സ്കൂൾവിക്കി - കരട് റിപ്പോർട്ട് (താൽക്കാലിക താൾ. അന്തിമറിപ്പോർട്ട് തയ്യാറാവുമ്പോൾ ഇത് മായ്ക്കപ്പെടുന്നതാണ്)

ആമുഖം

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ ന‍ൽകാനാവുന്ന ഒരു സങ്കേതമാണ് സ്കൂൾവിക്കി. മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള ഒരു സംവിധാനമാണ് എന്നത്, മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിപ്പിക്കുന്നതിന് സഹായിക്കും എന്നുറപ്പുണ്ട്.

നാൾവഴി

16 ഒക്ടോബർ 2009‎ ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ, 20 ഒക്ടോബർ 2009‎ ന് ശബരിഷ് കെ ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.

തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ പിന്നീട് ഇടക്കാലത്ത് തീർത്തും നിർജ്ജീവമായതും കാണാം. 3 മാർച്ച് 2012 ന് നടത്തിയ ഒരു തിരുത്തലിന് ശേഷം ശബരീഷ് മാസ്റ്റ‌ർക്ക് പോലും ഇതി‍ൽ ശ്രദ്ധേയമായ എഡിറ്റിംഗ് നടത്താനായിട്ടുള്ളത് 11 ഒക്ടോബർ 2016 ന് ശേഷമാണ്. ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, ഇതിനിടയിൽ, രണ്ട് സംസ്ഥാനകലോൽസവങ്ങളിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവ‌ത്തനങ്ങളിലൂടെ തിരിച്ചുവരുന്നതിനിടയിൽ, നേതൃത്വം വഹിച്ച വ്യക്തിയുടെ വിയോഗവും സ്കൂൾവിക്കിപുരസ്ക്കാരത്തിലൂടെ സജീവതയിലേക്ക് തിരികെ വരുന്നതിനിടയി‍ൽ വന്നുപെട്ട കൊറോണക്കാലവും സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു. എങ്കിലും ഇക്കാലയളവി‍ൽ നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക് എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായതും അറുപതാം സംസ്ഥാനകലോൽസവത്തിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും എടുത്തുപറയേണ്ടതാണ്.

സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്.

പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി കഴിഞ്ഞ അഞ്ചു മാസക്കാലമായി നാം പ്രവ‌ർത്തിച്ചുവരികയാണ്. 11500 ൽപ്പരം പേർക്ക് പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എങ്കിലും, ഇത് 100 ശതമാനം ലക്ഷ്യം കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അനുബന്ധം 1 ആയി ചേർക്കുന്നു.

ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്ക്കാരം 2022 ലക്ഷ്യമിട്ട് വിക്കിതാളുകൾ മെച്ചപ്പെടുത്തുന്നതിനും ഇക്കാലയളവി‍ൽ പ്രവർത്തനങ്ങൾ നടന്നു. ജില്ലാതലത്തിലെ മൂല്യനിർണ്ണയം കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അനുബന്ധം 2 ആയി ചേർക്കുന്നു.

വിക്കിതാൾ പരിപാലനം, അഡ്മിൻ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുബന്ധം 3 ആയി ചേർക്കുന്നു.

സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ

സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി വിവിധതലങ്ങളിൽ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും മാസ്റ്റർ ട്രെയിനർമാരുൾപ്പെടെയുള്ളവർ നിർദ്ദേശിച്ചിട്ടുണ്ട്. അവ ക്രോഡീകരിച്ച് ചുവടെ ചേർക്കുന്നു.

ഘടന

  • പ്രധാനതാൾ‍ ആകർഷകമായി പരിഷ്ക്കരിക്കുക.
  • കുറേക്കൂടി ശ്രദ്ധിക്കപ്പെടുന്നവിധത്തിൽ ജില്ലാപേജ് കണ്ണികൾ ക്രമീകരിക്കുക
  • നിശ്ചിതമായ ഇടവേളയിൽ, (സാധിക്കുമെങ്കിൽ ദിവസേന) മാറ്റപ്പെടുന്ന ഇന്നത്തെ ശ്രദ്ധേയമായ ചിത്രം.
  • മികച്ച ലേഖനങ്ങളുടെ സംക്ഷിപ്തരൂപം നിശ്ചിതമായ ഇടവേളയിൽ, പ്രധാനതാളിൽ ഹൈലൈറ്റ് ചെയ്ത് നൽകി ലേഖനങ്ങളിലേക്ക് ആകർഷിക്കുക.
  • പൊതുജനങ്ങൾക്ക് കാര്യനിവ്വാഹകരുടെ ശ്രദ്ധയ്ക്ക് വിവരങ്ങൾ നൽകാനുള്ള കണ്ണി ചേർക്കുക.
  • പ്രമുഖരുടെ ഓർമ്മയിലെ വിദ്യാലയം - കണ്ണി സ്കൂൾ പേജുകളിൽ സൃഷ്ടിക്കുക.

തിരുത്തൽ – മെച്ചപ്പെടുത്തൽ

  • പ്രത്യേക സന്ദർഭങ്ങളിൽ തിരുത്തൽ ശിബിരങ്ങൾ സംഘടിപ്പിക്കുക. ( ഇതിനു സമ്മാനങ്ങളുമാവാം. - സാമ്പത്തികമല്ല, Stars നൽകാം ) ( ഉദാ: പ്രാദേശികചരിത്രം ചേർക്കൽ ശിബിരം / ചരിത്രസ്മാരകചിത്രങ്ങൾ ചേർക്കൽ ശിബിരം. )
  • സ്ഥിരമായ അപ്ഡേഷൻ പ്രോൽസാഹിപ്പിക്കുക •
  • ഇൻഫോബോക്സിൽ അത്യാവശ്യ വിവരങ്ങൾ മാത്രം നൽകുക.
  • സ്ഥിരമായി അപ്ഡേഷനുകൾ ആവശ്യമായിവരുന്ന ഫീൽഡുകളിലേക്ക് സമേതം‍ / സമ്പൂർണ്ണ / HSCAP / VHSCAPഎന്നിവയിൽ ലഭ്യമായ വിവരങ്ങൾ ഇവിടെ ഓട്ടോ അപ്ഡേറ്റ് ചെയ്യുവാനുള്ള സാധ്യത പരിശോധിക്കുക

ഉള്ളടക്കത്തിലെ പുതുസാധ്യതകൾ

  • സ്കൂൾവിക്കി കേരളത്തിന്റെ ഒരു സമ്പൂർണ്ണ വിജ്ഞാനകോശം എന്ന തരത്തിൽ വികസിപ്പിക്കാം.
  • കേരളത്തിന്റെ ചരിത്രം, സംസ്കാരം, കല, സാഹിത്യം, വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ ചേർത്ത് സ്കൂൾപേജിലേക്ക് കണ്ണിചർക്കൽ
  • എന്റെ ഗ്രാമം: ഓരോ വിദ്യാലയവും നിലനിൽക്കുന്ന ഗ്രാമത്തെക്കുറിച്ചുള്ള താളുകൾ സൃഷ്ടിക്കുന്നത് നന്നായിരിക്കും. പതിനയ്യായിരത്തോളം ഗ്രാമങ്ങളെക്കുറിട്ടുള്ള ഒരു വിവരശേഖരം സൃഷ്ടിക്കുവാൻ ഇതിലൂടെ സാധിക്കും. എന്റെ നാട് എന്ന പേരിൽ പ്രോജക്ടുകൾ എന്ന വിഭാഗത്തിൽ ഒരു കണ്ണി ഉണ്ടെങ്കിലും ഭൂരിപക്ഷം വിദ്യാലയങ്ങളുടെ പേജിലും ഇവ സൃഷ്ടിക്കപ്പെട്ടിട്ടില്ല. (മാതൃക 1, മാതൃക 2 ) •
  • വ്യക്തികൾ, സ്ഥാപനങ്ങൾ: വിദ്യാലയവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുന്നത് ചരിത്രത്തിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും. ഒരു വിദ്യാലയവുമായി മാത്രം ബന്ധപ്പെട്ട വ്യക്തിത്വമാണെങ്കിൽ, ഉപതാളായും പൊതു ശ്രദ്ധേയതയുണ്ടെങ്കിൽ പ്രധാന താളായും ചേർക്കാം. പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ഇത്തരം ശ്രദ്ധേയരായവരുണ്ടെങ്കിൽ, പൊതുവിജ്ഞാനമായി പ്രയോജനപ്പെടുത്താവുന്ന അത്തരം വിവരങ്ങൾ, കൃത്യമായ അവലംബങ്ങളോടെ ചേർക്കാനാവുന്നുവെങ്കിൽ ചെയ്യാം. അപൂർവ്വം ചില സ്കൂളുകൾ മാത്രം അത്തരം ചില താളുകൾ സൃഷ്ടിച്ചിട്ടുണ്ട്. ( മാതൃകകൾ )
  • പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ: വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, സ്കൂൾവിക്കിയിൽ ഇവ ചേർക്കുന്നതിനുള്ള ഒരു സാധ്യതകൂടി പരിശോധിക്കാവുന്നതാണ്. • മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം. • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം. • ലിറ്റിൽ കൈറ്റ്സ് മാഗസിൻ വിക്കി പേജായിത്തന്നെ (തിരുത്താവുന്ന വിധത്തിൽ) പ്രസിദ്ധീകരിക്കാം.

