ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/പരിസ്ഥിതി -എന്റെ ചിന്തകൾ
പരിസ്ഥിതി എന്റെ ചിന്തകൾ
ഹരിതാഭമായ പുൽമേടുകളും കുടിനീരിന്റെയും കൃഷിയുടെയും നിറസാന്നിധ്യമായ പുഴകളും തണ്ണീർതടങ്ങളും കിട്ടുന്ന മഴയെ വർഷം മുഴുവൻ നെഞ്ചേറ്റി വെച്ച് നിത്യവും അരുവികളിലൂടെയും പുഴകളിലൂടെയും നമുക്ക് നല്കികൊണ്ടിരിക്കുന്ന കാടുകളും മേടുകളും കാവുകളും കയ്യേറി നശിപ്പിച്ച് കോൺക്രീറ്റ് കാടുകൾ നിർമ്മിച്ച് അതാണ് പുരോഗതിയെന്ന് ഊറ്റം കൊള്ളുന്ന നമ്മളാണ് ഈ നാശത്തിന്റെ കാരണക്കാർ.ഇന്നത്തെ പ്രകൃതി ദുരന്തങ്ങൾക്കെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ നമ്മൾ മനുഷ്യർ മാത്രമാണ് കാരണക്കാർ.ലക്ഷക്കണക്കിന് ജീവവർഗങ്ങളിൽ എല്ലാം തികഞ്ഞവരെന്ന് അഹങ്കരിക്കുന്ന മനുഷ്യനൊഴികെ മറ്റൊരു ജീവിവർഗവും ഭൂമിയുടെയും പ്രകൃതിയുടെയും സ്വാഭാവിക രീതികളെ മാറ്റിമറിക്കുന്ന ഒന്നും തന്നെ ചെയ്യുന്നില്ല എന്നു നാം ഓർക്കണം.മനുഷ്യനൊഴികെ മറ്റെല്ലാ ജീവിവർഗങ്ങളും പ്രകൃതിക്കിണങ്ങി പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നു.മനുഷ്യൻ മാത്രം പ്രകൃതിയെ വിശിഷ്യാ ഭൂമിയെ താൻ ആഗ്രഹിക്കുന്ന വിധത്തിൽ ഒരിക്കലും മതിയാവാത്ത തന്റെ ത്വരകളെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി പ്രകൃതിയെ രൂപഭേദം വരുത്താൻ ശ്രമിക്കുന്നു.അതിന്റെ സ്വാഭാവിക പ്രതികരണമല്ല ഇന്ന് നാം കാണുന്ന പ്രകൃതിദുരന്തങ്ങൾ,കേരളം കണ്ട നിരവധി പേരുടെ ജീവനും സ്വത്തും ഹനിക്കപ്പെട്ട മഹാ പ്രളയങ്ങൾ. ഇടിച്ചു നിരത്തപ്പെടുന്ന കുന്നുകൾ,നിരന്തരമായ വന ശോഷണം,അന്തരീക്ഷമലിനീകരണം,പ്ലാസ്റ്റിക് ഉപയോഗവും കത്തിക്കലും,ശുദ്ധജല ഉറവകളേയും തടാകങ്ങളേയും കയ്യേറി നശിപ്പിക്കുന്നതും മലിനമാക്കുന്നതും ഇതൊക്കെ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന മനുഷ്യവർഗം തന്നെയാണു ഇപ്പോൾ പ്രകൃതിയുടെ ഏറ്റവും വലിയ നാശം.എന്തൊക്കെ നിയമങ്ങളുണ്ടെങ്കിലും നിയന്ത്രണങ്ങളുണ്ടെങ്കിലും അവയൊക്കെ അട്ടിമറിച്ചുകൊണ്ട് പ്രകൃതിനശീകരണങ്ങൾ പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ കുറിച്ചും വനസംരക്ഷണത്തെകുറിച്ചും ബോധവാൻമാരായ ഒരു തലമുറ ഇവിടെ വളർന്നു വന്നാൽ മാത്രമേ ഈ ദുഷ്ടചെയ്തികൾക്ക് പ്രായശ്ചിത്തം ചെയ്യാനാകൂ.അപ്പോഴേക്കും പരിരക്ഷിക്കാൻ എന്തെങ്കിലും അവശേഷിക്കുമോ എന്നതാണ് എന്നെ അലട്ടുന്ന ഭീതി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |