സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഗുരു ദക്ഷിണ

ഗുരു ദക്ഷിണ

"സാറേ ഇറങ്ങാറായില്ലേ ? മണിമൂന്നായില്ലേ ? “ ബാങ്കിലെ പ്യൂൺ ചന്ദ്രേട്ടന്റെ വിളി കേട്ടപ്പോൾ രഘു വാച്ചിലേക്ക് നോക്കി. ശരിയാണ് മണി മൂന്നായി .ഇപ്പോൾ ഇറങ്ങിയില്ലെങ്കിൽ അഞ്ചുമണിയാകുമ്പോഴെങ്കിലും രാമനാട്ടുകരയിൽ എത്താൻ കഴിയില്ല. സമയം കളയാതെ രഘു ഉടൻ തന്നെ ബാങ്കിൽ നിന്നിറങ്ങി. കുറേ നാളായി മുകുന്ദൻ മാഷിന്റെ വീട്ടിൽ പോകണമെന്ന് വിചാരിച്ചിട്ട് . ഇപ്പോഴാണ് സമയം കിട്ടുന്നത്. രഘു കാർ സ്റ്റാർട്ടാക്കി.

സ്കൂളിലെ ഏറ്റവും കാർശക്കാരനായ മാഷായിരുന്നു മുകുന്ദൻ മാഷ് . പല ഗജപോക്കിരികളെയും നന്നാക്കിയ ചരിത്രം ഉണ്ടായിരുന്ന മാഷിന്റെ പക്കൽ താനും അങ്ങനെ ചെന്നു പെട്ടു. അപ്പോൾ താൻ പത്താംതരത്തിൽ പഠിക്കുകയായിരുന്നു. "രഘൂ... ഇപ്പോ താൻ മാറിചിന്തിച്ചില്ലായിരുന്നെങ്കിൽ പിന്നെ ഒരു തിരിത്തുവരവ് ഉണ്ടായിരുന്നില്ലായിരിക്കും" എന്ന് മാഷ് പറഞ്ഞപ്പോൾ ഒരു വാശിക്കങ്ങനെ പഠിച്ചു . തുടക്കത്തിൽ സഹപാഠികളുടെയും ചില അദ്ധ്യാപകരുടെയും പരിഹാസത്തിന് പാത്രമായെങ്കിലും അതിനെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത് മുകുന്ദൻ മാഷാണ്. കാർ രാമനാട്ടുകര ജംഗ്ഷനിൽ എത്തി. -ഇവിടെ അടുത്താണെന്നാണ് ജോസ് പറഞ്ഞത്. ആരോടെങ്കിലും ചോദിക്കാം -

രഘു കാ‍ർ ഒരു വൃദ്ധന്റെ അടുത്ത് ഒതുക്കി നിർത്തി -അതേ ചേട്ടാ - വൃദ്ധൻ തിരിഞ്ഞുനോക്കി . രഘു അത്ഭുതസ്തബ്‍ധനായി. മുകുന്ദൻ മാഷായിരുന്നു അത്.

തൂവെള്ള താടി സാറിന്റെ നെഞ്ചൊപ്പം ഉണ്ടായിരുന്നു. കഷണ്ടി കയറിയ തലയിൽ വൃത്തിയായി ചീകിവച്ച മുടിയും , പിന്നേ വട്ടക്കണ്ണടയും . പതിനഞ്ച് വർഷം മുമ്പത്തെ മാഷിന്റെ രൂപത്തിന് അധികം വ്യത്യാസം ഉണ്ടായിരുന്നില്ല. നരബാധിച്ചതൊഴിച്ച് ആ മുഖത്ത് നല്ല പ്രകാശമായിരുന്നു.

"മുകുന്ദൻ മാഷല്ലേ ?” രഘു കാറിൽ നിന്നിറങ്ങി സാറിന്റെ പക്കലേക്ക് നീങ്ങി. "മാഷ്‍ക്ക് എന്നെ മനസ്സിലായോ ?” "ഞാൻ...” 'രഘു പ്രസാദല്ലേ ? ... ! സെന്റ് ജോസഹ്സ് സ്കൂളിലെ ?...” രഘു ഞെട്ടിപ്പോയി . എന്തോരു ഒാ‍ർമ്മയാണ്. "ഉംം... എന്താ ഈ വഴി ? ...” "ഞാൻ സാറിനെ കാണാൻ വന്നതാ...” "എന്നാ ...വീട്ടിലേയ്ക്ക് പോയേക്കാം"

മാഷിനെ കാറിൽ കയറാൻ സഹായിച്ചിട്ട് രഘു കയറി വണ്ടി സ്റ്റാർട്ടാക്കി. ‍ "നീ ഇപ്പോ എന്ത് ചെയ്യുന്നു..?” "ബാങ്ക് മാനേജറാ.. പീലിക്കടവ് സഹകരണ ബാങ്കിൽ" ‍ "കൊള്ളാം.” - "അന്ന് സാറിനെ കണ്ട് മുട്ടിയില്ലായിരുന്നെങ്കിൽ ഞാൻ ഈ നിലയിൽ എത്തില്ലായിരുന്നു.” "ഞാൻ എന്റെ കടമ ചെയ്തു. അത്രയേ ഉള്ളൂ.” "പക്ഷേ എനിക്കതൊരു വഴിത്തിരിവായിരുന്നു. സാറിന് വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണം" "ഒന്നും പ്രതീക്ഷിച്ചല്ലടാ ഞാൻ ഇതോക്കെ ചെയ്യുന്നത്"

"എന്നാലും എന്റെ ഒരു സന്തോഷത്തിന്... " "ഇടത്തേക്കു തിരിച്ചോളൂ " വണ്ടി ഒരു ചെറിയ ഇടവഴിയിലേക്ക് കയറി

"വണ്ടി ഒന്ന് നിർത്തിയേ...” രഘു വണ്ടി നിർത്തി ചുറ്റും നോക്കി . അവിടെ ചെറിയ ഒരു വീടോഴികെ ഒന്നും ഇല്ലായിരുന്നു.

"അത് ചക്കുണ്ണീടെ വീടാ.. " "ഒരു പാവം ! അയാൾക്ക് ആകെ ഒരു മോനാ ഉള്ളത് .അവനാണങ്കിൽ നന്നായിട്ട് പഠിക്കും. എഞ്ചിയിറങ്ങിന് നല്ല മാ‍‍‍ർക്കോടെ സീറ്റ് കിട്ടിയിട്ടുണ്ട് നീ എനിക്ക് വേണ്ടി ഒന്നും ചെയ്യണ്ടാ പറ്റുമെങ്കിൽ അയാൾക്ക് ഒരു ലോൺ തരപ്പെടുത്തിക്കൊടുക്ക്.” "അതിനെന്താ മാഷേ അടുത്ത ദിവസം ബാങ്കിലോട്ട് വരാൻ ഞാൻ അയാളോട് ഇപ്പം തന്നെ ചെന്ന് പറഞ്ഞേക്കാം" രഘു കാറിൽ നിന്നിറങ്ങി "അല്ല മാഷിതെങ്ങോട്ടാ...?” "ഞാൻ പതിയെ വീട്ടിലേക്ക് നടക്കുവാ.. ഇവിടുന്ന് ഒരു അഞ്ച് മിനിറ്റ് നടക്കാവുന്നതേയുള്ളു.”

രഘു ചാക്കുണ്ണിയുടെ വീട്ടിലേക്ക് ചെന്നു.വീട്ടിൽ അയാളുടെ മകനെ ഉണ്ടായിരുന്നുള്ളൂ. "ഞാൻ രഘു മുകുന്ദൻ മാഷ് പറഞ്ഞിട്ടു വന്നതാണ്" അയാൾ അത്ഭുതത്തോടെ രഘുവിനെ നോക്കി. അടുത്ത ദിവസം ആവശ്യമായ രേഖകൾ കൊണ്ട് ബാങ്കിലേക്ക് വരാൻ രഘു ആ കുട്ടിയോട് പറഞ്ഞു.രഘു വണ്ടിയിൽ കയറി സൈഡ് മിററിലൂടെ നോക്കിയപ്പോൾ ആ കുട്ടി അത്ഭുതത്തോടെ അവിടെ നിൽക്കുന്നതു കണ്ടു.ഒരു ചെറു പുഞ്ചിരിയോടെ രഘു വണ്ടി സ്റ്റാർട്ടാക്കി.

മാഷ്‍ക്ക് ഇതെന്തൊരു വേഗമാണ്. വഴിയിൽ മാഷിനെ കാണാത്തപ്പോൾ രഘു കരുതി . പ്രൗഢി തെല്ലും ചോരാത്ത ഒരു പഴയ തറവാടിയായിരുന്നു മുകുന്ദൻ മാഷ്.

വണ്ടിയുടെ ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു ഒരു സ്ത്രീ ഇറങ്ങിവന്നു. "ഞാൻ രഘു .മാഷ്‍ടെ സ്റ്റു‍ന്റായിരുന്നു. മാഷ് എവിടെ ? “ കാറിന്റെ ഡോർ അടച്ചുകൊണ്ട് രഘു ചോദിച്ചു. "മാഷ് മരിച്ചൂലോ ...ഇന്നലെയായിരുന്നു ശവദാഹം .മോൻ കയറി വാ....”

രഘുവിന് വിശ്വസിക്കാനായില്ല.മാഷ് ഇത്ര നേരം തന്റെ കൂടെയുണ്ടായിരുന്നല്ലോ?

"എന്താ മോനെ ?” രഘുവിന്റെ മുഖഭാവം ശ്രദ്ധിച്ചാട്ടാവണം ആ സ്ത്രീ ചോദിച്ചു. "ഒന്നുമില്ല അമ്മേ ഞാൻ ഇറങ്ങുന്നു" തിരികെ നടക്കുമ്പോൾ തൂവെള്ള താടിയുമായി ഒരു രൂപം മരങ്ങൾക്കിടയിൽ കണ്ടതുപോലെ തോന്നി രഘുവിന്.

തിരികെ നടക്കുമ്പോൾ ഗുരുദക്ഷിണ നൽകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലായിരുന്നു രഘു.




അന്നു എസ് മാത്യൂ
Plus One St Mary’s HSS Bharanaganam
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം