കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൗതുകലോകം
ആങ്കോര്‍വാത് ക്ഷേത്രം - കംപൂച്ചിയ
-ലേഖനം / ഫോട്ടോ ഫീച്ചര്‍ - ആര്‍.പ്രസന്നകുമാര്‍. -17/03/2010
ഭാരതത്തിന്റെ ഏതോ പരിച്ഛേദത്തില്‍ നാം ചെന്നകപ്പെട്ടതുപോലെ തോന്നും, കാംബോഡിയയിലെ, ഇന്നത്തെ കംപൂച്ചിയയിലെ ആങ്കോര്‍വാത് ക്ഷേത്രസമുച്ചയത്തില്‍ ചെന്നാല്‍, അത്ര സാമ്യം...കുലീനം ഈ വാസ്തുകലയുടെ ശ്രീകോവിലകം.
1113 - 50 കാലഘട്ടത്തിലെ സൂര്യവര്‍മ്മന്‍ എന്ന രാജാവാണ് പ്രാചീന ഖെമര്‍ സാമ്രാജ്യ തലസ്ഥാനമായ സീമ്രീപ് പ്രദേശത്ത് ഈ നിസ്തുല വാസ്തുകാവ്യം തീര്‍ത്തത്. ഭാരതത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഹിന്ദു - ബുദ്ധമത സംസ്കാരത്തിന്റെ ബഹുര്‍സ്ഫുരണം കംപൂച്ചിയയില്‍ ഉടനീളം കാണാം. അതിന്റെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. മധുരമീനാക്ഷി ക്ഷേത്രത്തിന്റെ ഗാംഭീര്യവും ചിദംബരം ക്ഷേത്രവിമാനങ്ങളുടെ ശില്പ ചാരുതയും സമന്വയിച്ച മഹാക്ഷേത്രം. ഇന്ത്യയുടെ പൗരാണികത എല്ലാ അര്‍ത്ഥത്തിലും പീലി വിടര്‍ത്തി നടനമാടുന്നുണ്ടിവിടെ..... കാലത്തിന്റെ പടയോട്ടങ്ങള്‍ക്കും സാസ്കാരികജീര്‍ണതയ്കും വഴിപ്പെടാതെ... തെല്ലുപോലും സ്പര്‍ശിക്കാനനുവദിക്കാതെ, ഒരു പുഞ്ചിരിയോടെ വരുതലമുറയ്കായി തല ഉയര്‍ത്തി നില്‍ക്കുന്നു.
ക്ഷേത്രഘടന :-
ക്ഷേത്രത്തിനുചുറ്റും അഗാധമായ കിടങ്ങാണ്, ഏതാണ്ട് 191 മീറ്റര്‍ വീതിയില്‍. ക്ഷേത്രത്തെ വലിയ ചുറ്റുമതില്‍ വലയം ചെയ്യുന്നു. മതില്‍ക്കകം 1495 മീറ്റര്‍ നീളവും 1303 മീറ്റര്‍ വീതിയുമുള്ള ദീര്‍ഘ ചതുരപ്പരപ്പാണ്. ക്ഷേത്രം ഒരു ദ്വീപുപോലെയാണ്. അവിടേക്ക് പ്രവേശനമാര്‍ഗ്ഗമൊരുക്കിയിരിക്കുന്നത് പടിഞ്ഞാറുവശത്തു നിന്നുമാണ്. ഇരുവശവും വരിവരിയായി ചെറുതൂണുകളില്‍ ഒരു പാലം തീര്‍ത്തിരിക്കുന്നു. ശില്പാലംകൃതമായ പ്രവേശനഗോപുരം കടന്നാല്‍ ചുറ്റുമതിലിന്നുള്ളില്‍ ഒന്നിനുള്ളില്‍ മറ്റൊന്നായി ചെറുതും കൊത്തുപണികളാല്‍ സമ്പന്നവുമായ രണ്ട് വലയമതിലുകള്‍ ഉണ്ട്. നമ്മുടെ നാട്ടിലെപ്പോലെ നാലമ്പലവും പ്രദക്ഷിണപാതയും ഹവിസ്സു തൂകാന്‍ ബലിക്കല്ലുകളും ഒക്കെ ഇവിടെ സമന്വയിച്ചിരിക്കുന്നു. ഒത്ത നടുക്കായി പ്രൗഢവും വളരെ പൊക്കം കൂടിയതുമായ ശ്രീകോവില്‍, അവിടെ ആശ്രിത വത്സലനായ ദേവചൈതന്യവും.
അതേ... ഭാരതത്തിലെ ഏതൊരു ക്ഷേത്രത്തിലും ദര്‍ശനത്തിനു ചെന്നാലുണ്ടാകാവുന്ന അനുഭവം.
കരിങ്കല്ലില്‍ കവിത കൊത്തി വെച്ചിരിക്കുകയാണ് എവിടെയും. കണ്ണിന് വിരുന്നേകുന്ന കമനീയത നിറഞ്ഞു തുളുമ്പുന്നുണ്ട് ഓരോ കല്‍തൂണുകളിലും. അതിലൊക്കെയും ഹൈന്ദവപുരാണേതിഹാസങ്ങള്‍ പ്രതിമാ ശില്പങ്ങളായി....., അതു കൊത്തിയെടുത്ത അജ്ഞാതരും അനിതരവൈഭവശാലികളുമായ ശില്പികളില്‍ പോലും ഇന്ന് അത്ഭുതപരമ്പര സൃഷ്ടിച്ചുകൊണ്ട്...... ശില്പവാങ്മയരമ്യതയോടെ നിരന്നിരിക്കുന്നു,
ഈ മനോഹരവും പവിത്രവുമായ സങ്കേതം ഒരു കാലത്ത് ഒരേ സമയം ആരാധനാലയവും രാജസന്നിധിയുമായിരുന്നു. ഇവിടെ ഭക്തിയും ഭരണവും സമരസപ്പെട്ട് ഒരു ജനതയുടെ ഭാഗധേയം അനിര്‍വാച്യമായി നിര്‍വചിക്കപ്പെട്ടിരുന്നു.
അതേ ദേവവിഗ്രഹത്തില്‍ ദേവത്വവും രാജത്വവും വളരെ ഹൃദ്യമായി, വിശ്വാസജന്യമായി സമ്മിശ്രപ്പെടുത്തിയിരുന്നു.... വിദഗ്ദമായി...വിശാലമായി...വിശ്വസ്വീകാര്യമായി.....
ആങ്കോര്‍വാത് ക്ഷേത്രം - ഫോട്ടോ ഗാലറി
തുടരും