ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ജാഗ്രതാ സമിതി രൂപീകരണം

ജി.വി.എച്ച്.എസ്.എസ്,വീരണകാവ് സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ രൂപീകരണത്തോടു കൂടിയാണ്. വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായരുടെ നേതൃത്വത്തിൽ കൂടിയ ജാഗ്രത സമിതി ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനമെടുത്തു.ഇതിനായി സ്കൂളിലെ എല്ലാ സ്റ്റാഫും പി.ടി.എ യും എസ്,എം.സിയും സ്കൂൾ സംരക്ഷണസമിതിയും നാട്ടുകാരും ഒത്തൊരുമിച്ച് നിൽക്കണമെന്നും തീരുമാനമെടുത്തു.

ലഹരിവിരുദ്ധക്ലബ്

ജാഗ്രതാ സമിതി രൂപീകരണം ശേഷം സമിതിയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീകാന്ത് സാറിന്റെയും വിഎച്ച്എസ്ഇ വിഭാഗത്തിൽ ബിജു സാറിന്റെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ക്ലബ്ബ് രൂപീകരിച്ചത്. ക്ലബ്ബിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി വിഎച്ച്എസ്ഇ വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഓരോ കൺവീനർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്.

ലഹരിവിരുദ്ധ ക്യാമ്പെയ്ൻ അധ്യാപകപരിശീലന പങ്കാളിത്തം

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയായുള്ള കേരളമൊട്ടുക്കുമുള്ള ക്യാമ്പയിൻ വേണ്ടി നടത്തിയ അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് മുഴുവൻ അധ്യാപകരും പങ്കെടുക്കുകയുണ്ടായി.ലഹരിവിരുദ്ധ ക്യാമ്പെയ്ൻ അധ്യാപകപരിശീലനത്തിൽ വീരണകാവ് സ്കൂളിൽ നിന്നും ആർ പിയായി ‍ഡോ.പ്രിയങ്ക പി യു പങ്കെടുത്തുവെന്നത് തന്നെ സ്കൂൾ ഇക്കാര്യങ്ങളിൽ കാണിക്കുന്ന ജാഗ്രതയ്ക്ക് തെളിവായി.ഈ പരിശീലനപരിപാടിയിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുക്കുകയും പാട്ടുകളും അനുഭവം പങ്കുവയ്ക്കലും വഞ്ചിപ്പാട്ടും സ്കിറ്റും മുതലായവ അവതരിപ്പിച്ചുകൊണ്ട് ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ അധ്യാപകരുടെ താല്പര്യം ഊട്ടിയുറപ്പിച്ചു.

പ്രവർത്തനങ്ങൾ

ഗാന്ധിജയന്തി പ്രവർത്തനങ്ങൾ

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ഒപ്പം കലാപ്രകടനത്തിലൂടെ ലഹരിക്കെതിരായി പലവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

ലഹരിവിരുദ്ധ പ്രവർത്തനം ഒക്ടോബർ ആറ്

ഒക്ടോബർ ആറിന് സ്കൂളിൽ വളരെ വിപുലമായ പരിപാടികൾ ആണ് ഒരുക്കിയത്.സ്കൂളിലെ ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ രക്ഷകർത്താക്കളും പിടിഎയും എസ് എം സി അംഗങ്ങളും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുക്കാനായി ഒത്തുകൂടി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ലൈവ് പ്രോഗ്രാം കാണാനുള്ള സൗകര്യങ്ങളൊരുക്കി.കൃത്യം പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ലൈവ് പ്രോഗ്രാം ആരംഭിച്ചു.എല്ലാവരും വളരെ ശ്രദ്ധയോടെ ലൈവിലൂടെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു കേട്ടു.ലൈവ് പ്രോഗ്രാം കണ്ടു കൊണ്ട് സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു ഔപചാരികമായ തുടക്കമിട്ടു.

തുടർന്ന് നടന്ന പൊതുചടങ്ങിൽ കാട്ടാക്കട സി ഐയും മറ്റു പോലീസുദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ,എസ്.എം.സി ചെയർമാൻ ശ്രീ മുഹമ്മദ് റാഫി,ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ,പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ,ലഹരിവിരുദ്ധക്ലബ് കൺവീനർമാർ മുതലായവർ പങ്കെടുത്തു. സി.ഐ ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ എല്ലാവരും അതിന്റെതായ ഗൗരവത്തിൽ ഏറ്റുചൊല്ലി.തങ്ങളുടെ നമ്പർ കുട്ടികൾക്ക് നൽകി വിമുക്തിയെകുറിച്ച് അവർക്ക് അറിവ് നൽകി ലഹരിയുടെ ഉറവിടം നശിപ്പിക്കാൻ കുട്ടികളുടെ സഹായം അഭ്യർത്ഥിക്കുകയും ഇൻഫർമേഷൻ നൽകുന്നവരുടെ വിവരം അതീവരഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ലഹരിക്കെതിരെയുള്ള പൊതുവായ അപബോധം നടത്തുന്നതിന് ഈ ചടങ്ങിലൂടെ സാധിച്ചു.

അന്നേദിവസം തന്നെ കുട്ടികൾ പലവിധ പരിപാടികളിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ആഹ്വാനം നൽകി. ലഹരിക്കെതിരായുള്ള ഗാനങ്ങൾ ആലപിക്കുകയും ചെറിയ നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. എച്ച്.എസ് വിഭാഗത്തിൽ നിന്നും രണ്ടും യു.പിയിൽ നിന്ന് ഒന്നും വി.എച്ച്.എസ്.സിയിൽ നിന്ന് ഒന്നും വീതം നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു.നാടൻപാട്ടും കവിതാലാപനവും നാടകവും കുട്ടികളുടെ ജാഗ്രതയ്ക്ക് തെളിവായി.

തുടർക്ലാസുകൾ

തുടർക്ലാസുകൾ സ്കൂൾ മുഴുവനിലും സംഘടിപ്പിക്കുകയുണ്ടായി.അധ്യാപകർ പരിശീലനം നേടിയതിന്റെ മൊഡ്യൂൾ അനുസരിച്ച് എല്ലാ ക്ലാസിലും മാസ്സ് ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് ക്ലാസ് നൽകയുണ്ടായി. എൽപി യുപി വിഭാഗങ്ങളിലെ ക്ലാസുകൾ എടുത്തുപറയേണ്ടതാണ്.കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെയും കവിതകളിലൂടെയും പാട്ടുകളിലൂടെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന് അവർക്ക് കഴിഞ്ഞു.

ഫലപ്രദമായ തുടർപ്രവർത്തനങ്ങൾ

ക്ലബിന്റെ സുഗമമായ നടത്തിപ്പിന് നേതൃനിരയിലുള്ളവരുടെ ആർജവം അത്യാവശ്യമാണ്.തുടർപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും നേതൃത്വം വഹിക്കുന്നതിലും പ്രിൻസിപ്പലും ഹെഡ്‍മിസ്ട്രസും അതീവജാഗ്രത പുലർത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന്റെ സഹായത്തോടെ ക്ലബ് കൺവീനർമാർ കൗൺസിലർ ശ്രീമതി.ലിജിയുടെ നേത്യത്വത്തിൽ സാധ്യതാപട്ടികയിലുള്ള കുട്ടികളെ തിരിച്ചറിയുകയും അവരെ തിരികെ ക്രിയാത്മകജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുകയും ചെയ്തുവരുന്നു.മാത്രമല്ല ശ്രീമതി.സന്ധ്യടീച്ചർ ലഹരിക്കെതിരെ ശക്തമായ നടപടികളെടുക്കുകയും കുട്ടികൾ നൽകുന്ന ഇൻഫർമേഷനുകൾ അതീവഗൗരവത്തോടെ കൈകാര്യം ചെയ്തുകൊണ്ട് സമീപപ്രദേശങ്ങളിലെ ലഹരിവിൽപ്പനകേന്ദ്രങ്ങൾ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ പ്രതിരോധിക്കുകയും കുട്ടികളുടെ കാര്യത്തിൽ പ്രതിബന്ധത തെളിയിക്കുകയും ചെയ്തുവരുന്നു.പോലീസുമായും എക്സൈസ് ഡിപ്പാർട്ട്മെന്റുമായും നല്ല ബന്ധം നിലനിർത്തുകയും അവരുടെ നിർദേശാനുസരണം ലഹരിക്കെതിരെ പോരാടുകയും ചെയ്യുന്നു.പ്രിൻസിപ്പൽ ശ്രീമതി.രൂപാനായർ വി.എച്ച്.എസ്.സി വിഭാഗം കുട്ടികളുടെ ഇടയിൽ നിന്നും തിരിച്ചറിഞ്ഞ ചില കുട്ടികളെ അവരുടെ വീടുകളിൽ പോയി രക്ഷാകർത്താക്കളുമായി സംസാരിക്കുകയും ലഹരിക്കെതിരെ ബോധവത്ക്കരണം നൽകുകയും ചെയ്തു.

കുട്ടികളുടെ പ്രതികരണം

ലഹരിയുടെ വേരറുക്കുന്ന യജ്ഞത്തിൽ കുട്ടികളും സജീവമായി പങ്കാളികളായി.കാരണം അവർ പലരും ലഹരിയുടെ നേരിട്ടുള്ള ഉപയോഗത്തിലുപരി ലഹരി ഉപയോഗം കാരണം ശിഥിലമായ കുടുംബങ്ങളിലെ അംഗങ്ങളാണ്.ഇത്തരം കുട്ടികൾ കർത്തവ്യബോധത്തോടെ ലഹരിമാഫിയയെ കുറിച്ച് അവർക്കറിയാവുന്നവ പോലീസുമായി പങ്കു വയ്ക്കുകയും സമീപപ്രദേശങ്ങളിലെ സംശയാസ്പദമായ കടകളിൽ നിന്നും ലഹരിവസ്തുക്കൾ കണ്ടെടുക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കുകുയും ചെയ്തു.സാമൂഹികാവബോധമുള്ള ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാനും ലഹരിക്കെതിരെ സന്ധിയില്ലാ സമരം നടത്താനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുവെന്നത് അഭിമാനാർഹമാണ്.