ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/നാടോടി വിജ്ഞാനകോശം

നാടോടി വിജ്ഞാന കോശം

ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേർന്ന തനിമയാണ് ഫോൿലോർ നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഈ പ്രോജക്ടിന്രെ ലക്ഷ്യം. പരികല്പന:- നാടൻ കലകളും പാട്ടുകളും മാത്രമല്ല ഫോൿലോർ, ഒരു ജനതയുടെ വാമൊഴിസാഹിത്യവും സാമൂഹികാചരങ്ങൾ, ആചാരങ്ങൾ, ചികിത്സാരീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടിവിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നു.

പഠനോദ്ദേശ്യങ്ങൾ ‍ ‍

  • സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളായ തനതായ കലകളെ തിരിച്ചറിയൽ.
  • പ്രാദേശിക ഭാഷയിലുണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിന്
  • പ്രദേശിക ഭാഷാപദങ്ങൾ തിരിച്ചറിയാൻ
  • നാട്ടറിവുകളെ തിരിച്ചറിയാൻ

സാംസ്കാരിക ചരിത്രം

ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടിത്തറ എന്ന ഈ വള്ളുവനാടൻ ഗ്രാമത്തിൽ പണ്ട് വിജ്ഞാനികളായ ഭട്ടിമാർ സൈദ്ധാന്തിക ചർച്ചകൾക്കായി ഭാരതപ്പുഴയുടെ തീരത്ത് ഒത്തു കൂടുമായിരുന്നു. അവർ ഇരുന്നിരുന്ന ആ സ്ഥലമാണ് ആദ്യം ഭട്ടിത്തറയായും പിന്നീട് പട്ടിത്തറയായും അറിയപ്പെട്ടത്. പറയിപെറ്റ പന്തിരുകുലവുമായി അഭേദ്യമായ ഒരു ബന്ധം ഈ പട്ടിത്തറയ്ക്കുണ്ട്. മേളത്തോൾ അഗ്നിഹോത്രിക്ക് ഭാഗമായി കിട്ടിയ വേമുഞ്ചരി മനയും പാക്കനാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കയ്ക്കാത്ത കാഞ്ഞിരവും സ്ഥിതി ചെയ്തിരുന്നത് പട്ടിത്തറയുടെ കിഴക്കേ അതിർത്തിയിലായിരുന്നു. ഇപ്പോളവ തൃത്താല പഞ്ചായത്തിന്റെ ഭാഗമാണ്. ടിപ്പുസുൽത്താന്റെ പടയോട്ടത്തിനും ഈ പഞ്ചായത്തു പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറെ പ്രശസ്തങ്ങളായ ചാമുണ്ഡിക്കാവ്, വേണ്ടശ്ശേരിക്കാവ്, ധർമ്മഗിരിക്ഷേത്രം, കുണ്ടുകാട് പള്ളി എന്നിവയും പട്ടിത്തറയുടെ സാംസ്കാരികമായ പുരോഗതിയിൽ നിർണ്ണായകമായപങ്കു വഹിച്ചിട്ടുണ്ട്. ഈ നാട് മതസൌഹാർദ്ദത്തിന് ഒരു ഉത്തമമാതൃകയാണ്. നൂറോളം ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. ആരാധനാലയങ്ങൾ ധാരാളമുള്ളതുകൊണ്ടു തന്നെ പട്ടിത്തറക്കാർക്ക് എന്നും ഉത്സവകാലമാണ്. പ്രസിദ്ധങ്ങളായ ഒട്ടേറെ പൂരങ്ങൾ ഇവിടെ നടക്കുന്നുണ്ട്. വെടിക്കെട്ടിന് കേൾവികേട്ട ചാമുണ്ഡിക്കാവ്, പഞ്ചവാദ്യപ്രേമികൾ ഒന്നിക്കുന്ന വേണ്ടശ്ശേരി, തോൽപാവക്കൂത്തിന് പ്രശസ്തമായ ആര്യമ്പാടം എന്നിവ അവയിൽ ചിലവ മാത്രം. അലയിലെ ധർമ്മഗിരി ക്ഷേത്രത്തിലെ തൈപൂയാഘോഷവും, പൂലേരി ക്ഷേത്രത്തിലെ തുലാം സംക്രാന്തിയും ഏറെ ആളുകൾ ആഘോഷിക്കുന്നുണ്ട്. സമീപപ്രദേശങ്ങളിലെ നേർച്ചകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ആയിരങ്ങൾക്ക് അന്നദാനം നൽകുന്ന ഒരു ആണ്ടുനേർച്ച കുണ്ടുകാട് പള്ളിയിൽ വെച്ചി നടക്കാറുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് തിറ, ദാരികനും കാളിയും, കാളവേല, കുംഭക്കളി, കളരിപ്പയറ്റ്, കോൽക്കളി, ചവിട്ടുകളി തുടങ്ങിയ നാടൻകലകൾ അരങ്ങേറാറുണ്ടായിരുന്നു. നാടൻപാട്ടുകളാൽ സമ്പുഷ്ടമാണ് ഇവിടത്തെ കാർഷികമേഖല. ഫുട്ബോൾ, വോളിബോൾ, കാരകൊട്ട്, കാളപൂട്ട്, പകിടകളി, കമ്പവലി, എന്നിവയ്ക്കെല്ലാം വളരെ മുൻപുമുതൽ പഞ്ചായത്തിൽ നല്ല പ്രചാരം ഉണ്ടായിരുന്നു.

കളി ആരോഗ്യത്തിനുംമാനസിക സന്തോഷത്തിന്നും നല്ല ഉപാധിയാണ് 'സാങ്കേതിക വിദ്യകൾ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ കൈ കടത്തിയിരിക്കുമ്പോഴും കുട്ടികൾ കളികൾ ഇഷ്ടപ്പെടുന്നവരാണ്. കാലത്തിന്റെ മാറ്റം കളികളിലും മാറ്റം വന്നിരിക്കുന്നു. നാടോടി വിജ്ഞാനകോശം എന്ന പ്രൊജക്ടിന്റെ ഭാഗമായി കൂറ്റനാട് പണ്ടുണ്ടായിരുന്ന കളികൾ മനസ്സിലാക്കുക എന്ന മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ ശേഖരിച്ച കളികൾ

നാടൻ കളികൾ

അക്കുത്തിക്കുത്താന

ചിലയിടങ്ങളിൽ അത്തള പിത്തള തവളാച്ചി എന്ന് പേരുണ്ട്. കുട്ടികൾ കൂട്ടം കൂടിയിരുന്ന് കൈ കമിഴ്ത്തിവച്ച് അക്കുത്തി..... എന്നു പറയുന്നു.ചൊല്ലി നിർത്തുന്നിടത്തെ കുട്ടി കൈ മലർത്തുന്നു .... അങ്ങനെ കൈയുടെ സ്ഥാനം മാറ്റാൻ കഴിയുന്ന കുട്ടി വിജയിയാകുന്നു ഇത് കൂടുതൽ കളിക്കുന്നത് കൊച്ചുകുട്ടികളാണ്

ആട്ടക്കളം

പണ്ട് ഓണക്കാലത്ത് കളിച്ചിരുന്ന ഒരു കളിയാണ്‌ ആട്ടക്കളം. പുരുഷന്മാർ[2] സംഘം ചേർന്ന് കളിച്ചിരുന്ന കളിയാണ്‌‍ ഇത്. രണ്ട് തുല്യ എണ്ണത്തുലുള്ള സംഘം വട്ടത്തിൽ നിരക്കുന്നു. വൃത്തത്തിനകത്ത് ഒരു സംഘവും പുറത്ത് ഒരു സംഘവും. ഇവർ തമ്മിൽ കൈ കൊണ്ട് അടിച്ച് പരസ്പരം പൊരുതുന്നു. കളി നിയന്ത്രിക്കാൻ ഒരാൾ ഉണ്ടാകും. അയാൾ കളിയുടെ നിയമങ്ങൾക്കനുസരിച്ച് ജയപരാജയങ്ങൾ നിർണ്ണയിക്കുന്നു.

ഒളിച്ചു കളി

ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച് ഒരു സംഖ്യവരെ എണ്ണുന്നു. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ ആരെയും കണ്ടെത്താനായില്ലങ്കിൽ എണ്ണിയ ആൾ വീണ്ടും എണ്ണണം

കൊത്തങ്കല്ല്

കേരളത്തിലെ പെൺകുട്ടികളുടെ ഒരു നാടൻ കളിയാണ് കൊത്തങ്കല്ല് അഥവാ കല്ലുകൊത്തിക്കളി. അഞ്ചോ ഏഴോ മണിക്കല്ല് നിലത്ത് ചിതറി ഇടും.അതിൽ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതു പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണു കളിയുടെ ഒന്നാം നില. കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തിൽ പറഞ്ഞുകൊണ്ടാണു കല്ലു കൊത്തി എടുക്കുക. വിരൽകൊണ്ട് അതിവേഗത്തിലും തന്ത്രപരമായും കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു.

ഈർക്കിൽ കളി

തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. നൂറാംകോൽ, റാണിയും മക്കളും എന്നീ പേരുകളിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.

സുന്ദരിക്ക് പൊട്ടു കുത്ത്

ഭിത്തിയിലോ ബോർഡിലോ ഒരു സുന്ദരിയുടെ ചിത്രം തൂക്കിയ സ്ഥലത്തു നിന്ന് ഒരു നിശ്ചിത അകലത്തിൽ കളിക്കാരനെ മാറ്റി നിർത്തി കണ്ണ് കറുത്ത തുണികൊണ്ട് കെട്ടുക. സ്റ്റിക്കർ പൊട്ട് ഒരു കൈയിൽ കൊടുക്കുക. മറ്റേ കൈ പിന്നിലേയ്ക്ക് സ്വയം മടക്കി വയ്ക്കുാൻ പറയാം വേണമെങ്കിൽ ഒന്നു വട്ടം കറക്കി ദിശ മാറ്റാനും ശ്രമിക്കാം. ബാക്കിയുള്ള കളിക്കാർ കൈകൊട്ടി പ്രോത്സാഹനം നൽകട്ടെ. വൺ ടച്ച് മാത്രമേ പാടുള്ളൂ എന്ന നിർദ്ദേശം വയ്കാം. ഒരു പ്രാവശ്യം ഒട്ടിച്ചാൽ പിന്നീട് ഇളക്കാൻ അനുവദിക്കാതിരിക്കാം. യഥാർത്ഥ പൊട്ടിന്റെ സ്ഥാനത്തോ ഏകദേശം അടുത്തോ പൊട്ട് ഒട്ടിക്കുന്ന കളിക്കാരുടെ നമ്പർ വട്ടം വരച്ച് അടയാളപ്പെടുത്താം. അതിൽ ഏറ്റവും കൃത്യമായി പൊട്ട് ഒട്ടിച്ചയാൾ വിജയിയാകും.

കുട്ടിയും കോലും

നിലത്ത്‌ ഒരു ചെറിയ കുഴിയിൽ പുള്ള്‌/കുട്ടി വെച്ച്‌ കൊട്ടി/കോല് കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചാണ്‌ കളി തുടങ്ങുന്നത്‌. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും

പ്രദേശത്തെ പ്രധാന കലകൾ

തോൽപ്പാവക്കൂത്ത്

പാവക്കൂത്തുകളിലെ ഒരു വകഭേദമാണ് ‌തോൽപ്പാവക്കൂത്ത്. കേരളത്തിൽ വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ദേവീക്ഷേത്രങ്ങളിലാണ്‌ ഇത് നടത്തിവരുന്നത്. മാൻ തോലുകൊണ്ട് രാമായണം കഥയിലെ എല്ലാ കഥാപാത്രങ്ങളുടേയും പാവകൾ ഉണ്ടാക്കുന്നു. തോൽപ്പാവക്കൂത്ത് വളരെ അപൂർവ്വം ക്ഷേത്രങ്ങളിലെ ഇപ്പോൾ കണ്ടുവരാറുള്ളൂ. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം, പട്ടാമ്പി , മണ്ണാർക്കാട്, ആലത്തൂർ, പാലക്കാട് താലൂക്കുകൾ, തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്ക്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് എന്നിവിടങ്ങളിലെ അനവധി ദേവീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് ഇന്നും നടത്താറുണ്ട്. വള്ളുവനാട്ടിലെ എല്ലാ പ്രധാന ദേവീക്ഷേത്രങ്ങളിലും കൂത്തുമാടങ്ങൾ ഉണ്ട്. പട്ടിത്തറ പഞ്ചായത്ത് പ്രദശത്ത് തോൽപ്പാവക്കൂത്ത്

പൂതൻ തിറ

കേരളത്തിൽ ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള പ്രദേശങ്ങളായ പഴയ വള്ളുവനാടൻ പ്രദേശങ്ങളിലും പഴയ കൊച്ചി രാജ്യത്തിന്റെ വടക്കുഭാഗവും ഇന്നത്തെ തൃശൂർ ജില്ലയില്പെടുന്നതുമായ പ്രദേശങ്ങളിലുമുള്ള കാവുകളിലെ ഉത്സവങ്ങളുടെ ഭാഗമായി നടത്തിവരുന്ന ഒരുനാടൻ കലാരൂപമാണ് പൂതൻ തിറ.ഈ കലാരൂപത്തെ പൂതനും തിറയും എന്നും അറിയപ്പെടുന്നു. അടിസ്ഥാന ജനവിഭാഗങ്ങളിൽപ്പെടുന്ന മണ്ണാൻ സമുദായത്തിലെ ആണുങ്ങളാണ് പ്രധാനമായും തിറ എന്ന വേഷം കെട്ടാറുള്ളത്. ഉത്സവക്കാലമായാൽ പൂതനും തിറയും വീടുകൾ തോറും കയറിയിറങ്ങി തട്ടകവാസികളെ അനുഗ്രഹിയ്ക്കുന്ന ഒരാചാരമാണിത്

കാളവേല

കന്നുപൂട്ടലിനുപയോഗിക്കുന്ന കാളയുടേയും മറ്റ് കാലികളുടേയും ഐശ്വര്യത്തിനും ഇവയ്ക്ക് രോഗം വരാതിരിക്കാനും നടത്തുന്ന ഒരു വഴിപാടാണ് കാളവേല.[അവലംബം ആവശ്യമാണ്] കേരളത്തിലെ ഗതകാല കാർഷിക സംസ്കൃതിയുടെ ഭാഗമായ ഒരു ഒരുത്സവമാണിതും. ആദ്യകാലങ്ങളിൽ കർഷകർ; തങ്ങളുടെ വിളകളേയും കാലികളേയും സംരക്ഷിച്ചിരുന്ന കാവിലെ ദേവിയെ സന്തോഷിപ്പിക്കാനായി കാളകളുടേയും മറ്റും രൂപം കെട്ടിയുണ്ടാക്കി കാവുകളിൽ സമർപ്പിക്കുന്ന ആചാരമായിട്ടാണ് ഇത് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ഈ ആചാരം കാലാന്തരത്തിൽ രൂപഭേദങ്ങൾ വന്ന് എന്നു കാണുന്ന രീതിയിലെ കാളവേലയായി പരിണമിച്ചെന്നും കരുതപ്പെടുന്നു.[1] ക്ഷേത്രോത്സവനാളിൽ വീടുകളിൽ മരവും വൈക്കോലും കൊണ്ട് കാളയുടെ കൂറ്റൻ രൂപങ്ങളുണ്ടാക്കുന്നു. കോടിമുണ്ട് പൊതിയുന്ന ഈ രൂപത്തെ തോളിലേറ്റി ചെണ്ടക്കാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി ദേവതയ്ക്ക് നടയ്ക്ക് വയ്ക്കുന്നതാണ് വഴിപാട്

കോൽക്കളി

കോൽക്കളി കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളി,കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ ഉണ്ട്. എന്നാൽ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്.

പകിട കളി

ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നു ഒരു വിനോദമായിരുന്നു പകിട കളി.പകിട കളി എന്ന വിനോദത്തിന് പൗരാണികകാലം മുതൽ ഭാരതത്തിൽ പ്രചാരമുണ്ടായിരുന്നു എന്നു പുരാണേതിഹാസങ്ങളിൽ അതിനെപ്പറ്റിയുള്ള പരാമർശങ്ങൾ തെളിയിക്കുന്നു. പിച്ചള, ഓട്, ചെമ്പ്, മരം തുടങ്ങിയ വസ്തുക്കൾ കൊണ്ട് ആണ് കളിക്കുന്നതിനാവശ്യമായ പകിട നിർമ്മിക്കുന്നത്. നാലുവശങ്ങളുള്ള അറ്റം ഉരുണ്ട ദീർഘചതുരാകൃതിയിലുള്ള പകിടയുടെ ഒരു വശത്ത് അടയാളങ്ങൾ ഒന്നും ഉണ്ടാകില്ല. മറ്റു വശങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് അടയാളങ്ങൾ ഉണ്ടാകും. ലോഹം കൊണ്ടാണ് പകിട നിരമ്മിച്ചിരിക്കുന്നതെങ്കിൽ അവ പൊള്ളയായിരിക്കുകയും അവയുടെ മേൽ അടയാളങ്ങളായി അതിൻമേൽ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ ദ്വാരങ്ങൾ ആണ് ഉണ്ടായിരിക്കുക.

വടംവലി

രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായികവിനോദമാണ് വടംവലി (Tug of war, tug o' war) എന്നറിയപ്പെടുന്നത്. ഈ പദം കൊണ്ട് എതിർകക്ഷികളുടെ മത്സരത്തെ സൂചിപ്പിക്കുന്നതിന് രൂപാലങ്കാരമായും ഉപയോഗിക്കാറുണ്ട്. വടംവലിമത്സരത്തിൽ രണ്ടു സംഘങ്ങൾക്കു പുറമേ വടം എന്നു വിളിക്കുന്ന കട്ടിയുള്ള കയറാണ് ഈ കളിയിലുള്ള മൂന്നാമത്തെ ഘടകം. കേരളത്തിൽ പല സ്ഥലങ്ങളിലും ഒരു വിനോദമായി വടം വലി നടത്താറുണ്ട്. ഓണത്തോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ ഒരു പ്രധാന ഇനമാണ് ഇത്. കേരളത്തിൽ ഏകദേശം 400 ഓളം പ്രഫഷണൽ വടംവലി ടീമുകൾ ഉണ്ട്.


കേരളത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി(ഇംഗ്ലീഷ്: Maramadi). പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ജനകീയമായ സാംസ്കാരികോത്സവമാണിത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കാളകൾ ഇതിൽ പങ്കെടുക്കുന്നു. അതിവിദഗ്ദ്ധരായ കാളക്കാരാണ് കാളകളെ നിയന്ത്രിക്കുന്നത്. കാള, പോത്ത്, കാള - പോത്ത് തുടങ്ങി വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കാറുണ്ട്.

കാളപ്പൂട്ട്

ഉഴുതുമറിച്ച വയലുകൾ (കണ്ടങ്ങൾ) ആണ് മരമടിയുടെ സ്റ്റേഡിയം. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേർന്നതാണ് ഒരു സംഘം. ഇത്തരം 30 സംഘങ്ങളെങ്കിലും മത്സരത്തിൽ പങ്കെടുക്കും. ഉച്ചമുതൽ വൈകുന്നേരം വരെയാണ് മത്സരം. പ്രത്യേകം പരിശീലിപ്പിച്ച കാളകളും വൈദഗ്ദ്ധ്യമുള്ള കാളക്കാരുമാണ് മരമടിയിൽ പങ്കെടുക്കുന്നത്.

ഒപ്പന

ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. patty pettu]], കോഴിക്കോട്, കണ്ണൂർ മലപ്പുറം തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.

നിഗമനം

നമുക്ക് തനതായ കലാപാരമ്പര്യമുണ്ട്. നമ്മുടെ ജനതയുടെ ജീവിതശൈലിയും സംസ്കാരവും നാടോടിക്കലകളിൽ പ്രതിഫലിക്കുന്നുണ്ട്. സാമൂഹ്യവിമർശനത്തിന്റെ അംശങ്ങൾ നാടോടിക്കലകളിലുണ്ട്. ജാതിമതാതീയമായ കൂട്ടായ്മയുണ്ടാക്കുന്നതിന് തനതു കലകൾ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. നാടൻ കലകളുടെ നാശം സംസ്കാരത്തെ ദോഷകരമായി ബാധിക്കാം. പ്രാചീനഗാനങ്ങളുടെ ഈണവും താളവും ആധുനിക കവിതയെപ്പോലും സ്വാധീനിക്കുന്നു. ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്. നാട്ടറിവുകൾ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്.