ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഫോർട്ടുകൊച്ചിയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപാണ് കുമ്പളങ്ങി. ഈ ദ്വീപിനെ മാതൃകാ മീൻപിടുത്ത ഗ്രാമവും വിനോദസഞ്ചാരികളുടെ സ്വപ്‌നലക്ഷ്യവുമാക്കി മാറ്റാനുള്ള പദ്ധതിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രോജക്ട്. രാജ്യത്തെ തന്നെ ഇത്തരത്തിലുളള ആദ്യത്തെ പദ്ധതിയാണിത്. ചെമ്മീൻകെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങും മനോഹരമാക്കുന്ന ഈ ഗ്രാമത്തിന്റെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയും മീൻപിടുത്തവും ആണ്. അത് അതേപടി സഞ്ചാരികൾക്കായി ചെത്തി മിനുക്കിയെന്നതാണ് കുമ്പളങ്ങിയുടെ വിജയത്തിന്റെ രഹസ്യം.

കുമ്പളങ്ങിയുടെ ചുറ്റും കായലാണ്. ദ്വീപിൽ എവിടെ നോക്കിയാലും ചീനവലകൾ കാണാം. കണ്ടലുകളുടെ ഒരുനിര ഗ്രാമത്തെ വെള്ളത്തിൽ നിന്നു വേർതിരിക്കുന്നു. ചെമ്മീൻ, ഞണ്ട്, വിവിധതരം കക്ക, ചെറുമീനുകൾ എന്നിവയുടെ പ്രജനന സങ്കേതങ്ങളാണ് ഈ കണ്ടൽകാടും കൈത്തോടുകളും വയലുകളും ചേർന്ന ഭൂമി.

തൊട്ടടുത്തുള്ള പള്ളുരുത്തിയും ഇതേ മാതൃകയിൽ വികസിച്ചു വരുന്നു. തലമുറകളായി കൈമാറി വന്ന ജീവിതരീതി പിന്തുടരുന്ന ഗ്രാമീണ ജീവിതം ഇപ്പോഴും ഈ തീരദേശഗ്രാമങ്ങളിൽ ഇല്ലാതായിട്ടില്ല. മത്സ്യബന്ധന ഉപകരണങ്ങളും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്ന കലാഗ്രാമം കലാകാരന്മാരുടെ ഗ്രാമമാണ്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് ഇവിടെ എത്തുന്ന സന്ദർശകരുടെ ഹരമാണ്. ഗ്രാമത്തിലെ മിക്ക വീടുകളും ഹോംസ്‌റ്റേകളായി മാറിയിട്ടുണ്ട്. സന്ദർശകർക്ക് ഇവരുമായി ബന്ധപ്പെട്ട് താമസം ഉറപ്പാക്കാം.

എങ്ങനെ എത്താം

അടുത്തുളള റെയിൽവേ സ്റ്റേഷൻ : എറണാകുളം, 14 കി. മീ.  വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 46 കി. മീ.

ഭൂപട സൂചിക അക്ഷാംശം : 9.874834 രേഖാംശം : 76.285515