എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ്

23:43, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36053 (സംവാദം | സംഭാവനകൾ) (''''പരിസ്ഥിതി ദിനം''' ശ്വസിക്കാൻ ശുദ്ധവായുവും കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനം

ശ്വസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

ലോക പരിസ്ഥിതി ദിനത്തിന്റെ ചരിത്രം:

മനുഷ്യ പരിസ്ഥിതിയെക്കുറിച്ചുള്ള സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ മനുഷ്യ ഇടപെടലുകളും പരിസ്ഥിതിയും സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം 1972 ൽ യുഎൻ പൊതുസഭ ലോക പരിസ്ഥിതി ദിനം ആചരിയ്‌ക്കാൻ തീരുമാനിച്ചു. ഇതിന് ശേഷം രണ്ട് വർഷത്തിന് ശേഷമാണ് ആദ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്. ‘ഒരു ഭൂമി മാത്രം’ എന്നതായിരുന്നു അന്നത്തെ വിഷയം. പരിസ്ഥിതിദിനം ആഘോഷിക്കുന്നതിനായി 1974 മുതൽ വർഷം തോറും ആഘോഷങ്ങൾ നടന്നിരുന്നു.

ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം:

ഈ ഭൂമി വരും തലമുറകൾക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ നിലനിർത്താൻ ആവശ്യമായ നടപടികൾ ആഗോളതലത്തിൽ ചർച്ച ചെയ്യുകയും നടപ്പാക്കുകയുമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം. ആഗോളതാപനം, സമുദ്ര മലിനീകരണം, മനുഷ്യരുടെ അമിത ജനസംഖ്യ, വന്യജീവികളുടെ സംരക്ഷണം, സുസ്ഥിര ഉപഭോഗം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഈ ദിനത്തിൽ ഗൗരവകരമായി ചർച്ച ചെയ്യുന്നു.

മലിനീകരണം വൻ വിപത്ത്:

പ്രകൃതിയുടെ ക്ഷയത്തിന് വലിയതോതിൽ കാരണമാകുന്നതാണ് മലിനീകരണം. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ഇത് തന്നെ. മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്കരണം മണ്ണ്, ജലം, വായു എന്നിവയെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. മണ്ണ് മലിനീകരണവും ജല മലിനീകരണവും പോലെ വലിയ വിപത്താണ് വായു മലിനീകരണം. വാഹനങ്ങളിലെയും ഫാക്ടറികളിലെയും പുക അത് വർധിക്കാൻ കാരണമാവുന്നു. നാം നിത്യേന ഉപയോഗിക്കുന്ന റെഫ്രിജറേറ്റർ, എയർ കണ്ടീഷൻ, എന്നിവയിൽ നിന്നും പുറം തള്ളുന്ന ക്ലോറോ ഫ്ലൂറോ കാർബൺ ഭൂമിയുടെ സംരക്ഷണ കവചമായ ഒാസോൺ പാളിയെ നശിപ്പിക്കുന്നു. ഒാസോൺ പാളിക്ക് കേടുപാട് പറ്റുന്നത് വഴി അപകടകാരിയായ അൾട്രാ വയലറ്റ് വികിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നതിന് കാരണമാവുന്നു. അത് ജീവജാലങ്ങളെ നശിപ്പിക്കുന്നതിലേക്ക് നയിക്കും