ജി.യു.പി.എസ് പുള്ളിയിൽ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

സാജിത എം.

എം ടി എ പ്രസിഡണ്ട്

1990 -91 കാലഘട്ടത്തിലാണ് ഞാൻ ആദ്യമായി പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിൽ എത്തിച്ചേരുന്നത്.ഷിഫ്റ്റ് സമ്പ്രദായത്തിൽ രാവിലെ 8 മണി മുതൽ 12 മണി വരെയായിരുന്നു ക്ലാസ് സമയം. കുട്ടികളുടെ വർദ്ധനവ് കാരണം വേണ്ടത്ര ക്ലാസ്സ് റൂമുകൾ അന്ന് ഉണ്ടായിരുന്നില്ല.പല ക്ലാസ് റൂമുകളും വേർതിരിക്കാത്തത്കൊണ്ട് വളരെയധികം ബുദ്ധിമുട്ട്അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കാനായി ചില സമയങ്ങളിൽ ഞങ്ങളുടെ അധ്യാപകർ കാറ്റാടി മരങ്ങൾ തിങ്ങിനിറഞ്ഞിരുന്ന പാറക്കെട്ടുകളുള്ള സ്കൂളിന്റെ പിറകുവശത്തേക്ക് ഞങ്ങളെ കൊണ്ടുപോകുമായിരുന്നു.

വരിവരിയായി നിന്ന് സ്കൂൾ കിണറിൽ നിന്നും കൈക്കുമ്പിളിലേക്ക് കൂട്ടുകാരികൾ പകർന്നു നൽകിയിരുന്ന കുടിവെള്ളത്തിന്റെ ആ സ്വാദ് കാലങ്ങൾക്കിപ്പുറം മറ്റൊരു കിണറിനും നൽകാനായിട്ടില്ല എന്നതാണ് സത്യം. അതുപോലെ തന്നെയാണ് ചെറിയ തൂക്കുപാത്രത്തിൽ നൽകിയിരുന്ന കഞ്ഞിയും പയറും.... എത്ര സ്വാദിഷ്ടമായ ഭക്ഷണം!! സ്കൂൾ വിട്ട് തിരികെ പോകുന്ന പല ആൺകുട്ടികളുടെയും ചോറ്റുപാത്രങ്ങളിൽ സമീപത്തെ തോടുകളിൽ നിന്നും പാടങ്ങളിൽ നിന്നും പിടിച്ച കണ്ണാൻചുട്ടിയും പരൽ മീനുകളും ഇടം പിടിച്ചിരുന്നു.

പുളിയും അച്ചി പുളിയും മാങ്ങയും നെല്ലിക്കയും അമ്പഴങ്ങയുമൊക്കെയായിരുന്നു മിട്ടായികൾക്ക് പകരം...

നെല്ലിക്കയും സ്കൂൾ കിണറിലെ വെള്ളവും...

ഉച്ചസമയത്ത് സ്കൂൾ പരിസരത്ത് എത്തിയിരുന്ന ഐസിനായി സ്കൂളിന് പുറകുവശത്തെ റബ്ബർ തോട്ടങ്ങളിൽ നിന്നും റബ്ബർ കുരു പെറുക്കി, അവ സമീപത്തെ കടകളിൽ കൊണ്ട് വിറ്റ് കൂട്ടുകാർക്കൊപ്പം സന്തോഷത്തോടെ കഴിച്ചിരുന്ന മധുരമായ ഓർമ്മകൾ....

ഇന്ന് കാണാമറയത്തായിപ്പോയ അലുമിനിയ പെട്ടികളിലാണ് പുസ്തകങ്ങൾ കൊണ്ടുപോയിരുന്നത്. മൂന്നു കാലുള്ള ബ്ലാക്ക് ബോർഡുകൾ ക്ലാസ് റൂമിൽ ഓടിക്കളിക്കുന്നതിനിടയിൽ കാലുവച്ച് ഞങ്ങളെ ഇടയ്ക്കിടെ വീഴ്ത്തുമായിരുന്നു..

ഈർക്കിലിയിൽ ചുറ്റിയ റബർബാന്റുകൾ അതിമനോഹരമായി പൊതിഞ്ഞ് സമ്മാനമെന്ന വ്യാജേന കൈമാറിയിരുന്നതും.... സമ്മാന പ്പൊതി കർ.. കർ..ശബ്ദത്തോടെ തുറക്കുമ്പോൾ... പറ്റിക്കപ്പെട്ടതിന്റെ ചമ്മലോടെ നിൽക്കുന്നതും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

സാമ്പത്തിക പരാധീനതകൾ അന്ന് ഒരുപാട് വിഷമിപ്പിച്ചിരുന്നു. യൂണിഫോമുകളോ ടെക്സ്റ്റ് ബുക്കുകളോ അന്ന് സൗജന്യമായിരുന്നില്ല. ടെക്സ്റ്റ് ബുക്കുകളുടെ പുത്തൻ മണം അന്യമായിരുന്നു. വീട്ടിലെയോ അടുത്ത വീട്ടിലെയോ കുട്ടികളിൽനിന്നും പകുതി വില കൊടുത്ത് സംഘടിപ്പിച്ച പുസ്തകങ്ങൾ.....

29 വർഷങ്ങൾക്ക് ശേഷം 2022 ൽ എം ടി എ പ്രസിഡണ്ടായി ഞാൻ വീണ്ടും ഈ വിദ്യാലയ മുറ്റത്തേക്ക്.