സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ ഹയർ സെക്കന്ററി തലം വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം. ഗ്രാമീണ ജീവിത്തിന്റെ ഉൾത്തുടിപ്പുകൾ എന്നും ഹൃദയത്തിലേറ്റുവാങ്ങുന്ന നാടാണ് ഇളമ്പ. മതസാഹോദര്യത്തിന്റെയും സാംസ്കാരികവളർച്ചയുടെയും വിളനിലമാണ് ഈ മണ്ണ്. വിദ്യാഭ്യാസപുരോഗതിയാണ് ഈ നാടിന്റെ സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചത് ഇളമ്പ സ്കൂളാണ്. കാലം അനവതരമായ പ്രയാണം തുടരുമ്പോ‍ഴും തലമുറകൾക്ക് അറിവിന്റെയും നിറവിന്റെയും വെളിച്ചം പകർന്നുകൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം നിലകൊള്ളുന്നു. അറിവ് അവസാനിക്കാത്ത അദ്ഭുതമാണെന്നും ഒരർത്ഥത്തിൽ ജീവിതംതന്നെ അറിവുകളുടെ അന്യേഷണമാണെന്നും ഈ വിദ്യാലയം നമ്മെ ഓർമ്മിപ്പിക്കുന്നു.


       1924- ൽ ആരംഭിച്ച ഈ സ്കൂൾ ഒരു മാനേജ്മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-ൽ) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി. 
       
നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി 1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. പറങ്കിമാവിള ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയും 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അതിനുശേഷം ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. അന്ന് പ്രഥമാധ്യാപകന്റെ ചാർജ്ജ് ശ്രീ. രവീന്ദ്രൻ നായർക്കായിരുന്നു. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു. 1974-ൽ പ്രൈമറിസ്കൂൾ ഹൈസ്കൂളിൽ നിന്നും വേർപെടുത്തി തൊട്ടടുത്ത് മറ്റൊരു പ്രൈമറിസ്കൂളായി പ്രവർത്തനമാരംഭിച്ചു. ചാവടിവിള വേലായുധക്കുറുപ്പ് 30 സെന്റ് സ്ഥലം പുതിയ എൽ.പി.എസ്. നു വോണ്ടി കൊടുത്തു.                                                   
കിളിമാനൂർ എം. എൽ. എ., ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ  സാമൂഹ്യപ്രവർത്തകർ, നാട്ടുകാർ,  പി. റ്റി. എ. എന്നിവരുടെ ശ്രമഫലമായി 2004-05 അധ്യായന വർഷത്തിൽ ഈ സ്കൂൾ ഒരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. നാട്ടുകാരനായ ശ്രീ. തിപ്പെട്ടിയിൽ രാജൻ സ്കൂളിനായി ഒരു ആഡിറ്റോറിയം നർമ്മിച്ചുനൽകിയത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.


       2002-ൽ നാട്ടുകാരിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടർ ലാബ് നിർമ്മിച്ചു. നാട്ടുകാരുടെ നിർലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എൽ. എ. ഫണ്ട്, ഐ.റ്റി. @ സ്കൂൾ ഫണ്ട് എന്നിവയിൽനിന്നും കൂടുതൽ കമ്പ്യൂട്ടർ ലാബുകൾ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താൽ സ്കൂളിന് ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു.