ജി.എച്.എസ്.എസ് ചാത്തനൂർ/ചരിത്രം
സ്വതന്ത്രഭാരതം എന്ന സങ്കൽപ്പം യാഥാർത്ഥ്യമായപ്പോൾ രാജ്യത്തെമ്പാടും ഉണർവ്വിൻറ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും ജനമനസ്സുകളിലും ഇത് ആഴത്തിൽ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിൻറെ കാറ്റ് ചാത്തന്നൂർ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു.ദേശീയ സ്വാതന്ത്ര്യലബ്ധി ആധുനിക വിദ്യാഭ്യാസ വ്യാപനത്തിന്റെ ചവിട്ടുപടിയാണ് .ഇവിടുത്തെ ഗ്രാമീണർക്ക് അക്ഷരങ്ങളുടെ കനി നുകരാൻ അവസരം ലഭിച്ചത് ഒരു ഹയർ എലിമെന്ററി സ്കൂളിൽ നിന്നായിരുന്നു. സമൂഹത്തിലെ ചില മാന്യ വ്യക്തികൾക്ക് തങ്ങളുടെ മക്കളെ ഹൈസ്കൂളിൽ ചേർത്തു പഠിപ്പിക്കാൻ ചാത്തന്നൂരിൽ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത ബോധ്യപ്പെടാൻ തുടങ്ങി. നിലയങ്കോട്ടുമനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ ചാത്തന്നൂർകാർക്കൊരിക്കലും മറക്കാൻ കഴിയില്ല. ചാത്തന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ശ്രീ കെ.എൻ. പത്മനാഭ അയ്യർ ഹൈസ്കൂൾ തുടങ്ങുന്നതിനുളള മാർഗ്ഗദർശിയായിരുന്നു. ആദ്യം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനെ സമീപിച്ചു. കെട്ടിടവും ആവശ്യമായ സ്ഥലവും ബോർഡിന് കൈമാറിയാൽ ആലോചിക്കാം ഇതായിരുന്നു മറുപടി കൂടല്ലൂർ മനയ്ക്കൽ കാവു നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായും നിലയം കോട് നീല കണ്ഠൻനമ്പൂതിരി കാര്യദർശിയായും ഒരു നിർവ്വാഹക സമിതി രൂപീകരിച്ചു.കൂടല്ലൂർ മനയ്ക്കൽ ബ്രഹ്മദത്തർ നമ്പൂതിരിപ്പാട്, ഒഴുകിൽ മന സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, കെ.ജി.നമ്പൂതിരിപ്പാട്, കെഴക്കേടത്ത് അഷ്ടമൂർത്തി നമ്പൂതിരിപ്പാട്, കരണാട്ട് നാരായണൻ ഭട്ടതിരിപ്പാട്, ടി.പി. കുഞ്ഞുണ്ണി നമ്പ്യാർ, കൈപ്പട വാസുദേവൻ, എളാട്ടുവളപ്പിൽ കേശവൻ നായർ, സുന്ദരാട്ടു ഗോവിന്ദൻ നായർ ,സി.വി.അപ്പുകുട്ടൻ നായർ ,പി.ആർ നമ്പ്യാർ എന്നിവരാണ് നിർവ്വാഹക സമിതിയിലുണ്ടായിരുന്നവർ. സ്കൂളിന് ആവശ്യമായ സ്ഥലം കൂടല്ലൂർ മനയ്ക്കൽ കാവു നമ്പൂതിരിപ്പാട് തന്റെ മരുമക്കളായ കക്കാട് മനയ്ക്കൽ ഗോദ ശർമ്മനേയും കൃഷ്ണനേയും വിളിച്ചു വരുത്തി അവരുടെ താവഴിയിലുള്ള ചേമ്പ്ര കുന്നിന്റെ തെക്കെ ചെരിവിലുള്ള 97/1 ഭാ.സർവ്വെ നമ്പറിൽ 18 ഏക്കർ 84 സെ.സ്ഥലം സ്കൂൾ സ്ഥാപിക്കുന്നതിനായി 1948 ൽ തൃത്താല സബ് റജിസ്ട്രാർ ആഫീസിൽ 700-ാം നമ്പറായി റജിസ്റ്റർ ചെയതു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രഭു കുടുംബങ്ങളിൽ കയറിയിറങ്ങിയും' പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ച് രണ്ടരങ്ങ് കഥകളി നടത്തിയും തുക സംഘടിപ്പിച്ചു.പണി ഏറെകുറെ പൂർത്തീകരിച്ചപ്പോൾ മദിരാശി സർക്കാർ മിഡിൽ സ്കൂൾ അനുവദിച്ച് ഉത്തരവിട്ടു.1949 ൽ ചിങ്ങ പുലരിയിൽ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.1952ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തുവന്നു. ആ വർഷം ഔദ്യോഗികമായി മലബാർ ഡിസ്ട്രിക് ബോർഡ് 17-ാമത്തെ ഹൈസ്കൂളായി ചാത്തന്നൂർ വിദ്യാലയം ഏറ്റെടുത്തു. ത്യാഗത്തിന്റെ ഇതിഹാസം തന്നെ ഇതിന്റെ പിന്നിലുണ്ട്. എത്രയെത്ര ഋഷി തുല്യരായ ആചാര്യന്മാർ, അവരുടെ മൊഴിമുത്തുകിൽ നിന്നു വിരിഞ്ഞ എത്രയെത്ര സൗഗന്ധിക സൂനങ്ങൾ,ഈ ക്ഷേത്രത്തിന്റെ സോപാനങ്ങളിൽ കാലെടുത്തു വയ്ക്കുന്നവർ ഭാഗ്യവാന്മാർ തന്നെ.