കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഴയ കുറുമ്പ്രനാട് താലൂക്കിലെ നാലു നാടുകളിലൊന്നായ നടുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്തുകേന്ദ്രമായ വെങ്ങളത്ത് കടവിനും പ്രവിശാലമായ പറമ്പിൻകാട് കുന്നിനും സമീപത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. കുറുമ്പ്രനാട് താലൂക്കിന്റെ ആസ്ഥാനമായ നടുവണ്ണൂരിൽ 1913 വരെ എഴുത്തുപള്ളിക്കൂടം നിലവിലില്ലായിരുന്നു. 1913 ലാണ് ആദ്യമായി എഴുത്തുപള്ളിക്കൂടം നടുവണ്ണൂരിൽ സ്ഥാപിച്ചത്. ഇന്നത്തെ നടുവണ്ണൂർ ഗവ: ഹയർ സക്കന്ററി സ്കൂളാണ് ആ എഴുത്തുപള്ളിക്കൂടം. അതിന് ശേഷം സ്ഥാപിക്കപ്പെട്ട നടുവണ്ണൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്കൂൾ.
മുസ്ലിംകളും ഹരിജനങ്ങളും മറ്റ് പിന്നോക്കസമദായക്കാരും തിങ്ങിതാമസിക്കുന്ന അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരിക്കൻമാരിൽ പ്രധാനിയായ അനന്തൻ ഗുരിക്കളാണ്. കാവിൽ പ്രദേശത്തെ പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻ നായർ തന്റെ കടംബം വകയായുള്ള ചെറിയ പാലയാട്ട് പറമ്പിലെ റി: സർവ്വെ നമ്പർ 160 ൽ പെട്ട 18 സെന്റ് സ്ഥലമാണ് ഈ സംരംഭത്തിന് അനന്തൻ ഗുരിക്കൾക്ക് ദാനമായി നൽകിയത്. പഴയകാലത്ത് പാലയാട്ട് സ്കൂൾ എന്ന് വിളിക്കപ്പെടുന്ന കാവിൽ എ എം എൽ പി സ്കൂൾ 1914ൽ സ്ഥാപിച്ചെങ്കിലും അന്നത്തെ മദിരാശി സർക്കാർ ഡിസ് നമ്പർ 72 എം ഡേറ്റഡ് 11/02/1916 എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1916 ലാണ് മുസ്ലിം സ്കൂളായി അംഗീകരിച്ചത്.
സ്കൂളിന്റെ ആദ്യമാനേജരും പ്രധാന അധ്യാപകനും അനന്തൻ ഗുരിക്കൾ തന്നെയായിരുന്നു. അന്ന് ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. തുടക്കത്തിൽ 180 ഓളം വിദ്യാർഥികൾ ഇവിടെ പഠിതാക്കളുണ്ടായിരുന്നു. പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്കൂളിനുണ്ടായിരുന്നുള്ളൂ. അ്ക്കാലത്ത് 15 മീറ്റർ നീളവും 6 മീറ്റർ വീതയുമുള്ള ഒരു ഓല ഷെഡ്ഢിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.
അങ്ങിനെയിരിക്കെ സ്കൂൾ നടത്തികൊണ്ടു പോകാനുള്ള പ്രയാസവും ശാരീരിക അസ്വാസ്ഥ്യവും കാരണം അനന്തൻ ഗുരിക്കൾ തന്റെ സഹപ്രവർത്തകനായ കേളമംഗലത്ത് കണ്ടി ഗോപാലൻ അടിയോടിക്ക് സ്‍കൂളിന്റെ ഉടമസ്ഥാവാകാശവും പ്രധാനാധ്യാപകന്റെ ചുമതലയും ഏൽപ്പിച്ചുകൊണ്ട് 1930 ൽ സ്കൂളിനോട് വിട പറഞ്ഞു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണത്തിൻ കീഴിൽ ൦1-07-1931 മതലാണ് സ്കൂൾ റിക്കോർഡുകൾ സൂക്ഷിച്ച് പോന്നതായി കാണുന്നത്. പിന്നീടുള്ള കാലത്ത് പരിശോധന സമയത്ത് 5 ാം ക്ലാസിൽ വേണ്ടത്ര വിദ്യാർഥികൾ ഇല്ലാത്ത കാരണം അഞ്ചാം ക്ലാസ് നിർത്തലാക്കുകയായിരുന്നു.