ജി. എൽ. പി. എസ്. മുതലമട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
പൂർവാദ്ധ്യാപകർ
പൂർവാദ്ധ്യാപകർ
പൂർവാദ്ധ്യാപകർ

ഗവൺമെന്റ് എൽ പി സ്കൂൾ മുതലമട

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിന്റെ ഭാഗമായിരുന്ന മുതലമടയിലും കിഴക്കേ തറയിലും ഉള്ള പ്രദേശങ്ങളിൽ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലം.ആശാന്മാരുടെ കുടിപ്പള്ളിക്കൂടങ്ങൾ, പൂഴിയെഴുത്ത്, ഓലയെഴുത്ത് തുടങ്ങിയവയിലുള്ള കാലഘട്ടം. നാട്ടുപ്രമാണിമാരുടെ മക്കൾ മാത്രം സവാരിവണ്ടികളിൽ കൊല്ലംകോടോ ചിറ്റൂരോ പോയി പഠിച്ചിരുന്ന കാലം. ജാതി തിരിച്ചു വിദ്യാലയങ്ങൾ അനുവദിച്ചിരുന്ന ഒരു കാലം. ഇന്ന് 143 ച: മൈൽ വിസ്തീർണവും വലുപ്പത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും ഭൂരിഭാഗം  വനപ്രദേശങ്ങൾ ഉൾകൊള്ളുന്നതുമായ മുതലമട പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസം അന്നത്തെ സാമൂഹ്യ പ്രവർത്തകരുടെ ഫലമായി 11.06.1919 ൽ  മായൻകുട്ടി എന്ന കുട്ടിയെ പ്രേവേശിപ്പിച്ചുകൊണ്ട് ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി. വി. നാരായണൻ നായർ  തുടക്കമിടുകയുണ്ടായി. ബോർഡ് ഹിന്ദു ബോയ്സ് സ്കൂൾ, ബോർഡ് ഹിന്ദു ഗേൾസ്‌ സ്കൂൾ ഇവ ഒന്നിച്ചു ചേർന്ന് ഹിന്ദു ബോർഡ് എലിമന്ററി സ്കൂൾ മുതലമടയിലെ നണ്ടൻകീഴായയിൽ സ്ഥാപിക്കപ്പെട്ടു.തുടക്കത്തിൽ 27 കുട്ടികളും 2 അധ്യാപകരും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു. 1925 ൽ പൂർണമായ വിദ്യാലയമായി പ്രവർത്തിക്കുവാൻ തുടങ്ങി. അന്ന് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 144 കുട്ടികളുമുണ്ടായിരുന്നു.80 കുട്ടികൾക്കുള്ള സ്ഥലസൗകര്യമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ നിലയിൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കേണ്ടി വരുമെന്ന് 1. 7.1925ൽ പാലക്കാട് റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ രാമനാഥശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. 1.10.1957 ലാണ് ജി. എൽ. പി. എസ് മുതലമട എന്ന പേരിൽ സർക്കാർ ഈ സ്ഥാപനത്തെ ഏറ്റെടുത്തത്.

1919 മുതൽ 1929 വരെ ശ്രീ ഒ.കുഞ്ഞികൃഷ്ണൻ നായരുടെ വക വാടക കെട്ടിടത്തിലും 1929 മുതൽ 1939 വരെ ശ്രീ. എസ്.സുബ്രരാമയ്യർ വക വാടക കെട്ടിടത്തിലും നണ്ടൻകീഴായയിൽ പ്രതിമാസം 13 ക വാടകയ്ക്കാണി വിദ്യാലയം പ്രവർത്തിച്ചത്. 1939 മുതൽ 1969 വരെ നല്ല മീരാൻ റാവൂത്തരുടെ വക 2 കെട്ടിടങ്ങളിൽ 114 ക പ്രതിമാസ വാടകയ്ക്കും 1969 മുതൽ 2000 വരെ അതേ കെട്ടിടങ്ങളിൽ എൻ. എൻ മൂസയുടെ ഉടമസ്ഥതയിലും വാടക നൽകി വിദ്യാലയം പ്രവർത്തിച്ചു വന്നു. വാടക വർധിച്ചു പ്രതിമാസം 807 രൂപ വരെയായി.

ശ്രീ. പി. നാഗുമണി മാസ്റ്റർ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ ശ്രദ്ധ ചെലുത്തിയ വ്യക്തിയായിരുന്നു. പോക്കറ്റിൽ മിട്ടായിയുമായി വീടുകളിൽ ചെന്ന് കുട്ടികളെ കൊണ്ട് വന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അദ്ദേഹമായിരുന്നു മുതലമട പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്. ശ്രീ. എസ്. രാമലിംഗപിള്ള (1924-37) ശ്രീ. എ. എസ് നാരായണ അയ്യർ(1937-55) ശ്രീ. കെ. ശ്രീധരമേനോൻ(1955-59) ശ്രീ. കെ. കൃഷ്ണനുണ്ണി(1959-69) ശ്രീ. പി. കൊച്ചപ്പൻ(1969-1994) ശ്രീ. ടി. പി തുളസിദാസൻ നായർ(1994-95)എന്നിവർ ഹെഡ്മാസ്റ്റർമാരായിരുന്നിട്ടുണ്ട്.

1919 മുതൽ 1934 വരെ 1 മുതൽ 5 വരെ ഉണ്ടായിരുന്നു. 1934 ൽ 1,2 ക്ലാസുകൾ ഇല്ലാതെയായി. 1939 മുതൽ അഞ്ചാം തരം വീണ്ടും പ്രവർത്തിച്ചു. 1960 ൽ അഞ്ചാം തരം നിർത്തൽ ചെയ്തു. ഒന്നു മുതൽ നാലുവരെ മാത്രമായി ക്ലാസുകൾ.

1969 ൽ സുവർണ്ണജൂബിലി ആഘോഷിച്ചു. അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.കെ. അവുകാദർകുട്ടി നഹാ പങ്കെടുക്കുകയുണ്ടായി. അന്ന് 520 കുട്ടികളും 16 അധ്യാപകരും ഉണ്ടായിരുന്നു. കുട്ടികളുടെ സൗകര്യത്തിനായി 1979ൽ വാടകകെട്ടിടത്തിനോടനുബന്ധിച്ച് ഒരു താത്കാലിക ഷെഡ് കെട്ടി സൗകര്യമേർപ്പെടുത്തി. എൻഞ്ചിനിയർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ അത് പൊളിച്ചുമാറ്റി. സ്ഥലസൗകര്യ കുറവിനാൽ പ്രത്യേക അനുമതി വാങ്ങി 1985- 86 മുതൽ വിദ്യാലയം സെഷണൽ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചത്.

എഴുപതാം വാർഷികം 1990ൽ ആഘോഷിച്ചു. 1970 ൽ സംസ്ഥാന അവാർഡ് നേടിയ ഹെഡ്മാസ്റ്റർ ശ്രീ.പി. കൊച്ചപ്പൻ മാസ്റ്ററുടെ കാലത്താണ് വിദ്യാലയത്തിന് സ്വന്തം സ്ഥലം കണ്ടെത്താനുള്ള പ്രവർത്തനം നടന്നത്. ഇക്കാര്യത്തിനുവേണ്ടി കൂടുതൽ പ്രവർത്തിച്ച പി ടി എ പ്രസിഡണ്ട് ആയ ശ്രീ. ഷാഹുൽഹമീദ്, ശ്രീ. എ.സി നൂറുദ്ദീൻ (കൺവീനർ), ശ്രീ. എം. എ ഹമീദ്, ശ്രീ. എൻ. എ കാസാപ്പ, ശ്രീ. നടരാജമുത്തലിയാർ, ശ്രീ. എൻ. പി ഹനീഫാറാവുത്തർ, ശ്രീ. ആർ. ശിവരാമപിള്ള, ശ്രീ. എൻ. ജെ യൂസഫ്, ശ്രീ. സി. സി കൃഷ്ണൻ എന്നിവരുടെ പ്രവർത്തനം ഈ വിദ്യാലയം സ്മരിക്കുന്നു.60 സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായി വാങ്ങി, എഴുപതിയഞ്ചാം വാർഷികത്തോടൊപ്പം അന്നത്തെ എം. എൽ. എ ശ്രീ. ടി. ചാത്തു മുഖാന്തരം സർക്കാരിൽ ഏൽപ്പിച്ചു. ഇക്കാര്യത്തിൽ മുതലമട സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.

