എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രാദേശിക പത്രം

📰ധ്വനി📰

കേരളപ്പിറവി ദിനത്തിൽ  പ്രൗഢഗംഭീരമായ പ്രവേശനോത്സവം ഒരുക്കി കിടങ്ങൂർ എൻഎസ്എസ്

 


കിടങ്ങൂർ : പത്തൊൻപത് മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേയ്ക്ക് കടന്നുവന്ന വിദ്യാർത്ഥികളെ ആവേശപൂർവ്വം വരവേറ്റ് കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ .സ്കൂൾ ജീവനക്കാരുടെയും രക്ഷകർത്താക്കളുടെ യും  നേതൃത്വത്തിൽ  ശുചിയാക്കിയ വിദ്യാലയം വിദ്യാർത്ഥികളെ സ്വീകരിക്കാനായി കമനീയമായി

അണിഞ്ഞൊരുങ്ങിയിരുന്നു. കുരുത്തോലകളും വർണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക്  ആകാംക്ഷയോടെയും ആവേശത്തോടെയും കടന്നുവന്നകുരുന്നുകളുടെ മുഖത്ത്  വിരിഞ്ഞ സന്തോഷം ആരുടേയും മനം കുളിർപ്പിക്കുന്ന തായിരുന്നു. കേരളപ്പിറവി ദിനത്തിൽ  നാടിന്റെ തനിമ വിളിച്ചോതുന്ന ഗരുഡൻ പറവ യുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വിദ്യാർത്ഥികളെ  അധ്യാപകർ  സ്വീകരിച്ച് ക്ലാസ്സ് മുറികളിലേക്ക് ആനയിച്ചു.തെർമൽ സ്കാനർ ഉപയോഗിച്ചും  സാനിറ്റൈസർ നൽകിയും സാമൂഹിക അകലം പാലിച്ചും അതിജീവനത്തിന്റെ പ്രാഥമികപാഠങ്ങൾ പകർന്നു നൽകി കൊണ്ടാണ്  വിദ്യാർത്ഥികളെ  വിദ്യാലയാങ്കണത്തിലേയ്ക്ക് എതിരേറ്റത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുവാൻ  കുട്ടികളെ ഓർമ്മിപ്പിക്കുന്ന  നിർദ്ദേശങ്ങൾ വിദ്യാലയത്തിൽ പലയിടത്തായി സ്ഥാപിച്ചിരുന്നു.ലോങ്ങ് ബെല്ലും പ്രാർത്ഥനാ ഗാനവും തുടർന്നു ഹെഡ്മാസ്റ്ററുടെ  സന്ദേശവും  കോവിഡ് ബോധവൽക്കരണ പ്രതിജ്ഞയും കഴിഞ്ഞ് കുട്ടികളുടെ കലാപരിപാടികളോടെ ക്ലാസുകൾ സജീവമായി .ഉച്ചഭക്ഷണത്തിന് ശേഷം 12 .30 ഓടെ രക്ഷിതാക്കളുടെ കൈകളിൽ തൂങ്ങി കുരുന്നുകൾ വീടുകളിലേക്ക് മടങ്ങി.

കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ കലയുടെ കളിവിളക്ക് തെളിഞ്ഞു

കിടങ്ങൂർ: പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകളും വികസിക്കേണ്ടതാണ് എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മലയാളം ക്ലബ്ബായ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ 2021- 22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2021 ആഗസ്റ്റ് 10 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക്   ഓൺലൈൻ ആയി ആയി നടന്നു. വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി ഗിരിജ  എസ് പിള്ള യോഗത്തിലേക്ക്  ഏവർക്കും  സ്വാഗതം ആശംസിച്ചു.  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുകുമാർ യോഗത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു. പത്തനംതിട്ട ഡയറ്റ് റിട്ട: സീനിയർ ലക്ചറർ  ശ്രീ.ശ്രീകുമാർ എസ് നായർ സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.തന്റെ വാങ്മാധുരിയിലൂടെ അദ്ദേഹം വിദ്യാർഥികളെ സാഹിത്യത്തിന്റെ അനന്ത വിസ്തൃതമായ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. സാഹിത്യ സൗന്ദര്യത്തിന്റെ  പുതുമഴയിൽകുളിച്ച കുരുന്നു ഹൃദയങ്ങൾ സർഗ്ഗാത്മകതയുടെ വിത്ത് മുളക്കാൻ ഒരുങ്ങിനിൽക്കുന്ന പാടങ്ങളായി മാറി. മാളവിക ദീപുവിൻറെ കവിതാലാപനവും അമ്പാടി ജയപ്രകാശിന്റെ നാടൻപാട്ടും പരിപാടിയുടെ മധുരം ഇരട്ടിയാക്കി. മലയാളം അധ്യാപിക അമ്പിളി ടീച്ചറുടെ കൃതജ്ഞതയോടെ കൂടി  പുതിയൊരു സർഗ്ഗവസന്തത്തിന് കാതോർത്തുകൊണ്ട്കൊണ്ട് ഉദ്ഘാടന  പരിപാടി അവസാനിച്ചു.