കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ഞാൻ കൊറോണ വൈറസ്. പേരു കേട്ട വൈറസ് കുടുംബത്തിലെ അംഗം. നിങ്ങളെപ്പോലെ തന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ. ചൈനയിലെ ഒരു ഘോര വനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കഴിഞ്ഞുകൂടുകയായിരുന്നു ഞാൻ. നിങ്ങൾക്കറിയാമല്ലോ, ഞങ്ങൾ വൈറസുകൾക്ക് പുറത്ത് ജീവിക്കാൻ കഴിയില്ലെന്ന്. ഏതെങ്കിലും ജീവികളുടെ ആന്തരാവയവങ്ങളിലാണ് ഞങ്ങൾ വാസസ്ഥലം കണ്ടെത്താറ്. പുറത്തു വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും. എലി, പെരുച്ചാഴി, പന്നി,വവ്വാൽ, കൊതുക്, കുറുനരി തുടങ്ങിയ ജീവികളെയാണ് സാധാരണ ആതിഥേയ ജീവികളായിഞങ്ങൾ തിരഞ്ഞെടുക്കാറ്. അവരുടെ വയറ്റിലാവുമ്പോൾ ശല്യങ്ങൾ ഒന്നുമില്ലാതെ സ്വസ്ഥമായി കഴിയാമല്ലോ. പിന്നെ, പാലു തരുന്ന കൈകളിൽ ഞങ്ങൾ കൊത്താറില്ല. ആതിഥേയ ജീവികൾക്ക് രോഗം വരുത്തില്ല എന്നർത്ഥം. കഥയിലേക്ക് തിരികെ വരാം. ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്ന് വന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അനേകം മൃഗങ്ങളെ വെടിവച്ച് വീഴ്ത്തി. കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടുപന്നിയെയും. പിടഞ്ഞു വീണ മൃഗങ്ങളെയെല്ലാം വണ്ടിയിൽ കയറ്റി വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ഇഷ്ട വിഭവമാണല്ലോ കാട്ടുപന്നി.. തൊലിയുരിച്ച് കമ്പിയിൽ കോർത്ത് മസാല ചേർത്ത് പൊരിച്ച് കഴിക്കും. കൂട്ടത്തിൽ ഞാനും ചാമ്പലാകും. എന്റെ ഭാഗ്യത്തിന് ഇറച്ചിയുടെ വയർ തുരന്ന് ആന്തരീകാവയവങ്ങൾ എടുത്ത് പുറത്ത് കളഞ്ഞു. ആ തക്കത്തിന് ചെറുപ്പക്കാരന്റെ കൈവിരലിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞു. അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വസന നാളം വഴി നേരെ ശ്വാസകോശത്തിലേക്ക്. ഇനി പതിനാല് ദിവസം സമാധിയാണ്. ഈ സമാധിയിലാണ് ഞങ്ങൾ പെറ്റുപെരുകുന്നത്. കോശ വിഭജനം വഴി ഒന്നിൽ നിന്ന് രണ്ടാകാനും രണ്ടിൽ നിന്ന് നാലാകാനും പിന്നെ ആയിരങ്ങളും ലക്ഷങ്ങളും കോടികളുമാകാനും ഞങ്ങൾക്ക് പതിനാല് ദിവസം മതി. ഇനിയാണ് രസം. ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തുമ്മലുമൊക്കെ തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എന്റെ കുഞ്ഞുങ്ങൾ ചൈനക്കാരന്റെ ഭാര്യയുടെയും മക്കളുടെയും അയൽക്കാരുടെയും ശരീരത്തിൽ കയറിപ്പറ്റി. ലോക സഞ്ചാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. എന്റെ പൊന്നുമക്കൾ കളി തുടങ്ങിക്കഴിഞ്ഞിരുന്നു. അവർ കൂടു വിട്ട് കൂടു മാറിക്കൊണ്ടിരുന്നു. പനി പടർന്നു പിടിച്ചു. മരുന്നുകൾ ഫലിക്കാത്ത മാരകമായ പനി.. ദിവസവും ആയിരങ്ങൾ ആശുപത്രികളിലേക്ക് വന്നു. മൃതദേഹങ്ങൾ വഹിച്ച് കൊണ്ട് നിരത്തുകളിലൂടെ ആംബുലൻസുകൾ ചീറിപ്പാഞ്ഞു. ലോകം പകച്ചു നിന്നു. ഗവേഷകർ തല പുകച്ചു. ഈ രോഗം എന്ത്? കാരണക്കാരനായ അണു എവിടെ നിന്നു വന്നു? ഇതിന് പ്രതിവിധി എന്ത്? അതിനിടയിൽ ഡോക്ടറുടെ ശ്വാസകോശത്തിലെ നിദ്ര അവസാനിപ്പിച്ച് ഞാൻ ഉത്തരവാദിത്തത്തിലേക്ക് കടന്നു. ഡോക്ടർ അത്യാസന്ന നിലയിലായി. കുറച്ച് ദിവസത്തിനുള്ളിൽ മരണപ്പെടുകയും ചെയ്തു.

മിത്ര മോഹൻ
6 എ കോറോം ദേവാസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