നാടൻകലകൾ
നാടോടിവിജ്ഞാനീയം
നാടോടി സാഹിത്യം | |
---|---|
നാടൻ പാട്ടുകൾ | നാട്ടറിവുകൾ | പഴഞ്ചൊല്ലുകൾ | നാടൻകലകൾ | അറിവുകൾ നിലനിൽക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം..... | |
.............................................................................................................................................................................................................................................................................................................................................................. | |
നാടൻ കലകൾ
അലാമികളിയും കർബലയുദ്ധവും ഹുസൈൻ(റ) – യുടെ നേതൃത്വത്തിൽ ഏകാധിപതിയായ യസീദിന്റെ ദുർഭരണത്തിനെതിരേ ധർമ്മയുദ്ധം നടക്കുകയുണ്ടായി. യുദ്ധത്തിൽ ശത്രുസൈന്യങ്ങൾ കരിവേഷമണിഞ്ഞ് ഹുസൈൻ(റ)-യുടെ കുട്ടികളേയും മറ്റും ഭയപ്പെടുത്തുന്നു. ഇതിന്റെ ഓർമ്മ നിലനിർത്തുന്നതാണ് അലാമിവേഷങ്ങൾ. അതികഠിനമായ യുദ്ധത്തിനിടയിൽ തളർന്നുപോയ ഹുസൈൻ(റ)-യുടെ ആൾക്കാർ ദാഹജലത്തിനായി ഉഴറി നടന്നപ്പോൾ യസീദിന്റെ സൈന്യം കിണറിനു ചുറ്റും അഗ്നികുണ്ഡങ്ങൾ നിരത്തി അവർക്കു ദാഹജലം നിഷേധിക്കുന്നു. യുദ്ധരംഗത്തെ ഈ സംഭവവികാസങ്ങൾ അലാമികളിയിൽ അനുസ്‌മരിക്കുന്നുണ്ട്. അലാമികളിയുടെ സമാപന ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് അഗ്നികുണ്ഡമൊരുക്കലും തീക്കനലിൽ കിടന്നുരുളലുമൊക്കെ. അന്നു യുദ്ധരംഗത്തു മൃതിയടഞ്ഞ സേനാനികളെ ബഹുമാനിക്കാൻ കൂടിയാണിതു ചെയ്യുന്നത്. യുദ്ധത്തിനൊടുവിൽ ഹുസൈൻ(റ) ക്രൂരമായി വധിക്കപ്പെട്ടു, ശരീരഭാഗങ്ങൾ ഛേദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കാൻ ശ്രമിച്ച യസീദിന്റെ ആൾക്കാൾ ഹുസൈന്റെ കൈകൾ മണ്ണിൽ മൂടാനാവതെ വലയുന്നു. എത്ര ശ്രമിച്ചിട്ടും ആ കരങ്ങൾ മണ്ണിൽ താഴാതെ തന്നെ നിന്നപ്പോൾ ശത്രുക്കൾ പകുതിമാത്രം അടക്കം ചെയ്തു രക്ഷപ്പെടുകയായിരുന്നു. അലാമികളിയുടെ പ്രധാന ഇനങ്ങളിൽ ഒന്നായ വെള്ളിക്കരം ഇതിന്റെ അനുസ്മരണമാണ്. ചരിത്രം കാസർഗോഡു ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെ ആയിരുന്നു. കാസർഗോഡു ജില്ലയിൽ തന്നെ അലാമിപ്പള്ളി കൂടാതെ ചിത്താരി, കോട്ടികുളം, കാസർഗോഡ് എന്നിങ്ങനെ മുസ്ലീങ്ങൾ അധിമായി താമസിച്ചു വരുന്ന വിവിധ സ്ഥലങ്ങളിൽ അലാമിക്കളി അരങ്ങേറിയിട്ടുണ്ട്. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം. അലാമികൾക്കിവിടെ ആരാധനയ്‌ക്കായി പള്ളിയൊന്നുമില്ല; പകരം അഗ്നികുണ്ഡത്തിന്റെ ആകൃതിയിൽ ഒരു കൽത്തറ മാത്രമാണുള്ളത്. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തിൽപെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചതും അതു സംഘടിപ്പിച്ചു വന്നതും.തുർക്കൻമാരെന്നും സാഹിബൻമാരെന്നും ഇവർ അറിയപ്പെടുന്നു. അലാമിപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നും ഇവർ ജീവിച്ചുപോരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്തായിരുന്നു തുർക്കൻമാരുടെ വരവ്. ഇവർ പുതിയോട്ട (പുതിയ+കോട്ട = കാഞ്ഞങ്ങാടിന്റെ ഭാഗമായ മറ്റൊരു സ്ഥലനാമം)യുടെ പരിസര പ്രദേശങ്ങളിലും കോട്ടയ്‌ക്കകത്തും അന്ന് താമസമുറപ്പിച്ചു. തുർക്കൻമാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാൽ ആദരസൂചകമായിട്ടാണിവരെ സാഹിബൻമാർ എന്നു വിളിച്ചു പോന്നത്. ടിപ്പുവിൽ നിന്നും കോട്ട കമ്പനിപ്പട്ടാളം കൈവശപ്പെടുത്തിയപ്പോൾ പരിസരപ്രദേശത്ത് താമസമുറപ്പിച്ച തുർക്കൻമാർക്ക് ആ സ്ഥലങ്ങളൊക്കെ ദർക്കാസായി പതിച്ചു കിട്ടി. പിന്നീട് ഉപജീവനത്തിനു വഴിയില്ലാതെ വളരെയേറെ കഷ്ടപ്പെടേണ്ടി വന്ന തുർക്കൻമാരിൽ പലരും തിരിച്ചു പോവുകയോ മറ്റു പണികളിൽ ഏർപ്പെടുകയോ ചെയ്തു. അതിലൊരു കുടുംബം അന്നു നാടുവാഴി ഭൂപ്രഭുക്കളായിരുന്നു ഏച്ചിക്കാനക്കാരുടെ കാട്ടുകാവൽക്കാരായി. ഫക്കീർ സാഹിബിന്റെ ആ കുടുംബപരമ്പരയിലെ പ്രതാപശാലിയായിരുന്ന റസൂൽ സാഹിബാണ് അലാമിക്കളി അവസാനമായി സംഘടിപ്പിച്ചത്. ചടങ്ങ് വിശ്വാസങ്ങളും മുഹറം ഒന്നിന് ഫക്കീർ സാഹിബിന്റെ വീട്ടിൽ നിന്നും കൈരൂപം പ്രത്യേക പ്രാർത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പസ്ഥാനത്ത് എത്തിക്കുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. രോഗശമനത്തിനും ആത്മസാക്ഷാത്‌കാരത്തിനുമായി നേർച്ച നേർന്നവർ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയിൽ എത്തുന്നു. അലാമിപ്പള്ളിയിലെ കൈരൂപം ദർശിച്ച് അവർ ഒന്നരപ്പണം വീതം കാണിക്ക വെച്ചിരുന്നു. തീർത്ഥമായി ഫക്കീറിൽ നിന്നും ‘നാട’യാണു വാങ്ങിച്ചിരുന്നത്. അലാമികൾ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട. നാട വാങ്ങുന്നതോടു കൂടിയാണ് അലാമികൾ രൂപം കൊള്ളുന്നത്. മുഹറം പത്തിനാണ് ചടങ്ങുകൾ അവസാനിക്കുന്നത്. പത്താം നിലാവെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അലാമികളും വ്രതമനുഷ്‌ഠിച്ചിരിക്കുന്ന സ്ത്രീകളും അന്നേ ദിവസം അലാമിത്തറയിൽ എത്തുന്നു. മുൻകൂട്ടി തയ്യാറാക്കിയ അഗ്നികുണ്ഡം അവിടെ എരിങ്ങുകൊണ്ടിരിക്കും. മുമ്പെത്തെ വർഷത്തെ അഗ്നികുണ്ഡത്തിന്റെ ചാരം ഒരിക്കലും അവിടേനിന്നും നീക്കം ചെയ്യാറില്ല. അഗ്നികുണ്ഡത്തിൽ നിന്നും തീക്കനൽ വാരിയെടുത്ത് ഒരു ചെപ്പിനകത്താക്കി ആ ചാരത്തിൽ നിക്ഷേപിക്കും. അടുത്ത വർഷം അഗ്നികുണ്ഡമൊരുക്കാനുള്ള തീ ഈ ചെപ്പിനുള്ളിൽ നിന്നുമാണത്രേ എടുക്കാറുള്ളത്. ഫക്കീർ കുടുംബത്തിലെ അവകാശി അഗ്നികുണ്ഡത്തിൽ നിന്നും കൈനിറയെ കനലുകൾ വാരി ഉയർത്തി പിടിച്ച് ഏറെ നേരം ‘ദുആ’ ഉരയ്‌ക്കും (പ്രാർത്ഥന നടത്തും). ശേഷം കനൽകട്ടകൾ അവിടെ തന്നെ നിക്ഷേപിക്കുന്നു. അലാമികളും സഹായികളും കൂടി ഈ പ്രാർത്ഥനയ്‌ക്കു ശേഷം നിക്ഷേപിച്ച കനൽകട്ടകളെ അഗ്നികുണ്ഡത്തിലെ കനൽകട്ടകളുമായ് ചേർത്ത് ഏറെ നേരം ഇളക്കുന്നു. തുടർന്ന് അതിൽ നിന്നും കനലുകളെടുത്ത് വാരിവിതറി അതിൽ കിടന്നുരുണ്ട് പ്രദക്ഷനം