22. 5.1995 ൽ ഹെഡ്മാസ്റ്ററായി ശ്രീ. എൻ. പക്കീർ മുഹമ്മദ് ചുമതലയേറ്റു. സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങി. പുതുതായി വാങ്ങിയ സ്ഥലത്ത് ശ്രീ.വിജയരാഘവൻ എംപി ക്കുള്ള ഫണ്ടിൽ നിന്ന് 6 മുറികളുള്ള കെട്ടിടം (6.35 ലക്ഷം രൂപ അനുവദിച്ചു) നിർമ്മാണം പൂർത്തിയാക്കി. ഉദ്ഘാടനം കഴിഞ്ഞ് 18.8.98 മുതൽ 5 ക്ലാസുകൾ അങ്ങോട്ടു മാറ്റി. ഈ വിദ്യാലയത്തിൽ നിലനിന്നിരുന്ന സെഷണൽ സമ്പ്രദായം നിർത്തൽ ചെയ്തു.

സ്കൂളിന്റെ എൺപതാം വാർഷികാഘോഷം അന്നത്തെ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി.ശ്രീ.പി.ജെ ജോസഫ് 22.1.2000ൽ ഉദ്ഘാടനം ചെയ്യുകയുണ്ടായി. തുടർന്ന് 2019 ൽ നെന്മാറ എം. എൽ. എ ശ്രീ. ബാബു ഒരു വർഷം നീണ്ടു നിന്ന ശദാബ്ദി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു.


ഭൗതികസാഹചര്യം

കേരളത്തിലുണ്ടായ ചരിത്രപരമായ ഈ മാറ്റത്തിന് അര നൂറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാൽ പത്തൊമ്പതാം നൂണ്ടാണ്ടിൻറെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിൻ‍റെ ആരംഭത്തിലുമാണ് മുതലമടയിലെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത്. ആശാൻമാരുടെ കുടിപ്പള്ളിക്കൂടമായിരുന്നു തുടക്കം. ജൻമികളുടെയോ, ചാർത്തുകുടിയാൻമാരുടെയോ മക്കൾക്ക് മാത്രമേ പള്ളിക്കൂടങ്ങളിൽ പടിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. മറ്റുകുട്ടികൾക്കൊന്നും ഇത്തരം വിദ്യാലയങ്ങളിൽ പോകുന്നതിനോ, പഠിക്കുന്നതിനോ സാധിച്ചിരുന്നില്ല.

ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം മുതലമടയിൽ ആരംഭിച്ചത് 1919 ൽ ആയിരുന്നു. ഇന്ന് ജി.എൽ.പി.എസ് മുതലമട എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം നണ്ടൻകിഴായയിലാണ് നിലവിൽ വന്നത്. അന്ന് വാടകകെട്ടിടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചിരുന്നത്. തുടക്കത്തിൽ 27 കുട്ടികളും 2 അധ്യാപകരും 1 മുതൽ 3 വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു. 1925 പൂർണ്ണമായി വിദ്യാലയം പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് 150 ഓളം കുട്ടികൾ വിദ്യാലയത്തിൽ എത്തുകയുണ്ടായി. പക്ഷെ 80 കുട്ടികൾക്കുള്ള സ്ഥലസ‍ൗകര്യം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ നിലയിൽ സ്കൂളിൻറെ അംഗീകാരം പിൻവലിക്കേണ്ടി വരുമെന്ന് 01/07/1925 ൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ.രാമനാഥ ശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് 01/10/1957 ലാണ് ജി.എൽ.പി.എസ് മുതലമട എന്ന പേരിൽ സർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തത്.

വർഷം വാടക കെട്ടിടത്തിന് നേത്യത്വം നൽകിയ വ്യക്തി വാടക (മാസം)
1919-1929 ഒ.കുഞ്ഞികൃഷ്ണൻ നായരുടെ കെട്ടിടം 10 രൂപ
1929-1939 എസ്.സുബ്ബരാമയ്യരുടെ കെട്ടിടം 13 രൂപ
1939-1969 നല്ലമീറാൻ റാവുത്തരുടെ കെട്ടിടം 114 രൂപ
1969-2000 എൻ.എൻ.മൂസയുടെ കെട്ടിടം 807 രൂപ

അങ്ങനെ നീണ്ട 80 വർഷത്തെ വാടക കെട്ടിട പ്രവർത്തനം മതിയാക്കി 31/01/2001 ന് എല്ലാവിധ സൗകര്യങ്ങളോടും കൂടി പുതിയ ബഹുസഹസ്രാബ്ദത്തിൽ വിദ്യാലയം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇപ്പോൾ 14 ക്ലാസ്സ് മുറികളും 8 ഡിവിഷനുകളുമായി 252 കുട്ടികൾ പഠിക്കുന്നു. 10 സ്റ്റാഫംഗങ്ങളും ഒരു പി.ടി.സി.എം മും, ഒരു വിധഗ്ദ്ധ കുക്കും ഇവിടെ പ്രവർത്തിക്കുന്നു. 60 സെൻറ് സ്ഥലത്തിൽ ചതുരാകൃതിയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. പെൺകുട്ടികൾക്ക് മാത്രമായി 4 ശൗചാലയങ്ങളും ആൺകുട്ടികൾക്കായി 2 വലിയ ശൗചാലയങ്ങളും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുര (2022) ഇവിടെ പണിപൂർത്തിയാക്കിയിട്ടുണ്ട്. പാചകത്തിന് ആവശ്യമായ അടുക്കളയും അതിനോടൊപ്പം ഒരു ശേഖരണമുറിയും സ്ഥിതിചെയ്യുന്നു. അധ്യാപകർക്കാവശ്യമായ ടോയ് ലെറ്റും ഇവിടെ ഉണ്ട്.

ഭൗതിക സൗകര്യങ്ങളിൽ ഇന്ന് പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ല . സ്കൂൾ അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വൈദ്യുതീകരണം ഹാളിലും ഓഫീസിലും എല്ലാ ക്ലസ് മുറികളിലും അടുക്കളയിലും സജീവമാക്കിയിട്ടുണ്ട്. ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യമായ ബെഞ്ച് ,‍ഡെസ്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂന്തോട്ട വിപുലീകരണം തുടർന്നുകൊണ്ടിരിക്കുന്നു. തണൽ മരങ്ങൾ വച്ചു പിടിപ്പിച്ച് ഇവിടെ മണ്ണൊലിപ്പ് തടയുന്നതിന് വേണ്ട സംവിധാനം ചെയ്തിട്ടുണ്ട്.

മത്സരപരീക്ഷകൾ, ക്വിസ് മത്സരങ്ങൾ, കലാ കായികം, വിജ്ഞാനോത്സവം, എൽ.എസ്.എസ് പോലുള്ള പരീക്ഷകൾക്ക് ഇവിടെ പ്രത്യേക കോച്ചിംഗ് നൽകിവരുന്നു. ഇവയിൽ കുട്ടികൾ മികവം പ്രകടിപ്പിച്ചിട്ടുണ്ട്. അക്കാദമികമായി മികച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും നൂതനആശയങ്ങൾ കൊണ്ടുവരാൻ അധ്യാപകർ ശ്രമിക്കുന്നുണ്ട്. അത് തുടരാൻ തന്നെയാണ് തീരുമാനം.