സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം

കല്ലോടി

നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകൾ സൂര്യതേജസ്സിന്റെ വാസരപ്പൂക്കൾക്കു വഴിമാറവേ, വർഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങൾ ഒളിച്ചുകളിക്കുന്ന കുന്നോരങ്ങൾ വയൽപ്പരപ്പോടു ചേരവേ, കബനിയിൽ കുളിച്ച് ഈറനുടുത്ത് ഹരിതാഭപുതച്ച് ബാണാസുരക്കോണിൽ ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി. അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്ക്കൂൾ. അജ്ഞാനതിമിരത്തിൽ കൊളുത്തി വച്ച കൈത്തിരി..... ഇരുൾക്കടലിൽ കരതേടുന്ന യാനപാത്രങ്ങൾക്കു വിളക്കുമരം..... ഗ്രാമഹൃദയത്തിന്റെ ഇടനാഴിയിൽ നിറഞ്ഞുകത്തുന്ന ചെരാത്....... അറിവിന്റെ- തിരിച്ചറിവിന്റെ ഉർവരത..... മരുഭൂവിൽ നീരുറവ തേടുന്നവന് മരുപ്പച്ച..... കൂരിരുൾകൊടുങ്കാട്ടിൽ പ്രത്യാശയുടെ മിന്നാമിനുങ്ങുവെട്ടം..... നിരക്ഷരസ്വപ്നങ്ങൾക്ക് സാക്ഷരതയുടെ സാഫല്യം മാനന്തവാടി താലൂക്കിൽ എടവക പ‌ഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് ഞങ്ങളുടെ ജന്മദേശമായ കല്ലോടി സ്ഥിതിചെയ്യുന്നത്. സാമൂഹിക,സാംസ്കാരിക,സാമ്പത്തിക മേഖലകളിൽ പുരോഗതി

നേടിയിട്ടുള്ള കല്ലോടിയെ കേന്ദ്രീകരിച്ചുള്ള ഒര് ചരിത്രരചനയാണ് ഞങ്ങളിവിടെ നിർവഹിച്ചിട്ടുള്ളത്. നവീനശിലായുഗകാലം മുതൽ നിരവധി ജനവിഭാഗങ്ങൾ അധിവസിച്ചിരുന്ന പ്രദേശമാണിവിടം. ക‌ുറ്റ്യാടി ചുരം വഴി കോഴിക്കോടിന് പോയിരുന്ന പാതയുടെ സാമിപ്യം കൊണ്ട് തന്ത്രപ്രാധാന്യമുണ്ടായിരുന്ന ഇവിടം നിരവധി പടയോട്ടങ്ങൾക്കും വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ പഴശ്ശിരാജാവിന്റെ സേനാനയകൻ എടച്ചന ക‌ുങ്കന്റെ ജന്മദേശമെന്ന നിലയിലും ഇവിടെ പ്രസിദ്ധമാണ്. ഈ നാടിന്റെ സാംസ്കാരിക ചരിത്രം തേടിയിറങ്ങിയ ഞങ്ങൾക്ക് കഴിഞ്ഞകാല ജനജീവിതത്തിലേക്ക് ഒരു എത്തിനോ‍ട്ടം നടത്താനെ കഴിഞ്ഞുളളു. വിശ്വസനിയമായ രേഖകളുടെ കുറവും നാടിന്റെ സാംസ്കാരിക വളർച്ചയിൽ ഭാഗമായിരുന്ന പലരും ഇന്നില്ല എന്നതും ചരിത്രാന്വേഷണം വിഷമമുള്ളതാക്കി മാറ്റുന്നു.

ഭ‌ൂപ്രകൃതി

സവിശേഷമായ ഭ‌ൂപ്രകൃതിയും സസ്യവൈവിധ്യവും കൊണ്ട് മനോഹരമായ പ്രദേശമാണ് വയനാട്. ‍ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ വയനാടിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മാനന്തവാടി

താലൂക്കിൽ പെട്ട സ്ഥലമാണ് എടവക. മാനന്തവാടി നഗരസഭയും തവിഞ്ഞാൽ പ‍ഞ്ചായത്തും മാനന്തവാടി പുഴയും വടക്ക് അതിരിടുന്ന എടവക പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് പനമരം പഞ്ചായത്തുംപടിഞ്ഞാറ് തൊണ്ടർനാട് പഞ്ചായത്തും തെക്ക് വെള്ളമുണ്ട പഞ്ചായത്തും സ്ഥിതിചെയ്യുന്നു. ഉത്തരഅക്ഷാംശം 117715336 നും പൂർവ്വ രേഖാംശം 759637415 നും ഇടയിലുമാണ് എടവക പഞ്ചായത്തു-ളളത്. സമുദ്രനിരപ്പിൽ നിന്ന് 700-2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ശരാശരി വാർഷിക വർഷപാദം 2322 m.m ഉം ഏതാണ്ട് 23.88 c‌ ചൂടും ലഭിക്കുന്നു. താരതമ്യേന സുഖകരമായകാലാവസ്ഥയാണ് ഇവിടെ ഉളളത് വയനാടിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഉയരമുളള കുന്നുകളും അവയ്ക്കിടയിൽ പച്ചപ്പ് നിറഞ്ഞ നെൽവയലുകളും അരുവികളും ചതുപ്പുകളുമായി ഭ‌ൂപ്രകൃതി-യിൽ ധാരാളം വൈവിധ്യം ഈ പ്രദേശത്തിന്നുണ്ട് ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയെയും

തപാലാപ്പീസ്

1952-ൽ ആണ്എടവക ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ കല്ലോടിയിൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്. ബ്രാഞ്ച് പോസ്റ്റ് ഓഫീസർ, പോസ്റ്റ്മാൻ , മെയിൽ ഡെലിവറി ഏ ജന്റ് എന്നിങ്ങനെ മൂന്ന് പേർ സേവനം അനുഷ്ഠിച്ചു വരുന്നു. ഒൻപതു മണി മുതൽ ഒരു മണി വരെ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പോസ്റ്റ് ഓഫിൽ എത്തുന്ന കത്തുകൾ, മാസികകൾ, മണി ഓഡറുകൾ തുടങ്ങിയവ പോസ്റ്റ്മാൻ വീടുകളിൽ എത്തിച്ചു കൊടുക്കുന്നു. ഇന്റർനാഷണൽ തലത്തിൽ സ്പീഡ് പോസ്റ്റ് അയക്കാനുള്ള സൗകര്യം ലഭ്യമാണ്. ഡിപ്പോസിറ്റുകൾ, ഫോൺ ബില്ല് തുടങ്ങിയവ ഇവിടെ സ്വീകരിക്കുന്നു. ഇവരുടെ മികച്ച സേവനത്തിന്റെ ഫലമായി 2004-ൽ പേസ്റ്റൽ ലൈഫ് ഇൻഷൂറൻസ് അവാർഡ് ലഭിച്ചു. ഈ പ്രദേശത്ത് വളരെ നന്നായി സേവനം ചെയ്യുന്ന ഈ സ്ഥാപനത്തിന് പരിമിതമായ സ്ഥല സൗകര്യം മാത്രമേ ഉള്ളൂ.

വായനശാല

1960-ൽ കല്ലോടിയിൽ സംസ്കാരിക കേന്ദ്രമായി ഉദയ വായനശാല ആരംഭിച്ചു. ധാരാളം നല്ല പുസ്തകങ്ങളും ആനുകാലികങ്ങളും ഇവിടുന്ന് വിതരണം ചെയ്യുന്നു. വയനാട്ടിലെ ആദ്യ വായനശാലകളിൽ ഒന്നായ ഉദയ ഈ പ്രദേശത്തെ കല സാംസ്കാരിക മേഖലയിൽ നിസ്തുലമായ സേവനം ചെയ്തു വരുന്നു ഉദയാ വായനശാലയുടെ നേതൃത്വത്തിൽ ആദ്യമായി റേഡിയോ കൊണ്ടുവന്ന് പ്രദർശിപ്പിച്ച സംഭവം ഇന്നും മായാത്ത ഓർമയായി മുതിർന്നവരിൽ നിലകൊള്ളുന്നു ടെലിവിഷൻ പ്രചാരത്തിൽ വരുന്നതിന് മുമ്പ് പൊതുജനങ്ങൾക്കായി ഒരു TV ആദ്യമായി സ്ഥാപിച്ചതും ഉദയയിലാണ്. തുടി കൊട്ട്, കുഴലൂത്ത്, പകിടകളി ,അമ്പെയ്ത്ത് തുടണിയ വിനോദങ്ങൾ, വിവിധ ആഘോഷങ്ങൾ എന്നിവ വായനശാലയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

അംഗൺ വാടി

1979 - ൽ ആണ് എടവക പഞ്ചായത്തിന്റെ കീഴിൽ കല്ലോടിയിൽ അംഗൺ വാടി സ്ഥാപിതമായത്. ഒരു ടീച്ചറും ആയയും ഇവിടെ സേവനം ചെയ്ത് വരുന്നു. 9.30 മുതൽ 3.30 വരെയാണ് പ്രവർത്തി സമയം. ഇളം മനസുകളിൽ അറിവിന്റേയും നിറങ്ങളുടേയും കളികളുടേയും അടിത്തറപാകി പുതിയൊരു ലോകം തുറക്കുന്ന ഈ വിദ്യാക്ഷേത്രത്തിലേക്ക് ആഹ്ലാദത്തോടേയും ആവേശത്തോടേയുമാണ് കുരുന്നകൾ എത്തിച്ചേരുന്നത്.

കൃഷിഭവൻ

എടവക പഞ്ചായത്തിന്റെ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വവും നിർദ്ദേശങ്ങളും നൽകുന്നതിനായി എള്ളുമന്ദത്ത് ഒരു ID D യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. തുടർന്ന് 1984-ൽ കല്ലോടിയിൽ എടവക ഗ്രാമ പഞ്ചായത്തിന്റെ കൃഷി ഭവൻ നിലവിൽ വന്നു. ആദ്യം ജീവനക്കാരായി രണ്ട് പേരെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ കൃഷി ഓഫിസർ , കൃഷി അസിസ്റ്റന്റ് PT S എന്നിവർ ജോലി ചെയ്യുന്നു.

    രണ്ടാഴ്ച കൂടുമ്പോൾ ട്രെയിനിങ് ക്ലാസുകൾ പുതിയ വിത്തിനങ്ങൾ ജലസേചന സൗകര്യം ഏർപ്പെടുത്തൽ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള അറിവ് എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ കൃഷി ഭവൻ വഴി സർക്കാർ ജനങ്ങൾക്ക് നൽകുന്നു

വിദ്യാർത്ഥികൾക്കും പൊതു ജങ്ങൾക്കും പച്ചക്കറി വിത്തുകളും തൈകളും കൃഷി ഭവൻ വിതരണം ചെയ്യുന്നു.

     കൃഷിക്കാരുടെ സംശയങ്ങൾ ദൂരികരിക്കാനും അവരുടെ ആവശ്യങ്ങൾ നിർവഹിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷി ഭവൻ അംഗങ്ങൾ നിരന്തരം ശ്രമിക്കുന്നു രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് കൃഷിഭവന്റെ പ്രവൃത്തി സമയം.