കൊറോണ

കൊറോണ, കോവിഡ് 19 ഈ പേരുകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. മുതിർന്നവരുടെയും കുഞ്ഞുങ്ങളുടെയും മനസിൽ ഒരു ഭീകര സ്വപ്നമായി ഇത് ഇപ്പോഴും അവശേഷിക്കുന്നു .ചൈനയിലെ വുഹാനിൽ 2019 നവംബറിൽ ഈ വൈറസ് ആദ്യമായി പൊട്ടി പുറപ്പെട്ടപ്പോൾ അതിന്റെ ഗൗരവം എനിക്കു മാത്രമല്ല ഈ ലോകജനതയ്ക്കു തന്നെ മനസ്സിലായി കാണണമെന്നില്ല. ചൈനയിൽ ഓരോ ദിനവും 200-ലേറെ പേർ മരിച്ചു വീഴുമ്പോഴാണ് മാധ്യമ ശ്രദ്ധ പതിയുന്നത്. ക്രമേണ ഈ വൈറസിനെ കുറിച്ച് കൂടുതൽ വാർത്തകൾ വന്നിട്ടില്ലെങ്കിൽ പോലും പത്രമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ഇതിന്റെ ഗൗരവം മെല്ലെ മെല്ലെ ഞാൻ മനസിലാക്കി തുടങ്ങി. ചൈനയിൽ പൊട്ടി പുറപ്പെട്ട ഈ ഗുരുതരമായ വൈറസ് ചൈനയിൽ തന്നെ അവശേഷിക്കുമെന്നും ഞാൻ വിചാരിച്ചു. പക്ഷെ ഇത് ലോകത്തിന്റെ തന്നെ മാനവരാശിയെ കാർന്നുതിന്നുമെന്ന് അൽപം വൈകിയാണ് ഞാനും അറിയുന്നത്. ഇറ്റലിയും, സ്പെയിനും, ഫ്രാൻസും, ഇംഗ്ലണ്ടും, ജർമ്മനിയും എന്നീ സാമ്പത്തിക രാജ്യങ്ങൾക്കൊപ്പം " സാമ്പത്തിക രാജ്യങ്ങളുടെ രാജാവ് " എന്ന റിയപ്പെടുന്ന അമേരിക്കയിലും ഈ കോറോണ വൈറസ് സംഹാര താണ്ഡവമാടിയപ്പോൾ ആയിരവും പതിനായിരവും കടന്ന് മരണം അതിന്റെ ഏറ്റവും വലിയ വികൃതരൂപം കാട്ടുമ്പോഴും ഞാനെന്റെ വീട്ടിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ, പേടിയോടെ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. വികസ്വര രാജ്യമായ നമ്മുടെ രാജ്യത്തെക്കാൾ എല്ലാ മേഖലകളിലും സമ്പന്നരായ ഇത്തരം രാജ്യങ്ങളിൽ കൊറോണയെ പ്രതിരോധിക്കാൻ നിസ്സഹായരായി നിൽക്കുന്ന ഭരണകൂടവും മരിച്ചു വീഴുന്ന ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിൽ ഈ ലോകം തന്നെ നിശബ്ദമാവുകയാണ്. കൊറോണ അതിന്റെ ഭീകരരൂപം ഈ ലോകത്തിനു മുഴുവൻ കാണിച്ചു കൊടുക്കുമ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിൽ ഒരു ജനുവരി മാസത്തിൽ കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തുടക്കത്തിൽ തന്നെ വളരെ ആർജ്ജവമായി അതിനെ പ്രതിരോധിക്കുവാനും ജനങ്ങളെ ആത്മവിശ്വാസത്തിലെത്തിക്കുവാനും കേരളത്തിന്റെ ഭരണകൂടത്തിനും ആരോഗ്യ മേഖലയിലുള്ളവർക്കും സാധിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ സത്യം. ഇന്ത്യയിലും അഞ്ഞൂറിൽ പരം മരണം റിപ്പോർട്ട് ചെയ്തു വെങ്കിലും അതീവ ജാഗ്രതയിൽ തന്നെയാണ് നമ്മുടെ രാജ്യം മുന്നോട്ട് പോകുന്നത്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ ഈ മഹാമാരിയെ പ്രതിരോധിക്കുവാൻ കഴിയൂവെന്ന് ഇന്ത്യൻ ഭരണകൂടവും കേരള ഭരണകൂടവും ജനങ്ങളെ ആവർത്തിച്ച് ബോധവത്കരിക്കുന്നു. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മരണം ഒരു ലക്ഷത്തി നാൽപതിനായിരത്തോട് അടുക്കുമ്പോഴും വുഹാനിൽ പൊട്ടി പുറപ്പെട്ട ഈ വൈറസിനെ പ്രതിരോധിക്കാൻ പോലും കഴിയാതെ ലോകരാജ്യങ്ങൾ പേടിച്ച് വിറച്ച് കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് നമ്മുടെ രാജ്യവും നമ്മുടെ കൊച്ചു കേരളവും ലോക ശ്രദ്ധയാകർഷിക്കുന്നത്. വളരെ കൃത്യമായ ചട്ടങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിച്ചും കൃത്യമായ ഇടപെടലുകളിലൂടെയും ഈ വൈറസിനെ പ്രതിരോധിക്കുവാൻ നമുക്ക് സാധിച്ചു. വളരെ മികച്ച സർക്കാർ സംവിധാനവും രാവും പകലും കഠിനാദ്ധ്വാനവും ചെയ്തു കൊണ്ട് മുന്നോട്ടി റങ്ങുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും എന്റെ ഒരു " ബിഗ് സല്യൂട്ട് ". ഇപ്പോഴും ലോകം മരണക്കയറ്റിൽ നിന്നും മുക്തി നേടാതെ പിടയുമ്പോഴും ലോകാരോഗ്യ സംഘടന ഇന്ത്യയേയും കേരളത്തേയും പ്രശംസിച്ചു കൊണ്ടിരിക്കുന്നത് ഞാൻ അഭിമാനത്തോടെ വീട്ടിലിരുന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്നു

അർഷിത.വി.വി
ഒൻപതാം ക്ലാസ് കെ എം വി എച്ച് എസ് എസ് കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം