കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ഏതു പ്രദേശത്തിന്റെയും സാംസ്കാരികമായ ഉന്നതിയിൽ ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. ഇടമറ്റം കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്.

യശ്ശ:ശരീരനായ കുരുവിനാക്കുന്നേൽ തൊമ്മൻ തൊമ്മൻ അവർകളുടെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ കൊച്ചുമക്കൾ പണികഴിപ്പിച്ചതാണ് ഈ വിദ്യാലയം.ഈ വിദ്യാലയത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന വേളയിൽ ഇടമറ്റം സെന്റ്.മൈക്കിൾസ് ദേവാലയം, ഇടമറ്റം കെ.റ്റി.ജെ.എം ഹൈസ്‌കൂൾ എന്നീ രണ്ടു സ്ഥാപനങ്ങളുടെ കാര്യവും പരാമർശിക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ്. വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിന് ഇടമറ്റം പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് ആശ്രയമായിരുന്നത് രണ്ടു ഗവർമെന്റ് പ്രൈമറി സ്‌കൂളുകളായിരുന്നു.ഇടമറ്റം പള്ളിയുടെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന എൽ.പി സ്‌കൂളും, പൂവത്തോട് ആനിമൂട് എൽ.പി സ്‌കൂളും. ഇടമറ്റത്ത് പ്രവർത്തിച്ചിരുന്ന രണ്ടു ഗവ. എൽ. പി സ്‌കൂളുകളുടെയും പ്രവർത്തനം കാലക്രമേണ മന്ദീഭവിച്ചു സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റുമായിരുന്നു കാരണം. തുടർന്ന് കെ.റ്റി.ജെ.എം അപ്പർ പ്രൈമറി സ്കൂൾ ഹൈസ്‌കൂളായി മാറിയപ്പോൾ അതിന്റെ സമീപത്ത് തന്നെ ഒരു പ്രൈമറി സ്കൂൾ വേണമെന്ന പ്രദേശവാസികളുടെ ആഗ്രഹത്തെ മാനിച്ചു കുരുവിനാക്കുന്നേൽ ശ്രീ തോമസ് ജോസഫ് ഇടമറ്റം പള്ളി വികാരിയെ സമീപിച്ചു.ആയിത്തമറ്റത്തിൽ തൊമ്മച്ചൻ ഇടമറ്റം പള്ളിക്കു നൽകിയിരുന്നതും കെ.റ്റി. ജെ.എം സ്‌കൂളിനോട് ചേർന്ന് കിടന്നിരുന്നതുമായ പള്ളി പുരയിടത്തിൽ നിന്നു ഒരേക്കർ സ്ഥലം കുരുവിനാക്കുന്നേൽ കുടുംബക്കാർ പ്രതിഫലം നൽകാൻ തയ്യാറായിരുന്നെങ്കിലും അതു വാങ്ങാതെ പള്ളിപ്പൊതുയോഗത്തിന്റെ അനുമതിയോടെ എൽ.പി സ്‌കൂളിനായി വിട്ടു നൽകി. പ്രസ്തുത സ്ഥലത്ത് ശ്രീ തോമസ് ജോസഫ് കുരുവിനാക്കുന്നേൽ തന്റെ പിതാമഹന്റെ ഓർമ്മ നിലനിർത്തുന്നതിനായി കെ. റ്റി. റ്റി. എം എൽ. പി സ്കൂൾ നിർമിച്ചു. അങ്ങനെ 1968 ജൂൺ 3 ആം തീയതി ഈ പ്രാഥമിക വിദ്യാലയം നിലവിൽ വന്നു.