പരിശീലനം

തിരുത്ത‍ൽ പരിചയപ്പെടുത്തുന്നതിനും വിക്കിനയങ്ങൾളിൽ ധാരണയുണ്ടാക്കുന്നതിനുമായി പരിശീലനക്ലാസ്സുകൾ നൽണം.

  • ലിറ്റിൽകൈറ്റ്സ് കുട്ടികൾ / തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ – 2 ദിവസം. ഇത്, LK മോഡ്യൂളിന്റെ ഭാഗമായിത്തന്നെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്ക് നല്കാനാവുമോ എന്ന് പരിശോധിക്കണം.
  • അധ്യാപകർ – മറ്റു പരിശീലനങ്ങളോടൊപ്പം ഒരു സെഷൻ •
  • PSITC / SITC / HITC / LKM – 1 ദിവസം. •
  • MT 2 ദിവസം
  • Core Team ( ഓരോ ജില്ലയിൽനിന്നും കുറഞ്ഞത് 2 പേർ വീതം. ) - 3 ദിവസം - സ്കൂൾവിക്കിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിനും താളുകൾ പരിപാലിക്കുന്നതുൾപ്പെടെയുള്ളവയ്ക്കും പരിശീലനം നേടി ഈ സംഘം പ്രവർത്തിക്കണം. അഡ്മിൻ തലത്തിൽ നിന്നും പലവിധകാരണങ്ങളാൽ കൊഴിഞ്ഞുപോക്കുണ്ടാകുമ്പോൾ, തുടർച്ച നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.

പരിമിതികൾ - പരിഹാരങ്ങൾ

സ്കൂൾവിക്കി സന്ദർശകരുടെ എണ്ണം താരതമ്യേന കുറവ്.

  • കുട്ടികൾ / അധ്യാപകർ / രക്ഷിതാക്കൾ വായനക്കാരായെത്തുന്നതിന് - നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം.
  • ഓരോ വിദ്യാലയത്തിന്റേയും സ്കൂൾവിക്കി QR Code സ്കൂൾ നോട്ടീസ്ബോർഡിനോടനുബന്ധിച്ചും ക്ലാസ്‍മുറികളിലും പ്രദർശിപ്പിക്കാം.

മീഡിയാവിക്കി പ്രവീണ്യമുള്ളവരുടെ കൈറ്റിലെ അഭാവം.

  • മുകളി‍ൽ നിർദ്ദേശിക്കപ്പെട്ട പല പ്രവർത്തനങ്ങളും പൂ‌ർത്തീകരിക്കണമെങ്കി‍ൽ പ്രോഗ്രാമർമാരുടെ സഹായം അത്യാവശ്യമാണ്.
  • കൈറ്റ് പ്രാഗ്രാമർ / Server Admin ന് Mediawiki പരിശീലനം നൽകുക / പുറമേ നിന്നുള്ള ഒരു പ്രോഗ്രാമറുടെ സ്ഥിരം സഹായം ലഭ്യമാക്കുക

സ്കൂൾവിക്കി അവാർഡ് - ബന്ധപ്പെട്ടവ

  • ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആദ്യമൂന്നു സ്ഥാനങ്ങൾക്കു ശേഷം വരുന്ന, നിശ്ചിത ഗ്രേഡ് നേടിയിട്ടുള്ള വിദ്യാലയങ്ങൾക്ക് മെരിറ്റ് സർട്ടിഫിക്കറ്റ് നൽകുക. നിശ്ചിത ഗ്രേഡിലെത്തുന്ന എല്ലാ വിദ്യാലയങ്ങൾക്കും ഒരു മെറിറ്റ് സർട്ടിഫിക്കറ്റെങ്കലും നൽകുന്നത്, വരുംകാലത്തും ഇത്തരം സ്കൂളുകളെ സ്കൂൾവിക്കിയിൽ സജീവമാക്കിനിർത്തും.
  • പുരസ്ക്കാരമൂല്യനിർണ്ണയത്തി‍ൽ പ്രൈമറി വിദ്യാലയങ്ങളേയും ഹൈസ്കൂളുകളേയും പ്രത്യേകമായി പരിഗണിക്കൽ - പ്രൈമറി വിദ്യാലയങ്ങൾ കൂടി മൽസരരംഗത്തേക്ക് വന്നതോടെ സജീവത വന്നിട്ടുണ്ട്. എന്നാൽ, ഹൈസ്കൂളുകളോടൊപ്പം പരിഗണിക്കപ്പെടുന്നതിനാൽ, പ്രൈമറി വിദ്യാലയങ്ങളുടെ പരിമിതികൾ, അവസാനഘട്ട തെരഞ്ഞെടുപ്പിൽ ഈ സ്കൂളുകളെ പിന്നിലാക്കും എന്ന ആശങ്ക പരിഹരിക്കാനാവും
  • അൺ‍ എയ്ഡഡ് വിദ്യാലയങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഇല്ലാത്തതിനാ‍ൽ പുരസ്ക്കാരമൂല്യനിർണ്ണയത്തി‍ൽ പ്രയാസം വന്നിട്ടുണ്ട്. ഇത് പരിഹരിക്കാൻ ഇത്തരം വിദ്യാലയങ്ങളെ പ്രൈമറിവിദ്യാലയങ്ങളോടൊപ്പം മൂല്യനിർണ്ണയം നടത്തുക പോലുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതായിട്ടുണ്ട്.



അനുബന്ധം 1

1. പരിശീലനം

സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. 2021 ഡിസംബർ 15 മുതൽ19 വരെ പരിശീലന മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ തയ്യാറാക്കുകയും 20/12/2022 ന് കൈറ്റിന്റെ എറണാകുളം റീജിയണൽ റിസോഴ്സ് സെന്ററിൽ റിസോഴ്സ് ഗ്രൂപ്പ് പരിശോധിച്ച് അന്തിമരൂപം നൽകകകയും ചെയ്തു.. 2021 ഡിസംബർ 21, 22 തീയതികളിൽ എസ്.ആർ.ജിയും, ഡിസംബർ 27 മുതൽ 2022 ജനുവരി 4 വരെ 14 ബാച്ചുകളിലായി ഡി.ആർ.ജിയും, ജനുവരി 5 മുതൽ ഫെബ്രുവരി 7 വരെ 532ബാച്ചുകളിലായി സ്കൂൾ തല പരിശീലനവും പൂർത്തിയാക്കാൻ സാധിച്ചു. എസ്.ആർ.ജി. യിൽ 34 പേരും , ഡി.ആർ.ജിയിൽ 170 പേരും , സ്കൂൾ തലത്തിൽ11561 പേരും പരിശീലനം നേടി. പരിശീലനത്തിൽ പങ്കെടുത്തവരുടെ രജിസ്ട്രേഷൻ ഓൺലൈനിൽ നടത്തി. TMS ൽ പരിശീലനവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ സ്കൂൾവിക്കി പേജുള്ള ആയിരത്തോളം സ്കൂളുകൾ പരിശീലനത്തിന് അദ്ധ്യാപകരെ അയച്ചിട്ടില്ല. ഒമിക്രോൺ പടരുന്നതിന്റെ ഭീതിയിൽ പരിശീലനത്തിനെത്താനാവാത്തവരുണ്ട്. ഇങ്ങനെയുള്ളവർക്കുവേണ്ടി ഓൺലൈനിൽ പരിശീലനസൗകര്യം ഒരുക്കിയിരുന്നുവെങ്കിലും ഒരു വിഭാഗം അതിനോടും വിമുഖത കാണിച്ചു. പരിശീലനത്തിനെത്താത്തവരിൽ ഭൂരിഭാഗവും അൺഎയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളാണ്. MGLC വിദ്യാലയങ്ങളിൽ നിന്നും അദ്ധ്യാപകർ പരിശീലനത്തിന് ഹാജരായിട്ടില്ല. തുടർപരിശീനങ്ങൾക്ക് ലഭ്യമാവുന്നവിധത്തിൽ, മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ സ്കൂൾവിക്കിയുടെ സഹായം പേജിൽ ലഭ്യമാക്കിയിട്ടുണ്ട്.


അനുബന്ധം 2

സ്കൂൾവിക്കി പുരസ്ക്കാരം

മൽസരത്തിന് സന്നദ്ധമാണെന്ന് സ്കൂൾവിക്കി പേജിൽ ഫലകം ചേർത്ത് അറിയിച്ചിട്ടുള്ള വിദ്യാലയങ്ങളെ ജില്ലാതലം, ക്ലസ്റ്റർതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തി ഏറ്റവും മികച്ച സ്കൂൾവിക്കി താളുകളുള്ള സ്കൂളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ക്ലസ്റ്ററിലേക്ക് ഓരോ ജില്ലയിൽ നിന്നും വിദ്യാലയങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലസ്റ്റർ തലവും സംസ്ഥാനതലവും നടക്കേണ്ടതായിട്ടുണ്ട്. പുരസ്ക്കാരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പദ്ധതിത്താളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അനുബന്ധം 3

സ്കൂൾവിക്കി താൾ പരിപാലനം

സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യപ്പെടുന്നുവെന്നും നശീകരണം നടക്കുന്നില്ലായെന്നും ഉറപ്പാക്കുന്നതിനായി പട്രോളർമാർ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഓരോ ജില്ലയിൽ നിന്നും കുറഞ്ഞത് 2 അംഗങ്ങളെ വീതം ഉൾപ്പെടുത്തി ഒരു കാര്യനിർവ്വാഹക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. പട്രോളർമാരുടേയും ശ്രദ്ധയിൽപ്പെട്ട അപാകതകൾ നിശ്ചിത സന്ദേശം ചേർത്ത് താഴെപ്പറയുന്നവിധത്തിൽ കാറ്റഗറിയാക്കി നൽകകിയിട്ടുന്നുണ്ട്.

കാര്യനിർവ്വാഹക കണ്ണികൾ
പെട്ടെന്ന് നീക്കം ചെയ്യുവാൻ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം)
പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ള ലേഖനങ്ങൾ ഇൻഫോബോക്സിൽ ചിത്രമില്ലാത്ത സ്കൂളുകൾ വഴികാട്ടിയിൽ മാപ്പ് ചേർക്കാത്ത സ്കൂളുകൾ
താളുകൾ വൃത്തിയാക്കാനുള്ള സ്കൂളുകൾ ഇൻഫോബോക്സ് അപൂർണ്ണമായ സ്കൂളുകൾ അപൂർണ്ണ ലേഖനങ്ങൾ
പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം ഉള്ളടക്കം മലയാളത്തിലാക്കേണ്ടുന്ന ലേഖനങ്ങൾ അടിസ്ഥാനവിവരം ആവശ്യമുള്ള ലേഖനങ്ങൾ
അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ കാലഹരണപ്പെട്ട ഇൻഫോബോക്സ് ഫലകം ഉപയോഗിക്കുന്ന താളുകൾ സ്കൂൾവിക്കി പുരസ്കാരം 2022- മൽസരിക്കുന്ന വിദ്യാലയങ്ങൾ
സംരക്ഷിക്കപ്പെട്ട പൊതുതാളുകൾ സ്കൂൾവിക്കി - ശുദ്ധീകരണം

ഡോക്കുമെന്റേഷൻ:

സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട ഫയലുകൾ (സർക്കുലറുകൾ, ചിത്രങ്ങൾ , ബഹുമതികൾ വാർത്തകൾ, പരിശീലനവിവരങ്ങൾ, സഹായകഫയലുകൾ, റിപ്പോർട്ടുകൾ തുടങ്ങിയവ ) നിശ്ചിത താളുകളിൽ ലിങ്ക് ചെയ്ത് സൂക്ഷിക്കുന്നത് പിൽക്കാല റഫറൻസിന് സഹായിക്കുമെന്ന് കരുതുന്നു. എന്നാൽ, സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങളും വാർത്താകണ്ണികളും മറ്റും ലഭ്യമാവാത്തതിനാൽ അവാർഡുകളുടേയും മറ്റും പേജുകൾ പൂർത്തീകരിക്കാനായിട്ടില്ല.


11/05/2022