സി.യു.പി.എസ് കാരപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയ ചരിത്രം

3 ഭാഗം വനങ്ങളും ഒരു ഭാഗത്ത് പുഴയുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള കാരപ്പുറത്ത് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ തുടർപഠനത്തിന് യാതൊരുവിധ സൗകര്യവും ഉണ്ടായിരുന്നില്ല.1979 ജൂൺ മാസത്തിൽ ശ്രീ അബ്ദുള്ളയുടെ നേതൃത്വത്തിൽ ക്രസന്റ് യു പി സ്കൂൾ ഷംസുദ്ദീൻ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു. കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിൽനിന്ന് ലോവർ പ്രൈമറി വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഇല്ലാതിരുന്ന കാലത്താണ് സ്കൂളിന്റെ പ്രവർത്തനം ഷംസുദ്ദീൻ മദ്രസയിൽ ആരംഭിക്കുന്നത്. 1981-1982 വർഷത്തിൽ ആദ്യ ബാച്ച് ഏഴാം ക്ലാസ് പഠനം പൂർത്തീകരിക്കുകയും, 1986 - 87 ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. അഞ്ചാംക്ലാസ് മാത്രമായി ആരംഭിച്ച സ്കൂൾ പിന്നീട് വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. 1989 വടക്കൻ മുഹമ്മദ് ഹാജി മാനേജരായി സ്കൂൾ ഏറ്റെടുത്തു. തുടർന്ന് പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാൻ തുടങ്ങി. അദ്ദേഹത്തിൻറെ വിയോഗത്തിനുശേഷം മൂത്തമകൻ വടക്കൻ സുലൈമാൻ ഹാജി മാനേജർ ആയതോടെ സ്കൂളിന്റെ സുവർണ്ണകാലഘട്ടമായി.

സ്കൂളിൻറെ പ്രവർത്തനം ഇപ്പോൾ പുതിയ സമുച്ചയത്തിലേക്ക് മാറിയിരിക്കുന്നു. ആദ്യത്തെ പ്രധാനാധ്യാപകൻ കെ വി വർഗീസ് ആയിരുന്നു. തുടർന്ന് ദീർഘകാലം സിറ്റി സൂസമ്മ ടീച്ചർ പ്രധാന അധ്യാപികയായി 28 വർഷത്തോളം സേവനമനുഷ്ഠിച്ചു. സ്കൂളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ടി പി മുഹമ്മദ് കുട്ടി മാസ്റ്റർ, ലതിക ടീച്ചർ തുടങ്ങിയവർ അധ്യാപകരായിരിക്കെ കാലയവനികക്കുള്ളിൽ മറഞ്ഞു.

ഏറ്റവും തിളക്കമാർന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസം ഒരു അനിവാര്യഘടകമാണ്.ഈ ഒരു ചിന്ത മുൻനിർത്തി ഏവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രവേശനം നടന്നുവരുന്നു. ഒരു അധ്യാപകനും 15 വിദ്യാർഥികളുമായി ആരംഭിച്ച സ്കൂൾ, ഇപ്പോൾ 548 വിദ്യാർത്ഥികളും 24 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും അടക്കം സ്കൂൾ സമൂഹത്തിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്നു.

മൂത്തേടം പഞ്ചായത്തിലെ ഹൃദയഭാഗത്ത് നിലനിൽക്കുന്ന സ്കൂൾ സമൂഹവുമായി ഏറ്റവും അടുത്ത ബന്ധമാണ് പുലർത്തുന്നത്. മൂത്തേടം പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂൾ ഗ്രൗണ്ട് ഈ സ്കൂളിലാണ്. അതുകൊണ്ടുതന്നെ പഞ്ചായത്ത്തല ഫുട്ബോൾ മത്സരങ്ങൾ, കേരളോത്സവം, വിവിധ ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്സ് മത്സരങ്ങൾ എന്നിവ നടക്കുന്നതും ഈ ഗ്രൗണ്ടിലാണ്. ഒരുപറ്റം ജീവനും ഓജസ്സും ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇതുവരെയും സാധിച്ചു. കലാകായിക പ്രവർത്തനങ്ങളിലും, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങളിലും, പ്രവർത്തിപരിചയ മേഖലകളിലും, തുടങ്ങിയ ഒരു വിദ്യാർത്ഥിയെ വാർത്തെടുക്കേണ്ട എല്ലാവിധ പ്രവർത്തനങ്ങളും സ്കൂളിൽ തന്നെ നടന്നു വരുന്നു.

പൊതു വിദ്യാഭ്യാസ യജ്ഞം കടന്നു വന്നതോടുകൂടി ആധുനിക സൗകര്യങ്ങളോടെ 16 ഐസിടി ക്ലാസ് മുറികൾ അടക്കം സ്മാർട്ട് ക്ലാസ് റൂമുകൾ പാഠഭാഗങ്ങൾ, പഠിപ്പിക്കുന്നിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാക്കി. ഇക്കാലയളവിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, വിവിധ കലാ മത്സരങ്ങളിൽ സ്കൂൾ സബ്ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ എത്തി. 2021 - 22 വർഷം മുതൽ സ്കൂളിൽ പ്രത്യേകമായി അബാക്കസ് പരിശീലനവും, ഈസി ഇംഗ്ലീഷ് പരിശീലനവും നടന്നുവരുന്നു.