സ്കൂൾവിക്കി വാർഷികയോഗം 2023

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 21 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

സ്കൂൾവിക്കി - കരട് റിപ്പോർട്ട് (23/04/2023 - 25/04/2023 വരെ മൂന്നാർ സൂര്യനെല്ലിയിൽ നടക്കുന്ന വാർഷികയോഗത്തിൽ ചർച്ച നടത്തുന്നതിനുള്ള കരട് റിപ്പോർട്ട്)

ആമുഖം

കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ ഐ.ടി. @ സ്‌കൂൾ തയ്യാറാക്കുന്ന സംരംഭമാണ് സ്കൂൾ വിക്കി[1] സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഇതിൽ അംഗമാകാവുന്നതാണ്.[2] വിദ്യാലയവിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി കൈറ്റ് പരിപാലിക്കുന്ന ഈ വെബ്സൈറ്റ് വളരെ മികച്ച നിലയിൽ സജീവമായി നിലനിർത്തുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്. [3][4]. വിക്കിമീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾവിക്കി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ ന‍ൽകാനാവുന്ന ഒരു സങ്കേതമായി സ്കൂൾവിക്കി വളർന്നിരിക്കുന്നു. മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള ഒരു സംവിധാനമാണ്. ഇത് മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിച്ചുകൊണ്ടിരിക്കുകയാണ്.

നാൾവഴി

16 ഒക്ടോബർ 2009‎ ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ, 20 ഒക്ടോബർ 2009‎ ന് ശബരിഷ് കെ എന്ന ഉപയോക്താവ് ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.

തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു. മാർച്ച് 2012 മുതൽ ഒക്ടോബർ 2016 വരെയുള്ള ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന 57-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന 58-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന 59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവ‌ത്തനങ്ങൾ നടത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന ശബരിഷ് കെ അകാലത്തിൽ അന്തരിച്ചത് പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു. ഇതിനുശേഷം, നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക് എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അറുപതാം സംസ്ഥാനകലോൽസവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം, ലഹരി വിരുദ്ധ കാമ്പയിൻ എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു.

സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 2022 നവംബർ 21-23 തീയതികളിലായി രഞ്ഡിത്ത് സിജി, ബിബിൻ എസ്തൻ എന്നിവരുടെ നേതൃത്വത്തിൽ സെർവർ - ഇന്റർഫേസ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്.

പരിശീലനം

പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. 6875 പേർ പങ്കെടുക്കുന്ന ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ ഭൂരിഭാഗവും പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകരാണ്. സെക്കണ്ടറി-ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ അവർക്ക് വേണ്ട് 2023 മെയ് 1 മുതൽ പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കാൻ തയ്യാറെടുക്കുൂകയാണ്. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അനുബന്ധം ആയി ചേർക്കുന്നു.

സ്കൂൾവിക്കിയും ഹരിതവിദ്യാലയം റിയാലിറ്റി ഷോയും

അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൈറ്റ് പാനലും ഫ്ലോറിലെ പ്രകടനത്തിൽ ജൂറി പാനലും വിദ്യാലയങ്ങളെ വിലയിരുത്തുന്നതിൽ സ്കൂൾവിക്കിയെ പ്രയോജനപ്പെടുത്തി. ഇതുകൂടാതെ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.

സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ

സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി വിവിധതലങ്ങളിൽ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും മാസ്റ്റർ ട്രെയിനർമാരുൾപ്പെടെയുള്ളവർ നിർദ്ദേശിച്ചിട്ടുണ്ട്. അവ ക്രോഡീകരിച്ച് ചുവടെ ചേർക്കുന്നു.

ഉള്ളടക്കത്തിലെ പുതുസാധ്യതകൾ

  • സ്കൂൾവിക്കി കേരളത്തിന്റെ ഒരു സമ്പൂർണ്ണ വിജ്ഞാനകോശം എന്ന തരത്തിൽ വികസിപ്പിക്കാം.
  • കേരളത്തിന്റെ ചരിത്രം, സംസ്കാരം, കല, സാഹിത്യം, വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ എൻ്റെ ഗ്രാമം പേജിൽ ചേർക്കൽ
  • പതിനയ്യായിരത്തോളം ഗ്രാമങ്ങളെക്കുറിട്ടുള്ള ഒരു വിവരശേഖരം സൃഷ്ടിക്കുവാൻ ഇതിലൂടെ സാധിക്കും. (മാതൃക 1, മാതൃക 2 ) •
  • വ്യക്തികൾ, സ്ഥാപനങ്ങൾ: വിദ്യാലയവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുന്നത് ചരിത്രത്തിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും. ഒരു വിദ്യാലയവുമായി മാത്രം ബന്ധപ്പെട്ട വ്യക്തിത്വമാണെങ്കിൽ, ഉപതാളായും പൊതു ശ്രദ്ധേയതയുണ്ടെങ്കിൽ പ്രധാന താളായും ചേർക്കാം. പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ഇത്തരം ശ്രദ്ധേയരായവരുണ്ടെങ്കിൽ, പൊതുവിജ്ഞാനമായി പ്രയോജനപ്പെടുത്താവുന്ന അത്തരം വിവരങ്ങൾ, കൃത്യമായ അവലംബങ്ങളോടെ ചേർക്കാനാവുന്നുവെങ്കിൽ ചെയ്യാം. അപൂർവ്വം ചില സ്കൂളുകൾ മാത്രം അത്തരം ചില താളുകൾ സൃഷ്ടിച്ചിട്ടുണ്ട്. ( മാതൃകകൾ )
  • പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ: വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, അവസ്കൂൾവിക്കിയിൽ ചേർക്കാം. മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം. • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇവ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം. • അദ്ധ്യാപകരുടെ രചനകൾക്ക് ഒരു അവസരം സ്കൂൾതാളിൽ നൽകണം. ഉറപ്പാക്കണം.
  • ഉള്ളടക്കം ചേർക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കണം

പരിമിതികൾ - പരിഹാരങ്ങൾ

സ്കൂൾവിക്കി സന്ദർശകരുടെ എണ്ണം താരതമ്യേന കുറവ്.

  • കുട്ടികൾ / അധ്യാപകർ / രക്ഷിതാക്കൾ വായനക്കാരായെത്തുന്നത് താരതമ്യേന കുറവ് ആണെന്ന് അനുമാനിക്കുന്നു. നിലവിൽ ഈ എണ്ണം തിരിച്ചറിയുന്നതിന് മാർഗ്ഗം ഇല്ല. - നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി സ്കൂൾവിക്കിക്ക് പ്രചാരമുണ്ടാക്കുക.
  • സ്കൂൾവിക്കി ഫേസ്ബുക്ക് പേജിൽ അംഗമാകുക, അംഗങ്ങളെ ചേർക്കുക, ഇതിൽ നൽകുന്ന പോസ്റ്റുകൾ സ്കൂൾ ഗ്രൂപ്പുകളിലേക്ക് എത്തിക്കുക.
  • ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ അക്കൗണ്ട് സൃഷ്ടിച്ച് പ്രചരണം നൽകുക
  • ഓരോ വിദ്യാലയത്തിന്റേയും സ്കൂൾവിക്കി QR Code സ്കൂൾ നോട്ടീസ്ബോർഡിനോടനുബന്ധിച്ചും ക്ലാസ്‍മുറികളിലും പ്രദർശിപ്പിക്കാം
  • സ്കൂൾ വിക്കിയെപ്പറ്റി പൊതുജനങ്ങൾക്കും അറിവ് നൽകുന്ന തരത്തിൽ ഒരു പദ്ധതി ഉണ്ടാകണം.
  • സ്കൂൾ തലത്തിൽ പോസ്റ്ററുകൾ, വിക്ടേഴ്സ് വഴി ഒരു സെഷൻ സന്ദർശകരുടെ എണ്ണം കണ്ടെത്തുന്നതിന് സംവിധാനമുണ്ടാക്കുക

മീഡിയാവിക്കി പ്രവീണ്യമുള്ളവരുടെ കൈറ്റിലെ അഭാവം.

  • മുകളി‍ൽ നിർദ്ദേശിക്കപ്പെട്ട പല പ്രവർത്തനങ്ങളും പൂ‌ർത്തീകരിക്കണമെങ്കി‍ൽ പ്രോഗ്രാമർമാരുടെ സഹായം അത്യാവശ്യമാണ്.
  • കൈറ്റ് പ്രാഗ്രാമർ / Server Admin ന് Mediawiki പരിശീലനം നൽകുക / പുറമേ നിന്നുള്ള ഒരു പ്രോഗ്രാമറുടെ സ്ഥിരം സഹായം ലഭ്യമാക്കുക

സ്കൂൾവിക്കി അവാർഡ് - ബന്ധപ്പെട്ടവ

  • ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആദ്യമൂന്നു സ്ഥാനങ്ങൾക്കു ശേഷം വരുന്ന, നിശ്ചിത ഗ്രേഡ് നേടിയിട്ടുള്ള വിദ്യാലയങ്ങൾക്ക് മെരിറ്റ് സർട്ടിഫിക്കറ്റ് നൽകുക. നിശ്ചിത ഗ്രേഡിലെത്തുന്ന എല്ലാ വിദ്യാലയങ്ങൾക്കും ഒരു മെറിറ്റ് സർട്ടിഫിക്കറ്റെങ്കലും നൽകുന്നത്, വരുംകാലത്തും ഇത്തരം സ്കൂളുകളെ സ്കൂൾവിക്കിയിൽ സജീവമാക്കിനിർത്തും.
  • സ്കൂൾ വിക്കി അവാർഡിന് സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനകർക്ക് കാഷ് അവാർഡ് നൽകുന്നുണ്ട്. അത് കൂടാതെ തുടർന്ന് വരുന്ന സ്ഥാനക്കാരെ കൂടി പരിഗണന നൽകണം (കാഷ് വേണ്ട, സ്റ്റാർ മതി ) . ചില സ്കൂളുകൾ ജില്ലാ തലത്തിൽ തന്നെ ഒന്നോ രണ്ടോ സ്ഥാനക്കാരാകാം) അതേ പോലെ ജില്ലാ തലത്തിൽ ആദ്യ മൂന്ന് സ്ഥാനകർക്ക് കാഷ് അവാർഡ് നൽകുന്നുണ്ട് . അത് കൂടാതെ തുടർന്ന് വരുന്ന സ്ഥാനക്കാരെ കൂടി പരിഗണന നൽകണം (കാഷ് വേണ്ട, സ്റ്റാർ മതി ). ചില സ്കൂളുകൾ സബ് ജില്ലാ തലത്തിൽ തന്നെ ഒന്നോ രണ്ടോ സ്ഥാനക്കാരാകാം) അതേ പോലെ തന്നെ സബ് ജില്ല തലത്തിൽ ആദ്യ പത്ത് സ്ഥാനക്കാർക്ക് പരിഗണന നൽകണം (സ്റ്റാർ മതി ) . ഇത് സ്കൂൾ വിക്കി അപ്ഡേഷന് കൂടുതൽ താത്പര്യം സ്കൂളിന് നൽകും
  • പുരസ്ക്കാരമൂല്യനിർണ്ണയത്തി‍ൽ പ്രൈമറി വിദ്യാലയങ്ങളേയും ഹൈസ്കൂളുകളേയും പ്രത്യേകമായി പരിഗണിക്കൽ - പ്രൈമറി വിദ്യാലയങ്ങൾ കൂടി മൽസരരംഗത്തേക്ക് വന്നതോടെ സജീവത വന്നിട്ടുണ്ട്. എന്നാൽ, ഹൈസ്കൂളുകളോടൊപ്പം പരിഗണിക്കപ്പെടുന്നതിനാൽ, പ്രൈമറി വിദ്യാലയങ്ങളുടെ പരിമിതികൾ, അവസാനഘട്ട തെരഞ്ഞെടുപ്പിൽ ഈ സ്കൂളുകളെ പിന്നിലാക്കും എന്ന ആശങ്ക പരിഹരിക്കാനാവും
  • അൺ‍ എയ്ഡഡ് വിദ്യാലയങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇല്ലാത്തതിനാ‍ൽ പുരസ്ക്കാരമൂല്യനിർണ്ണയത്തി‍ൽ പ്രയാസം വന്നിട്ടുണ്ട്. ഇത് പരിഹരിക്കാൻ ഇത്തരം വിദ്യാലയങ്ങളെ പ്രൈമറിവിദ്യാലയങ്ങളോടൊപ്പം മൂല്യനിർണ്ണയം നടത്തുക പോലുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതായിട്ടുണ്ട്.



അനുബന്ധം 1

1. സ്കൂൾ വിക്കി നവീകരണ പരിശീലനം 2021 ഡിസംബർ - 22 ജനവരി

സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. 2021 ഡിസംബർ 15 മുതൽ19 വരെ പരിശീലന മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ തയ്യാറാക്കുകയും 20/12/2022 ന് കൈറ്റിന്റെ എറണാകുളം റീജിയണൽ റിസോഴ്സ് സെന്ററിൽ റിസോഴ്സ് ഗ്രൂപ്പ് പരിശോധിച്ച് അന്തിമരൂപം നൽകകകയും ചെയ്തു.. 2021 ഡിസംബർ 21, 22 തീയതികളിൽ എസ്.ആർ.ജിയും, ഡിസംബർ 27 മുതൽ 2022 ജനുവരി 4 വരെ 14 ബാച്ചുകളിലായി ഡി.ആർ.ജിയും, ജനുവരി 5 മുതൽ ഫെബ്രുവരി 7 വരെ 532ബാച്ചുകളിലായി സ്കൂൾ തല പരിശീലനവും പൂർത്തിയാക്കാൻ സാധിച്ചു. എസ്.ആർ.ജി. യിൽ 34 പേരും , ഡി.ആർ.ജിയിൽ 170 പേരും , സ്കൂൾ തലത്തിൽ11561 പേരും പരിശീലനം നേടി. പരിശീലനത്തിൽ പങ്കെടുത്തവരുടെ രജിസ്ട്രേഷൻ ഓൺലൈനിൽ നടത്തി. TMS ൽ പരിശീലനവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ സ്കൂൾവിക്കി പേജുള്ള ആയിരത്തോളം സ്കൂളുകൾ പരിശീലനത്തിന് അദ്ധ്യാപകരെ അയച്ചിട്ടില്ല. ഒമിക്രോൺ പടരുന്നതിന്റെ ഭീതിയിൽ പരിശീലനത്തിനെത്താനാവാത്തവരുണ്ട്. ഇങ്ങനെയുള്ളവർക്കുവേണ്ടി ഓൺലൈനിൽ പരിശീലനസൗകര്യം ഒരുക്കിയിരുന്നുവെങ്കിലും ഒരു വിഭാഗം അതിനോടും വിമുഖത കാണിച്ചു. പരിശീലനത്തിനെത്താത്തവരിൽ ഭൂരിഭാഗവും അൺഎയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളാണ്. MGLC വിദ്യാലയങ്ങളിൽ നിന്നും അദ്ധ്യാപകർ പരിശീലനത്തിന് ഹാജരായിട്ടില്ല. തുടർപരിശീനങ്ങൾക്ക് ലഭ്യമാവുന്നവിധത്തിൽ, മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ സ്കൂൾവിക്കിയുടെ സഹായം പേജിൽ ലഭ്യമാക്കിയിട്ടുണ്ട്.


