നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ25-26

11:59, 5 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobdaniel (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടല കൊറിച്ചൊരു പ്രവേശനോത്സവം

പ്രവേശനോത്സവ ഗാനത്തിൻ്റെ നൃത്താവിഷ്ക്കാരം അളകനന്ദ ,നിരഞ്ജന എന്നീ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ കായിക താരങ്ങൾ സ്പോർട്ട്സ് ഫാഷൻ ഷോയും സുംബാ നൃത്തവും അവതരിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് ഫാ . ജിജി തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രമാടം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജി സി ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. പ്രഥമാദ്ധ്യാപിക ശ്രീമതി സി ശ്രീലത, സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ബി ലാൽ , പ്രിൻസിപ്പൽ ബി ആശ, അധ്യാപകരായ എൻ എസ് അജൻ പിള്ള, അജി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം

ജൂൺ 5. ലോക പരിസ്ഥിതി ദിനം. 52 വർഷങ്ങൾക്ക് മുമ്പാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെടുന്നത്.2025 ജൂൺ 5 ന് നേതാജി ഹൈസ്കൂളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടന്നു. വിദ്യാഭ്യാസ, ആയുഷ്, സഹകരണ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിസ്ഥിതി ദിനാചരണം പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ ഔഷധത്തൈ നട്ടുകൊണ്ട് നിർവ്വഹിച്ചു…സ്കൂളുകളിൽ ഔഷധത്തൈകൾ നട്ടുപരിപാലിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് നടന്നത്… പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്ലാസ്റ്റിക്ക് മലിനീകരണത്തെപ്പറ്റിയും ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന സന്ദേശമായ 'പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക' എന്നതിലൂന്നിയാണ് ക്ലാസ് നടന്നത്. സ്കൂളിലും വീട്ടിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ പറ്റുന്ന പ്രവർത്തനങ്ങളെപ്പറ്റിയും ചർച്ച നടന്നു. ഹൈസ്കൂൾ തലത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ, കൊളാഷ് എന്നിവയുടെ പ്രദർശനവും സ്കിറ്റും നടന്നു. യു പി വിഭാഗം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, പരിസ്ഥിതി ഗീതാവതരണം, നൃത്താവിഷ്ക്കാരം, പോസ്റ്റർ പ്രദർശനം, പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്, ക്വിസ് മത്സരം എന്നിവ നടത്തി.പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾ പ്രതിജ്ഞ ചെയ്തു. കൂടാതെ സ്കൂളിലെ സ്കൗട്ട് ഗൈഡ് കുട്ടികൾ വൃക്ഷത്തൈകൾ നട്ട് പരിപാലനം ഏറ്റെടുത്തു. എൻ സി സി കുട്ടികൾ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ട് സംരക്ഷണം ഏറ്റെടുത്തു .

വായന വാരാചരണം നേതാജിയിൽ ........

ജൂൺ 19 ..... മലയാളി മനസിൽ ഇടം നേടിയ ദിനം. ദേശീയ വായന ദിനം. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്. വായനയുടെ ലോകം എത്ര വിശാലമാണ്. മൊബൈലിൽ, കംപ്യൂട്ടറിൽ, ലാപിൽ, ടാബിൽ ഒക്കെ നാം വായിച്ചുകൊണ്ടിരിക്കുന്നു. നവമാധ്യമങ്ങളുടെ കാലത്ത്‌ പുതിയ തലമുറ വളർന്നുവരുന്നത് ഒരു ദൃശ്യസംസ്കാരത്തിലാണ്‌. അവർ കണ്ടുംകേട്ടും കാര്യങ്ങൾ മനസിലാക്കുന്നു. എന്നാൽ പുസ്തക വായന നമ്മുടെ ചിന്തകളുടെയും സങ്കൽപ്പങ്ങളുടെയും ലോകം കൂടുതൽ വിശാലമാക്കുന്നു. തൊട്ടാൽ മറിയുന്ന പുസ്‌തകത്താളുകൾക്ക്‌ പകരാനാകുന്നതിൽപ്പരം ആനന്ദമൊന്നിനുമുണ്ടാകില്ല. വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള മുഖ്യ സ്രോതസ് ഒരു കാലത്ത് പുസ്തകവായനയായിരുന്നു. കാലം മാറിയപ്പോൾ വായനയുടെ രീതിയിലും മാറ്റം വന്നു.വായനയ്ക്കു പുതിയ മുഖങ്ങൾ വരികയും പുസ്തകങ്ങൾക്ക് പകരക്കാർ വരികയും ചെയ്തെങ്കിലും വായനയ്ക്കോ വായന ദിനത്തിനോ ഉള്ള പ്രാധാന്യം കുറഞ്ഞിട്ടില്ല. 2025-26അദ്ധ്യയന വർഷം നേതാജി സ്കൂളിൽ വായനദിനം ആചരിച്ചു. കുട്ടികളുടെ നേതൃത്വത്തിലായിരുന്നു അസംബ്ലി നടത്തിയത്. 10-ാം ക്ലാസിൽ പഠിക്കുന്ന അദീൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ഗീത പി ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥിനിയായ ആദിത്യ കുഞ്ഞുങ്ങൾക്ക് വായന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളായ അദീൻ വായനാനുഭവവും ഹെലൻ സാറാ ഷിബു വായനദിന സന്ദേശവും നൽകി. കുമാരി ദേവനന്ദ കവിതാലാപനവും അക്ഷിത ബിജു ഭാവാത്മക വായനയും കുട്ടികളെ ആകർഷിച്ചു കൂടാതെ വായന വാരത്തോടനുബന്ധിച്ച് മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഒരു വായനപ്പെട്ടി സജ്ജീകരിച്ചു. ഓരോ ദിവസവും ഓരോ ചോദ്യം വീതം നൽകും. വെള്ളപ്പേപ്പറിൽ ഉത്തരവും കുട്ടിയുടെ പേരും ക്ലാസും ഡിവിഷനും എഴുതി പെട്ടിയിൽ നിക്ഷേപിച്ച് ശരി ഉത്തരം എഴുതുന്നവരിൽ നിന്നും നറുക്കെടുത്ത് ഓരോ ദിവസവും ഓരോ കുട്ടിക്ക് ഒരു പുസ്തകം വീതം സമ്മാനമായി നൽകാൻ തീരുമാനിച്ചു.

നേതാജിയിൽയോഗ ദിനം ആചരിച്ചു......

യോഗ മനസ്സിനെയും ശരീരത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്നു. ഈ വർഷത്തെ "ഒരു ഭൂമിക്ക് യോഗ, ഒരു ആരോഗ്യം" എന്ന പ്രമേയം വ്യക്തിഗത ക്ഷേമത്തിലും ആഗോള സുസ്ഥിരതയിലും അതിന്റെ പങ്ക് എടുത്തുകാണിക്കുന്നു. യോഗ, ഒരു പരിവർത്തന പരിശീലനമാണ്. മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു അത് നമ്മുടെ തിരക്കേറിയ ജീവിതത്തിന് സമാധാനം നൽകുന്നു. 2025-26അദ്ധ്യയന വർഷം ജൂൺ 20, 21 തീയതികളിലായി നേതാജി ഹയർ സെക്കന്ററി സ്കൂളിലും യോഗ ദിനം ആചരിച്ചു.ജൂൺ 20 ന് രാവിലെ യോഗ ദിനത്തോടനുബന്ധിച്ച് YOGA FOR ONE EARTH, ONE HEALTH എന്ന വിഷയത്തെ അടിസ്ഥാനമാക്കി 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് പോസ്റ്റർ ഡിസൈൻ മത്സരം, ക്വിസ് മത്സരം എന്നിവ നടന്നു. വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.കൂടാതെ പ്രമാടം ആയുർവേദ ഡിസ്പൻസറിയിലെ ഡോ. ശരണ്യ കുട്ടികൾക്ക് യോഗയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസും നൽകി.ജൂൺ 21 ന് സ്കൂൾ അദ്ധ്യാപകരായ കെ.ബി ലാൽ , സുധീഷ് എസ്, ധന്യ എം.ആർ, ആരതി ആർഎന്നിവരുടെ നേതൃത്വത്തിൽ സ്കൗട്ട്&ഗൈഡ്സ് , എൻ സി സി, ജെ ആർ സി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ആർട്ട് ഓഫ് ലിവിങ് യോഗാചാര്യ ശ്രീമതി കെ കെ ബിന്ദു യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും തുടർന്ന് 2 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനവും നൽകി.

