ നിന്നും വന്ദന കാന്തും യു.പി.യിൽ നിന്നും ഷംന കെ.പി.യും ഒന്നാം സ്ഥാനം കരസ്ഥമാക്കി . ഷോർട്ട് ഫിലിം തയ്യാറാക്കൽ മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും മാർജിന എം എ ഒന്നാം സ്ഥാനം നേടുകയുണ്ടായി .


* ലോക ഹൃദയ ദിനം

മഹാമാരിയും വെല്ലുവിളികളും നിറഞ്ഞ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ നാം മുന്നോട്ട് കുതിക്കുകയാണ്. 2O21 ലെ ലോക ഹൃദയ ദിനം ഇത്തരത്തിലുള്ള സാധ്യതകളെ മുൻ നിറുത്തി സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ്.ൽ സെപ്തംബർ 29 ന് ആഘോഷിക്കുകയുണ്ടായി. ലോക ഹൃദയ ദിനവുമായി ബന്ധപ്പെട്ട് സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിച്ച വീഡിയോയിൽ എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ആയ ഡോക്ടർ മഞ്ജു ജോർജ് കുട്ടികൾക്കായി അതിമനോഹാരമായ സന്ദേശം നൽകുകയുണ്ടായി.ഇന്നത്തെ സാഹചര്യത്തിൽ നാം പാലിക്കേണ്ട ഭക്ഷണ രീതികൾ, വ്യായാമങ്ങൾ എന്നിവ വളരെ ഭംഗിയായി കുട്ടികളുമായി പങ്കുവെച്ചു. ലോക ഹൃദയ ദിനവുമായി ബന്ധപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും കുട്ടികളുടെ വ്യായാമ രീതികളും കൊണ്ട് അതിമനോഹരമായ വീഡിയോ സ്കൂളിൻറെ യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത.


* ഗാന്ധിജയന്തി

നാം സ്നേഹത്തോടെ ബാപ്പുജി എന്ന് വിളിക്കുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തി ആയി നാം ആഘോഷിക്കുന്ന ഒക്ടോബർ2. ലോകത്ത് അക്രമങ്ങൾ വ്യാപകമാകുന്ന ഇക്കാലത്ത് അഹിംസയുടെ  സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിൻറെ ലക്ഷ്യം. എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഗാന്ധിജയന്തി മികച്ചരീതിയിൽ ആഘോഷിക്കുകയുണ്ടായി. ഗാന്ധിജയന്തിയുടെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടും വിധം ഗാന്ധിജിയുടെ സന്ദേശങ്ങളും പ്രബോധനങ്ങളും കുട്ടികൾ തന്നെ അവതരിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഗാന്ധിജിയുടെ പാവനസ്മരണയ്ക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഈ ദിനം കുട്ടികളും അധ്യാപകരും ചേർന്ന് അവിസ്മരണീയമാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെൻറ് ആൻസ് പബ്ലിക് സ്കൂൾ ചേർത്തല നടത്തിയ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൗരി വിനോദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി മനോരമ നല്ല പാഠം ,തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജി സ്റ്റാംപ് ഡിസൈൻ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര സമ്മാനാർഹയായി.


*തിരികെ വിദ്യാലയത്തിലേയ്ക്ക്

വളരെ കാലത്തിനു ശേഷം കോവിഡ് എന്ന മഹാമാരിയാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാതിരുന്ന കുട്ടികൾ 2021 നവംബർ ഒന്നാം തീയതി തിരികെ സ്കൂളിലേയ്ക്ക് എത്തിച്ചേർന്നു. എറണാകുളം സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ് ലെ പ്രധാനാധ്യാപിക സി.ലൗലിയും സഹ അധ്യാപകരും ചേർന്ന് കുട്ടികളെ അതിഗംഭീരമായി വരമേറ്റു. പുഷ്പങ്ങളും ബലൂണുകളും കൊണ്ട് സ്കൂളും ക്ലാസ് റൂമുകളും വർണ്ണശഭളമാക്കി. കോവിഡ് പ്രതിരോധ പോസ്റ്ററുകൾ സ്കൂളിന്റെ പലയിടങ്ങളിലും പ്രദർശിപ്പിച്ചു.പ്രധാനാധ്യാപികയും പി.ടി.എ. പ്രസിഡന്റ് അഡ്വക്കറ്റ് ശ്രീ.ജോർജ്ജ് സക്കറിയയും ചേർന്ന് കുട്ടികൾക്ക് ആശംസകൾ നേർന്നു.19 മാസങ്ങൾക്കു ശേഷം സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾക്ക് തികച്ചും സന്തോഷപ്രദമായ ഒരു അനുഭവം പങ്കുവയ്ക്കാൻ സ്കൂളിനു സാധിച്ചു.


*സി.വി. രാമൻ ദിനം

ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖരവെങ്കിട്ടരാമൻ.അദ്ദേഹത്തിൻറെ രാമൻ പ്രഭാവം എന്ന കണ്ടെത്തലാണ് 1930 നോബൽ സമ്മാനത്തിന് അർഹനായത് .സെൻറ് മേരീസ് സി ജി എച്ച് എസ് എസ് ൽ സി വി രാമൻ ദിനം നവംബർ ഏഴാം തീയതി മികച്ച രീതിയിൽ ആഘോഷിക്കുകയുണ്ടായി .ഭാരതത്തിലെ മൺമറഞ്ഞുപോയ പ്രഗത്ഭരുടെ കഴിവുകൾ കുട്ടികളിലേക്ക് എത്തിക്കുകയും അത് അവരിൽ  പ്രചോദനം സൃഷ്ടിക്കുകയും ചെയ്യുക ,എന്ന ലക്ഷ്യത്തോടെ സ്കൂളിൻറെ യൂട്യൂബ് ചാനലിൽ സി.വി. രാമൻ ദിനത്തെക്കുറിച്ചുള്ള വീഡിയോ അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ പുറത്തിറക്കുകയുണ്ടായി .കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ നമുക്ക് ഏതൊരു ഉയരത്തിലും എത്താമെന്ന് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സിവി രാമന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു.


*കേരള പിറവി

വൈവിധ്യമാർന്ന ഭൂപ്രകൃതിയും സന്തുലിതമായ കാലാവസ്ഥയും കലാസാംസ്കാരിക തനിമയും നിരവധി ഐതിഹ്യങ്ങളും ഒത്തിണങ്ങിയ കേരള ഭൂമിക ,ഐക്യകേരളമായി രൂപപ്പെട്ടതിന്റെ അറുപത്തിഅഞ്ചാം ജന്മദിനം കേരളപിറവി ആയി നവംബർഒന്നിന് നാം ആഘോഷിച്ചു .പിന്നിട്ട കാലത്തെ അനേകം നേട്ടങ്ങൾക്കൊപ്പം പ്രളയം ,ഓഖി ,കൊറോണ എന്നിവയെല്ലാം അതിജീവിച്ച് കേരളം ഇന്നും മുന്നോട്ട് .ഇന്ന് കേരളത്തിന്റെ ഖ്യാതി ലോകത്തിൻറെ അതിർത്തികൾ ഭേദിച്ച് ഭൂമിയിൽ എങ്ങും വ്യാപിച്ചിരിക്കുന്നു .സെൻറ് മേരീസ് സി ജി എച്ച് എസ്  ന്റെ പി ടി എ പ്രസിഡണ്ട് കുട്ടികൾക്ക് കേരളപ്പിറവി ആശംസകൾ അറിയിക്കുകയുണ്ടായി .കേരള പൈതൃകം വിളിച്ചോതുന്  ന കുട്ടികളുടെ വിവിധ തരം കലാപരിപാടികൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ തയ്യാറാക്കുകയും സ്കൂളിന്റെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു .കേരളത്തിലെ 14 ജില്ലകളുടെയും പ്രത്യേകതകളും കേരളത്തിൻറെ തനതായ സാമൂഹ്യ രീതികളും ഐതിഹ്യങ്ങളും കുട്ടികളിലേക്ക് എത്തിക്കാൻ ഈ വീഡിയോ സഹായകമായി.


*കൈരളി രത്നങ്ങൾ

കേരളപ്പിറവിയോടനുബന്ധിച്ച് സെൻറ് മേരിസ് സി.ജി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥികൾ കേരളത്തിലെ 100 സാഹിത്യകാരന്മാരെ കുറിച്ച് തയ്യാറാക്കിയ വീഡിയോയാണ് കൈരളി രത്നങ്ങൾ .മലയാളസാഹിത്യത്തിന് മുതൽക്കൂട്ടായ മൺമറഞ്ഞു പോയ ഒട്ടനവധി പ്രതിഭകളെ പുത്തൻ തലമുറയ്ക്ക് പരിചയപ്പെടാനും അവരിൽ കഴിവുകളെ തിരിച്ചറിയുവാനും ഇത്തരം വീഡിയോകളിലൂടെ സാധിക്കുന്നു .


*ശിശുദിനം

കുട്ടികളുടെ സ്വന്തം ചാച്ചാജിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനം. സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ് ന്റെ ശിശുദിനാഘോഷങ്ങൾ വർണ്ണാഭമായി നവംബർ 14 -ാം തീയതി അധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷിച്ചു. ശിശുദിനത്തിന്റെ ഊഷ്മളമായ ആശംസകളും സന്ദേശങ്ങളും പ്രശസ്തനായ സിനിമാ ബാലതാരം ശ്രീ ആദിഷ് പ്രവീൺ കുട്ടികളുമായി പങ്കുവെക്കുകയുണ്ടായി .പ്രധാനാധ്യാപിക സിസ്റ്റർ ലൗലി കുട്ടികൾക്കുള്ള സന്ദേശം നൽകുകയുണ്ടായി .ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിരവധി കലാപരിപാടികൾ ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും യൂട്യൂബ് ചാനലിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു .ശിശുദിനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രഗത്ഭരായ ജഡ്ജിമാരും കുട്ടികളുമായി സംവദിക്കുവാൻ ഉള്ള അവസരം നവംബർ 14 ആം തീയതി സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി .ഇന്ത്യൻ ഭരണഘടനയിൽ നാം പാലിക്കേണ്ട ഒട്ടനവധി വസ്തുതകളെ കുറിച്ചുള്ള ചർച്ചകൾ കുട്ടികളിൽ നല്ലൊരു ഭാവി വാർത്തെടുക്കുന്നതിന് സഹായകമായി.


*സ്ത്രീധന വിരുദ്ധ ദിനം

1961-ലാണ് സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് .ഇന്ത്യയിൽ വർഷം എണ്ണായിരം മരണങ്ങൾ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്നു .സ്ത്രീധനമല്ല പെൺകുട്ടികൾക്ക് വിദ്യാഭ്യാസമാണ് നൽകേണ്ടത് എന്ന അവബോധം സ്കുട്ടികളിലേക്ക് എത്തിക്കുന്നതിനായി നവംബർ 26ന്കൂളിൽ സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കുകയും ഇതിന്റെ സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു.


*ലോക എയ്ഡ്സ് ദിനം

എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിൽ ഡിസംബർ ഒന്നാം തീയതി എയ്ഡ്സ് ദിനം ആചരിക്കുകയുണ്ടായി രോഗത്തെക്കുറിച്ചും രോഗ സാധ്യതകളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും നാടകങ്ങളിലൂടെ പ്രസംഗങ്ങളിലൂടെയും കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഇത്തരം ദിനങ്ങൾ ആചരിക്കുന്നതിലൂടെ സ്കൂളിന് സാധിക്കുന്നു .


*ക്രിസ്തുമസ് ആഘോഷം

യേശുക്രിസ്തുവിന്റെ ജന്മദിനമായ ഡിസംബർ 25 ലോകമെങ്ങും ക്രിസ്തുമസ് ആയി നാം ആഘോഷിക്കുന്നു .സെൻറ് മേരീസ് സിജിഎച്ച്എസ്എസിലെ ക്രിസ്തുമസ് ആഘോഷങ്ങൾ വളരെ ഭംഗിയായിത്തന്നെ നടത്തുകയുണ്ടായി .ക്രിസ്തുമസുമായി ബന്ധപ്പെട്ട് സ്റ്റാർ നിർമ്മാണ മത്സരം കരോൾ ഗാന മത്സരം എന്നിങ്ങനെ ഒട്ടനവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി .വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകുകയും കുട്ടികളുടെ നിരവധി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. മാനേജർ സിസ്റ്റർ ലിയയും സിസ്റ്റർ അമലയും ചേർന്ന് കുട്ടികൾക്ക് ക്രിസ്മസ് സന്ദേശങ്ങളും ആശംസകളും പങ്കുവെയ്ക്കുകയും ചെയ്തു.


* റിപ്പബ്ലിക് ദിനാഘോഷം

രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ വളരെ ഭംഗിയായി ജനുവരി 26 ന് നടത്തുകയുണ്ടായി.രാവിലെ പതാക ഉയർത്തിയും റിപ്പബ്ലിക് ദിന സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിച്ചും ദേശീയ ഗാനം ആലപിച്ചും ഈ ദിനം ആഘോഷിക്കുകയുണ്ടായി.കുട്ടികളുടെ ദേശഭക്തിഗാനവും പ്രസംഗവും എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും സ്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

*നേട്ടം

അക്ഷരമുറ്റം ഉപജില്ല ക്വിസ് മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര എ.വി. രണ്ടാം സ്ഥാനം കരസ്ഥമാക്കി. സി.സി . പ്ലസ് ലേർണിംഗ് ആപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര എ.വി. മൂന്നാം സ്ഥാനം കരസ്ഥമാക്കി.


*വാർഷികാഘോഷം

2021_ 2022 വർഷത്തെ നമ്മുടെ സ്കൂളിലെ വാർഷികാഘോഷം ഫെബ്രുവരി 14 ആം തീയതി വളരെ മികച്ച രീതിയിൽ ആഘോഷിക്കുകയുണ്ടായി.വാർഷികാഘോഷങ്ങളുടെ ഭാഗമായി എംപി ശ്രീ ഹൈബി ഈഡൻ ,എംഎൽഎ ശ്രീ T.J വിനോദ്  കൗൺസിലർ ശ്രീ മനു എന്നിവരുടെ മഹനീയ സാന്നിധ്യം വേദിയെ പരിപൂർണ്ണമാക്കി. സ്കൂൾ മാനേജർ സിസ്റ്റർ ലിയ സ്വാഗതം ആശംസിച്ചു. വിമല പ്രോവിൻസ് സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ ഫ്ലവർ അധ്യക്ഷപദം അലങ്കരിച്ചു. മുഖ്യ പ്രഭാഷകനായി ശ്രീ ടി ജെ വിനോദ് വേദിയെ ധന്യമാക്കി. എംപി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു .ഈ വർഷം റിട്ടയർ ചെയ്യുന്ന അധ്യാപകരായ സിസ്റ്റർ കുസുമം ,ശ്രീമതി ലിസി, ശ്രീമതി കൊച്ചുറാണി, ശ്രീമതി ഷെർലി എന്നിവർ അവരുടെ ഇത്രയും വർഷത്തെ അനുഭവങ്ങളും അറിവുകളും സമൂഹവുമായി പങ്കുവെക്കുകയുണ്ടായി. പ്രധാന അധ്യാപിക സിസ്റ്റർ ലൗലി ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ്, എൽപി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ ,പി ടി എ പ്രസിഡൻറ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ അവരുടെ ആശംസകൾ പങ്കുവെക്കുകയുണ്ടായി. തുടർന്ന് എസ്എസ്എൽസി ,പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കും, കലാ സാംസ്കാരിക ശാസ്ത്ര മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കും ഉള്ള സമ്മാനവിതരണം നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ വിവിധതരം കലാപരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. ദേശീയ ഗാനത്തോടെ വാർഷികാഘോഷങ്ങൾക്ക് വിരാമമായി.


നേട്ടം

വിദ്യാഭ്യാസത്തിന്റെ മഹത്വം കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ്.ഉം മാതൃഭൂമിയും കൊച്ചിൻ കോർപറേഷനും സംയുക്തമായി ഒരു അവാർഡ് ദാന ചടങ്ങ് ഫെബ്രുവരി 24 ആം തീയതി നമ്മുടെ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ നമ്മുടെസ്കൂളിലെയും മറ്റു സ്കൂളുകളിലെയും വിദ്യാർത്ഥികളെ സമന്വയിപ്പിച്ച് അവർക്ക് ആശംസകളും അവാർഡും സമ്മാനിക്കുകയുണ്ടായി.പൊതു സമൂഹത്തിന്റെ ഇത്തരത്തിലുള്ള അംഗീകാരങ്ങൾ മൂല്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന് സഹായിക്കുന്നു.