വെക്കുന്നു. വ്രതമെടുത്ത സ്ത്രീകൾ തലയിൽ നിറകുടവും ധരിച്ച് അഗ്നികുണ്ഡത്തിനരികെ ഇരിക്കുന്നുണ്ടാവും. ഫക്കീർ ഇവരുടെ തലയിൽ തീ കോരിയിടും. പിന്നീട് മയിൽപ്പീലി കൊണ്ട് തീക്കട്ടകൾ ഉഴിഞ്ഞുമാറ്റും. ചടങ്ങുമായി ബന്ധപ്പെട്ട് ആർക്കും തന്നെ പൊള്ളലേറ്റ ചരിത്രം ഉണ്ടായിട്ടില്ല. നേരം പുലരും വരെ ചടങ്ങുകൾ നീണ്ടു നിൽക്കും. പുലർച്ചയ്‌ക്കു ശേഷം ചടങ്ങുകൾക്ക് സമാപനം കുറിക്കുകയായി. ഇതിന്റെ ഭാഗമായി വെള്ളിക്കരങ്ങൾ എഴുന്നെള്ളിച്ചുകൊണ്ട് അടുത്തുള്ള അരയിപ്പുഴയിൽ പോയി കുളിച്ച് ദേഹശുദ്ധി വരുത്തുന്നു. അവിടെ നിന്നും വള്ളിക്കരം ഫക്കീർപുരയിൽ കൊണ്ടുവന്നശേഷം എല്ലാവരും പിരിയുന്നു. വേഷവിധാനവും നാടോടിപ്പാട്ടും അലാമി വേഷം കെട്ടുന്നത് ഹിന്ദുമതത്തിൽ പെട്ടവർ മാത്രമാണ്. ദേഹം മുഴുവൻ കരിയും അതിൽ വെളുത്ത പുള്ളികളിമാണ് അലാമികളുടെ വേഷം. കഴുത്തിൽ പഴങ്ങളും ഇലകളും കൊണ്ടുള്ള മാലയും ഉണ്ടാവും. മുണ്ടനാരുകൊണ്ട് താടിമീശയും വെച്ചിട്ടുണ്ടാവും. കൂടാതെ മുട്ടുമറയാത്ത വഴക്ക്‌മുണ്ടും തലയിൽ കൂർമ്പൻ പാളത്തൊപ്പിയും അതിൽ ചുവന്ന തെച്ചിപ്പൂവും വെച്ചിട്ടുണ്ടാവും. നാട്ടിൻ പുറങ്ങളിലേക്ക് അലാമികൾ കൂട്ടം ചേർന്നാണു പോവുക. കോലടിച്ച്, മണികിലുക്കി ആഘോഷമായാണു യാത്ര. തോളിലൊരു മാറാപ്പും കൈയിലൊരു മുരുഡയും(അകം കുഴിഞ്ഞ ചെറിയൊരു പാത്രം) ഉണ്ടായിരിക്കും. അലാമികൾ ചെരിപ്പു ധരിക്കാറില്ല. അഞ്ചോ അഞ്ചിലധികമോ ഉള്ള സംഘങ്ങളായാണ് അലാമികൾ സഞ്ചരിക്കുന്നത്. ഓരോ വീട്ടിലും അലാമികൾ ഭിക്ഷയ്‌ക്കെത്തുന്നു. തോളിലെ മാറപ്പിറക്കിവെച്ച് മുറ്റത്ത് താളനിബദ്ധമല്ലാതെ ഇവർ നൃത്തം ചവിട്ടുന്നു. ഇവർ പാടുന്ന നാടൻ പാട്ടുകൾക്ക് പ്രത്യേകം ശീലുകളും രീതികളും ഉണ്ട്. “ലസ്സോലായ്‌മ… ലസ്സോ ലായ്‌മ ലായ്‌മ ലായ്‌മലോ… എന്നായിരിക്കും എല്ലാപാട്ടിന്റേയും തുടക്കവും ഒടുക്കവും. പാട്ടിനു പുറമേ വായിൽ തോന്നുന്നതൊക്കെയും പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നു. പരസ്പരമുള്ള സംഭാഷണങ്ങൾ പോലും ഇങ്ങനെ പാട്ടുരൂപത്തിലാവും. വിശ്വാസങ്ങൾ വീട്ടുമുറ്റത്ത് ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും തന്നെ വെറുംകൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികൾക്കവർ ഭിക്ഷ നൽകുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും അലാമികൾ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികൾക്ക് നാളികേരമിടാം, ചക്കപറിക്കാം… അലാമികൾ തൊട്ട കായ്‌ഫലങ്ങൾ വരുംവർഷങ്ങളിൽ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കിൽ ചെമ്പകമരങ്ങളും പാലമരക്കൊമ്പുകളും അലാമികൾ കൊത്തിമുറിച്ചിടും. വരുന്ന വഴി ഈ മരക്കൊമ്പുകൾ തലയിലേറ്റിയാണ് അലാമികൾ അലാമിപ്പള്ളിയിൽ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്. കത്തുവാൻ പ്രയാസമുള്ള പച്ചവിടകുകൾ ആളിപ്പടർന്നു കത്തുന്നത് അലാമികളുടെ ശക്തിവിശേഷമായി കാണികൾ വിശ്വസിച്ചു പോന്നിരുന്നു. |