സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/കൊറോണയുടെ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ യാത്ര

ഞാൻ കൊറോണ, ഒരു വൈറസ് ,ഞാൻ ഒരു കാട്ടുമൃഗത്തിന്റെ ശരീരത്തിൽ സുഖമായി ജീവിക്കുകയായിരുന്നു. എന്നാൽ ഒരു ദിവസം കുറേ മനുഷ്യർ ഞാൻ ജീവിച്ചിരുന്ന മൃഗത്തെ വേട്ടയാടി കൊന്നു. ജീവനില്ലാത്ത ശരീരത്തിൽ അതിജീവിക്കാൻ കഴിയാതെ, വാസസ്ഥലം നഷ്ടപ്പെട്ട ഞാൻ അവരിൽ ഒരു മനുഷ്യന്റെ ശരീരത്തിൽ പ്രതീക്ഷയോടെ പ്രവേശിച്ചു. അവിടെ കിടന്ന് ഞാൻ ആരോഗ്യവാനായി, പെറ്റുപെരുകി.

അദ്ദേഹം എന്നേയും വഹിച്ചുകൊണ്ട് ഒരു വലിയ നഗരത്തിലേയ്ക്കാണ് പോയത്. അവിടെ എനിക്കും എന്റെ കൂട്ടുകാർക്കും പാർക്കാൻ പറ്റിയ ധാരാളം മനുഷ്യർ ഉണ്ടായിരുന്നു. എനിക്ക് സന്തോഷമായി. ഞാൻ പ്രവേശിച്ച വ്യക്തി ശുചിത്വമില്ലാത്ത ഒരാളായിരുന്നു. അയാൾ കൈകൾ വൃത്തിയാക്കാതെ മറ്റ് മനുഷ്യരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതു മൂലം എനിക്കും എന്റെ കൂട്ടുകാർക്കും പുതിയ പുതിയ വാസസ്ഥലങ്ങൾ കിട്ടി. പിന്നീട് ഞങ്ങളുടെ കാലമായിരുന്നു. ഞങ്ങൾ അതിർത്തികൾ കടന്ന് പുതിയ നാടുകളിലേയ്ക്ക് കടന്നു. അവിടെ അനേകം മനുഷ്യ ശരീരങ്ങൾ ഞങ്ങൾ കീഴ്പ്പെടുത്തി. ഒരു രാജ്യത്തിലെ നല്ലൊരു ശതമാനം മനുഷ്യരെ ആക്രമിച്ചില്ലാതാക്കാൻ ഞങ്ങൾക്കു സാധിച്ചു.അതും വളരെ കുറച്ചു സമയം കൊണ്ട്.

എന്നാൽ കർശന നിയന്ത്രണണങ്ങൾ മൂലം ആ രാജ്യത്ത് ഞങ്ങൾക്കധികം താമസിക്കാൻ സാധിച്ചില്ല.കുറച്ചു നാൾ നീണ്ടുനിന്ന ആക്രമണത്തിനു ശേഷംഞങ്ങൾക്ക് അവിടെ നിന്ന് പിൻമാറേണ്ടി വന്നു. എങ്കിലും ഞങ്ങൾ പിന്നോട്ട് പോയില്ല, പുതിയ മനുഷ്യ ശരീരത്തിനു വേണ്ടി ഞങ്ങൾ കൊതിച്ചിരുന്നു. കൈകൾ കഴുകാതെയും, മുഖാവരണം ധരിക്കാതെയും, ശുചിത്വമില്ലാതെയും ജീവിക്കുന്ന മനുഷ്യർക്കിടയിൽ ഞങ്ങൾക്ക് അനായാസം പ്രവേശിക്കാൻ സാധിച്ചു.

അങ്ങനെ മറ്റൊരു രാജ്യത്ത് അവിടെയുള്ള ജനങ്ങൾക്കിടയിൽ ഞങ്ങൾ കടന്ന്കൂടി. പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ തിരികെയെത്തി. മനുഷ്യരുടെ അനിയന്ത്രിതമായ സമ്പർക്കം ഞങ്ങൾക്ക് തുണയായി. ഞങ്ങൾ അനേകം നാട്ടിലുള്ള മനുഷ്യരെ കീഴ്പ്പെടുത്തി, രോഗികളാക്കി. എണ്ണിയാലൊടുങ്ങാത്ത അത്ര മനുഷ്യർ ഞങ്ങൾ മൂലം രോഗികൾ ആയി.

ആയിരക്കണക്കിന് മനുഷ്യരുടെ ജീവനുകൾ എടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. സന്തോഷത്തോടെയും ആർത്തിയോടെയും ഞങ്ങൾ മനുഷ്യരെ കൊന്നൊടുക്കി. ഇന്ന് ലോകം മുഴുവനായും ഞങ്ങൾ കാർന്ന് തിന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യർക്കിടയിൽ ശുചിത്വമില്ലാത്ത സമ്പർക്കം നിലനിൽക്കുന്നിടത്തോളം ഞങ്ങൾ മനുഷ്യരെ കൊന്നു തിന്നുകൊണ്ടിരിക്കും.ഞങ്ങളുടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കും....

എയ്ഞ്ചൽ എബ്രാഹം
3 ബി സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം
വെെക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


{{Verification4|name=Asokank| തരം= ലേഖനം}