അനുബന്ധം 2

സ്കൂൾവിക്കി പുരസ്ക്കാരം

മൽസരത്തിന് സന്നദ്ധമാണെന്ന് സ്കൂൾവിക്കി പേജിൽ ഫലകം ചേർത്ത് അറിയിച്ചിട്ടുള്ള വിദ്യാലയങ്ങളെ ജില്ലാതലം, ക്ലസ്റ്റർതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തി ഏറ്റവും മികച്ച സ്കൂൾവിക്കി താളുകളുള്ള സ്കൂളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ക്ലസ്റ്ററിലേക്ക് ഓരോ ജില്ലയിൽ നിന്നും വിദ്യാലയങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലസ്റ്റർ തലവും സംസ്ഥാനതലവും നടക്കേണ്ടതായിട്ടുണ്ട്. പുരസ്ക്കാരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പദ്ധതിത്താളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അനുബന്ധം 3

സ്കൂൾവിക്കി താൾ പരിപാലനം

സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യപ്പെടുന്നുവെന്നും നശീകരണം നടക്കുന്നില്ലായെന്നും ഉറപ്പാക്കുന്നതിനായി പട്രോളർമാർ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഓരോ ജില്ലയിൽ നിന്നും കുറഞ്ഞത് 2 അംഗങ്ങളെ വീതം ഉൾപ്പെടുത്തി ഒരു കാര്യനിർവ്വാഹക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. പട്രോളർമാരുടേയും ശ്രദ്ധയിൽപ്പെട്ട അപാകതകൾ നിശ്ചിത സന്ദേശം ചേർത്ത് താഴെപ്പറയുന്നവിധത്തിൽ കാറ്റഗറിയാക്കി നൽകകിയിട്ടുന്നുണ്ട്.

കാര്യനിർവ്വാഹക കണ്ണികൾ
പെട്ടെന്ന് നീക്കം ചെയ്യുവാൻ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം)
പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ള ലേഖനങ്ങൾ ഇൻഫോബോക്സിൽ ചിത്രമില്ലാത്ത സ്കൂളുകൾ വഴികാട്ടിയിൽ മാപ്പ് ചേർക്കാത്ത സ്കൂളുകൾ
താളുകൾ വൃത്തിയാക്കാനുള്ള സ്കൂളുകൾ ഇൻഫോബോക്സ് അപൂർണ്ണമായ സ്കൂളുകൾ അപൂർണ്ണ ലേഖനങ്ങൾ
പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം ഉള്ളടക്കം മലയാളത്തിലാക്കേണ്ടുന്ന ലേഖനങ്ങൾ അടിസ്ഥാനവിവരം ആവശ്യമുള്ള ലേഖനങ്ങൾ
അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ കാലഹരണപ്പെട്ട ഇൻഫോബോക്സ് ഫലകം ഉപയോഗിക്കുന്ന താളുകൾ സ്കൂൾവിക്കി പുരസ്കാരം 2022- മൽസരിക്കുന്ന വിദ്യാലയങ്ങൾ
സംരക്ഷിക്കപ്പെട്ട പൊതുതാളുകൾ സ്കൂൾവിക്കി - ശുദ്ധീകരണം

ഡോക്കുമെന്റേഷൻ:

സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട ഫയലുകൾ (സർക്കുലറുകൾ, ചിത്രങ്ങൾ , ബഹുമതികൾ വാർത്തകൾ, പരിശീലനവിവരങ്ങൾ, സഹായകഫയലുകൾ, റിപ്പോർട്ടുകൾ തുടങ്ങിയവ ) നിശ്ചിത താളുകളിൽ ലിങ്ക് ചെയ്ത് സൂക്ഷിക്കുന്നത് പിൽക്കാല റഫറൻസിന് സഹായിക്കുമെന്ന് കരുതുന്നു. എന്നാൽ, സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങളും വാർത്താകണ്ണികളും മറ്റും ലഭ്യമാവാത്തതിനാൽ അവാർഡുകളുടേയും മറ്റും പേജുകൾ പൂർത്തീകരിക്കാനായിട്ടില്ല.


11/05/2022