ജി എസ് എം എൽ പി എസ് തത്തമംഗലം ,വായിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21325 (സംവാദം | സംഭാവനകൾ)
ശ്രീ .ഷഡാനനൻ ആനിക്കത്ത് (കുട്ടേട്ടൻ)
പത്താം ക്ലാസ്സുവരെ ഗവണ്മെന്റ് സീലിമെമ്മോറിയൽ ഹൈസ്കൂളിൽ പഠനം. ചെറുപ്പം മുതൽ ചിത്രരചനയിൽ താല്പര്യം ഉണ്ടായിരുന്നതിനാൽ മഹാരാഷ്ട്രയിലെ ഇന്റർ മീഡിയേറ്ററിന്ന് ചേർന്നു പഠിച്ചു. അതിനു ശേഷം മദ്രാസിൽ കോളേജ് ഓഫ് ആർട്സിൽ ഇൻഡിഗ്രേറ്റ്‌ ഡിപ്ലോമ പൂർത്തിയാക്കി. പ്രസിദ്ധചിത്രകാരനായിരുന്ന രാമമൂർത്തിയുടെയും, സമ്പത്തിന്റെയും കീഴിലുള്ള അധ്യാപനം ശ്രീ. ഷഡാനനെചിത്രകലയിലെ ഒരു പ്രത്യേക ശൈലിയുടെ വക്താവാക്കി മാറ്റി.
ഇവിടെ പരാമർശിക്കപ്പെടാത്ത ഒട്ടേറെ കഴിവുകൾ ഈ ചിത്രകാരനിലുണ്ട്. ഒരു നല്ല ശിൽപിയാണദ്ദേഹം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയിലെ ശില്പങ്ങൾ, പറമ്പികുളം അണക്കെട്ടിനടുത്തുള്ള  ശില്പം, മലമ്പുഴയിലെ റോക്ക് ഗാർഡനിലെ ശില്പനിർമ്മാണങ്ങളുടെ സഹായി എന്ന നിലയ്ക്കെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.1989 ൽ ചിറ്റൂർ കൊങ്ങൻപട എന്ന പ്ലോട്ട് തിരുവനന്തപുരത്ത് അവതരിപ്പിച്ചതും സമ്മാനം നേടിയതും ശ്രീ. ഷഡാനനന്റെ കഴിവാണ്. പാലക്കാടൻ നാടകവേദിക്ക് ഒരിക്കലും കുട്ടേട്ടനെ ( വിളിപ്പേര് ) മറക്കാൻ കഴിയില്ല. ടാപ് നാടകവേദിയുടെ നാടകങ്ങളെല്ലാം രംഗപടം ഒരുക്കുന്നത് മറ്റാരുമല്ല.
നിരന്തരമായ കലാ പ്രവർത്തനങ്ങളെമാനിച്ച് 2012 ലെ ലളിതകലാ അക്കാദമി പുരസ്ക്കാരം  ശ്രീ ഷഡാനന് നൽകുകയുണ്ടായി.വേണ്ടപ്പെട്ടവരുടെ വീടുകളിലെ അലങ്കാരവാതിലുകൾ ശ്രീ.ഷഡാനനന്റെ കൊത്തുപണി ചാരുത വിളിച്ചോതുന്നവയാണ്. സുഹൃത്തുക്കളുടെ വീടുകളിലെ സന്ദർശനമുറികളിൽ ആനിക്കത്തിന്റെ  പെയിന്റിംഗുകൾ സൗജന്യ കാഴ്ച ഒരുക്കുന്നു


ശ്രീ .കെ .അച്യുതൻ( മുൻ .എം. എൽ. എ )

ശ്രീ.കെ.അച്യുതൻ (മുൻ.എം.എൽ.എ)


1950 ഫെബ്രുവരി 24-ന് തത്തമംഗലത്ത് ജനിച്ചു.എസ് എസ് എൽ സി ,കർഷകൻ, രാഷ്ട്രീയ പ്രവർത്തകൻ.1978 മുതൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു;1979 മുതൽ ചിറ്റൂർ-തത്തമംഗലം മുനിസിപ്പൽ ചെയർമാനായിരുന്നു;

1994-ൽ ചിറ്റൂരിലെ പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.ജില്ലാ കൗൺസിൽ അംഗമായിരുന്നു. ജനങ്ങളുടെ സ്വന്തം അച്ചുവേട്ടൻ, പാവപെട്ടവരുടെയും കർഷകരുടെയും ക്ഷേമ പ്രവർത്തനത്തിലൂടെയാണ് അച്ചുവേട്ടൻ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ 17 വർഷം ചെയർമാനായി ഭരണം നടത്തി. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കുവേണ്ടി കൂടുതൽ ഊന്നൽ നൽകിയിരുന്നു. എം. എൽ. എ. വികസന ഫണ്ട്‌ ഉപയോഗിച്ച് ചിറ്റൂർ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് കമ്പ്യൂട്ടറുകൾ നൽകി. കൊഴിഞ്ഞാമ്പാറയിലെ ഗവണ്മെന്റ് കോളേജ് കൊണ്ടുവരുന്നതിൽ അച്ചുവേട്ടൻ പ്രധാന പങ്കുവഹിച്ചു.





കലാമണ്ഡലം കേശവൻ കുട്ടി

കലാമണ്ഡലം കേശവൻ കുട്ടി

പാലക്കാട്,തത്തമംഗലം അയ്യംപതി എന്ന പ്രദേശത്ത് കൃഷ്ണൻ- തങ്കമ്മ ദമ്പതികളുടെ മകനാണ് കലാമണ്ഡലം കേശവൻ കുട്ടി . 1/5/1976ൽ ജനനം .1983-84 കാലഘട്ടത്തിൽ ജി.എസ്. എം. എൽ.പി.സ്കൂളിൽ ആരംഭിച്ച പഠനം തുടർന്ന് തത്തമംഗലം എസ്.എം. എച്ച്. എസ്, ചിറ്റൂർ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിലും പഠിച്ചു.1993ൽ തൃശ്ശൂർ കേരളകലാമണ്ഡലത്തിൽ കലാമണ്ഡലം ബലരാമൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം രാജൻ, കലാമണ്ഡലം രാധാകൃഷ്ണൻ, കലാമണ്ഡലം വിജയകൃഷ്ണൻ,കലാമണ്ഡലം വാരണാസി നാരായണൻ നമ്പൂതിരി, എന്നീ ഗുരുനാഥന്മാരുടെ കീഴിൽ കഥകളി, ചെണ്ട ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, കേന്ദ്ര ഗവൺമെന്റിന്റെ രണ്ടുവർഷത്തെ സ്കോളർഷിപ്പ് എന്നീ കോഴ്സുകൾ അഭ്യസിച്ചു.

1997ൽ ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള ഡോ. കെ.എൻ.പിഷാരടി സിൽവർ മെഡൽ ലഭിച്ചു.1995ൽ കെ. കെ.രാജ മെമ്മോറിയൽ ചൊല്ലിയാട്ട മത്സരത്തിൽ കഥകളി ചെണ്ടയ്ക്ക് പ്രത്യേക അവാർഡ് നേടി. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം പത്തിരിപ്പാല ഗാന്ധി സേവാ സദനത്തിൽ, സദനം ഗോപാലകൃഷ്ണൻ, സദനം രാമകൃഷ്ണൻ, കലാനിലയം ഉദയൻ നമ്പൂതിരി എന്നിവരുടെ കീഴിൽ തായമ്പക ഉപരിപഠനവും, കലാമണ്ഡലം ശിവദാസൻമാരാരുടെ കീഴിൽ ഉത്സവമേളവും അഭ്യസിച്ചു. 2002ൽ നടന്ന വേൾഡ് ചിൽഡ്രൻസ് ഫെസ്റ്റിവലിൽ പങ്കെടുത്തു. നെതർലാൻഡ് ,ബെൽജിയം തുടങ്ങി 2005ൽ അമേരിക്ക ഷിക്കാഗോയിൽ നടന്ന നിത്യ ഡാൻസ് പരിപാടിയിലും പങ്കെടുത്തു.2006 സ്പെയിനിൽ നടന്ന മേയർ ഫെസ്റ്റിവലിലും,കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ വിധികർത്താവായും 2013 ഡൽഹിയിൽ നടന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ വാർഷികത്തിലും പങ്കെടുത്തിട്ടുണ്ട്.പ്രശസ്ത കൂടിയാട്ടം നങ്ങ്യാർകൂത്ത് കലാകാരി ഉഷ നങ്ങ്യരുടെ കൂടെ രണ്ടുവർഷം ഇടയ്ക്ക വായിക്കാനും കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ പ്രശസ്ത പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ,പത്മശ്രീ പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ,പെരുവനം സതീശൻ മാരാർ, തായമ്പക ചക്രവർത്തി ആലിപറമ്പ് ശിവരാമ പൊതുവാൾ എന്നിവരുടെ കൂടെ വേദി പങ്കിട്ടിട്ടുണ്ട്. കേരളത്തിലെ തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങി എല്ലാ ജില്ലകളിലെ പരിപാടികളിലും പങ്കെടുത്തു വരുന്നു .2017ൽ ദുബായിൽ മദ്ദള ചക്രവർത്തി കുനിശ്ശേരി ചന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ നടന്ന ദുബായ്പൂരത്തിലും, ഇപ്പോൾ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുത്തു വരുന്നു.