ഓർമക്കുറിപ്പിലേക്ക് - അനസ് നാസർ

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34035HM (സംവാദം | സംഭാവനകൾ)

◀ തിരികെ പോകുക

            അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന മണപ്പുറം സ്കൂളിൽ ചേരണം. എൽകെജി മുതൽ നാലുവരെ ഒന്നിച്ചു പഠിച്ച അലനും ആശ്വിനുമാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു പഠിച്ചവർ. മുമ്പേ തീരുമാനിച്ചുറപ്പിച്ചതാണ്, നാലാം ക്ലാസ്സ്‌ കഴിഞ്ഞാലും ഒരേ സ്കൂളിലേ പഠിക്കു എന്ന്.

             എന്തായാലും നാലാംക്ലാസ്സ് പാസ്സായി അഞ്ചാം ക്ലാസ്സിൽ ചേർത്തു. കഥ പ്രധാന കളരിയിലേക്ക് കടക്കുകയാണ്. മണപ്പുറം സെൻറ് തെരേസാസ് ഹൈ സ്കൂൾ. ആദ്യത്തെ ദിവസം കുട്ടികളെല്ലാം സ്കൂൾഗ്രൗണ്ടിൽ നിരന്നുനിൽക്കുമ്പോൾ അലൻ ഓടിവന്നു പറഞ്ഞു. ഞാനും അവനും അശ്വിനും, ഞങ്ങൾ മൂന്നുപേരും ഒരേ ഡിവിഷനിലാണ്. ഞങ്ങൾ ബിനു ചേട്ടനോട് നേരത്തെ പറഞ്ഞിരുന്നു. ആരാണീ ബിനു ചേട്ടൻ എന്നല്ലേ? ബിനു ചേട്ടൻ സ്കൂളിലെ പ്യൂണ് ആണ്. മൂപ്പര് വിചാരിച്ചാൽ അങ്ങനെയൊക്കെ പറ്റുമോ.? ആവോ ? എന്തായാലും ഞാൻ അത് വിശ്വസിച്ചു. ഇത് കേട്ട ആഷിഫിന് വിഷമവും ഞങ്ങളോട് പരിഭവവും തോന്നി. 'എന്നിട്ട് ബിനു ചേട്ടനോട് എന്റെ പേരുകൂടി പറഞ്ഞില്ലല്ലോ' എന്നായിരുന്നു അവന്റെ പരാതി. അസംബ്ലി കഴിഞ്ഞ് കുട്ടികളെയെല്ലാം പേരുവിളിച്ചു ഓരോ ക്ലാസ്സുകളിലേക്കും വിട്ടു. എന്റെ ക്ലാസ്സിൽ കൂടെ പഠിച്ച വേറെ കുറച്ചു കുട്ടികളെയൊക്കെ കൂടി കാണാൻ കഴിഞ്ഞെങ്കിലും അവരാരും എനിക്കത്ര അടുപ്പമുള്ളവരായിരുന്നില്ല. ആദ്യഒരാഴ്ച മൂന്ന് പേര് മാത്രം നടന്ന് കടന്ന് പോയി. പതിയെ പതിയെ ക്ലാസ്സിലെ കൂട്ടുകാരുമായി അടുക്കാൻ തുടങ്ങി. എന്തായാലും ഈ സംഭവത്തോടെ സ്കൂളിലെ പ്യൂണ് ബിനു ചേട്ടനോട് എനിക്ക് വലിയ ബഹുമാനം ആയി. കൂട്ടുകാരോടും ഇത് ഞാൻ പറഞ്ഞു. അങ്ങനെ ബിനു ചേട്ടൻ വിചാരിച്ചാൽ ചിലതൊക്കെ നടക്കുമെന്ന് അവരും വിശ്വസിച്ചു. അതിനാൽ ഞങ്ങൾ കുട്ടികളെല്ലാവരും ബിനു ചേട്ടനെ വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്.

             എന്റെ പ്രിയപ്പെട്ട മറ്റൊരു കൂട്ടുകാരൻ അക്ഷയ്. അടുത്തടുത്തായി താമസിച്ചിരുന്ന ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ പോകുന്നതും തിരികെ വരുന്നതുമെല്ലാം. പിന്നെ അഞ്ചാം ക്ലാസ്സിൽ എന്റെ അടുത്തിരുന്ന കൂട്ടുകാരൻ നിർമൽ. അവൻ വല്യ പഠിപ്പിസ്റ്റ്. ചെറുപ്പത്തിലെ അങ്ങനെ ആയിരുന്നത്രെ.. എന്തായാലും അവന്റെ കൂടെ കൂടി നാലക്ഷരം പഠിക്കാം എന്ന് കരുതി. സയൻസിൽ അവൻ മിടുക്കൻ ആയിരുന്നു.. ഞാനോ? മരമണ്ടൻ ആതിനാൽ സയൻസിലവനെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബഞ്ചിലൊന്നാമതിരിക്കുന്ന ഞാൻ സയൻസിന്റെ പീരീഡ് ആവുംപോഴേക്കും മനപ്പൂർവം അവനെ പിടിച്ച് ഒന്നാമതിരുത്തി ഞാൻ അവന്റെ സ്ഥാനത്തിരിക്കും. ടീച്ചറിൽ നിന്ന് രക്ഷപെടാനുള്ള ഒരു പോംവഴി.

             ആ കാര്യം പറയുംപോൾ എനിക്കെങ്ങനെ ആൻസി ടീച്ചറിനെ പറ്റി പറയാതിരിക്കാനാവും? എല്ലാ ദിവസവും ചോദ്യം ചോദിക്കൽ ഉണ്ടാകും. ടീച്ചറിന്റെ കണ്ണുകൾ വന്നുടക്കുന്നത് മിക്കവാറും ദിവസങ്ങളിൽ എന്നിൽതന്നെയാവും .കഷ്ടപ്പെട്ട് പഠിച്ചുകൊണ്ടുവന്നിട്ടുണ്ടെങ്കിലും ടീച്ചറിന്റെ വിളി കേൾക്കുംപോഴേ ഞാൻ വിറക്കാൻ തുടങ്ങും. എങ്ങനെ ആണെങ്കിലും കുറഞ്ഞത് നാല് തവണയെങ്കിലും തെറ്റും. വെപ്രാളവും,പേടിയും മൂലം അറിയാവുന്നതുകൂടി മറന്നുപോയിട്ടുണ്ടാവും. ചൂരവടി കൊണ്ടുള്ള അടിയോ,ചെവിക്കു കിഴുക്കോ ഒക്കെ കിട്ടും. ഇതു രണ്ടും ആയിരുന്നു ടീച്ചറിന്റെ ശിക്ഷാരീതികൾ. തെറ്റിച്ചാലും ടീച്ചർ വീണ്ടും ചോദ്യങ്ങൾ ചോദിച്ച് കൃത്യമായി ഉത്തരം പറയിപ്പിക്കുമായിരുന്നു. ഞാനാണെങ്കിൽ കരച്ചിലും തുടങ്ങിയിട്ടുണ്ടാവും. എന്തായാലും ടീച്ചർ അതു മുഴുവൻ പറയിപ്പിച്ചേ വിടൂ. ഇതിനുള്ളിൽ മൂന്നാലടികൾ എങ്കിലും ഞാൻ മേടിച്ചിട്ടുണ്ടാവും. ഒടുവിൽ ഉത്തരം കിട്ടി അടിയിൽ രണ്ടു വരയിട്ടു കഴിയുമ്പോളേക്കും എന്റെ തലയിൽനിന്ന് ഒരു വലിയ ചുമട് ഇറക്കി കിട്ടിയ ആശ്വാസമാവും. ഇന്നിനി ചോദ്യമൊന്നും എന്നോടുണ്ടാവണമെന്നില്ലല്ലോ. ഇനിയും ടീച്ചറിന് വേറെ ഇരകൾ ഇഷ്ടം പോലെ ഉണ്ടല്ലോ. ഉത്തരം പറഞ്ഞിട്ട് ടീച്ചറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ടീച്ചർ പറയും "ഇരുന്നോ, നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്" സമാധാനം. ഇന്നത്തെ കാര്യം കഴിഞ്ഞുകിട്ടി ഇനിനാളെയല്ലേ. നാളെ ടീച്ചറെന്നെ വിളിക്കില്ലായിരിക്കാം. തിരിച്ചു ബെഞ്ചിൽ ഇരിക്കാൻ വരുന്ന എന്നെ ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന കുട്ടികൾ സഹതാപപൂർവം നോക്കുന്നതും കണ്ടിട്ടുണ്ട്. അവരുടെ മുഖങ്ങളിൽ ഞങ്ങൾ ഇന്നു രക്ഷപ്പെട്ടല്ലോ എന്ന ഭാവവും. ഇതിൽ ചിലരൊക്കെ ചിലപ്രാർത്ഥനകൾ ഒക്കെ രാവിലെ നടത്തിയാണ് വരുന്നത് എന്ന് പറയാറുണ്ടായിരുന്നു. "ടീച്ചർ വരരുതേ " എന്ന്. ചില കുട്ടികൾ പറയും "പളളിയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചാൽ നമ്മുടെ മനസ്സിലെ ആഗ്രഹം നടക്കും". മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ അടുത്ത് പള്ളിയുള്ളതിനാൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നേരെ അങ്ങോട്ട്‌ വെച്ച്പിടിക്കുമായിരുന്നു "ടീച്ചർ വരരുതേ". ഒരിക്കൽ ചേച്ചിയോട് പറഞ്ഞു "ടീച്ചറിന് പനി പിടിച്ചിരുന്നെങ്കിൽ കുറച്ചു ദിവസം രക്ഷപെടാമായിരുന്നു." എന്ന്. ചേച്ചി എന്നെ ശാസിച്ചു. "ദോഷമാണ് ,ഗുരുക്കന്മാരെ അങ്ങനെ പറയാൻ പാടില്ല." എന്തായാലും എന്റെ പ്രാർത്ഥനകൾ ഒന്നും അക്കാലങ്ങളിൽ ദൈവം കേട്ടതായി ഭാവിച്ചിട്ടില്ല.

             സ്കൂൾ മുറ്റത്ത് നിന്നിരുന്ന മുത്തശ്ശി മരമായിരുന്നു സ്ഥിരം കളിസ്ഥലം. ആ തണൽ ശരിക്കും മിസ്സ്‌ ചെയ്യാറുണ്ട്... ഞാൻ കണക്ക്‌ ആകെ ഇഷ്ടപ്പെട്ടത് അഞ്ചാം ക്ലാസ്സിലും പത്താം ക്ലാസ്സിലും മാത്രമായിരുന്നു. കാരണം പഠിപ്പിച്ച ടീച്ചർമാർ തന്നെ. അഞ്ചിൽ കണക്കും ആറിൽ സയൻസും പഠിപ്പിച്ച ബിന്ദു ടീച്ചർ ആയിരുന്നു ക്ലാസ്സ് ടീച്ചർ. നല്ല ചിരിയാണ് ടീച്ചരിന്റേത്. നല്ല സ്പുടമായി അച്ചടി ഭാഷയിൽ സംസാരം. ടീച്ചർ ഒരുപാട് ചൂടായി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പിന്നെ പത്തിലെ കണക്കു ടീച്ചർ.. ഞങ്ങളുടെ സ്കൂളിലേ കുട്ടികൾ ഏറ്റവും അധികം സ്നേഹിച്ച ടീച്ചർ. എന്നെ സംബന്ധിച്ചടുത്തോളം ലോകത്തിൽ ഏറ്റവും നല്ല ടീച്ചർ.. എന്റെ ആനി ടീച്ചർ. ടീച്ചർ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഞാൻ പത്താം ക്ലാസ്സ്‌ തോറ്റുപോയേനെ.. സത്യം. ഒരു ഇക്യുവേൻ നേരെ ചൊവ്വേ എഴുതാൻ അറിയാത്ത ഞാൻ പത്താം ക്ലാസ്സിൽ കണക്കുപരീക്ഷ എ പ്ലസോടെ പാസ്സായി. എല്ലാം ആനി ടീച്ചർ ഉള്ളത്കൊണ്ട് മാത്രമെന്ന് ഞാൻ ഇപ്പോളും ഉറച്ചുവിശ്വസിക്കുന്നു.

             സ്കൂളിൽ അന്നും ഇന്നും എനിക്ക് ഒരു ചങ്ക് സുഹൃത്ത് ഉണ്ട്. എന്റെ ആന്റോച്ചനച്ചൻ. ഗുരു ശിഷ്യ ബന്ധതിനപ്പുറം പരമമായ സൗഹൃദത്തിന്റെ ചട്ടകൂടിലാണ് ഞങ്ങൾ. ഞാൻ അമേരിക്കൻ പ്രസിഡന്റ് ആകണം എന്ന് ഇടയ്ക്കിടെ അച്ചൻ കളിയാക്കി പറയാറുണ്ട്. തിരിച്ചു കളിയാക്കുന്നതിൽ ഞാനും ഒട്ടും പിന്നിലല്ല കേട്ടോ. സ്കൂൾ മാനേജർ ഒക്കെ ആയപ്പോൾ ഒരു ചിലവ് തരണം എന്ന് പറഞ്ഞിരുന്നു. ഒടുവിൽ ഈയടുത്താണ്, പള്ളി മേടയിൽ ചെന്നപ്പോൾ നല്ല ചൂട് പഴംപൊരിയും ചായയും തന്നു. ഇനി കടം അങ്ങോട്ടാണ്. കുറെയുണ്ട്. പെരുന്നാൾ മുതൽ പെങ്ങൾക്ക് കുട്ടി ജനിച്ചത് വരെ ലിസ്റ്റ് നീളും. അതൊക്കെ ഇനി ഒരുമിച്ച് വീട്ടണം.

             മണപ്പുറം സ്കൂളിൽ എനിക്ക് രണ്ട് അമ്മമാർ ഉണ്ടായിരുന്നു.. അല്ല, ഉണ്ട് എന്ന് വേണം പറയാൻ. കാരണം, ആ അമൂല്യ സ്നേഹം ഇന്നും ഞാൻ അനുഭവിക്കുന്നുണ്ട്. എന്റെ ഇന്ദു ടീച്ചറും ബിനു ടീച്ചറും. ഇന്ദു ടീച്ചർ, നിർമലമായ സ്നേഹത്താൽ നേടാനാകാത്തതായി ഒന്നുമില്ല എന്ന് ഞങ്ങളെ പഠിപ്പിച്ച എന്റെ ഇന്ദു ടീച്ചർ. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസ്സിലും ടീച്ചറിനായിരുന്നു ക്ലാസ് ചാർജ്. സോഷ്യൽ സയൻസായിരുന്നു വിശയം. അത്‌ എന്റെ ഇഷ്ട്ട വിഷയം ആയതിനുകാരണവും ടീച്ചർ തന്നെ. കാലം, അതു നമുക്ക് പലതും സമ്മാനിക്കുന്നു, പലരെയും പരിച്ചയപെടുത്തുന്നു, പല ഓർമകളും അനുഭവങ്ങളും നൽകുന്നു, അതിൽ അത്യപൂർവ്വമായത് മാത്രമേ നമുക്ക് എന്നെന്നും അനുഗ്രഹീതമായിതോന്നൂ. അങ്ങനെയൊന്നാണ് ഇന്ദു ടീച്ചർ. ഓർമയിലെ മയിൽപ്പീലിതുണ്ടുകൾ ഒളിപ്പിച്ചുവച്ച പുതുമണം മാറാത്ത നോട്ടുപുസ്ത്തകത്തിൻറെ ഓർമ്മത്താളുകൾ പോലെ ഇന്ദു ടീച്ചർ എന്ന നിരുപാതിക സ്നേഹം ഇന്നും ജീവിതത്തിന്റെ ഭാഗമായി നിൽക്കുന്നു. പത്താം ക്ലാസ്സിൽ ആദ്യ ദിനങ്ങളിൽ ഞാൻ മനസികമായി തകർന്നിരുന്നു. കാരണം ഇന്ദു ടീച്ചർ തന്നെ, ടീച്ചർ തേവര എസ് എച്ചി ലേക്ക് സ്ഥലംമാറ്റം കിട്ടി പോയിരുന്നു. ടീച്ചറിന്റെ അഭാവം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മൂന്ന് കൗൺസിലിങ്ങുകൾ വേണ്ടിവന്നു നേരെയാകാൻ.

             ഇനി.. ഒരു ശുദ്ധത്മാവുണ്ട്.. മനസ്സിനുള്ളിൽ താലോലിച്ച് കൊണ്ട് നടന്നിരുന്ന കറയറ്റ ശിക്ഷണത്തിന്റെ ഒരിക്കലുമവസാനിക്കാത്ത തൂവൽസ്പർശം പോലെ ഒന്ന്. എന്റെ ബിനു ടീച്ചർ. അക്ഷരങ്ങളാൽ കോറിയിടാൻ കഴിയാത്ത, മിഴികൾ കൊണ്ടും ഹൃദയംകൊണ്ടും മാത്രം അനുഭവിച്ചറിയാൻ കഴിയുന്ന മനസ്സെന്ന ചിമിഴിനുള്ളിൽ അടച്ചുവെച്ച നിധിയാണ് ടീച്ചർ. എന്നെ ടീച്ചർ പഠിപ്പിചിട്ടില്ല. പണ്ടുമുതലേ പ്രസംഗിക്കാൻ ചെറിയ കഴിവുണ്ടായിരുന്നതുകൊണ്ട് മത്സരങ്ങൾക്ക് പോകുമായിരുന്നു. ബിനു ടീച്ചരായിരുന്നു എന്നെ മത്സരങ്ങൾക്ക് കൊണ്ടുപോയിരുന്നത്. എന്ത് സപ്പോർട്ടാണെന്ന് അറിയാമോ. എപ്പോളും കൂടെ നിൽക്കും. ജയിച്ചാലും തോറ്റാലും. ടീച്ചർ എന്നും പറയുന്ന ഒരു വാചകമുണ്ട്.. 'എന്റെ പീറ്ററിനെയും ജോസഫിനെയും പോലെയാണ് നീയും' എന്ന്. അവർ രണ്ടുപേരും ടീച്ചറിന്റെ മക്കൾ ആണ് കേട്ടോ. അത് കേൾക്കുമ്പോലുള്ള ഒരു സന്തോഷമുണ്ട്.. വല്ലാത്ത ഹാപ്പി ഫീൽ ആണ്.

             മണപ്പുറം സ്കൂളിൽ എനിക്കൊപ്പം ഒരു സ്വപ്ന സഞ്ചാരികൂടി ഉണ്ടായിരുന്നു കേട്ടോ. വർഗീസ് സർ. എന്റെ ഉള്ളിൽ ഒരു ലക്ഷ്യബോധം ഉണ്ടാക്കി തന്നത് സാർ ആണ്. എന്നും ഞാൻ അതിന് സാറിനോട്‌ കടപ്പെട്ടിരിക്കുന്നു.

             എല്ലാവർക്കും ഭയമുള്ള 'ചാക്കോ മാഷ് മോഡൽ' ഒരാൾ ഞങ്ങളുടെ സ്കൂളിലും ഉണ്ടായിരുന്നു കേട്ടോ. മാറ്റാരുമല്ല, മാത്യു സർ എന്ന പേടി സ്വപ്നം. ഒരിക്കൽ ക്ലാസ്സിൽ ബഹളം വെച്ചതിനു ഒരുത്തനെ സാർ അടിക്കുന്നത് കണ്ടപ്പോൾ ശ്രീലക്ഷ്മി എന്ന കുട്ടി പറഞ്ഞു "അവൻ രണ്ടു നിക്കർ ഇട്ടിട്ടുണ്ടാവും. എന്തായാലും നല്ല കട്ടിയുള്ള നിക്കർ ആണ് അതാണ് സാർ അവനെ അടിക്കുമ്പോൾ വലിയ ശബ്ദം കേൾക്കുന്നത്". അവളുടെ ഒരു കണ്ടുപിടുത്തം.

             ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷ ആക്കിയ നിലപാടിനോട് എനിക്ക് ആ കാലത്ത് ഭയങ്കര എതിർപ്പായിരുന്നു. എന്തിനാ വെറുതെ.. ഏതായാലും ഇന്ന് ഡൽഹി സർവകലാശാലയിൽ പഠിക്കുന്ന എനിക്ക് ഹിന്ദിയെ വഴക്കിയെടുക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. സിൽവി ടീച്ചറും റെജി ടീച്ചറും പണ്ട് പഠിപ്പിച്ചത് വെച്ച് അത്യാവശ്യം തട്ടിവിട്ട് പോകുന്നു. ഞാൻ ഹയർ സെക്കണ്ടറിക്ക്‌ ഹിന്ദി രണ്ടാം ഭാഷയായി തിരഞ്ഞെടുത്തതറിഞ്ഞു റെജി ടീച്ചർ ഞെട്ടിപ്പോയത് ഇന്നും ഓർക്കുമ്പോൾ ചിരിയാണ്. അത്രക്ക് കേമനായിരുന്നു ഹിന്ദിയിൽ ഞാൻ.

             പത്താം ക്ലാസ്സ് പൂർത്തിയാക്കി ആറ് വർഷത്തെ ജീവിതം തല്ക്കാലം ഗതി മാറ്റി ഞാൻ എന്റെ മണപ്പുറം കുടുംബത്തിൽ നിന്ന് ഇറങ്ങിയെങ്കിലും കുട്ടിക്കാലത്തെ ഈvചെറിയ ചെറിയ സംഭവങ്ങളും, ഇണക്കങ്ങളും, പിണക്കങ്ങളും ഒക്കെ എനിക്ക് മറക്കാൻ കഴിയില്ല.

             ഞങ്ങളുടെ എച്ച്എമ്മുമാർ ത്രേസ്യാമ്മ ടീച്ചർ, വിമല ടീച്ചർ, എലിസബത്ത് ടീച്ചർ, സയൻസ് പഠിപ്പിച്ച ഗോപി സാർ, ജിത്തു ടീച്ചർ, വിൻസി ടീച്ചർ എപ്പോഴും പുഞ്ചിരിയോടെ കണ്ടിട്ടുള്ള ലീമ ടീച്ചറും സോന ടീച്ചറും, ഇംഗ്ലീഷ് പഠിപ്പിച്ച ജോഷി അച്ചൻ, മരിയ ടീച്ചർ, കണക്ക് പഠിപ്പിച്ച ബിൻസി ടീച്ചർ, റിൻസി ടീച്ചർ, സോഷ്യൽ സയൻസ് പഠിപ്പിച്ച അമല ടീച്ചർ, പ്രിൻസി ടീച്ചർ, മലയാളം പഠിപ്പിച്ച റൂബി ടീച്ചർ, രണ്ട് മിനി ടീച്ചർമാർ, സ്നേഹ നിധിയായ ജോസ് അച്ചൻ, ഡ്രിൽ മാഷ് ജോമി സാർ, കമ്പ്യൂട്ടർ പഠിപ്പിച്ച സുമ ടീച്ചർ, ഓഫീസിലേ കുര്യാച്ചൻ ചേട്ടൻ, ബേബി ചേട്ടൻ ഇവരെയൊക്കെ എനിക്ക് എന്നും ബഹുമാനപൂർവ്വമേ ഓർക്കാൻ കഴിയൂ.

             മാത്യുസാർ തന്നിട്ടുള്ള അടിയും, കിഴുക്കുമൊക്കെ ആ പീരീഡു കഴിയുമ്പോൾ ഞങ്ങൾ മറന്നിട്ടുണ്ടാവും. ഒരിക്കൽപോലും സാറിനോട് പിന്നീട് പരിഭവം തോന്നാറില്ല. അതൊക്കെ സാറിന് ഞങ്ങളോടുള്ള ഉത്തരവാദിത്വമായാണ് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ആരുടേയും മാതാപിതാക്കൾ ഇതൊന്നും സ്കൂളിൽ വന്നു ചോദ്യം ചെയ്തിട്ടുമില്ല. അന്നത്തെ കാലം അങ്ങനെയായിരുന്നു. ഈ അധ്യാപകരൊക്കെ ഞങ്ങൾ കുട്ടികളോട് ഒരുപാടു സ്നേഹവും,വാത്സല്യവും ഒപ്പം തെറ്റു കാണിച്ചാൽ തിരുത്തി തരുവാനുള്ള മനസ്സും കാണിച്ചിരുന്നു. ഗുരുശിഷ്യ ബന്ധം എന്നു പറയുന്നത് ഇന്നത്തേക്കാൾ ദൃഢവുമായിരുന്നു. മണപ്പുറം സെന്റ് തെരെസാസ് ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. എനിക്ക് ഈ അധ്യാപകരെ ഒക്കെ പിതൃ തുല്യരായെ അന്നും ഇന്നും സ്മരിക്കാൻ കഴിയൂ.

"ഓർമ്മകൾ മയിൽ പീലി തുണ്ടുപോൽ
അരുമയായ് ഹൃദയത്തിൽ ചേർത്തുവച്ചു
ഒരിക്കൽ കൂടിയാ കാലത്തിലേക്കൊന്നു
തിരികെ നടക്കുവാൻ മോഹമായി..
വിറയാർന്ന ചുണ്ടിലൊളിച്ചൊരെൻസ്വപ്നത്തിൻ
നിറമുള്ള ചിറകിൽ പറന്നുയരാൻ.."