മനോജ് മാഷിൻ്റെ പുസ്തകം കുട്ടിയും മാഷും പുറത്തിറക്കി

സ്വന്തം മാഷിൻ്റെ പുസ്തകം പുറത്തിറക്കാൻ മുഖ്യാതിഥികളായി  അവസരം കിട്ടിയതിൻ്റെ സന്തോഷത്തിലാണ് പ്രമാടം നേതാജി സ്കൂളിലെ കുട്ടികൾ. വായന വാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയും മലയാളം വിഭാഗവും ചേർന്ന് സ്കൂൾ അസംബ്ലിയിൽ നടത്തിയ പ്രകാശന പരിപാടിയിൽ മുഖ്യാതിഥികളായി  കുട്ടികൾ മുൻനിരയിൽ നിന്നു.പ്രമുഖ നാടക പ്രവർത്തകനും മലയാളം അധ്യാപകനുമായ നാടകക്കാരൻ മനോജ് സുനിയുടെ കുട്ടീം മാഷും എന്ന തിയേറ്റർ കാരിക്കേച്ചറുകളാണ് സ്കൂളിലെ വായനക്കാരായ കുട്ടികളും അധ്യാപകരും ജീവനക്കാരും ചേർന്ന് പ്രകാശനം നിർവഹിച്ചത്. തങ്ങൾക്ക് ഉന്നയിക്കാൻ  തോന്നിയ ചോദ്യങ്ങളാണ് ഈ പുസ്തകത്തിലെ കഥാപാത്രമായ കുട്ടി മാഷിനോട്  പങ്കു വയ്ക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തെ പറ്റിയുള്ള നൂതനമായ തൻ്റെ സങ്കല്പങ്ങളാണ് പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സ്കൂളിൽ നടന്ന പ്രകാശന പരിപാടിക്ക് വേറിട്ട മുഖം ആയിരുന്നു. 60 മാഷുമാരും 60 കുട്ടികളുമാണ് മുഖ്യാതിഥികളായി പങ്കെടുത്തത്. പിറ്റി എ പ്രസിഡൻ്റ് ഫാദർ ജിജി തോമസ്, പ്രഥമാധ്യാപിക സി ശ്രീലത, പ്രിൻസിപ്പൽ ബി ആശ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ. എസ് സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി  വി എം അമ്പിളി, അധ്യാപകരായ കെ ജെ എബ്രഹാം, അജി ഡാനിയേൽ എന്നിവർ സംസാരിച്ചു. നാടകക്കാരൻ മനോജ് സുനി നന്ദി പറഞ്ഞു.

 
കുട്ടിയും മാഷും

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ച് നേതാജിയും ....

ആരോഗ്യകരമായ ഒരു യുവ തലമുറയെ സൃഷ്ടിക്കുന്നതിനും ലഹരിമുക്തമായ ഒരു സമൂഹത്തെ നിർമ്മിക്കാനും എല്ലാ വർഷവും ജൂൺ 26 നല്ല പങ്ക് വഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ലോകം മുഴുവനും വിവിധ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്. സ്കൂളുകളിൽ, കോളേജുകളിൽ ഓരോ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈ ദിവസം നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

           പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യു പി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും പ്രത്യേകം അസംബ്ലി വിളിച്ച് കൂട്ടി ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അത് ഉപയോഗിച്ചാലുള്ള പ്രത്യാഘാതങ്ങളെപ്പറ്റിയും നിയമവശങ്ങളെക്കുറിച്ചും ലഹരി ഉപയോഗിച്ച കുട്ടികളെ എങ്ങനെ തിരിച്ചറിയാമെന്നതിനെപ്പറ്റിയും ലഹരി ഉപയോഗത്തിൽ നിന്ന് എങ്ങനെ പിന്തിരിപ്പിക്കാമെന്നതിനെപ്പറ്റിയും കുട്ടികൾക്ക് പിയർ എഡ്യുക്കേറ്റേഴ്സ് ബോധവത്ക്കരണ ക്ലാസ് നൽകി. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ലഹരി വിരുദ്ധ സന്ദേശമുൾപ്പെടുന്ന പ്രക്ഷേപണം കുട്ടികൾക്ക് തത്സമയം കാണാൻ അവസരമൊരുക്കി. പ്രഥമാധ്യാപിക ശ്രീമതി സി ശ്രീലത കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

       ലഹരിയിലേക്ക് പോകാതെ കായിക വിനോദത്തിലേക്ക് ശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെ സുംബ ഡാൻസ് കളിപ്പിച്ചു.

          ഓരോ വർഷവും ഓരോ തീമിൻ്റെ അടിസ്ഥാനത്തിലാണ് ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത് 'പ്രിവൻഷൻ ട്രീറ്റ്മെൻ്റ് ആൻ്റ് ജസ്റ്റീസ് സിസ്റ്റംസ് ' എന്ന തീമിൻ്റെ അടിസ്ഥാനത്തിലാണ് 2025 ജൂൺ 26 ലെ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരിക്ക് അടിമപ്പെടുന്നവരെ ശിക്ഷിക്കുകയല്ല മറിച്ച് അവർക്ക് ലഹരിയിൽ നിന്നും കയറിവരാൻ ഉള്ള കൈത്താങ്ങ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. അതിൽ നേതാജി സ്കൂളും പങ്കാളിയാകുമെന്ന് ഉറപ്പ് നൽകുന്നു

പി ടി എ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും

     2025-26 അദ്ധ്യയനവർഷത്തെ നേതാജി സ്കൂളിലെ ആദ്യ പി ടി എ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. പി.ടി എ പ്രസിഡൻ്റ് ഫാ : ജിജി തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു; റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ. സുനിൽകുമാർ,ഹയർ സെക്കൻ്ററി അധ്യാപകൻ ശ്രീ കെ എ എബ്രഹാം എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി. അമ്പിളി വി.എം നന്ദി പ്രകാശിപ്പിച്ചു. കരുതലാകാം കരുത്തോടെ എന്ന പദ്ധതിയുടെ ഭാഗമായി കൗമാര കാലഘട്ടത്തിലെ കുട്ടികളോട് എങ്ങനെ ഇടപെടണമെന്നും അവരെ ചേർത്തു നിർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും കൗമാര ആരോഗ്യ പരിപാടിയുടെ ജില്ലാ നോഡൽ മെഡിക്കൽ ഓഫീസറും ശിശുരോഗ വിദഗ്ദ്ധനുമായ ഡോ: ബിബിൻ സാജൻ രക്ഷിതാക്ക ൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി.

          തുടർന്ന് പി ടി എ തിരഞ്ഞെടുപ്പ് നടന്നു. പി.ടി.എ പ്രസിഡൻ്റായി ശ്രീ അനന്തവിഷ്ണുവിനെയും വൈസ് പ്രസിഡൻ്റായി ശ്രീ രാജീവ് കെ നായരെയും തെരഞ്ഞെടുത്തു. മാതൃസംഗമം പ്രസിഡൻ്റായി ശ്രീമതി സുനു ജോണിനെ തെരഞ്ഞെടുത്തു.

 
പി ടി എ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും