സി.എം.എച്ച്.എസ് മാങ്കടവ്/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ

കാറ്റിൻ തലോടലായ് മണ്ണിൻ കരങ്ങളായ്

കുഞ്ഞിളം വെയിൽ തൻ ഉന്മേഷമായ്

മാനവർ തൻ മനം തൊട്ടുതലോടിയ

പ്രകൃതി തൻ കരുതലിന്നെങ്ങുപോയി

കാറ്റായി വെയിലായി മഞ്ഞായി മനസ്സിന്റെ

മായാത്ത ഓർമ്മയാം സ്നേഹബന്ധം

മണ്ണും മനുഷ്യനും കൈവിട്ടു പിരിയാത്ത

സാന്ദ്രസൗഹൃദമിന്നെങ്ങു പോയി

പരിസ്ഥിതി ബന്ധവും മണ്ണും കലപ്പയും

അതിഥി മഴയുമിന്നോർമ്മയായോ

ഹൃദയത്തിൻ കോണിലായ് ആനന്ദ

സ്മരണകൾ മരവിച്ച ഓർമ്മയായ് മാറിടുന്നോ?

കരുതുന്ന പ്രകൃതി തൻ രൗദ്രഭാവമിന്ന്

തെളിയുന്നു മാനവർ തൻ മുൻപിലായി

മലിനമാക്കപ്പെട്ട മനസ്സിന്റെ വേദന

അലതല്ലുന്നിന്നൊരു പ്രളയമായി

നൊന്തു നീറുന്ന പ്രകൃതി തൻ രോദനം

കേൾക്കാത്ത മാനവ സന്തതിക്ക്

കരുതലായ് ഭീതിയായ് പേടിസ്വപ്നങ്ങളായ്

മാറുന്നു പ്രകൃതി തൻ സാന്ത്വനങ്ങൾ

പോയകാലത്തിൻ സിനേഹബന്ധങ്ങളെ

തിരികെ വരുത്തുവാൻ കഴിയുമോ ഈ

പരിസ്ഥിതി ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ

ഇനി നമുക്കാകുമോ മാനവരേ

ദിയ റെനീഷ് പത്താം തരം