2020  -2022   പ്രവർത്തങ്ങൾ

കർഷകർക്ക് ആശ്വാസമായി തടയണ നിർമ്മിച്ച് ഓറിയൻറൽ വിദ്യാർത്ഥികൾ

അരീക്കോട്: അരീക്കോട് പഞ്ചായത്തിലെ ചെമ്രക്കാട്ടൂർ, വെള്ളേരി, താഴത്തുമുറി ,വലിയ കല്ലിങ്ങൽ ,ചീക്കോട് പഞ്ചായത്തിലെ വിളയിൽ, കുഴിമണ്ണ പഞ്ചായത്തിലെ കടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുള്ള ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ എൻഎസ്എസ്- സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കടുങ്ങല്ലൂർ പാലത്തിന് താഴെ തടയണ നിർമിച്ചാണ് വിദ്യാർത്ഥികൾ നാട്ടുകാരുടെ മനം കുളിർപ്പിക്കുന്നത്. അരീക്കോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കർഷകർ ഉള്ള ഒരു പ്രദേശമാണ് ഇത്. ഏപ്രിൽ,മെയ് മാസങ്ങളിൽ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്തെ കൃഷിക്കാർക്കും കുടുംബങ്ങൾക്കും ആണ് വിദ്യാർത്ഥികളുടെ ദൗത്യം ആശ്വാസമേകുന്നത്. യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരി- ചാലിപ്പാടത്തെ ഒരേക്കറോളം വരുന്ന വയലിൽ വർഷങ്ങളായി  സ്ക്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നെൽകൃഷി ഇറക്കുന്നുണ്ട് .'മാതൃക ഹരിതഗ്രാമം' ആയി സ്കൂൾ നേരത്തെ പ്രഖ്യാപിച്ച പ്രദേശത്തിൻറെ കുടിവെള്ളക്ഷാമം കൂടി തടയണ നിർമ്മാണത്തിലൂടെ പരിഹരിക്കപ്പെടുകയാണ്. അഞ്ഞൂറിൽപരം പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ചാണ് ശ്രമകരമായ തടയണ നിർമ്മാണം നടത്തുന്നത്.പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ്  പി വി എ മനാഫ് ജലം സംരക്ഷിക്കുന്നതിന് സ്ഥിരം സംവിധാനം പ്രദേശത്ത് ഉണ്ടാകുമെന്ന് ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചത് നാട്ടുകാർക്ക് ആശ്വാസമായി. അരീക്കോട്, ചീക്കോട്, കുഴിമണ്ണ  എന്നീ മൂന്ന് പഞ്ചായത്തുകളിലെ 5 വാർഡുകളിലായി പരന്നുകിടക്കുന്ന 2500 കുടുംബങ്ങൾക്കാണ് പദ്ധതി പ്രയോജനകരം ആകുന്നത്. സ്കൂളിലെ 160 സന്നദ്ധ വളണ്ടിയർമാർക്ക് ഒപ്പം നാട്ടുകാരും തടയണ നിർമ്മാണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

 
തടയണ നിർമാണം

ആഘോഷത്തിമിർപ്പിൽ ബിരിയാണിപ്പാടം കൊയ്തെടുത്തു

 
കടന്നപ്പള്ളി രാമചന്ദ്രൻ കൊയ്ത്തുത്സവം ഉത്ഘാടനം ചെയ്യുന്നു

അരീക്കോട്:കുട്ടികളും അധ്യാപകരും നാട്ടുകാരും കാത്തിരുന്ന ആ ദിവസം ഇന്നായിരുന്നു.അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാർ ആറ്റുനോറ്റുണ്ടാക്കിയ 'ബിരിയാണിപ്പാട'ത്തെ വിളവെടുപ്പ്!കൊയ്ത്തുത്സവം കെങ്കേമമാക്കാൻ ബഹുമാനപ്പെട്ട മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കൂടിയെത്തിയതോടെ ബിരിയാണിപ്പാടത്ത് ആവേശം ഇരട്ടിയായി.പിരിഞ്ഞു പോകുന്ന കൂട്ടുകാർക്ക് ഗംഭീര യാത്രയയപ്പ് നൽകാൻ വേണ്ടിയാണ് അവർ ഇപ്രാവശ്യം 'ബിരിയാണിയരി' കൃഷി ചെയ്തത്.നെൽ വിത്ത്‌ തേടി കുറെ അലഞ്ഞു അവസാനം വയനാട്ടിലെ ചെറുവയൽ രാമന്റെ കയ്യിൽ നിന്നാണ് മുന്തിയ 'ഗന്ധ കശാല' ഇനത്തിൽപെട്ട വിത്ത് തേടിപ്പിടിച്ചു എത്തിച്ചതും കൃഷിയിറക്കിയതും.യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലിലാണ് സ്കൂളിലെ എൻ.എസ്.എസ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾ കൃഷി ഇറക്കിയത്.വിദ്യാര്ഥികൾക്കൊപ്പം മന്ത്രിയും നെല്പാടത്തേക്കിറങ്ങിയതോടെ കൊയ്തുപാട്ടിന്റെ ഈരടികൾ ഉയർന്നു.പാട്ടിന്റെ താളത്തിനൊത്ത് അവർ നെല്ല് കൊയ്തു.ഇടകാലത്ത് നമുക്ക് നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി ബിരിയാണിപ്പാടത്തെ കൊയ്ത്തുത്സവം. കഴിഞ്ഞ നാലു വർഷമായി കുട്ടികൾ ഇവിടെ കൃഷിയിറക്കുന്നുണ്ട്.വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നല്കുകയാണ് പതിവ്.സ്കൂളിന്റെ 'സുഭിക്ഷം' പദ്ധതി പ്രകാരം വെള്ളേരി യെ 'മാതൃകാ ഹരിത ഗ്രാമം' ആയി പ്രഖ്യാപിചിരുന്നു.പ്രദശത്തെ 2500 കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി വിദ്യാർത്ഥികൾ കടുങ്ങല്ലൂർ തോടിനു കുറുകെ 'തടയണ' നിർമിച്ചത് ഇക്കഴിഞ്ഞ മാസത്തിലായിരുന്നു.യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു മന്ത്രി അഭിപ്രായപ്പെട്ടു.

കുട്ടികൾ വിളയിച്ച വാഴക്കുലകൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട്സ്,  ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നിർമ്മിച്ച 'ക്യാമ്പസിൽ ഒരു വാഴത്തോപ്പ്' പദ്ധതിയിലൂടെ ഉൽപാദിപ്പിച്ച് നേന്ത്രവാഴ കുലകൾ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ പദ്ധതിയിലേക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. രമ ഏറ്റുവാങ്ങി പ്രിൻസിപ്പാൾ കെ ടി മുനീബ് റഹ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഹൈർ മോൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ, ഇജാസ് അലി എൻ. വി തുടങ്ങിയവർ നേതൃത്വം നൽകി.

കോവിഡ് പ്രതിരോധ സന്ദേശ ഗാനമൊരുക്കി സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കണ്ടറി  സ്കൂൾ

 
കോവിഡ് സന്ദേശഗാനം കുഞ്ഞാലികുട്ടി എം.പി റിലീസ് ചെയ്യുന്നു

കോവിഡ് പ്രതിരോധയജ്ഞത്തിൽ അത്യധ്വാനം ചെയ്‌ത് കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും മറ്റു  മുഴുവൻ സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ -എൻ.എസ്.എസ് യൂണിറ്റ് കേരളത്തിലെ അറിയപ്പെടുന്ന 20 റിയാലിറ്റി ഷോ താരങ്ങളെ അണിനിരത്തി തയ്യാറാക്കിയ കോവിഡ് സന്ദേശ ഗാനത്തിന്റെ  ഔപചാരിക ലോഞ്ചിങ് ബഹുമാന്യനായ പി കെ കുഞ്ഞാലി കുട്ടി എം.പി  നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ. ടി മുനീബുറഹ്മാൻ,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ്  പശ്ചാത്തലത്തിൽ സർക്കാർ നിബന്ധനകൾ പൂർണമായും പാലിച്ചാണ് ഗാനം തയ്യാറാക്കിയത്. ബദറുദ്ധീൻ പാറന്നൂറിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായനും,  സ്കൂളിലെ മുൻ സംഗീതാധ്യാപകനുമായ കെ. വി അബൂട്ടിയുടെ സംഗീതത്തിൽ ഹകീം പുൽപ്പറ്റയാണ് ഈ വീഡിയോ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത്.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിരിയാണിപ്പാടത്തെ വിളവ് ദുരിതാശ്വാസ നിധിയിലേക്ക്

 
എൻ.എസ്.എസ് വോളന്റീർ നെല്ല് വിറ്റ് കിട്ടിയ തുക മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ഏല്പിക്കുന്നു

അരീക്കോട്: സെന്റോഫ് 'പൊളി'യാക്കാൻ പാടത്തിറങ്ങി ബിരിയാണി അരി വിളയിച്ചെടുത്ത വിദ്യാർത്ഥിക്കൂട്ടം അതേ പാടത്ത് ഒരേ സമയം ഇന്നിന്റെ ദുരിതത്തിനും നാളെയുടെ ക്ഷാമത്തിനും കരുതലിന്റെ പുതിയ പാഠം പകർന്ന് നൽകുകയാണ്. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ എസ് എസ്(നാഷണൽ സർവീസ് സ്‌കീം) വിദ്യാർത്ഥികളാണ് വെള്ളേരി ചാലിപ്പാടത്ത് ഒരേക്കറോളം വരുന്ന നെൽപാടത്ത് നിന്നുള്ള ഈ വർഷത്തെ വിളവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ച് കരുതലിന് പുതിയ മാനം നൽകിയത് .അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി മൂലം ബിരിയാണി വിളമ്പി സെന്റോഫ് നടത്താമെന്ന മോഹങ്ങളെല്ലാം പൊലിഞ്ഞപ്പോൾ പക്ഷെ, കീഴടങ്ങാൻ അവർ തയ്യാറാല്ലായിരുന്നു.കോവിഡ് മഹാമാരിക്ക് ശേഷം വരാനിരിക്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ ദൗർലഭ്യം മുൻകൂട്ടിക്കണ്ട്  വിളവ് പൂർണമായും വിത്താക്കി ആവശ്യക്കാർക്ക് നൽകിയാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയായ 31430 രൂപ സമാഹരിച്ചത്.തങ്ങൾക്ക് അടുത്ത വർഷം കൃഷി ചെയ്യാനുള്ള വിത്ത് മാറ്റിവെച്ചു ബാക്കി വന്ന നാലു ക്വിന്റലോളം നിൽവിത്ത്കളാണ് സമീപ പ്രദേശത്തെ കർഷകർക്ക് കൃഷിക്കായി നൽകിയത്.  വയനാട്ടിലെ പാരമ്പര്യ കർഷകരിൽ നിന്നാണ് ബിരിയാണി അരിക്കുള്ള 'ഗന്ധകശാല' ഇനത്തിൽപ്പെട്ട  മേത്തരം വിത്ത് ശേഖരിച്ചത്.യുവകർഷകൻ നൗഷർ കല്ലടയുടെ വയലിലാണ് കുട്ടികൾ കഴിഞ്ഞ അഞ്ചു വർഷമായി കൃഷിയിറക്കുന്നത്.നിർദേശങ്ങളുമായി നൗഷർ എപ്പോഴും കുട്ടികൾക്കൊപ്പമുണ്ടാകും.എൻ.എസ്.എസ് , സ്കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികളും പാടത്തിറങ്ങി.കെങ്കേമമായി ഞാറു നടീലും അതിലും ഗംഭീരമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കൊയ്തുത്സവവും ബിരിയാണിപ്പാടത്ത് അരങ്ങേറി.മാർച്  അവസാനം പരീക്ഷ കഴിഞ്ഞു ബിരിയാണി വിളമ്പി പിരിയാനായിരുന്നു പ്ലാൻ. എല്ലാവരും ചർച്ച നടത്തിയാണ് നെൽവിത്തുകൾ ആവശ്യക്കാർക്ക് നൽകിയതും ലഭിച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതും.  ബഹു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വശം തന്നെ  തുക കൈമാറിയപ്പോൾ വിദ്യാർഥികളുടെ മുഖത്തു ബിരിയാണി വെച്ചു വിളമ്പിയത്തിന്റെ ഇരട്ടി സന്തോഷം.അത് എൻ.എസ്.എസ് വളണ്ടിയർ ലീഡർ മുഹമ്മദ് അനസിന്റെ വാക്കുകളിൽ നിഴലിക്കുകയും ചെയ്തു.'ഇപ്രാവശ്യത്തെ വിളവ് വേറിട്ട ഒരു പ്രവർത്തനം നടത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ.പക്ഷെ,അതിനേക്കാൾ എത്രയോ മഹത്തരമായ ഉദ്യമത്തിലേക്ക് അത് നൽകാൻ കഴിഞ്ഞപ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ല.....ഒപ്പം ഞങ്ങളുടെ നെൽവിത്തുകൾ സമീപപ്രദേശങ്ങളിലൊക്കെ ക്ഷാമകാലം സമൃദ്ധമാക്കും.

വറുതിയുടെ കാലത്തെ ഭക്ഷ്യസുരക്ഷാ ക്കായി കരനെൽകൃഷിയുമായി വിദ്യാർത്ഥികൾ

 
വിദ്യാർത്ഥികൾ കര നെൽ കൃഷിയിൽ

വരും നാളുകളിലെ ഭക്ഷ്യപ്രതിസന്ധി മുന്നിൽകണ്ടുകൊണ്ട് ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള വഴിയിലാണ് ഈ ലോക്ക് ഡൗൺ കാലത്തും അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻണ്ടറി  സ്കൂളിലെ വിദ്യാർഥികൾ. ഇതിനായി അവർ കണ്ടെത്തിയ മാർഗ്ഗമാണ് കരനെൽകൃഷി. വെള്ളരിയിലെ യുവകർഷകൻ നൗഷർ  കല്ലടയുടെ ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാർത്ഥികൾ കൃഷിയിറക്കുന്നത്. ഐശ്വര്യ ഇനത്തിൽപ്പെട്ട നെൽ വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. നേരത്തെ വിദ്യാർത്ഥികൾ വിളയിച്ച ബിരിയാണി അരി വിറ്റ്  ഇതിൽ നിന്നും കിട്ടിയ 31430 രൂപ മുഖ്യമന്ത്രിയുടെ കോവിഡ്  ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ  ആഭിമുഖ്യത്തിലാണ് കരനെൽകൃഷി ഇറക്കുന്നത്. വിത്തിറക്കലിന്റെ  ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി രമ ഉദ്ഘാടനം ചെയ്തു

ഓറിയന്റൽ സ്കൂളിന്റെ ഏഴാമത്തെ വീടിന്റെ നിർമ്മാണം തെരട്ടമ്മലിൽ

 

സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ  'സഹപാഠിക്കൊരു വീട്' പദ്ധതിക്ക് കീഴിലെ ഏഴാമത്തെ വീട് ഊർങ്ങാട്ടിരി തെരട്ടമ്മലിൽ നിർമ്മാണം ആരംഭിച്ചു. ഊർങ്ങാട്ടിരി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ ഷൗക്കത്തലിയുടെ അധ്യക്ഷതയിൽ കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പറും ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡണ്ടുമായ എൻ.വി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 17 വർഷമായി തെരട്ടമ്മൽ  ഗ്രാമത്തിൽ കുടുംബസമേതം താമസിക്കുന്ന രാജസ്ഥാൻ സ്വദേശിയായ ബഹീദിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഇവരുടെ മക്കൾ സ്കൂളിലെ വിദ്യാർഥികളാണ്. ചേർത്തു പിടിക്കലിന്റെ വലിയ സന്ദേശമാണ് വീട് നിർമ്മിച്ചു നൽകുന്നതിലൂടെ നൽകാൻ കഴിയുന്നതെന്ന് പ്രൊഫസർ എൻ.വി അബ്ദുറഹ്മാൻ  അഭിപ്രായപ്പെട്ടു. പഞ്ചായത്തിന്റെ എല്ലാ സഹായസഹകരണങ്ങളും പ്രസിഡന്റ് എൻ.കെ ഷൗക്കത്തലി  വാഗ്ദാനം ചെയ്തു. സ്കൂളിൽ സംഘടിപ്പിച്ച 'കൂട്ടായ്മയുടെ കൈപ്പുണ്യം' ഭക്ഷ്യമേളയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് നേരത്തെ ആറു വീടുകൾ നിർമ്മിച്ച് നൽകിയത്.

ഓണക്കിറ്റുകൾ വിതരണം ചെയ്തു

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ഒപ്പം' പദ്ധതിയുടെ ഭാഗമായിവിവിധ കുടുംബങ്ങൾക്ക് പച്ചക്കറികളും,അരിയും മറ്റും ഉൾപ്പെടുന്ന ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.വളണ്ടിയർമാർ ശേഖരിച്ചതും,'ഹരിതകാന്തി' പദ്ധതിയിലൂടെ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും ഉൾപ്പെടുന്ന ഭക്ഷ്യവിഭവങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയത്.

ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്‌കാരം  സുല്ലമുസ്സലാം ഓറിയന്റൽ സ്കൂളിന്

 
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് ൽ നിന്ന് പ്രിൻസിപ്പാൾ കെ.ടി മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  എൻ.എസ് .എസ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നു.

മികവാർന്നതും വ്യത്യസ്തതയാർന്നതുമായ പ്രവർത്തനങ്ങളിലൂടെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ  ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്‌കാരം  കരസ്ഥമാക്കി. സ്കൂളിലെ അധ്യാപകനായ മുഹ്സിൻ ചോലയിൽ ജില്ലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം  ഓഫീസറായും തിരഞ്ഞെടുക്കപ്പെട്ടു. വ്യത്യസ്തങ്ങളായ പരിപാടികളാണ് സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ഇക്കാലയളവിൽ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിലെ ഏറ്റവും മികവാർന്ന പ്രവർത്തനം ആയിരുന്നു 'കൂട്ടായ്മയുടെ കൈപ്പുണ്യം' എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ച്  സഹപാഠികൾക്കായി ആറു വീടുകൾ നിർമ്മിച്ചത്,  ഏഴാമത്തെ വീട് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഗാന്ധിജിയുടെ 150 ആം ജന്മവാർഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ദണ്ഡിയാത്ര പുനരാവിഷ്കരിച്ച് നടത്തിയത്  പുതുമയാർന്ന പ്രവർത്തനമായിരുന്നു. കാർഷികമേഖലയുമായി ബന്ധപ്പെട്ട്  എല്ലാ വർഷവും കരനെൽ കൃഷിയും, ജൈവ നെൽകൃഷിയും നടത്താറുണ്ട്. അതിനുപുറമേ സ്കൂൾ ക്യാമ്പസിൽ വാഴ കൃഷിയും നടത്തിയിരുന്നു. ഈ വർഷം ഗന്ധകശാല ഇനത്തിൽപ്പെട്ട ബിരിയാണി അരിയാണ് വിളയിച്ചത്. വിളയിച്ച അരി വിത്താക്കി വിറ്റ്, അതിൽ നിന്നും കിട്ടിയ വരുമാനം മുഖ്യമന്ത്രിയുടെ കോവിഡ്  ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. ലോക വയോജന ദിനാചരണത്തിന് ഭാഗമായി 'ഉപ്പിലിട്ട ഓർമ്മകൾ' എന്ന പേരിൽ വയോജനങ്ങളെ ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചു. ലഹരി വിപത്തിനെതിരെ പാവനാടകം,  മനുഷ്യചങ്ങല,  സൗഹൃദ ഫുട്ബോൾ മത്സരം എന്നിവ സംഘടിപ്പിച്ചു. ജലസംരക്ഷണത്തിന് ഭാഗമായി കടുങ്ങല്ലൂർ വലിയതോട്ടിൽ തടയണ നിർമിച്ചു. ആദിവാസി മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കഴിഞ്ഞ പ്രളയ കാലത്ത് നിരവധി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രളയകാലത്ത്  പുസ്തകങ്ങൾ നഷ്ടപ്പെട്ട സ്കൂളുകളുടെ ലൈബ്രറിയിലേക്ക് അര ലക്ഷം രൂപയുടെ പുസ്തകങ്ങൾ ശേഖരിച്ചു നൽകി. ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു.

കോവിഡ് സമയത്തും നെൽക്കൃഷിയിറക്കി വിദ്യാർത്ഥികൾ.

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്ന ജൈവ നെൽ കൃഷിയുടെ ഞാറു നടീൽ  ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് എം.പി രമ  നിർവഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.  യുവകർഷകൻ നൗഷർ  കല്ലടയുടെയും, അരീക്കോട് കൃഷി ഭവന്റെ  സഹകരണത്തോടുകൂടിയാണ് വെള്ളേരിയിലെ  ചാലിപ്പാടത്തെ 2 ഏക്കർ ഭൂമിയിൽ  വിവിധ ഇനങ്ങളിൽ പ്പെട്ട ഔഷധഗുണമുള്ള നെൽവിത്തുകളുടെ  കൃഷിയിറക്കുന്നത്. തുടർച്ചയായി നാലാം വർഷമാണ് സ്കൂളിലെ വിദ്യാർത്ഥികൾ നെൽകൃഷി ഇറക്കുന്നത്. കഴിഞ്ഞവർഷം ഗന്ധകശാല ഇനത്തിൽപ്പെട്ട ബിരിയാണി അരി ആണ് വിളയിച്ചത്.  വിളയിച്ച അരി വിത്താക്കിമാറ്റി അതിൽ നിന്നും കിട്ടിയ വരുമാനം മുഖ്യമന്ത്രിയുടെ കോവിഡ്  ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു

 

കർഷകർക്ക് ആശ്വാസമായി തടയണ നിർമ്മിച്ച് ഓറിയൻറൽ വിദ്യാർത്ഥികൾ

അരീക്കോട്:'മെമ്പറെ...,വയലിൽ വെള്ളം വറ്റി...ഞങ്ങളെ നെല്ല് ഉണങ്ങാൻ തുടങ്ങി..പരിഹാരം കണ്ടേ തീരൂ...' കർഷകനായ പുതുക്കുടി രാമനാണ് അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പറും നിയുക്ത പ്രസിഡന്റുമായ ടി കെ ടി അബ്ദു ഹാജിയുടെ അടുത്ത് പരാതിയുമായി എത്തിയത്.അപ്പോഴേക്കും യുവ കർഷകനും വാർഡ് മെംബറുമായ നൗഷർ കല്ലടയുടെ നേതൃത്വത്തിൽ അരീക്കോട് സുലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ ടീം തടയണ നിർമ്മിക്കാൻ റെഡി.ഏതാണ്ട് ചാലിയാർ പുഴയോളം തന്നെ വീതിയിൽ  കടുങ്ങല്ലൂർ വലിയ തോടിനു കുറുകെ താഴത്തുമുറി വാച്ചാക്കലിൽ  വിദ്യാർഥികൾ  പൗരാവലിയുടെ സഹായത്തോടെ തടയണ നിർമ്മിക്കുന്നത്.രണ്ടായിരം ചാക്കുകളിൽ മണൽ നിറച്ച് മൂന്നു ദിവസം പണിയെടുത്ത് തടയണ പൂർത്തീകരിക്കാനാണ് പദ്ധതി.അരീക്കോട്,കുഴിമണ്ണ, ചീക്കോട്,മുതുവല്ലൂർ, കാവനൂർ എന്നീ അഞ്ചു പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുള്ള ജലക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കഠിനാദ്ധ്വാനം ചെയ്താണ് വിദ്യാർത്ഥികൾ നാട്ടുകാരുടെ മനം കുളിർപ്പിക്കുന്നത്. അരീക്കോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കർഷകർ ഉള്ള ഒരു പ്രദേശം കൂടിയാണ് ഇത്. ഏപ്രിൽ,മെയ് മാസങ്ങളിൽ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്തെ കൃഷിക്കാർക്കും കുടുംബങ്ങൾക്കും ആണ് വിദ്യാർത്ഥികളുടെ ദൗത്യം ആശ്വാസമേകുന്നത്. യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരി- ചാലിപ്പാടത്തെ ഒരേക്കറോളം വരുന്ന വയലിൽ വർഷങ്ങളായി  സ്ക്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നെൽകൃഷി ഇറക്കുന്നുണ്ട് .കഴിഞ്ഞ വർഷവും വിദ്യാർത്ഥികൾ തടയണ നിർമ്മിച്ചു പ്രദേശത്തുകാർക്ക് ആശ്വാസമായിരുന്നു.

'സ്ക്രാപ് ചാലഞ്ചു' മായി സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

 
സ്ക്രാപ്പ് ചലഞ്ചിൽ ചാലഞ്ചിൽ വിദ്യാർത്ഥിനി

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു നിർമ്മിക്കാൻ സ്ക്രാപ് ചാലഞ്ചുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ. ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തിരുവാലിയിൽ നിർമ്മിക്കുന്ന 4 വീടുകൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനു വേണ്ടിയാണു എൻ.എസ്.എസ് വളണ്ടിയർമാർ സ്ക്രാപ്  ചാലെഞ്ച് എന്ന ആശയവുമായി രംഗത്തിറങ്ങിയത്. സ്വന്തം വീട്ടിൽ നിന്നും, അയൽപക്കങ്ങളിൽ നിന്നും, അരീക്കോട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും, സമീപ പ്രദേശങ്ങളിൽ നിന്നും  പഴയ പത്രക്കടലാസുകളും,ഇരുമ്പ് സാമഗ്രികളും, പ്ലാസ്റ്റിക്കും, കുപ്പികളുമെല്ലാം ശേഖരിച്ചു വിൽപ്പന നടത്തിയാണ് തുക സമാഹരിക്കുന്നത്.ഇതിനകം ഒരു ലക്ഷം രൂപയിലധികം സ്ക്രാപ് കളക്ഷനിലൂടെ സമാഹരിച്ചു.

കർഷക വേഷത്തിൽ കളക്ടർ;കൊയ്ത്തുത്സവം കെങ്കേമമാക്കി കുട്ടികൾ

സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ ബിരിയാണിപ്പാടത്തിന്റെ കൂട്ടുകാർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല-നൂറുമേനി വിളവെടുപ്പുമായി ആഘോഷത്തിമിർപ്പിൽ കൊയ്ത്തുത്സവം.പക്ഷേ,ഇത്തവണത്തെ വിളവെടുപ്പിന് ഒരു കൗതുകവും കുട്ടികൾ ഒരുക്കിയിരുന്നു.ജില്ലയുടെ കളക്ടറെ തന്നെ വിളവെടുപ്പിന് ഒപ്പം കൂട്ടി.കലക്ടർ മാത്രമായല്ല, കർഷകനായും കൊയ്ത്തുകരനായും അദ്ദേഹം ജനപ്രതിനിധികളേയും നാട്ടുകാരെയും സാക്ഷിയാക്കി കുട്ടികൾക്ക് കൊയ്തുത്സവത്തിന് നേതൃത്വം നൽകി.സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് യുവകർഷകനും വാർഡ് മെമ്പറുമായ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലിൽ കുട്ടികൾ കൊയ്ത്തുത്സവം കെങ്കേമമാക്കിയത്. ഒരേക്കർ സ്ഥലത്തു കൃഷി ചെയ്ത ഔഷധ മൂല്യമുള്ള നെല്ലിനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് ആദ്യം പാകമായ 'ഗന്ധകശാല' ഇനത്തിൽ പെട്ട നെല്ല്  കൊയ്ത്തുപാട്ടിന്റെ ഈരടികൾക്കൊപ്പം കളക്ടറും സംഘവും  കൊയ്തെടുത്തു.ഇടക്കാലത്ത്  നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി കലക്ടറുടെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം.തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന കാർഷിക വൃത്തിയോടുള്ള സ്നേഹവും ആദരവും വ്യക്തമാക്കി കാലത്ത്  7 മണിയോടെ തന്നെ കലക്ടർ സ്ഥലത്തെത്തിയിരുന്നു. യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.താൻ ഒരു കർഷക കുടുംബത്തിലെ അംഗമായത്തിൽ അഭിമാനമുണ്ടെന്നു അദ്ദേഹം പറഞ്ഞു.കൃഷിപാഠങ്ങൾ പറഞ്ഞും വിശേഷങ്ങൾ പങ്ക് വെച്ചും രണ്ട് മണിക്കൂർ നേരം അദ്ദേഹം കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചു.